ADVERTISEMENT

കുട്ടി സ്‌കൂളിൽ ഹോംവർക്ക് ചെയ്യാതെ ആണ് വരുന്നത് എന്ന പരാതി ഉയരുമ്പോൾ മാതാപിതാക്കൾ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിനക്ക് ഇവിടെ എന്തിന്റെ കുറവുണ്ടായിട്ടാണ് എന്ന്. എന്നാൽ മാതാപിതാക്കൾ അറിയാതെ പോകുന്ന പല കുറവുകളും കുട്ടിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുണ്ടാകുന്നുണ്ട്. ട്യൂഷൻ ക്ലാസിലേക്ക് വിടുന്നത് കൊണ്ട് മാത്രം എല്ലാ പോരായ്മകളും പരിഹരിക്കപ്പെടുന്നില്ല. ആത്യന്തികമായി വീടിനകത്ത് കുട്ടികൾക്ക് പഠിക്കുന്നതിനു ആവശ്യമായ ഒരു അന്തരീക്ഷം ഒരുക്കാൻ മാതാപിതാക്കൾക്ക് സാധിക്കണം. 

കുട്ടികൾ പലപ്പോഴും സ്‌കൂളിൽ നിന്നും വരിക അവർക്ക് താങ്ങാനാവുന്നതിലും ഏറെ ഹോംവർക്കുകളുമായിട്ടായിരിക്കും. സ്വാഭാവികമായും മടുപ്പ് തോന്നുന്ന ഈ സാഹചര്യത്തിൽ അവർക്ക് ആവശ്യം ഊർജത്തോടെ പഠിക്കുന്നതിനുള്ള അന്തരീക്ഷമാണ്. അത് സൃഷ്ടിക്കേണ്ടതാകട്ടെ മാതാപിതാക്കളുടെ ചുമതലയും. 

കുട്ടികളുടെ ആക്റ്റിവിറ്റികൾ ഓർഗനൈസ് ചെയ്യുക
പഠനം മാത്രം പോരല്ലോ ജീവിതത്തിൽ. പഠനത്തോടൊപ്പം വിശ്രമം , വിനോദം എന്നിവ കൂടി വേണം. അതിനാൽ കുട്ടികൾക്ക് സ്‌കൂൾ വിട്ട് വന്ന ശേഷം വിശ്രമവും വിനോദവും ആവശ്യത്തിന് ലഭ്യമാകുന്ന തരത്തിൽ ഷെഡ്യൂൾ തയ്യാറാക്കുക. വീട്ടിൽ എത്തിയ ശേഷമുള്ള സമയത്തെ കൃത്യമായി വിഭജിച്ച് മുൻഗണനാ ക്രമത്തിൽ ഓരോന്നും ചെയ്യാൻ ശീലിപ്പിക്കുക. സ്വാഭാവികമായും കുട്ടികൾ ഇതിനോട് പൊരുത്തപ്പെടും.

 ഒരു ഷെഡ്യൂൾ ഉണ്ടാക്കുക
ഗൃഹപാഠത്തിനായി ഒരു ദിനചര്യ ആവശ്യമാണ്. ഇത് കുട്ടികളെ പഠനത്തിൽ കൂടുതൽ  ഫോക്കസ് ചെയ്യാനും അമിതഭാരം ഒഴിവാക്കാനും സഹായിക്കും. ഓരോ വിഷയവും പഠിക്കുന്നതിനു അനുസൃതമായി ഇടവേളകൾ നൽകുക 

ഇടവേളകൾ ആസ്വദിക്കട്ടെ
ഓരോ വിഷയവും പൂർത്തിയാകുന്നതിനു അനുസൃതമായി ലഭിക്കുന്ന ഇടവേളകളിൽ കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യട്ടെ. വേഗം പഠനം പൂർത്തിയാക്കിയാൽ കൂടുതൽ രസകരമായ കാര്യങ്ങൾ, ഇൻഡോർ, ഔട്ട് ഡോർ ആക്ടിവിറ്റികൾ എന്നിവയ്ക്കായി സമയം ലഭിക്കും എന്ന വിശ്വാസം പ്രോത്സാഹിപ്പിക്കുക.

പിന്തുണ നൽകുക
കുട്ടിക്ക് പഠനത്തിൽ  സഹായം ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ തയ്യാറാകുക. ആരും ശ്രദ്ധിക്കാൻ ഇല്ലാതെ കുട്ടി സ്വയം പഠിക്കുന്നതും അമിതമായ ശ്രദ്ധ നൽകുന്നതും ആപത്താണ്.  പഠന സംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങൾ, സംശയങ്ങൾ എന്നിവയ്ക്ക്  സ്വതന്ത്രമായി പരിഹാരങ്ങൾ കണ്ടെത്തുന്നതിലേക്ക് അവരെ നയിക്കുക.

ഒരു പഠന അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക
പഠനമെന്നത് ഏകാഗ്രതയും ബുദ്ധിയും ഓർമയും സംഗമിക്കുന്ന പ്രവർത്തിയാണ്. അതിനു ഉതകുന്ന അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക. സ്ഥിരമായി ഒരിടത്ത് തന്നെ പഠിക്കാൻ ഇരിക്കുക. പഠന മുറി ശാന്തവും നല്ല വെളിച്ചവും വായുവും ലഭിക്കുന്നതും ആയിരിക്കണം. 

ടൈം മാനേജ്മെന്റ്
ജീവിതത്തിൽ ഏറെ അനിവാര്യമായ ഒന്നാണ് ടൈം മാനേജ്മെന്റ്. ഏറ്റെടുക്കുന്ന ടാസ്‌ക്കുകൾക്ക് എത്ര സമയമെടുക്കുമെന്ന് കണക്കാക്കാനും അതിനനുസരിച്ച് സമയ പരിധി നിശ്ചയിക്കാനും ചെറുപ്പം മുതൽക്ക് കുട്ടിയെ ശീലിപ്പിക്കുക.

പോസിറ്റീവായി തുടരുക
മാർക്കുകൾ മാത്രമല്ല എല്ലാ നേട്ടത്തിന്റെയും മാനദണ്ഡം എന്ന് കുട്ടിയെ മനസിലാക്കിപ്പിക്കുക. ഓരോ ചെറിയ നേട്ടത്തിനും പ്രശംസയും പ്രോത്സാഹനവും നൽകുക. പ്രചോദനവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനുള്ള വാക്കുകൾ കുട്ടിയെ പോസിറ്റിവ് ആയി നിലനിർത്തും. ഈ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഹോം വർക്കുകൾ കുട്ടികൾക്ക് ഒരു ബാലികേറാമല അല്ലാതെയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com