ADVERTISEMENT

മറ്റുള്ളവർ നശിപ്പിച്ചു കളയുമോയെന്ന ഭീതിയിൽ വർഷങ്ങളോളം മണ്ണിനടിയിൽ മറച്ചുവയ്ക്കുക, ഒടുവിൽ ഗവേഷണത്തിനായി വീണ്ടും പുറത്തെടുക്കുക! കൗതുകവും ദുരൂഹതയും ഏറെ നിറഞ്ഞതാണ് കോക്നോ സ്റ്റോണിന്റെ കഥ. സ്കോട്‌ലൻഡിൽ 1887ലാണ് ഈ ഭീമൻ പാറക്കഷ്ണം കണ്ടെത്തുന്നത്. കോക്നോ എന്നറിയപ്പെട്ടിരുന്ന ഫാമിനു സമീപത്തുനിന്നു കണ്ടെത്തിയതിനാലായിരുന്നു അതുമായി ബന്ധപ്പെട്ട പേര് നൽകിയത്. റവ. ജയിംസ് ഹാർവി കണ്ടെത്തിയ ഈ പാറയിൽ പലതരത്തിലുള്ള 90 അടയാളങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിലേറെയും വൃത്താകൃതിയിലുള്ളതായിരുന്നു. 

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. ഒട്ടേറെ പുരാവസ്തു ഗവേഷകരും ഇതു പരിശോധിച്ചു. 13 മീറ്റര്‍ നീളവും 7.9 മീറ്റർ വീതിയുമുള്ള ഈ പാറക്കഷ്ണം ചരിത്രാതീത കാലത്ത് ആകാശനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഭൂപടം ആണെന്നാണു കരുതപ്പെടുന്നത്. നക്ഷത്രങ്ങളും ഗ്രഹങ്ങളും ക്ഷീരപഥങ്ങളും നിറഞ്ഞ ഒരു കോസ്മിക് മാപ് ആണിതെന്ന നിലയിലായിരുന്നു ആദ്യകാല പഠനങ്ങൾ. സൂര്യന്റെയും ചന്ദ്രന്റെയും സഞ്ചാരം സംബന്ധിച്ച കൃത്യമായ അടയാളപ്പെടുത്തലുകൾ അതിലുണ്ടായിരുന്നു. എന്നാൽ മറ്റ് അടയാളങ്ങളുടെ അർഥം തിരിച്ചറിയാൻ ഇന്നും ഗവേഷകർക്കായിട്ടില്ല. 

യൂറോപ്പിൽ പല ഭാഗത്തും ഇത്തരം പെട്രോഗ്ലിഫുകൾ കണ്ടെത്തിയിട്ടുണ്ട് (പാറകളിൽ കല്ലുകൊണ്ടോ ആയുധങ്ങൾ കൊണ്ടോ കൊത്തിയുണ്ടാക്കുന്ന അടയാളങ്ങളാണ് പെട്രോഗ്ലിഫുകൾ. പാറകളിലെ പ്രാചീനകാല ചിത്രംവരകൾക്ക് പിക്ചോഗ്രാഫുകൾ എന്നാണു പേര്) എന്നാൽ സ്കോട്‌ലൻഡിൽ കണ്ടെത്തിയതിനു സമാനമായ അടയാളങ്ങൾ ലോകത്ത് വേറെ എവിടെയും കണ്ടെത്താനായിട്ടില്ലെന്നതാണ് കോക്നോ സ്റ്റോണിന്റെ ദുരൂഹത വർധിക്കാനുള്ള കാരണം. വർഷങ്ങളോളം ഇതിന്മേൽ കാര്യമായ പഠനമൊന്നും നടന്നില്ല. എന്നാൽ 1965ൽ ഈ അടയാളങ്ങൾ പൂർണമായും ഫോട്ടോയെടുക്കുകയും മറ്റ് തെളിവുകൾ ശേഖരിക്കുകയും ചെയ്തതിനു ശേഷം മണ്ണിട്ടു മൂടാൻ തീരുമാനിച്ചു. 

secrets-behind-the-cochno-stone1

പുരാവസ്തു ഗവേഷകൻ ലുഡോവിക് മക്‌ലെല്ലൻ മന്നിന്റെ നേതൃത്വത്തിലായിരുന്നു ഇത്. അതിനു കാരണവുമുണ്ട്. ഒട്ടേറെ പേര്‍ ഈ പാറ കാണാനെത്തുകയും അതിന്മേൽ സ്വന്തം കരവിരുതു പ്രകടിപ്പിക്കുകയും ചെയ്തു തുടങ്ങിയതോടെ അടയാളങ്ങളുടെ രൂപംതന്നെ മാറാന്‍ തുടങ്ങി. അങ്ങനെയാണ് ഏതാനും അടി കനത്തിൽ മണ്ണിട്ട് ഈ പാറ മൂടിയത്. എന്നാൽ ലുഡോവിക് തന്നെ തന്റെ ഒരു നിരീക്ഷണത്തിന്റെ ഭാഗമായി പാറകളിലെ അടയാളങ്ങൾക്കു മീതെ വെളുത്ത ചായം പൂശിയിരുന്നുവെന്നതാണ് കൗതുകകരം! ഗ്രഹണം മുൻകൂട്ടി നിശ്ചയിക്കാനും സൂര്യന്റെയും ചന്ദ്രന്റെയും സഞ്ചാരപാത തിരിച്ചറിയാനും വേണ്ടിയാണ് ഈ പാറയിലെ അടയാളങ്ങൾ ഉപയോഗിച്ചിരുന്നതെന്നു തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 

അര നൂറ്റാണ്ടിനിപ്പുറം, 2015ൽ, വീണ്ടും കോക്നോ സ്റ്റോൺ മണ്ണു മാറ്റി പുറത്തെടുത്തു. മൂന്നു ദിവസത്തോളം പണിയെടുത്താണ് ഗ്ലാസ്ഗോ സർവകലാശാലയിലെ ഗവേഷകരും വിദ്യാർഥികളും ഭാഗികമായി ഈ പാറ വീണ്ടെടുത്തത്. പിന്നീട് ഒരു വർഷംകൊണ്ടു നടത്തിയ പഠനത്തിൽ കോക്നോ സ്റ്റോൺ വീണ്ടും പൂർണമായി ലോകത്തിനു മുന്നിലെത്തി. ബിസി 3000 ആണ്ടിലാണ് ഈ പാറയിൽ കൊത്തുപണികൾ നടത്തിയതെന്നാണു ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. യൂറോപ്പിൽ നിയോലിതിക് അല്ലെങ്കിൽ വെങ്കലയുഗത്തിൽ നടന്നിട്ടുള്ള ഏറ്റവും മികച്ച കപ് ആൻഡ് റിങ് മാർക്കിങ് കൂടിയായിരുന്നു കോക്നോ സ്റ്റോണിലേത് (പുരാതന കാലത്ത് യൂറോപ്പിന്റെ പല ഭാഗങ്ങളിലും പാറകളിൽ കൊത്തിയ നിലയിൽ കണ്ടെത്തിയ അടയാളങ്ങളാണ് കപ് ആൻഡ് റിങ്സ് എന്നറിയപ്പെടുന്നത്) 

കൃത്യതയോടെ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും പാറയിലെ കോക്നോ സ്റ്റോണിലെ അടയാളങ്ങൾ ഇന്നും ലോകത്തിനു മുന്നിലെ സമസ്യയാണ്. ഇതാരാണ് നിർമിച്ചതെന്നതും അവ്യക്തം. വാനനിരീക്ഷണത്തിനുള്ള ഭൂപടം, പ്രാചീനകാലത്തെ ചിത്രരചനാ രീതി, പ്രാചീനമായൊരു ഭാഷ എന്നിങ്ങനെ പല വാദങ്ങളുമുണ്ട്. അതല്ല, മതപരമായ ആചാരത്തിന് ഉപയോഗിച്ചതാണ് ഈ പാറയെന്ന വാദവുമുണ്ട്. കോക്നോ സ്റ്റോണിന് സമാനമായ മറ്റു പാറകള്‍ മധ്യ അമേരിക്കൻ രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലും പലയിടത്തും സമാനമായ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നതാണു യാഥാർഥ്യം. 

 English Summary : Secrets Behind the Cochno Stone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com