ADVERTISEMENT

കുട്ടികൾ അകാരണമായി കളവ് പറയുക, ഇഷ്ടമുള്ള വസ്തുക്കൾ മറ്റുള്ളവരുടെ സമ്മതം കൂടാതെ സ്വന്തമാക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ തീർത്തും സ്വാഭാവികമാണ്. എന്നാൽ അറിവില്ലാത്ത പ്രായത്തിൽ തെറ്റാണ് ചെയ്യുന്നതെന്ന തിരിച്ചറിവ് ഇല്ലാതെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വലിയ അപമാന ഭാരത്തോടെ കാണാതെ, കുട്ടികളെ തിരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. 

എന്നാൽ പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കൾ കോപാകുലരാകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ദേഷ്യത്തോടെ കുട്ടിയെ ശാസിക്കുന്നതു കൊണ്ടോ ശിക്ഷിക്കുന്നതു കൊണ്ടോ പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകുന്നില്ല. പ്രസ്തുത സമയത്ത് കുട്ടി ചെയ്തത് തെറ്റി പോയെന്നും ക്ഷമിക്കണമെന്നും പറഞ്ഞാലും താൻ ചെയ്ത തെറ്റെന്താണെന്ന് കുട്ടി തിരിച്ചറിയണമെന്നില്ല. അതിനാൽ കുഞ്ഞുങ്ങൾ കളവ് ചെയ്യുന്ന സമയത്ത് അതിനെ ശാന്തമായും ക്രിയാത്മകമായും നേരിടുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. 

ശാന്തത പാലിക്കുക 
കുട്ടിയുടെ ഭാഗത്ത് നിന്നും നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പ്രവർത്തി ശ്രദ്ധയിൽപെട്ടാൽ, ശാന്തത പാലിക്കുക: ആവേശത്തോടെയോ കോപത്തോടെയോ പ്രതികരിക്കുന്നത് ഒഴിവാക്കുക. ക്ഷമ ഇക്കാര്യത്തിലെന്നല്ല, എല്ലായ്പ്പോഴും ആട്ടിൻസൂപ്പിന്റെ ഗുണം ചെയ്യും എന്നാണല്ലോ. എന്തുകൊണ്ട് അത്തരത്തിൽ ഒരു കളവ് ചെയ്തു എന്നതിനെപ്പറ്റി ഉള്ളു തുറന്നു സംസാരിക്കാനുള്ള ഒരു സാഹചര്യം കുട്ടിക്ക് ഒരുക്കി നൽകുക. ചോദ്യങ്ങൾക്ക് മുന്നിൽ കുട്ടി മൗനം പാലിച്ചാൽ സംയമനത്തോടെ അവന്റെ ഉത്തരത്തിനായി കാത്തിരിക്കുക.

തുറന്ന ആശയവിനിമയം 
കുട്ടിയുമായി തുറന്ന സംഭാഷണം നടത്തുക. നുണ പറയേണ്ടതിന്റെ ആവശ്യകത എന്താണെന്ന് അവരോട് ചോദിക്കുകയും പ്രസ്തുത പ്രവർത്തിയിൽ അവന്റെ കാഴ്ചപ്പാട് എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. നീ ചെയ്തത് തെറ്റാണെന്നു ആവർത്തിച്ചു പറഞ്ഞു മനസ് വേദനിപ്പിക്കാതെ അച്ഛനമ്മമാർ എന്ന നിലയിൽ നിങ്ങൾ സത്യസന്ധതയെ വിലമതിക്കുന്നുവെന്ന് പറയുകയും ജീവിതത്തിൽ സത്യം മുറുകെപ്പിടിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു കൊടുക്കുകയും ചെയ്യുക.  

സത്യം പറയാൻ പ്രോത്സാഹിപ്പിക്കുക 
ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം വിശദീകരിക്കുകയും കള്ളം പറയുന്നത് ശിക്ഷക്ക് വിധേയമാണെന്നും പറയുക. വീട്ടിൽ ഇതിനായി ഒരു നിയമാവലി ഉണ്ടാക്കാവുന്നതാണ്. സത്യസന്ധതയില്ലായ്മയുടെ അനന്തരഫലങ്ങൾ അവരെ അറിയിക്കുക, അവർ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അത് തുറന്നു പറഞ്ഞാൽ സത്യസന്ധതയെ വിലമതിക്കുമെന്നു അവരോട് പറയുക.

ഉദാഹരണങ്ങൾ പഠിപ്പിക്കുക
സത്യസന്ധനായിരിക്കുന്നതിന്റെ നേട്ടങ്ങൾ പറയുന്നതോടൊപ്പം നുണ പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തെയും അവർക്ക് ചുറ്റുമുള്ള ആളുകളുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊടുക്കുക. മഹാന്മാരുടെ സത്യസന്ധതയുമായി ബന്ധപ്പെട്ട കഥകൾ, അവരുടെ ജീവിതം എന്നിവയെല്ലാം മാതൃകയായി ചൂണ്ടിക്കാണിക്കാം. 

പോസിറ്റീവ് പെരുമാറ്റം ശക്തിപ്പെടുത്തുക 
അച്ഛനമ്മമാർ എപ്പോഴും പോസിറ്റിവ് ആയിരിക്കുക. മക്കൾക്ക് എന്തും തുറന്നു പറയുന്നതിനുള്ള അവസരം നൽകുക. കുട്ടി സത്യം പറയുമ്പോൾ, സത്യം അംഗീകരിക്കുന്നതിലെ അവരുടെ ധീരതയെ അംഗീകരിക്കുക. ഓർമ്മിക്കുക, വിശ്വാസം വളർത്തിയെടുക്കാൻ സമയമെടുക്കും. 

English Summary:

Parenting Strategies for Lying & Cheating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com