ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിൽ യൂറോപ്പിലെ ഏറ്റവും വിലപിടിപ്പുള്ള നിധിശേഖരം കണ്ടെത്തിയത് എവിടെയാണ്? ഒരൊറ്റ ഉത്തരമേയുള്ളൂ. പോളണ്ടിലെ സ്‌റോധ സ്‌ലാസ്ക നഗരത്തിൽ. 600 വർഷത്തിലേറെക്കാലം മണ്ണിനടിയിൽ ഒളിച്ച ഒരു പെട്ടിയിൽനിന്നാണ് അമൂല്യങ്ങളായ സ്വർണം, വെള്ളി നാണയങ്ങളും ആഭരണങ്ങളും രത്നക്കല്ലുകളുമെല്ലാം നാട്ടുകാർക്കു ലഭിച്ചത്. സ്‌റോധയിലെ നിധിയുടെ വലിയൊരു ഭാഗം പലരും കൊണ്ടുപോയി. ശേഷിച്ചതാണ് പുരാവസ്തു ഗവേഷകർക്കു ലഭിച്ചത്. അത് മ്യൂസിയത്തിലേക്കു മാറ്റുകയും ചെയ്തു. കണ്ടെടുത്ത നാണയങ്ങളുടെയും രത്നങ്ങളുടെയും ആഭരണങ്ങളുടെയുംതന്നെ വില നിശ്ചയിക്കാനാകാത്തത്രയാണ്. അപ്പോൾപ്പിന്നെ ഈ നിധിശേഖരത്തിൽനിന്നു കാണാതായവ കൂടി ചേർത്താൽപിന്നെ പറയാനുണ്ടോ?

1980കളുടെ ആരംഭത്തിൽ സ്റോധയിൽ പഴയ കെട്ടിടങ്ങൾ തകർത്ത് പുതിയവ നിർമിക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് നിധിയെപ്പറ്റിയുള്ള സൂചന ആദ്യം ലഭിക്കുന്നത്. 1985ൽ പലയിടത്തുനിന്നും സ്വർണം, വെള്ളി നാണയങ്ങൾ ലഭിച്ചു തുടങ്ങിയതോടെ വാർത്ത കാട്ടു തീ പോലെ പരന്നു. ജനം പ്രദേശത്തേക്ക് ഇരച്ചെത്തി. അപ്പോഴും അധികൃതർ അതിനു കാര്യമായ പ്രധാന്യം നൽകിയില്ല. 1988ൽ സ്വർണനാണയങ്ങളുടെ ഒരു വന്‍ ശേഖരം കണ്ടെത്തിയതോടെ പുരാവസ്തു ഗവേഷകര്‍ സ്ഥലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഉദ്ഖനനം തുടങ്ങി. പക്ഷേ അപ്പോഴേക്കും വില പിടിച്ച പല വസ്തുക്കളും ജനം കടത്തിയിരുന്നു. ചിലർ അത് അധികൃതർക്കു തിരികെ നൽകുകയും ചെയ്തു. 

ഉദ്ഖനനം പുരോഗമിക്കുന്നതിനിടെയാണ് സ്റോധയിലെ നിധിശേഖരം എന്ന പേരിൽ പ്രശസ്തമായ വമ്പൻ പെട്ടി ലഭിക്കുന്നത്. കിരീടങ്ങളും ആഭരണങ്ങളും നാണയങ്ങളുമെല്ലാമായി ഒറ്റനോട്ടത്തിൽ രാജകീയ പ്രൗഢിയോടെയായിരുന്നു നിധി. കിരീടത്തിനുൾപ്പെടെ കാര്യമായ യാതൊരു കുഴപ്പവും സംഭവിച്ചിരുന്നില്ല. അവയുടെ ഉറവിടം തേടി ചരിത്രരേഖകൾ പരിശോധിച്ചപ്പോഴാണ് കിരീടങ്ങളിലൊന്ന് ലക്‌സംബർഗിലെ ആദ്യ ബൊഹീമിയൻ രാജാവ് ചാൾസ് നാലാമന്റെ ഭാര്യയുടേതാണെന്നു കണ്ടെത്തിയത്. 1348ൽ നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന നിധിയായിരുന്നു അത്. അതെങ്ങനെ സ്‌റോധയിലെത്തിയെന്നായി അടുത്ത സംശയം! 

അധികാരം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചാൾസ് രാജാവിന് വൻതോതില്‍ പണം ശേഖരിക്കേണ്ടി വന്നിരുന്നു. അതിന് അദ്ദേഹം ആശ്രയിച്ചത് ചില ധനകാര്യ സ്ഥാപനങ്ങളെയായിരുന്നു. അവർക്ക് പണയമായി നല്‍കിയതാകാം രാജകീയ ആഭരണങ്ങളെന്നു കരുതുന്നു. അതിനു പിന്നാലെയാണ് പോളണ്ടിലും മറ്റും കറുത്ത മഹാമാരിയെന്ന പ്ലേഗ് പടർന്നുപിടിക്കുന്നത്. ആഭരണങ്ങൾ കൈവശം വയ്ക്കുന്നവരെ മരണം പിടികൂടുമെന്ന ഒരു വിശ്വാസം അതോടെ പലയിടത്തും പരന്നു. അതുകൂടിയായതോടെ ആരും കാണാതെ ചരിത്രരേഖകളിൽനിന്ന് മാഞ്ഞു പോവുകയായിരുന്നു ഈ ആഭരണശേഖരം. നിധിവേട്ടക്കാർ ഇതിന്റെ ഉറവിടം കണ്ടെത്താൻ ഏറെ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 

12, 13 നൂറ്റാണ്ടുകളിലെ രാജകീയ അധികാര ചിഹ്നങ്ങൾ, പല ഡിസൈനുകളിലുള്ള സ്വർണ മോതിരങ്ങൾ. സ്വർണ–വെള്ളി നാണയങ്ങൾ, രാജകീയ കിരീടങ്ങൾ തുടങ്ങിവയായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. വെള്ളിനാണയങ്ങളായിരുന്നു കൂടുതൽ–മൂവായിരത്തിലേറെ! മിക്ക ആഭരണങ്ങളിലും വിലയേറിയ രത്നക്കല്ലുകൾ പതിച്ചിട്ടുമുണ്ടായിരുന്നു. അസാധാരണമായ ഭംഗിയോടെയായിരുന്നു ആഭരണങ്ങളുടെ നിർമാണം. കൂട്ടത്തിൽ ‘രാജകീയ കിരീടം’ എന്നറിയപ്പെട്ടതായിരുന്നു ചാൾസ് രാജാവിന്റെ ഭാര്യയായ ബ്ലോൻഷെ രാജ്ഞിയുടേതെന്നു കരുതപ്പെടുന്നത്. ഇന്നും സ്‌റോധ സ്‌ലാസ്കയിലെ മ്യൂസിയത്തിലെത്തുന്നവരുടെ കണ്ണഞ്ചിപ്പിക്കും ഈ കിരീടം. കളിമൺ പാത്രങ്ങള്‍ക്കൊപ്പമായിരുന്നു നിധിപ്പെട്ടി സൂക്ഷിച്ചിരുന്നത്. അതിനാൽത്തന്നെ ആരെങ്കിലും ഇതു കണ്ടാലും വീട്ടുപകരണങ്ങളാണു പെട്ടിയിലെന്നു കരുതി ഉപേക്ഷിക്കുമെന്നായിരിക്കണം അത് കുഴിച്ചിട്ടവര്‍ കരുതിയിരുന്നത്. അതുതന്നെ സംഭവിച്ചു, 600 വർഷത്തോളമാണ് നിധിവേട്ടക്കാരുടെ കാൽച്ചുവട്ടിൽ ആരുമറിയാതെ അതു കിടന്നത്.

English Summary : Sroda treasure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com