ADVERTISEMENT

വെട്ടിമാറ്റുന്നതിനു മുൻപ് മരങ്ങളിൽ അടയാളങ്ങളിടുന്ന രീതി പണ്ടു മുതൽക്കേയുണ്ട്. കേരളത്തിൽ പലയിടത്തും അത്തരത്തിൽ അടയാളവും നമ്പറുമിട്ട മരങ്ങൾ കാണാം. ആ രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, വർഷങ്ങളുടെ പഴക്കമുണ്ട്. അത്തരത്തിൽ ‘മാർക്ക്’ ചെയ്യപ്പെട്ട ഒരു ഓസ്ട്രേലിയൻ യൂക്കാലിപ്റ്റസ് മരമാണ് ഇപ്പോൾ നരവംശ ശാസ്ത്രജ്ഞന്മാർക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത്. ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിലെ വീറാജൂറി കൗണ്ടിയിലാണ് ഈ മരം കണ്ടെത്തിയത്. നല്ല ഉയരവും വണ്ണവുമുള്ള ഈ മരത്തിൽ നീളത്തിൽ വെട്ടിയതു പോലെ ഒരടയാളമുണ്ടായിരുന്നു. സൂക്ഷിച്ചുനോക്കിയാൽ അതിനോടു ചേർന്നു മറ്റൊന്നു കൂടി കാണാം– മരത്തിൽ മൂർച്ചയുള്ള ഒരു കല്ലായുധം അടിച്ചുകയറ്റി വച്ചിരിക്കുന്നു!

മരവും കല്ലും ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആദ്യം ഗവേഷകർ കരുതിയത് പ്രാചീന കാലത്തെ മനുഷ്യരുടെ കല്ലായുധമാണ് അതെന്നായിരുന്നു. എന്നാൽ അടുത്തിടെ നടത്തിയ പരിശോധനയിലാണ് അവ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമിച്ചതാണെന്നു കണ്ടെത്തിയത്. ഇക്കാലത്ത് ആരാണ് അത്തരം കല്ലായുധങ്ങൾ നിർമിക്കുക? അങ്ങനെയാണ് അന്വേഷണം വീറാജൂറി എന്നു പേരുള്ള ഓസ്ട്രേലിയയിലെ ആദിമമനുഷ്യരിലേക്കെത്തിയത്. സ്വന്തമായി ഭാഷയും ആചാരങ്ങളുമൊക്കെയുള്ള ഗോത്രവിഭാഗമായിരുന്നു വീറാജൂറി. ഓസ്ട്രേലിയയിൽ ഇന്നത്തെ ന്യൂ സൗത്ത് വെയിൽസ് പ്രദേശത്തായിരുന്നു വർഷങ്ങൾക്കു മുൻപ് ഇവർ കൂട്ടമായി ജീവിച്ചിരുന്നത്. നല്ല വേട്ടക്കാരും മീൻപിടിത്തക്കാരുമൊക്കെയായിരുന്നു ഇവർ. പക്ഷേ ഇവരുടെ ചരിത്രം വാമൊഴിയായി പകർന്നതല്ലാതെ എഴുതി വച്ചിട്ടില്ലാത്തതിനാൽ കാര്യമായ വിവരങ്ങളൊന്നും ഇപ്പോഴും ലഭ്യമല്ല. 

വീറാജൂറീ വിഭാഗക്കാർ ഇരുപതാം നൂറ്റാണ്ടിലും സജീവമായിരുന്നുവെന്നതിന്റെ തെളിവാണ് ഈ മരവും കല്ലായുധവുമെന്നാണ് ഗവേഷകർ ഇപ്പോൾ വാദിക്കുന്നത്. ഈ വിഭാഗക്കാർ മരങ്ങളിൽ വിവിധ അടയാളങ്ങളിടുന്നതു പതിവായിരുന്നു. വഞ്ചിയും പെട്ടിയുമെല്ലാം നിർമിക്കാനുള്ള മരം കണ്ടെത്തിയാൽ ഇത്തരം അടയാളമിടും. ചിലയിടത്ത് പ്രത്യേകതരം ഡിസൈനുകൾ പോലും മരങ്ങളിലൊരുക്കിയതു കണ്ടെത്തിയിട്ടുണ്ട്. മരംകൊണ്ടുള്ള മറ്റ് ഉപകരണങ്ങളുടെ നിർമാണത്തിനും ആചാരപരമായ ആവശ്യത്തിനും മൃതദേഹം സംസ്കരിക്കാനുമെല്ലാം ഉപയോഗപ്പെടുത്താൻ മരങ്ങളിൽ അടയാളമിടുന്ന പതിവുണ്ടായിരുന്നു. അത്തരത്തിൽ അടയാളമിട്ട മരങ്ങൾ മറ്റാരും വെട്ടരുതെന്നാണ് അർഥം. ഇവ ഓസ്ട്രേലിയയിൽ പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ചില വിടവുകളും അടയാളങ്ങളുമെല്ലാം മരം വളർന്ന് മൂടിപ്പോയ അവസ്ഥയിലുമായിരുന്നു. 

australian-eucalyptus-tree-with-stone-weapon1

വികസനത്തിന്റെ പേരിൽ മരങ്ങൾ മുറിച്ചുമാറ്റുകയും കാട്ടുതീയുമൊക്കെ വന്നതോടെ ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ മരങ്ങൾ ഇല്ലാവുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് കല്ലായുധം അടിച്ചുറപ്പിച്ചു വച്ച യൂക്കാലിപ്റ്റസ് മരം കണ്ടെത്തുന്നത്. മരത്തിന്റെ തൊലി ഇളക്കിമാറ്റാനും ചില്ലകൾ വെട്ടാനുമെല്ലാം കല്ലായുധങ്ങൾ ഉപയോഗിക്കാറുണ്ട്. പക്ഷേ കാഴ്ചയിലെ കൗതുകം കാരണം ത്രീഡി മോഡലിങ്ങും മൈക്രോസ്കോപിക് വിശകലനവും റേഡിയോ കാർബൺ ഡേറ്റിങ്ങുമെല്ലാമായി ഗവേഷകർ തകൃതിയായിത്തന്നെ ഇതിനെപ്പറ്റി പഠിച്ചു. പക്ഷേ എന്തിനാണ് കല്ല് മരത്തിലേക്ക് അടിച്ചുകയറ്റിയതെന്നു മാത്രം പിടികിട്ടിയില്ല. വീറാജൂറീ വിഭാഗത്തിലെ പുതുതലമുറക്കാരും ഇത്തരമൊരു രീതിയെപ്പറ്റി കേട്ടിട്ടില്ല. മാത്രവുമല്ല, ആ കല്ലായുധം അധികം ഉപയോഗിച്ചിട്ടില്ലെന്ന് സൂക്ഷ്മ പരിശോധനയിൽ തെളിഞ്ഞിരുന്നു. ആ മേഖലയിൽ ആയുധമുണ്ടാക്കാനുപയോഗിക്കുന്ന തരം കല്ലുകൾക്കും ക്ഷാമമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ആയുധം മരത്തിൽ ഉപേക്ഷിച്ചു? 

മരത്തടികൊണ്ടുള്ള ചുറ്റിക ഉപയോഗിച്ച് മരത്തിൽ അടിച്ചുകയറ്റിയ നിലയിലായിരുന്നു ആയുധം. കല്ലായുധത്തിന്റെ മൂർച്ച കൂട്ടുന്നതിനു വേണ്ടി മനുഷ്യർ പ്രയത്നിച്ചിട്ടുണ്ടെന്നും തെളിഞ്ഞു. മരത്തിന്റെയും അതിലെ മുറിവിന്റെയും കല്ലായുധത്തിന്റെയും ത്രീ ഡി മാതൃകകൾ നിർമിച്ചായിരുന്നു ഗവേഷണം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കല്ലായുധത്തിനു ചുറ്റും മരം വളരാൻ തുടങ്ങിയതെന്ന് കാർബൺ ഡേറ്റിങ്ങിലൂടെ തെളിഞ്ഞിരുന്നു. ഏകദേശം 100 വർഷം കഴിഞ്ഞപ്പോൾ മരത്തിന്റെ വളർച്ച മുരടിച്ചു. അക്കാലത്ത് ഓസ്ട്രേലിയയിലുണ്ടായ കൊടും വരൾച്ചയെത്തുടർന്നായിരുന്നു അത്. 1950നും 1973നുമിടയിലായിരിക്കാം കല്ലായുധം മരത്തിൽ തറച്ചുവച്ചതെന്നാണ് നിലവിലെ നിഗമനം. വിറാജൂറീ വിഭാഗക്കാർ അക്കാലത്തും സജീവമായിരുന്നുവെന്ന വിവരം നരവംശ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഏറെ അമ്പരപ്പിക്കുന്നതുമായിരുന്നു. അതോ, മറ്റെന്തെങ്കിലും ആചാരത്തിന്റെ ഭാഗമായി ആരെങ്കിലും ചെയ്തതാണോ? ഉത്തരം തേടുകയാണു ഗവേഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com