ADVERTISEMENT

മരുഭൂമിക്കു നടുവിൽ വമ്പൻ ചിതൽപ്പുറ്റുകൾ തലയുയർത്തി നിൽക്കുന്നൊരു പ്രദേശം– സുഡാനിലെ പിരമിഡുകൾ കണ്ടാൽ അങ്ങനെയേ തോന്നൂ. പക്ഷേ നൂബിയൻ മരുഭൂമിയിലെ ഈ അപൂർവ പിരമിഡുകൾ പുരാവസ്തു ഗവേഷകർക്കു മുന്നിൽ ഇന്നും ഒരദ്ഭുതമാണ്. ബിസി 785ൽ സ്ഥാപിക്കപ്പെട്ട കുഷ് രാജവംശത്തിലെ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും പിരമിഡുകളാണ് ഗവേഷകരെ അമ്പരപ്പിക്കുന്നത്. അവയുടെ നിർമാണത്തിലെ പ്രത്യേകത തന്നെ കാരണം. അടുത്തിടെ ഗവേഷകർ ഈ പിരമിഡുകളിലൊന്നിന്റെ ‘ആഴങ്ങളിലേക്ക്’ ഇറങ്ങിച്ചെന്നു. സുഡാനിലെ ആദ്യത്തെ അണ്ടർവാട്ടർ ആർക്കിയോളജി ഗവേഷണമായിരുന്നു അത്. പിരമിഡ് വെള്ളത്തിലോ എന്ന് അമ്പരക്കാൻ വരട്ടെ. നൂബിയൻ മരുഭൂമിയിലെ അപൂർവ പിരമിഡുകൾ പലതും വെള്ളത്തിനടിയിലാണ്. 

ഏകദേശം 20 പിരമിഡുകളാണ് വടക്കൻ സുഡാനിലെ ഈ മരുഭൂമിയിലുള്ളത്. നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തോടു ചേർന്നുള്ള ഈ പിരമിഡുകൾക്ക് ഈജിപ്തുമായും ബന്ധമുണ്ട്. രാജകീയ പിരമിഡുകൾ മാത്രമല്ല, രാജവംശത്തിലെ അത്ര പ്രാധാന്യമില്ലാത്തവർ മരിക്കുമ്പോൾ അടക്കം ചെയ്തിരുന്ന കല്ലറകളും ഇവിടെത്തന്നെയായിരുന്നു. ബിസി 650നും 300നും ഇടയ്ക്ക് ഇവിടെ ഏകദേശം 80 പിരമിഡുകൾ നിർമിച്ചിരുന്നുവെന്നാണു കരുതുന്നത്. പക്ഷേ ഇന്ന് ഇരുപതെണ്ണമേ അവശേഷിക്കുന്നുള്ളൂ. കുഷ് വംശത്തിലെ ഏകദേശം 60 രാജാക്കന്മാരും രാജ്ഞികളും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ടെന്നാണു കരുതുന്നത്. ‘കറുത്ത ഫറവോകള്‍’ എന്നായിരുന്നു ഇവർക്ക് വിളിപ്പേര്. 

ഈജിപ്തിലെ ഫറവോമാരുമായി ശത്രുതയിലുമായിരുന്നു ഇവർ. കൂട്ടത്തിൽ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ടഹാർഖ രാജാവിന്റേതാണ്. പുരാതന ഈജിപ്തിലെ 25–ാം രാജവംശത്തിലെ നാലാമത്തെ രാജാവായിരുന്നു ഇദ്ദേഹം. ബിസി 664 വരെ ഇദ്ദേഹമായിരുന്നു ഈജിപ്തിലെ ഫറവോ. എന്നാൽ അധികാരം നഷ്ടപ്പെട്ടതിനു ശേഷം നുബിയയിൽ അഭയം പ്രാപിക്കുകയായിരുന്നു. മുകളിൽ ചിതൽപ്പുറ്റു പോലുള്ള ഭാഗമാണെങ്കിലും നുബിയൻ മരുഭൂമിയിലെ പിരമിഡുകൾക്കു താഴെ ഒട്ടേറെ കല്ലറകളുണ്ട്. അവയിൽ സ്വർണം ഉൾപ്പെടെ വില പിടിച്ച വസ്തുക്കളും. കൊള്ളക്കാരിൽ നിന്ന് ഇതെല്ലാം രക്ഷിച്ചെടുക്കാനാണ് അറകളിൽ വെള്ളം നിറച്ചിരുന്നത്. 

