ADVERTISEMENT

1920കളിലാണ് കലിഫോർണിയയിലെ ബേ ഏരിയയില്‍ കലവേരസ് എന്ന പേരിൽ പ്രശസ്തമായ അണക്കെട്ട് നിർമിക്കുന്നത്. അണക്കെട്ടിന്റെ ഭാഗമായ റിസർവോയറിൽനിന്നാണ് പ്രദേശത്തേക്കാവശ്യമായ വെള്ളത്തിന്റെ 40 ശതമാനവും പമ്പു ചെയ്തിരുന്നത്. ബേ ഏരിയയിലെ ഏകദേശം 27 ലക്ഷം ജനങ്ങൾ ജലത്തിനു വേണ്ടി ഈ അണക്കെട്ടിനെ ആശ്രയിച്ചിരുന്നു. അതിനാൽത്തന്നെ അണക്കെട്ട് സുരക്ഷിതമായി നിർത്തുകയെന്നത് അധികൃതരുടെ ആവശ്യവും. എന്നാൽ കലവേരസ് ഫോൾട്ട് എന്നു കുപ്രസിദ്ധമായ ഭാഗത്തിനു തൊട്ടുമുകളിലായിരുന്നു അണക്കെട്ടിന്റെ സ്ഥാനം. അതായത്, ഏതു നിമിഷവും ഭൂകമ്പത്തിനു സാധ്യതയുള്ള പ്രദേശം! 

ഒന്നുരണ്ടു ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാവുക കൂടി ചെയ്തതോടെ അധികൃതർ വിരണ്ടു. അണക്കെട്ടിനെ സുരക്ഷിതമാക്കാൻ ഒരൊറ്റ വഴിയേ അവർ കണ്ടുള്ളൂ– ഡാമിനു തൊട്ടടുത്തുതന്നെ മറ്റൊരു അണക്കെട്ട് നിർമിക്കുക. ഏകദേശം ഒരു കോടി ക്യുബിക് യാഡ് വരുന്ന പാറയും മണ്ണും നീക്കുകയെന്നതായിരുന്നു അതിന്റെ ആദ്യ ഘട്ടം. ആ പ്രവർത്തനം ആരംഭിച്ച് കുറച്ചു നാൾ കഴിഞ്ഞപ്പോഴാണ് പാറക്കെട്ടുകളിൽനിന്ന് ലക്ഷക്കണക്കിനു വർഷം പഴക്കമുള്ള ഷെൽ ഫോസിലുകൾ ഒന്നൊന്നായി കണ്ടെത്താൻ തുടങ്ങിയത്. ഇന്നത്തെ ചെറിയ ശംഖും കക്കയുമൊക്കെയില്ലേ, അതിന്റെയെല്ലാം വല്യച്ഛന്മാരായിട്ടു വരുന്ന വമ്പൻ ഷെല്ലുകളായിരുന്നു ഫോസിൽ രൂപത്തിൽ കണ്ടെത്തിയത്. 

അതോടെ പ്രോജക്ട് സംഘം കൂട്ടത്തിൽ ഒരു പാലിയന്റോളജിസ്റ്റിനെയും കൂട്ടി. എവിടെയെങ്കിലും ഫോസിലുകൾ കണ്ടെത്തിയാൽ അദ്ദേഹമെത്തി ആ പാറയും മണ്ണും സുരക്ഷിതമായി ഇളക്കിയെടുത്തു കൊണ്ടു പോകും. എന്നാൽ വൈകാതെ തന്നെ പ്രേജക്ട് സംഘത്തിനും പാലിയന്റോളജിസ്റ്റിനും ഒരു കാര്യം മനസ്സിലായി–ഇതിവിടം കൊണ്ടൊന്നും തീരില്ല! അത്രയേറെ പ്രാചീന കാല ഫോസിലുകളായിരുന്നു ഓരോ ദിവസവും കണ്ടെത്തിക്കൊണ്ടിരുന്നത്. അതും ചെടികളും മൃഗങ്ങളും കടൽ ജന്തുക്കളും തുടങ്ങി വൈവിധ്യമാർന്ന ഫോസിലുകൾ! ഡാം നിന്നിരുന്ന ഭാഗത്ത് ലക്ഷക്കണക്കിനു വർഷം മുൻപ് കടൽ കയറിക്കിടക്കുകയായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള കണ്ടെത്തലുകൾ. 

