ADVERTISEMENT

മക്കള്‍ തീരെ ഭക്ഷണം കഴിക്കുന്നില്ല എന്നത് ഒരുപാട് മാതാപിതാക്കളുടെ പ്രധാന പരാതിയാണ്. തീരെ ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങളെ പരിചരിക്കുന്നവര്‍ക്കും പലപ്പോഴും വലിയ വെല്ലുവിളി തന്നെയാണ്. ചില മാതാപിതാക്കളെങ്കിലും കുട്ടി ഭക്ഷണം കഴിക്കാത്തതിനാല്‍ നിരാശ്ശരുമാണ്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

കുട്ടികളുടെ ഭക്ഷണരീതി മനസ്സിലാക്കുക
കുട്ടികള്‍ ഭക്ഷണം കഴിക്കാത്തതിന്റെ കാരണങ്ങളിലേക്കും പരിഹാരങ്ങളിലേക്കും തിരിയുന്നതിന് മുന്‍പ് ഏറ്റവുമാദ്യം ചെയ്യേണ്ടത് അവരുടെ ഭക്ഷണരീതി മനസ്സിലാക്കുകയാണ്. കൊച്ചുകുട്ടികള്‍ ശാരീരികവും മാനസികവുമായ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ അവരുടെ വിശപ്പും ഭക്ഷണത്തോടുള്ള താല്പര്യവുമെല്ലാം വ്യത്യസ്തമായ രീതിയിലായിരിക്കും. കുട്ടിയാണെങ്കില്‍ തന്നെയും സ്വന്തമായ ഇഷ്ടങ്ങള്‍ അവനും അവളും പ്രകടിപ്പിക്കും. ചില ഭക്ഷണങ്ങളോട് താല്പര്യവും മറ്റു ചില ഭക്ഷണങ്ങളോട് താല്പര്യ കുറവും അവര്‍ പ്രകടിപ്പിക്കും. അവരുടെ ഈ ഇഷ്ടങ്ങളെ അംഗീകരിക്കുന്നതാണ് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ആദ്യപടി.

ഭക്ഷണം കഴിക്കാനായി ഒരു ടൈം ടേബിള്‍
പിഞ്ചുകുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ കഴിയുന്നതും കൃത്യമായ ഒരു ടൈം ടേബിള്‍ ഉണ്ടായിരിക്കേണ്ടതാണ്. വെല്ലുവിളികളെ നേരിടാനുള്ള ഫലപ്രദമായ ഒരു പരിഹാരം ചിട്ടയായ ഭക്ഷണക്രമം സ്ഥാപിക്കുക എന്നതാണ്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (എഎപി) ഗവേഷണം സൂചിപ്പിക്കുന്നത് കുട്ടികള്‍ കൃത്യ സമയത്ത് ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ ആ ദിനചര്യയില്‍ മെച്ചപ്പെടുമെന്നും കൂടുതല്‍ നന്നായി ആഹാരം കഴിക്കാന്‍ അതവരെ സഹായിക്കുമെന്നുമാണ്. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം നല്‍കുന്നതിലൂടെ, മാതാപിതാക്കള്‍ക്ക് സുരക്ഷിതത്വത്തിന്റെയും പ്രതീക്ഷയുടെയും ഒരു ബോധം കുട്ടികളില്‍ സൃഷ്ടിക്കാന്‍ കഴിയും. ഇത് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഭക്ഷണത്തോട് കൂടുതല്‍ താല്പര്യമുണ്ടാക്കുന്നു.

വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ പരിശീലിപ്പിക്കാം
ചെറിയ കുട്ടികളുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആഹാരത്തോടുള്ള അവരുടെ താല്പര്യം വര്‍ധിപ്പിക്കുന്നതിനും ഭക്ഷണ വൈവിധ്യം അത്യാവശ്യമാണ്. ജേര്‍ണല്‍ ഓഫ് ദി അക്കാദമി ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ അനുസരിച്ച്, പിഞ്ചുകുഞ്ഞുങ്ങളെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ നേരത്തേതന്നെ കഴിപ്പിക്കുന്നത് വ്യത്യസ്ത രുചികളോടും ടെക്‌സ്ചറുകളോടുമുള്ള അവരുടെ താല്പര്യം വര്‍ദ്ധിപ്പിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവ പിഞ്ചുകുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും ഭക്ഷണത്തോടുള്ള അവരുടെ താല്പര്യം വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നു. 

ഭക്ഷണസമയം രസകരമാക്കാം
കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണസമയത്തെ രസകരവും ആകര്‍ഷകവുമായ അനുഭവമാക്കി മാറ്റുന്നത് ഭക്ഷണത്തോടുള്ള കുട്ടിയുടെ താല്പര്യം വര്‍ധിപ്പിക്കും. 'കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു മാമു കൊടുക്കുന്നു നങ്ങേലി' എന്ന് ഇടശ്ശേരി എഴുതിയത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കപ്പെടേണ്ടതാണ്. വര്‍ണ്ണാഭമായ പ്ലേറ്റുകള്‍, കളിപ്പാട്ടങ്ങള്‍, രസകരമായ കഥകളുടെയും പാട്ടുകളുടെയും അകമ്പടി എന്നിങ്ങനെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുറേക്കൂടെ നന്നായി ആഹാരം ആസ്വദിക്കാന്‍ കുട്ടികള്‍ക്കാവും. മൊബൈല്‍ ഫോണും മറ്റും കാണിച്ചു ഭക്ഷണം കൊടുക്കുന്ന പുതിയ കാലഘട്ടത്തിന്റെ രീതി മാതാപിതാക്കള്‍ക്ക് കുറേക്കൂടെ സൗകര്യമാണെങ്കിലും കുട്ടികളിലെ സ്‌ക്രീന്‍ സമയത്തിന്റെ അളവ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉപേക്ഷിക്കുന്നതാവും ബുദ്ധി.

കൊച്ചുകുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് എളുപ്പമുള്ള കാര്യമല്ല. നല്ല ക്ഷമയും ശാന്തതയുമെല്ലാം മാതാപിതാക്കള്‍ പരിശീലിക്കണം. ഭക്ഷണം കഴിക്കാന്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുന്നത് ഭക്ഷണത്തോടുള്ള അവരുടെ താല്പര്യം കുറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ആ രീതി ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം എത്ര ശ്രമിച്ചിട്ടും കുട്ടി ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ശിശുരോഗ വിദഗ്ധരില്‍ നിന്നോ ഡയറ്റീഷ്യന്‍മാരില്‍ നിന്നോ ഫീഡിംഗ് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നോ മാര്‍ഗനിര്‍ദേശം തേടുന്നത് നിര്‍ണായകമാണ്. ഇവര്‍ക്ക് കുട്ടിയുടെ പോഷകാഹാര ആവശ്യങ്ങള്‍ വിലയിരുത്താനും അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്താനും അനുയോജ്യമായ ഉപദേശം നല്‍കാനും കഴിയും.

English Summary:

How to Overcome Toddler Feeding Challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com