കളിമണ്ണിനു വേണ്ടി കുഴിയെടുത്തു; കണ്ടെത്തിയത് ആറു കിലോ അമൂല്യ സ്വർണശേഖരം!

HIGHLIGHTS
  • പല തരം പാത്രങ്ങളും കരകൗശല വസ്തുക്കളുമെല്ലാമായിരുന്നു കണ്ടെടുത്തത്
  • . എല്ലാം നിർമിച്ചത് ശുദ്ധമായ സ്വർണത്തിൽ!
treasure-of-panagyurishte
Photo Credit : Belish / Shutterstock.com
SHARE

6.164 കിലോഗ്രാം സ്വർണം! കണ്മുന്നിൽ അത്രയും സ്വർണം കണ്ടാൽ ആരുടെയായാലും കണ്ണഞ്ചിപ്പോകും. സഹോദരങ്ങളായ പാവേല്‍, പെറ്റ്ക്കോ, മിഖായിൽ എന്നിവർക്കും സംഭവിച്ചത് അതാണ്. മൂവരും ഒരു ഓടു നിർമാണ ഫാക്ടറിയിലെ ജീവനക്കാരായിരുന്നു. കളിമണ്ണ് കുഴച്ച് ഓടിനു വേണ്ടി പരുവപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. കുഴിച്ച് ഏകദേശം ആറടിയെത്തിയപ്പോഴാണ് കളിമണ്ണിനിടയിൽ അസാധാരണമായ ഒരു തിളക്കം. ഒന്നും രണ്ടുമല്ല, കുഴിക്കുംതോറും തിളക്കങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ നിധിശേഖരങ്ങളിലൊന്നിലേക്കായിരുന്നു മൂന്നു സഹോദരങ്ങളും 1949 ഡിസംബർ എട്ടിനു കുഴിച്ചു പോയതെന്നതു ചരിത്രം. 

തെക്കൻ ബൾഗേറിയയിലെ പനഗ്യൂറിഷ്തെ എന്ന നഗരത്തിലായിരുന്നു ബിസി 4–3 നൂറ്റാണ്ടിലേതെന്നു കരുതുന്ന അമൂല്യ നിധി കണ്ടെടുത്തത്. വിലയുടെ കാര്യത്തിൽ മാത്രമല്ല ചരിത്രപരമായ പ്രാധാന്യത്തിലും ഒരു പണത്തൂക്കം മുന്നിലാണ് പനഗ്യൂറിഷ്തെ ട്രഷർ എന്നറിയപ്പെടുന്ന ഈ നിധിശേഖരം. അതിനു കാരണവുമുണ്ട്. ബിസി 4–3 നൂറ്റാണ്ടുകളിൽ നിലനിന്നിരുന്ന ത്രേഷ്യൻ സംസ്കാരത്തിന്റെ ശേഷിപ്പുകളായിരുന്നു നിധിയായി കണ്ടെടുത്തത്. കിഴക്കൻ–തെക്കുകിഴക്കന്‍ യൂറോപ്പ് ഒരുകാലത്ത് അടക്കി വാണിരുന്നത് ത്രേഷ്യൻ വിഭാഗക്കാരായിരുന്നു. സ്വന്തമായി ത്രേഷ്യനെന്ന പേരിൽ ഇവർക്കൊരു ഭാഷയുമുണ്ടായിരുന്നു. ഈ ജനവിഭാഗത്തെപ്പറ്റിയുള്ള പഠനശാഖയ്ക്ക് ത്രേക്കോളജി എന്നാണു പേര്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തിന്റെ പല ഭാഗത്തു നിന്നും നാസികൾ കടത്തിയ പണവും മറ്റ് അമൂല്യ വസ്തുക്കളും കണ്ടെത്തിയിരുന്നു. അവയെല്ലാം നിധിയായാണു കണക്കാക്കിയിരുന്നത്. എന്നാല്‍ യുദ്ധത്തിനു ശേഷം യൂറോപ്പിൽ കണ്ടെത്തിയ ഏറ്റവും വലിയ ആദ്യത്തെ നിധി പനഗ്യൂറിഷ്തെയിൽനിന്നുള്ളതായിരുന്നു. പല തരം പാത്രങ്ങളും കരകൗശല വസ്തുക്കളുമെല്ലാമായിരുന്നു കണ്ടെടുത്തത്. എല്ലാം നിർമിച്ചത് ശുദ്ധമായ സ്വർണത്തിൽ! അതു മാത്രമല്ല അമ്പരപ്പിക്കുന്ന വലുപ്പത്തിൽ, ഏറെ ശിൽപചാതുര്യത്തോടെയായിരുന്നു ഓരോ വസ്തുവും നിർമിച്ചിരുന്നത്. 