പുരാവസ്തുഗവേഷകരെ സംബന്ധിച്ചിടത്തോളം ഫോസിലുകളുടെ ഒരു നിധിപ്രദേശമായും മാറുകയായിരുന്നു കലവേരസ് ഡാം. പ്രദേശത്ത് 1.5 – 2 കോടി വർഷം മുൻപ് ജന്തുജീവിതം എപ്രകാരമായിരുന്നെന്നു വ്യക്തമാക്കുന്നതായിരുന്നു ഓരോ ഫോസിലും. മാത്രവുമല്ല പ്രദേശത്തിന്റെ കാലാസ്ഥയും ഭൂപരിസ്ഥിതിയുമെല്ലാം ഫോസിൽ ശിലകളിൽ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. ഇത്രയേറെ ‘ഗുണമേന്മ’യുള്ള, കാര്യമായ കേടുപാടുകളില്ലാത്ത ഫോസിലുകൾ ലോകത്ത് അപൂർവമാണെന്നു ഗവേഷകരും സാക്ഷ്യപ്പെടുത്തുന്നു. ഫോസിലുകൾ ഒട്ടേറെയായപ്പോൾ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ മ്യൂസിയം ഓഫ് പാലിയന്റോളജി അവ ഏറ്റെടുത്തു. ഈ ഫോസിലുകൾ പരിശോധിക്കാൻ മാത്രമായി ഏകദേശം 5 ലക്ഷം ഡോളർ ചെലവിൽ ഒരു ലാബറട്ടറിയും ഒരുക്കി. അങ്ങനെയാണ് ഫോസിൽ രൂപത്തിലുള്ള പനകളും പൈൻ മരത്തിന്റെ വിത്തുകളുമെല്ലാം കണ്ടെത്തിയത്. 

ഇതോടൊപ്പം ഒച്ചുകൾ, ഞണ്ടുകൾ, സ്രാവിന്റെ പല്ലുകൾ, തിമിംഗലത്തിന്റെ തലയോട്ടി തുടങ്ങിയവയും തിരിച്ചറിഞ്ഞു. അന്നേവരെ മറ്റെവിടെയും കണ്ടെത്താത്ത തരം ബലീന്‍ തിമിംഗലങ്ങളുടെ ഫോസിലും കൂട്ടത്തിൽപ്പെടുന്നു. 3 അടി വീതം നീളമുള്ള ഇരുപതോളം തിമിംഗല തലയോട്ടികൾ, സ്രാവുകളുടെ പല്ലും എല്ലും, സീലുകളുടെ അസ്ഥികൾ, ഹിപ്പൊപൊട്ടാമസിനെപ്പോലുള്ള ഡെസ്മോസ്റ്റൈലസ് എന്ന ജന്തുവിന്റെ അസ്ഥി, ഡോൾഫിന്റെ അസ്ഥി തുടങ്ങിയവയും തിരിച്ചറിഞ്ഞു. കൂട്ടത്തിൽ ഏറ്റവും വലിയ തിമിംഗല തലയോട്ടിതന്നെയായിരുന്നു ഏറ്റവും പൂർണതയേറിയതും– ഏകദേശം അഞ്ചടിയായിരുന്നു അതിന്റെ വലുപ്പം. തിമിംഗലത്തിന്റെ വാരിയെല്ലും മറ്റ് അസ്ഥികളും ലഭിച്ചവയിൽപ്പെടുന്നു. 

ലക്ഷക്കണക്കിനു വർഷം മുൻപ് കലവേരസ് ഡാം പ്രദേശത്ത് കടലായിരുന്നെന്നു ചുരുക്കം. വടക്കൻ കലിഫോർണിയ പ്രദേശത്ത് അതുവരെ കണ്ടെത്തിയ കടൽജീവികളുടെ ഏറ്റവും വലിയ ഫോസിൽ ശേഖരവും ഇതായിരുന്നു. ഒരേസമയം കരയിൽ കാണുന്ന തരം ചെടികളുടെ ഫോസിലും കടല്‍ജീവികളുടെ ഫോസിലും ഒരേയിടത്തുനിന്നു തന്നെ ലഭിച്ചതും ഗവേഷകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴും തുടരുകയാണ് ഈ ഫോസിൽ ശേഖരത്തെപ്പറ്റിയുള്ള പഠനം.

 English summary : 15 million years old fossils found at Calaveras dam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com