പിരമിഡിലേക്കിറങ്ങാൻ പടിക്കെട്ടുകളുണ്ട്, പക്ഷേ താഴെ കാത്തിരിക്കുന്നത് വെള്ളക്കെട്ടാണ്. ആ ചുമലോളം വെള്ളത്തിലിറങ്ങി നീന്തി വേണം ഓരോ അറകളിലേക്കും എത്തേണ്ടത്. പണ്ട് ഇത്രയേറെ വെള്ളമുണ്ടായിരുന്നില്ല. അടുത്തിടെ പിരമിഡിന്റെ മുകളിലേക്കും വെള്ളം കയറിയതാണ് പുരാവസ്തു ഗവേഷകർക്കു തിരിച്ചടിയായത്. നൈൽ നദിയിൽ നിന്ന് വൻതോതിൽ ഭൂഗർഭ ജലം അരിച്ചിറങ്ങിയതായിരുന്നു പ്രധാന പ്രശ്നം. മേഖലയിൽ കൃഷിയും ജലസേചനവും കൂടിയതും തിരിച്ചടിയായി. നൈലില്‍ ഒരു അണക്കെട്ട് കൂടി നിർമിച്ചതോടെ പിരമിഡിലെ ‘വെള്ളപ്പൊക്കം’ പിന്നെയും ശക്തമായി. കല്ലറയിലെ വെള്ളത്തിലേക്ക് ഓക്സിജന്‍ പമ്പ് ചെയ്തായിരുന്നു ഗവേഷകർക്കു നീന്തിച്ചെല്ലാനുള്ള സൗകര്യമൊരുക്കിയത്. 

നാഷനൽ ജ്യോഗ്രഫിക് സൊസൈറ്റിയുടെ സഹായത്തോടെ അടുത്തിടെ നസ്റ്റസെൻ എന്ന ഫറവോയുടെ പിരമിഡ് ഗവേഷകർ വിശദമായി പരിശോധിച്ചിരുന്നു. ബിസി 335 മുതൽ 315 വരെ കുഷ് വംശം ഭരിച്ചിരുന്നത് അദ്ദേഹമായിരുന്നു. നൂറി ആർക്കിയോളജിക്കൽ എക്സ്പെഡിഷൻ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഒരു ബസിന്റെ വലുപ്പമുള്ള മൂന്ന് അറകളായിരുന്നു വെള്ളത്തിനടിയിലുണ്ടായിരുന്നത്. മേൽക്കൂര കൊത്തുപണികളാൽ ഭംഗിയാക്കിയിരുന്നു. അതു മാത്രമല്ല ഗവേഷകരെ ഞെട്ടിച്ചത്. കല്ലറയിൽ മുഴുവൻ സ്വർണം ചിതറിക്കിടക്കുകയായിരുന്നു. ഫറവോയുടെ മൃതദേഹത്തിനൊപ്പം പല തരം പ്രതിമകളും കരകൗശല വസ്തുക്കളുമെല്ലാം അടക്കം ചെയ്തിരുന്നു. സ്വർണത്തിൽ പൊതിഞ്ഞായിരുന്നു ഇവയെല്ലാം സൂക്ഷിച്ചിരുന്നത്. എന്നാൽ പ്രതിമകളും മറ്റും വെള്ളക്കെട്ടിൽ നശിച്ചപ്പോൾ സ്വർണം മാത്രം അവശേഷിച്ചു. അകത്തേക്കു കൊള്ളക്കാർക്കു കടക്കാൻ സാധിക്കാത്തതിനാൽ ആ സ്വർണം ഇക്കാലമത്രയും അവിടെത്തന്നെ കിടക്കുകയും ചെയ്തു. ഒന്നു കൂടിയുണ്ട്– കഴിഞ്ഞ 100 വർഷത്തിനിടെ ഇതാദ്യമായിട്ടാണ് മനുഷ്യർ ഈ കല്ലറയിലേക്കു കടക്കുന്നത്!

English Summary : Underwater exploration of Sudan pyramids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com