കുഴൽവിളിക്കുന്ന രണ്ടു പേരെ കൊത്തിയെടുത്ത പിടിയോടു കൂടിയ വീഞ്ഞു പാത്രം, സുന്ദരിയായ പെൺകുട്ടിയുടെ മുഖമുള്ള പാത്രം, നിറയെ മുഖങ്ങളുള്ള കുഴിപ്പിഞ്ഞാണം, മാനും മത്സ്യവും പൂക്കളുമെല്ലാം കൊത്തുപണികളായി നിറഞ്ഞ തളികകളും പാത്രങ്ങളും... അങ്ങനെ ത്രേഷ്യൻ ജനതയുടെ കരവിരുതും ആഡംബരവും ഒരുപോലെ ചേർന്ന വസ്തുക്കൾ ചേർന്നതായിരുന്നു നിധിശേഖരം. ചില സംഗീത ഉപകരണങ്ങളുടെ മാതൃകകളും സ്വർണത്തിൽ തീർത്തിരുന്നു. എന്നാൽ തുടക്കത്തിൽ മൂന്നു സഹോദരങ്ങളും ഇവ ജിപ്സികൾ കുഴിച്ചിട്ട പിച്ചളപ്പാത്രങ്ങളാണെന്നായിരുന്നു കരുതിയതത്രേ! ഇതിനെക്കുറിച്ചു കേട്ട് പലരും ഈ കൗതുകവസ്തുക്കൾ കാണാനെത്തി. അക്കൂട്ടത്തിലൊരാളായിരുന്നു പ്രശസ്ത പുരാവസ്തു ഗവേഷകൻ പീറ്റർ ഗോർബനോവ്. ഒറ്റനോട്ടത്തിൽത്തന്നെ അദ്ദേഹത്തിന് ഉറപ്പായി ഇതു സാധാരണ പിച്ചളപ്പാത്രങ്ങളല്ലെന്ന്. തുടർ പരിശോധനയിൽ അക്കാര്യം തെളിയുകയും ചെയ്തു. 

അതല്ല, ആരംഭത്തിൽത്തന്നെ സഹോദരങ്ങൾക്ക് ഇവ സ്വർണമാണെന്ന് അറിയാമായിരുന്നുവെന്നത് മറ്റൊരു കഥ. പാത്രം കളിമണ്ണു കളഞ്ഞ് കഴുകിയെടുത്തപ്പോൾ തന്നെ സംഗതി സ്വർണമാണെന്നു വ്യക്തമായി. അങ്ങനെ ജില്ലാ കൗൺസിലിന് ഇവ കൈമാറി. അവിടെനിന്നാണ് ഗോർബോവ് ഈ നിധി കണ്ടതെന്നും പറയപ്പെടുന്നു. പുരാവസ്തു ചരിത്രത്തിൽ ബൾഗേറിയയുടെ സ്ഥാനംതന്നെ മാറ്റിയ കണ്ടുപിടിത്തമായിരുന്നു ഇത്. നിധിയുടെ ഭാഗമായ വസ്തുക്കൾ ലോകത്തിന്റെ പല ഭാഗത്തും പ്രദർശനത്തിനെത്തിച്ചിരുന്നു. അമൂല്യമായതിനാൽത്തന്നെ ഇപ്പോഴിത് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്. പകരം ഇവയുടെ മാതൃകകളാണു പനഗ്യൂറിഷ്തെയിലെ ഉള്‍പ്പെടെയുള്ള മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 

 English summary : Treasure of Panagyurishte

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA