ADVERTISEMENT

ലോകത്തിലെ ഏറ്റവും സുന്ദരിയായ രാജ്ഞിയും ഈജിപ്തിലെ ഏറ്റവും അവസാനത്തെ ഫറവോയും ആരാണ്? രണ്ട് ചോദ്യത്തിനും ഒരൊറ്റ ഉത്തരം- ക്ലിയോപാട്ര. ഫറവോമാരുടെ പ്രതാപകാലമെല്ലാം അവസാനിച്ച സമയത്താണ് ക്ലിയോപാട്ര അധികാരത്തിലെത്തുന്നത്. ശക്തരായിരുന്ന റോമാസാമ്രാജ്യത്വത്തോട് ചങ്ങാത്തം കൂടിയായിരുന്നു അക്കാലത്ത് ക്ലിയോപാട്ര ഈജിപ്തിനെ സംരക്ഷിച്ചുനിര്‍ത്തിയത്. ബിസി 50 മുതല്‍ ബിസി 30 വരെയായിരുന്നു അവരുടെ ഈജിപ്ഷ്യന്‍ ഭരണം. പതിനെട്ടാം വയസ്സിലാണ് അവര്‍ ഈജിപ്തിന്റെ ഭരണതലപ്പത്തെത്തുന്നതെന്നാണ് നിഗമനം. റോമന്‍ പോരാളി മാര്‍ക്ക് ആന്റണിയുടെ ഭാര്യയായിരിക്കെയായിരുന്നു മരണം. പക്ഷേ ഇരുവരുടെയും കല്ലറ എവിടെയാണ്? ഇന്നേവരെ കണ്ടെത്താനായിട്ടില്ല അതിന്റെ ഉത്തരം. ഒരുപക്ഷേ തുത്തന്‍ഖാമന്റെ കല്ലറ കഴിഞ്ഞാല്‍ പുരാവസ്തു ഗവേഷകര്‍ ഇത്രയേറെ ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊരു ശവകുടീരമുണ്ടാകില്ല. പക്ഷേ ഇന്നും കാണാമറയത്താണ് ആന്റണിയും ക്ലിയോപാട്രയും. 

egyptian-mummies-discovered-in-the-taposiris-magna-temple-nile-delta2

ഇരുവരുടെയും കല്ലറ തേടിയുള്ള പുരാവസ്തു ഗവേഷകരുടെ യാത്രയില്‍ ഇപ്പോള്‍ ഒരു പിടിവള്ളി കിട്ടിയിരിക്കുകയാണ്. 2005 മുതല്‍ ഈജിപ്തിലെ അലക്‌സാണ്ട്രിയയ്ക്കു സമീപമുള്ള ഒരു ക്ഷേത്ര പ്രദേശത്ത് ഉദ്ഖനനത്തിലായിരുന്നു ഗവേഷകര്‍. പുരാതന നഗരമായിരുന്ന ടപോസിറിസില്‍ നിലനിന്നിരുന്ന ആ ക്ഷേത്രത്തിന് ഇപ്പോഴും കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. അതിനകത്തെ വിശാലമായ ചുണ്ണാമ്പുകല്‍പ്പാളികള്‍ക്കുള്ളില്‍ എവിടെയോ ക്ലിയോപാട്ര അന്ത്യവിശ്രമംകൊള്ളുന്നുവെന്നാണു ഗവേഷകര്‍ കരുതുന്നത്. അടുത്തിടെ ക്ഷേത്രസമുച്ചയത്തില്‍ നിന്ന് ഇതാദ്യമായി ഒരു കല്ലറയും കണ്ടെത്തി. അതിനകത്ത് രണ്ട് മമ്മികളും. നൈല്‍ നദിയില്‍നിന്നു വെള്ളമിറങ്ങി ഏറെക്കുറെ നശിച്ച അവസ്ഥയിലായിരുന്നു ഒരു പുരുഷന്റെയും സ്ത്രീയുടെയും മമ്മികള്‍. പക്ഷേ അവ സാധാരണക്കാരുടെയായിരുന്നില്ല എന്നത് ഉറപ്പ്. സ്വര്‍ണത്തില്‍ പൊതിഞ്ഞായിരുന്നു രണ്ടു മമ്മികളും സൂക്ഷിച്ചിരുന്നത്. അക്കാലത്ത് സമൂഹത്തിലെ ഉന്നതര്‍ക്കും രാജകുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ക്കും മാത്രം ലഭിച്ചിരുന്ന അംഗീകാരമായിരുന്നു അത്. 

egyptian-mummies-discovered-in-the-taposiris-magna-temple-nile-delta1

പുരാതനകാല ഈജിപ്തിലെ അധികാര അടയാളങ്ങളിലൊന്നായ സ്‌ക്കറാബ് വണ്ടിന്റെ ചിത്രം ആലേഖനം ചെയ്ത തങ്കത്തകിടും കല്ലറയിലുണ്ടായിരുന്നു. പക്ഷേ ഈ മമ്മികളെ ക്ലിയോപാട്രയുമായി ബന്ധിപ്പിക്കുന്ന ഘടകം ഇതൊന്നുമല്ല, അതു കല്ലറയില്‍നിന്നു കിട്ടിയ 200 നാണയങ്ങളായിരുന്നു. എല്ലാ നാണയത്തിലും ക്ലിയോപാട്രയുടെ മുഖം കൊത്തിയിരുന്നു. രാജ്ഞിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഈ നാണയങ്ങള്‍ ശവകുടീരത്തില്‍ വച്ചതെന്നാണു കരുതുന്നത്. ക്ലിയോപാട്രയെ സംബന്ധിച്ചിടത്തോളം അത്രയേറെ പ്രാധാന്യമുള്ള രണ്ടു പേരായിരുന്നിരിക്കണം അത്. 2000 വര്‍ഷം പഴക്കമുള്ള മമ്മികള്‍ ക്ലിയോപാട്ര ജീവിച്ചിരുന്ന കാലഘട്ടവുമായി ചേര്‍ന്നുനില്‍ക്കുന്നുമുണ്ട്. അലക്‌സാണ്ട്രിയയില്‍ എവിടെയോ ആണ് ക്ലിയോപാട്രയുടെയും മാര്‍ക്ക് ആന്റണിയുടെയും കല്ലറയെന്നത് പുരാവസ്തു ഗവേഷകര്‍ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ അത് ടപോസിരിസിലാണെന്നു പറയാനാകില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കുന്നു. 

ഈജിപ്തിലും റോമിലും പ്രാധാന്യമുള്ളതിനാല്‍ത്തന്നെ ക്ലിയോപാട്രയുടേത് അതിഗംഭീരമായ കല്ലറയായിരിക്കുമെന്നാണ് മറുവിഭാഗം ഗവേഷകരുടെ വിശ്വാസം. അതല്ല മറ്റുള്ളവയില്‍നിന്നു യാതൊരു വ്യത്യാസവുമില്ലാത്ത കല്ലറയായിരിക്കും ഇരുവര്‍ക്കുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. എന്തായാലും 14 വര്‍ഷമായി ടപോസിരിസില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ഡോ.കാത്‌ലീന്‍ മാര്‍ട്ടിനസിനും സംഘത്തിനും ആശ്വാസം പകരുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള പേരാണ് ക്ലിയോപാട്രയുടേത്. അതിനാല്‍ത്തന്നെ അവരുടെ കല്ലറ കണ്ടുപിടിച്ചാല്‍ അതിനു ലഭിക്കുന്ന പ്രശസ്തി കുറച്ചൊന്നുമായിരിക്കില്ല. മാത്രവുമല്ല ഈജിപ്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കൂടുന്നതിന് അതും ഒരു കാരണമാകും. നിലവില്‍ ലോകം ആകെ സിനിമയിലും നോവലുകളിലും ടെലിസീരീസുകളിലും ചമുര്‍ചിത്രങ്ങളിലും നാണയങ്ങളിലും മാത്രമാണ് ക്ലിയോപാട്രയെ കണ്ടിട്ടുള്ളത്. അവരുടെ മമ്മി കണ്ടെത്താനാല്‍ അത്യന്താധുനിക സാങ്കേതിക സൗകര്യങ്ങളുപയോഗിച്ച് മുഖം പുന:സൃഷ്ടിക്കാനും സാധിക്കും!

English summary : Egyptian Mummies discovered in the Ttaposiris magna temple Nile delta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com