ADVERTISEMENT

വാക്കുകള്‍ക്ക് അതുല്യമായ ശക്തിയുണ്ട്. നമ്മള്‍ ദിവസവും കേള്‍ക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നമ്മളെ സ്വാധീനിക്കുന്നുണ്ട്. 'വാക്ക് പറഞ്ഞാല്‍ മരിച്ചാലും അത് മാറ്റി പറയരുത്' തുടങ്ങിയ പഴമക്കാരുടെ പ്രയോഗങ്ങള്‍ ഇതുമായി കൂട്ടി വായിക്കാവുന്നതാണ്. രക്ഷിതാക്കള്‍ കുട്ടികളോട് പറയുന്ന വാക്കുകള്‍ അവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് മാതാപിതാക്കള്‍ കുട്ടികളോട് എല്ലാ ദിവസവും ആവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1192488413

'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'
സ്വന്തം കുട്ടികളോട് ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് പറയാന്‍ മടിക്കുന്ന കുറെ രക്ഷിതാക്കളുണ്ട്. ഉള്ളില്‍ സ്‌നേഹം നിറഞ്ഞു തുളുമ്പുമ്പോഴും പ്രകടിപ്പിക്കാന്‍ അവര്‍ക്ക് ഇഷ്ടമല്ല. എന്നാല്‍ കുട്ടികളോടുള്ള സ്‌നേഹം അവരോടു വാക്കുകളിലൂടെ പ്രകടിപ്പിക്കണമെന്നാണ് ആധുനിക മനഃശാസ്ത്രം പറയുന്നത്. എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് കുട്ടികളോട് പറയാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അവരുടെ വിജയങ്ങളും പരാജയങ്ങളും പരിഗണിക്കാതെ അവരോടുള്ള നിങ്ങളുടെ സ്‌നേഹം അചഞ്ചലമാണെന്ന് അറിയിക്കുന്നത് അവര്‍ക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുമെന്ന് ജോണ്‍ ബോള്‍ബിയുടെ അറ്റാച്ച്‌മെന്റ് ആന്‍ഡ് ലോസ് എന്ന പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Representative Image. Photo Credit : Triloks / iStockPhoto.com
Representative Image. Photo Credit : Triloks / iStockPhoto.com

'ഞാന്‍ നിന്നെ വിശ്വസിക്കുന്നു'
കുട്ടികളുടെ കഴിവുകളിലും നന്മയിലും വിശ്വസിക്കാനും ആ വിശ്വാസം അവരോട് പ്രകടിപ്പിക്കാനും രക്ഷിതാക്കള്‍ക്കാവണം. 'എനിക്ക് നിന്നില്‍ വിശ്വാസമുണ്ട്, നിനക്കത് ചെയ്യാന്‍ സാധിക്കും' എന്ന് സ്വന്തം കുട്ടിയുടെ മുഖത്ത് നോക്കി പറയുന്ന ഓരോ രക്ഷിതാവും അവരുടെ കുട്ടിയുടെ ആത്മവിശ്വാസത്തെ വാനോളമുയര്‍ത്തുകയാണ് ചെയ്യുന്നത്. രക്ഷിതാക്കള്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസം തിരിച്ചറിയുന്ന കുട്ടികള്‍ക്ക് അവരുടെ ഏറ്റവും മികച്ചതില്‍ കുറഞ്ഞതൊന്നും പുറത്തെടുക്കാന്‍ സാധിക്കില്ല. കുട്ടികളിലെ അനന്ത സാദ്ധ്യതകള്‍ കണ്ടെത്താനും പരിപോഷിപ്പിക്കാനും രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള ഈ തുറന്നു പറച്ചില്‍ വഴിയൊരുക്കും. അവരുടെ കഴിവുകളില്‍ വിശ്വാസം പ്രകടിപ്പിക്കുന്നതിലൂടെയും വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ നല്‍കുന്നതിലൂടെയും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനും പ്രതിബന്ധങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ മറികടക്കാനുമുള്ള അവസരമൊരുക്കുന്നുവെന്ന് ആല്‍ബര്‍ട്ട് ബന്ധുരയുടെ സെല്‍ഫ് എഫീക്കസി എന്ന പുസ്തകത്തില്‍ പറയുന്നു.

Representative image. Photo Credits: Marharyta Gangalo Shutterstock.com
Representative image. Photo Credits: Marharyta Gangalo Shutterstock.com

'നിന്നെ കേള്‍ക്കാന്‍ ഞാന്‍ ഇവിടെയുണ്ട്'
ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ അവസ്ഥകളിലും ഓടിച്ചെല്ലാവുന്ന അത്താണിയാണ് മാതാപിതാക്കളെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. 'ഏതവസ്ഥയിലും നിന്നെ കേള്‍ക്കാന്‍ ഞാന്‍ ഇവിടെയുണ്ട്' എന്ന് കുട്ടികളോട് പറയണം. എന്റെ കുട്ടിക്ക് എല്ലാ കാര്യങ്ങളും എന്നോട് പറയാമല്ലോ എന്ന് രക്ഷിതാക്കള്‍ മനസ്സില്‍ കരുതിയാല്‍ മാത്രം പോരാ, അക്കാര്യം അവരോട് തുറന്നു പറയണം. ഒന്നിനെയും ഭയപ്പെടാതെ തങ്ങളുടെ ചിന്തകളും വികാരങ്ങളും ആശങ്കകളും പങ്കു വെക്കാന്‍ മാതാപിതാക്കളുണ്ട് എന്ന തിരിച്ചറിവ് വലിയ അപകടങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് സംരക്ഷണം നല്‍കും, അവരുടെ സങ്കടങ്ങളിലും പ്രശ്‌നങ്ങളിലും അവര്‍ക്ക് താങ്ങാവും. കുട്ടികളുമായി തുറന്ന സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വിശ്വാസവും വൈകാരിക അടുപ്പവും വളര്‍ത്തുകായും ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യും.

Representative image.. Studio Romantic/ Shutterstock.com
Representative image.. Studio Romantic/ Shutterstock.com

'തെറ്റുകള്‍ പഠിക്കാനുള്ള അവസരങ്ങളാണ്'
തെറ്റുകളും വീഴ്ചകളും ഒന്നിന്റേയും അവസാനമല്ല, മറിച്ചു പഠിക്കാനും തിരുത്താനുമുള്ള അവസരങ്ങളാണെന്ന് കുട്ടികളോട് ആവര്‍ത്തിക്കാന്‍ രക്ഷിതാക്കള്‍ മടിക്കേണ്ടതില്ല. ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ വീണ് പോകുമ്പോള്‍ വീണിടത്ത് തന്നെ കിടക്കാതെ എഴുന്നേറ്റ് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ മാതാപിതാക്കളുടെ ഈ വാക്കുകള്‍ കുട്ടികള്‍ക്ക് പ്രചോദനമാകും. പരാജയങ്ങളില്‍ ഇത്തരമൊരു മനോഭാവം സ്വീകരിക്കുന്നത്തിലൂടെ വീഴ്ചകള്‍ മൂല്യവത്തായ പഠനാനുഭവങ്ങളായി പുനര്‍നിര്‍മ്മിക്കുന്നതിനും പ്രതിബന്ധങ്ങളെ ഭയമില്ലാതെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുമുള്ള ആരോഗ്യകരമായ മനോഭാവം കുട്ടികള്‍ക്കുണ്ടാകും.

English Summary:

The power of four affirming phrases every parent should use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com