ADVERTISEMENT

ചോദ്യം: ഞങ്ങളുടെ ഏകമകൻ ഹൈസ്കൂൾ ക്ലാസിൽ എത്തിയശേഷം നാലു സ്കൂളുകൾ മാറി. ഓരോ സ്കൂളിലും എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. അധ്യാപകർ വഴക്കു പറയുന്നുവെന്നോ സഹപാഠികളുടെ നിലവാരം നല്ലതല്ലന്നോ ഒക്കെ പരാതി പറയും. പിന്നെ പള്ളിക്കൂടത്തിൽ പോകില്ല. സ്കൂൾ മാറണമെന്ന വാശിയാണ്. ആരുടെയെങ്കിലും കാലുപിടിച്ച് പുതിയ സ്കൂളിൽ പ്രവേശനം നേടും. ഒരു വിധം നന്നായി പഠിക്കുന്ന ഇവൻ അപ്പോൾ ഒൻപതാം ക്ലാസിലാണ്. പത്താംക്ലാസിൽ വേറെ പള്ളിക്കൂടത്തിൽ പോകണമെന്നാണു വാശി. എന്താണു ചെയ്യേണ്ടത്? - വി.ജി കളമശ്ശേരി

ഉത്തരം :
കുട്ടികൾ പുതിയ പള്ളിക്കൂടത്തിൽ പോകുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇഷ്ടമല്ലാത്ത ചിലതൊക്കെ ഉണ്ടാകാം. പക്ഷേ അതു ചൂണ്ടിക്കാണിച്ചു വിട്ടുപോരുന്നതല്ല ശരിയായ രീതി. പുതിയ സാഹചര്യത്തിലെ ഗുണപരമായ അംശങ്ങൾ കാണാനാണു ശ്രമിക്കേണ്ടത്. പൊരുത്തപ്പെടലിന്റെ വൈഭവങ്ങൾ പ്രയോഗിച്ചു ഒത്തുപോകാനാണ് ശ്രമിക്കേണ്ടത്. പഠിക്കാൻ മിടുക്കനായ ഈ പയ്യന് ഈ ജീവിതപാഠം വശമില്ലെന്നു വ്യക്തം. ഏകമകന്റെ ശല്യം മാതാപിതാക്കളെ വിഷമിപ്പിക്കുന്നുണ്ട്. പഠനം ഉപേക്ഷിച്ചു വീട്ടിലിരിക്കുമ്പോൾ അവർ ഭയന്നു പോകുന്നുണ്ട്. അതുകൊണ്ടാവണം, നിർബന്ധബുദ്ധിക്കു വഴങ്ങി സ്കൂൾ മാറ്റം ശരിയാക്കി കൊടുക്കുന്നത്. ഇത് അവന്റെ തെറ്റായ പെരുമാറ്റ ശൈലികളെ ശക്തിപ്പെടുത്തുകയാണ്. പുതുസാഹചര്യങ്ങളുമായി ചേർന്നു പോകാനുള്ള കഴിവിനെ തുരങ്കം വയ്ക്കുകയാണ്. വാശി കൊണ്ട് എന്തും നേടാമെന്ന വിചാരം വളരുകയാണ്. അതുകൊണ്ട് അവൻ എവിടെയും ഉറച്ചു നിൽക്കിന്നില്ല. രണ്ടു വർഷത്തിനിടയിൽ നാലു സ്കൂളുകളെന്നതു മാതാപിതാക്കളുടെ കീഴടങ്ങലിന്റെ സാക്ഷ്യമാണ്. വളർത്തു ദോഷത്തിന്റെ ഫലവുമാണ്. അതു തിരുത്തേണ്ടതുണ്ട്.

സ്കൂൾ മാറണമെന്ന ഇവന്റെ ആവശ്യം എന്തുകൊണ്ട് സാധ്യമല്ലെന്നു ബേധ്യപ്പെടുത്തി ധൈര്യപൂർവ്വം നിരാകരിക്കാൻ മാതാപിതാക്കൾക്കു കഴിയണം. വീട്ടിൽ ചടഞ്ഞുകൂടി ഇരുന്നു മുതിർന്നവരെ സമ്മർദത്തിലാക്കാൻ ഇവൻ തീർച്ചയായും ശ്രമിക്കും. ഏക മകനായതുകൊണ്ടുളള അതിവാൽസല്യത്തെ മയപ്പെടുത്തി ഇവന്റെ സ്കൂൾ ബഹിഷ്കരണത്തെ കർശനമായി നേരിടണം. വീട്ടിലിരിക്കുമ്പോൾ കിട്ടുന്ന സുഖസൗകര്യങ്ങളൊക്കെ പിൻവലിക്കണം. പള്ളിക്കൂടത്തിലെ പ്രശ്നങ്ങൾ പരിഹിരിക്കാമെന്ന വാഗ്ദാനം നൽകി നിർബന്ധപൂർവ്വം അങ്ങോട്ടുവിടണം. എന്തുചെയ്താലും ന്യായീകരിക്കുന്നവെന്ന ശാഠ്യങ്ങൾ അനുവദിക്കില്ലെന്ന ബോധ്യം അവന് ഉണ്ടാകണം. പത്താംക്ലാസിൽ വേറൊരു പള്ളിക്കൂടം പരിഗണിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കണം. ഇതാണു ശരിയായ രീതി.

English Summary:

How parents can help their kids be successful in school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com