ADVERTISEMENT

പുതിയ വീടു വയ്ക്കുമ്പോൾ പലരും അതിനു മുന്‍പിൽ ഒരു കോലം വയ്ക്കുന്ന പതിവുണ്ട്. കലത്തിൽ കൊമ്പൻമീശ വരച്ച് വടിയിൽ കുത്തി കെട്ടിടങ്ങൾ‍ക്കു മുന്നിൽ നിർത്തുന്നതും പലയിടത്തും കാണാം. ഇനി വാഹനങ്ങളിലാണെങ്കിൽ തൂക്കിയിടുക നാരങ്ങയും പച്ചമുളകുമായിരിക്കും. ഇതിനെല്ലാം ഒരൊറ്റ ലക്ഷ്യമേയുള്ളൂ– പുതിയ വീടിനും കെട്ടിടത്തിനും വാഹനത്തിനുമൊന്നും കണ്ണു തട്ടാതിരിക്കുക! കൂടോത്രങ്ങളെ പ്രതിരോധിക്കാനുള്ള പല വഴികളും കാലങ്ങളായി നമ്മുടെ നാട്ടിൽ പ്രയോഗിക്കുന്നുണ്ട്. എന്നാൽ പതിനാറാം നൂറ്റാണ്ടു മുതൽ യുഎസിലും ഇംഗ്ലണ്ടിലുമെല്ലാം കൂടോത്ര പ്രയോഗങ്ങൾ നിലനിന്നിരുന്നുവെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പ്രത്യേകിച്ച് ശാസ്ത്രത്തിലും മറ്റും പാശ്ചാത്യ രാജ്യങ്ങൾ ഏറെ മുന്നേറ്റം നടത്തിയിരുന്ന കാലത്ത്! 

2014ൽ നോട്ടിങ്ങാംഷെയറിലെ ഒരു കെട്ടിടത്തിനു സമീപത്തു നിന്ന് പച്ചനിറത്തിലുള്ള ഒരു ചില്ലുകുപ്പി ലഭിച്ചപ്പോഴും പുരാവസ്തു ഗവേഷകർക്ക് ആദ്യം വിശ്വസിക്കാനായില്ല. ഏകദേശം 15 സെന്റിമീറ്റർ വലുപ്പമുള്ള ആ കുപ്പി കുഴിച്ചിട്ടത് മന്ത്രവാദ പ്രയോഗത്തിന്റെ ഭാഗമായിട്ടായിരുന്നു. വിച്ച് ബോട്ടിൽ അഥവാ മന്ത്രവാദക്കുപ്പി എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നതു തന്നെ! 1600കളിലും 1700കളിലും അമേരിക്കയിലും ഇംഗ്ലണ്ടിലും വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു. തുടക്കകാലത്ത് കളിമൺ പാത്രങ്ങളായിരുന്നു വിച്ച് ബോട്ടിലായി ഉപയോഗിച്ചത്. പിന്നീട് ചില്ലിലേക്കു മാറി. ഏതെങ്കിലും ഒരു വ്യക്തിക്കോ കെട്ടിടത്തിനോ നേരെ ആരെങ്കിലും മന്ത്രവാദ പ്രയോഗം നടത്തിയാല്‍ അതിനെ പ്രതിരോധിക്കുകയെന്നതായിരുന്നു വിച്ച് ബോട്ടിലുകളുടെ ജോലി. 

മറ്റൊരാൾ കണ്ടെത്താതെ, പൊട്ടാതെ എത്രകാലം വരെ കുപ്പികൾ നിലനിൽക്കുന്നോ അത്രയും കാലം വരെ മന്ത്രവാദത്തിന്റെ ശക്തിയും നിലനിൽക്കുമെന്നായിരുന്നു വിശ്വാസം. ശത്രു മന്ത്രവാദ പ്രയോഗം നടത്തുമെന്നു കരുതുന്ന് ആരുടെ മേലാണോ അവരുടെ നഖവും മുടിയും മൂത്രവും വരെ ഇത്തരത്തിൽ കുപ്പികളിലാക്കി കുഴിച്ചിട്ടിരുന്നു. സൂചികൾ, റോസ്‍‌മേരിപ്പൂക്കൾ, മുള്ളുകൾ, റെഡ് വൈൻ, മണ്ണ്, കടൽജലം, വിനാഗിരി, ഉപ്പ്, ചെടികൾ, ചില്ല്, മരക്കഷ്ണം, എല്ല്, എണ്ണ, നാണയങ്ങൾ ശംഖുകൾ, തൂവൽ, കൂട്ടിക്കെട്ടിയ ചരട്, കല്ലുകൾ, മണൽ തുടങ്ങിയവയെല്ലാം കുപ്പികളിൽ നിറയ്ക്കാറുണ്ട്. ആർക്കെങ്കിലും നേരെ ശത്രുക്കൾ മന്ത്രവാദ പ്രയോഗം നടത്തിയിട്ടുണ്ടെങ്കിൽ അതിനെയെല്ലാം ഈ വസ്തുക്കൾ പിടിച്ചെടുത്ത് കുപ്പിയിലാക്കുമെന്നാണു കരുതുന്നത്. 

വീട്ടിലോ കെട്ടിടത്തിലോ ആര്‍ക്കും കണ്ടെത്താനാകാത്ത സ്ഥലത്തു വേണം ഇതു കുഴിച്ചിടാൻ. മിക്ക വീടുകളുടെയും നെരിപ്പോടുകളുടെ താഴെയായിരുന്നു ഇവ കുഴിച്ചിട്ടിരുന്നത്. വീടുകൾ പൊളിക്കുമ്പോൾ പോലും ഏറ്റവും അവസാനം പൊളിച്ചിരുന്നത് നെരിപ്പോടുകളാണ് എന്നതാണു കാരണം. നെരിപ്പോടിനു സമീപത്തേക്ക് തീ കാരണം അധികമാരും പോകാറുമില്ലല്ലോ. ചിലയിടത്ത് തീയിലേക്ക് കുപ്പി വലിച്ചെറിയുന്ന രീതിയുമുണ്ടായിരുന്നു. കുപ്പി പൊട്ടിത്തെറിക്കുമ്പോൾ പുറത്തു കടക്കുന്ന മന്ത്രവാദ ശക്തികൾ തീയിൽപ്പെട്ടു നശിച്ചു പോകുമെന്നാണു വിശ്വാസം. 

1681ൽ ജോസഫ് ഗാൻവിൽ എന്ന വ്യക്തി എഴുതിയ ഒരു പുസ്കതത്തിലാണ് ആദ്യമായി വിച്ച് ബോട്ടിലുകളെപ്പറ്റി പരാമർശിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ ഇവ പ്രയോഗത്തിലുണ്ടായിരുന്നുവെന്നും കരുതപ്പെടുന്നു. ഇത്തരം കുപ്പികൾ കണ്ടെത്തിയാലും ആരും അതിനെപ്പറ്റി പുറത്തു പറയാറില്ല. അതിനാൽത്തന്നെ പുരാവസ്തു എന്ന നിലയിൽ ഇവയുടെ കൃത്യമായ രേഖപ്പെടുത്തലുകളും ഉണ്ടായിട്ടില്ലെന്നതാണു സത്യം. അപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ലഭിച്ച വിച്ച് ബോട്ടിലുകൾ ഇന്നും മ്യൂസിയങ്ങളിൽ പ്രദർശനത്തിലുണ്ട്. അവ മ്യൂസിയങ്ങളെ മന്ത്രവാദ പ്രയോഗങ്ങളിൽനിന്നു രക്ഷിക്കുമോ എന്നു ചോദിച്ചാൽ .‘വിശ്വാസം അതല്ലേ എല്ലാം’ എന്നു പറയേണ്ടി വരും. 

English Summary : Witch bottle filled with teeth pins and mysterious liquid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com