ADVERTISEMENT

ഹോർമോണൽ വ്യതിയാനവും നിരന്തരമായ മൂഡ് മാറ്റവും കുട്ടികളിലുണ്ടാകുന്ന സമയാണ് അവരുടെ കൗമാരപ്രായം. അതുകൊണ്ടു തന്നെ  കൗമാരപ്രായക്കാരായ കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ നല്ല ശ്രദ്ധ വേണം. തന്ത്രപരമായി തന്നെ വേണം ഈ പ്രായത്തിലുള്ള കുട്ടികളോട് ഇടപെടാൻ. അല്ലാത്തപക്ഷം മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധം തന്നെ വഷളാകും. കുട്ടിയുമായി ഒരു നല്ല ബന്ധം സ്ഥാപിച്ചെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതോടൊപ്പം തന്നെ നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്, അവരും നമ്മളെ പോലെ സ്വാതന്ത്ര്യവും സ്വകാര്യതയും ഒക്കെയുള്ള വ്യക്തികളാണ് എന്ന കാര്യം. അതുകൊണ്ടു അവർക്ക് വേണ്ട സ്വകാര്യതയും ബഹുമാനവും നൽകി വേണം അവരെ നമ്മുടെ നല്ല സുഹൃത്തുക്കളാക്കി മാറ്റുവാൻ.

വഴക്കുകളെ വ്യക്തിപരമായി എടുക്കാതിരിക്കുക
ചില കാര്യങ്ങൾ പറയുമ്പോൾ ദേഷ്യം കൊണ്ട് കണ്ണ് ചുവക്കുന്നതും വാതിലുകൾ വലിച്ചടയ്ക്കുന്നതും ഈ പ്രായത്തിൽ സ്വാഭാവികമാണ്. പക്ഷേ ഇത് കാണുമ്പോൾ കുട്ടിക്ക് നമ്മളോട് വ്യക്തിപരമായി ദേഷ്യമാണെന്ന് തോന്നി തുടങ്ങും. ഒരിക്കലും അതിനെ അങ്ങനെ കാണരുത്. കുട്ടിയോട് തിരിച്ച് ദേഷ്യപ്പെട്ട് രംഗം കൂടുതൽ വഷളാക്കുകയും ചെയ്യരുത്. കാരണം കൗമാരപ്രായത്തിൽ എത്തി നിൽക്കുന്ന ഒരു കുട്ടിയുടെ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളാണ് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ വലിയ തർക്കങ്ങൾ ഉണ്ടാക്കാതെ കുട്ടിയെ ശാന്തമായി ഇരിക്കാൻ അനുവദിക്കുക. ഒരിക്കലും കുട്ടിയുടെ ഇത്തരത്തിലുള്ള സ്വഭാവങ്ങൾ വ്യക്തിപരമായി എടുക്കരുത്.

ഇപ്പോഴത്തെ സ്വഭാവത്തെ അടിസ്ഥാനമാക്കി കുട്ടിയുടെ ഭാവി പ്രവചിക്കരുത്
കുറച്ച് ദേഷ്യക്കാരയ കുട്ടികളോട് വളരെ അസ്വസ്ഥതയോടെ പെരുമാറുന്ന രക്ഷിതാക്കളുണ്ട്. 'നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെന്ന', തരത്തിലുള്ള ശാപവചനങ്ങൾ കുട്ടിയുടെ നേരെ ചൊരിയുന്നവരുമുണ്ട്. എന്നാൽ, കുട്ടിയുടെ കൗമാരപ്രായത്തിലെ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തി ഭാവിയെപ്പറ്റി മുൻവിധി പറയുന്നത് അനാവശ്യമായ ടെൻഷനും സമ്മർദ്ദവും കുട്ടിയിൽ ഉണ്ടാക്കും. അതിനു പകരം കുട്ടിയെ കൂടുതൽ ചേർത്തു പിടിക്കുകയാണ് വേണ്ടത്. പെട്ടെന്ന് ഉണ്ടാകുന്ന ദേഷ്യത്തെ എങ്ങനെ മറികടക്കാമെന്നും അവനവന് ഗുണമാകുന്ന കാര്യങ്ങളിൽ എങ്ങനെ ഏർപ്പെടാമെന്നും കുട്ടിയെ പറഞ്ഞു മനസിലാക്കണം.

വീട് യുദ്ധക്കളമാകാതെ നോക്കുക
ഒന്നും രണ്ടും പറഞ്ഞ് വീട് ചിലപ്പോൾ യുദ്ധക്കളമായി മാറും. ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കാൻ മുൻകൈ എടുക്കേണ്ടത് മാതാപിതാക്കളാണ്. അധികാരസ്വഭാവത്തിലേക്ക് കുട്ടികൾ മാറുന്ന സമയം കൂടിയാണ് കൗമാരകാലം. സ്വാഭിവകമായും കുട്ടികളോട് തർക്കത്തിൽ ഏർപ്പെടുകയും ചിലപ്പോൾ ശിക്ഷാനടപടികളിലേക്ക് മാതാപിതാക്കൾ പോകുകയും ചെയ്യും. ഇത് രംഗം കൂടുതൽ വഷളാക്കുകയേ ഉള്ളൂ. തുറന്ന സംസാരത്തിലൂടെ വേണം തർക്കങ്ങൾ പരിഹരിക്കാൻ. ഇതിലൂടെ കുട്ടിയുടെ വിശ്വാസം ആർജിക്കാൻ നിങ്ങൾക്ക് കഴിയും. വീട് ഒരു യുദ്ധക്കളമാകുന്നത് ഒഴിവാക്കുകയും ചെയ്യാം.

കുട്ടികൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം
കൂടുതൽ മാതാപിതാക്കൾക്കും ഇക്കാലത്ത് ഒന്നിനും സമയമില്ല. കുഞ്ഞ് പറയുന്നത് കേൾക്കാനോ, അവന്റെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കാനോ സമയമില്ലാത്ത മാതാപിതാക്കളാണ് കൂടുതലും. കൗമാരപ്രായത്തിലേക്ക് എത്തുന്ന കുട്ടിയുടെ മനസിൽ ഒരുപാട് സംശയങ്ങളും തുറന്നു പറയാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളും ഉണ്ടായിരിക്കും. മുൻവിധികളെ എല്ലാം മാറ്റി നിർത്തി അതെല്ലാം ശ്രദ്ധയോടെ കേൾക്കാൻ മാതാപിതാക്കൾ തയ്യാറാകണം. ഇത് കുട്ടിയുമായുള്ള ബന്ധം കൂടുതൽ ആഴത്തിൽ ബലപ്പെടുത്തും. മൊബൈൽ ഫോൺ താഴെ വെച്ച് മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ കുട്ടി പറയുന്നത് കേൾക്കാൻ മാതാപിതാക്കൾക്ക് കഴിയണം. ഇത് തന്നെ കേൾക്കാൻ ആരെങ്കിലും ഉണ്ടെന്നുള്ള ഉറച്ച വിശ്വാസം കുട്ടിക്ക് നൽകും. മുന്നോട്ടുള്ള ജീവിതയാത്രയിൽ എന്തെങ്കിലും പ്രശ്നത്തിൽ അകപ്പെട്ട് പോയാലും ആശ്വാസം തേടി വിളിക്കാൻ തന്റെ മാതാപിതാക്കൾ ഉണ്ടെന്നുള്ള ചിന്ത കുട്ടിക്ക് ജീവിതത്തിൽ നൽകുന്ന ധൈര്യം വലുതാണ്.

ഒരുപാട് കടുപ്പിക്കണ്ട, സ്വാതന്ത്ര്യത്തിനൊപ്പം കാർക്കശ്യവും ആകാം
മക്കളുടെ നേരെ ഒരുപാട് കാർക്കശ്യത്തോടെ പെരുമാറരുത്. സ്വാതന്ത്ര്യത്തിന്റെ ജീവവായു അവർക്ക് കൂടി അ‍ർഹതപ്പെട്ടതാണ്. അത് അനുവദിക്കണം. സ്വാതന്ത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒപ്പം പരിമിതികൾ നിശ്ചയിക്കാൻ കൂടി കുട്ടികളെ പഠിപ്പിക്കണം. അവരുടെ വളർച്ചയെ മുരടിപ്പിക്കുന്ന വിധത്തിൽ ആയിരിക്കരുത് കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ നിയന്ത്രണം. കുട്ടികളുടെ വികാരത്തിനൊപ്പം നിൽക്കുക. അവരുടെ പ്രശ്നങ്ങൾ പൂർണമായി മനസിലാകുന്നില്ലെങ്കിൽ കൂടി അവർക്കൊപ്പം നിൽക്കുക. എന്തു സംഭവിച്ചാലും തനിക്കൊപ്പം തന്റെ മാതാപിതാക്കൾ ഉണ്ടായിരിക്കും എന്ന ചിന്ത കുട്ടിക്ക് നൽകുന്ന കരുത്ത് ചെറുതല്ല.

ഓരോ കുട്ടിയും വ്യത്യസ്തരാണ്. ഒരുപാട് വിശേഷപ്പെട്ട ഗുണങ്ങളും പെരുമാറ്റ രീതികളും കുട്ടിക്ക് ഉണ്ടാകും. അതിനെക്കുറിച്ച് പോസിറ്റീവ് ആയി കുട്ടിയോട് സംസാരിക്കുക. അയൽപക്കത്തെ വീടുകളിലെ കുട്ടികളുമായും സഹപാഠികളായ കുട്ടികളുമായും താരതമ്യം ചെയ്യാതിരിക്കുക. ഇത്തരത്തിൽ ചെയ്യുന്നത് കുട്ടിയെ അനാവശ്യമായ സമ്മർദ്ദത്തിലേക്ക് നയിക്കും. അത് ഒഴിവാക്കാൻ മാതാപിതാക്കൾ നിരന്തരം ശ്രദ്ധിക്കണം. കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സംസാരിക്കുകയും ഇടയ്ക്കിടയ്ക്ക് കുട്ടിയെ അഭിനന്ദിക്കുകയും ചെയ്യണം.

English Summary:

Critical Parenting Blunders That May Be Turning Your Teen Into a Rebel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com