ADVERTISEMENT

രണ്ടര ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്തു പരന്നു കിടക്കുന്ന കാട്. അതായത് ഏകദേശം 35 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പം. പക്ഷേ കോടിക്കണക്കിനു വർഷമായി അതിനെപ്പറ്റി ആർക്കും അറിവില്ലായിരുന്നു. കഴിഞ്ഞ ദിവസം ഈ കാടിനെപ്പറ്റിയുള്ള വിവരങ്ങൾ ഗവേഷകർ പുറത്തുവിട്ടപ്പോൾ പലർക്കും അമ്പരപ്പായിരുന്നു. സാധാരണ കാണപ്പെടുന്ന തരം കാടല്ല ഇത്. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ‘ഫോസിൽ കാടാണ്’ ആർക്കിയോളജിസ്റ്റുകൾ ചൈനയിൽ കണ്ടെത്തിയത്. ചൈനയിലെ പീക്കിങ്, ലിൻയി സർവകലാശാലകളിലെ ഗവേഷകരാണ് പ്രാചീന കാലത്തെ ഈ അദ്ഭുതക്കാട് കണ്ടെത്തിയത്. 

 

2016ലായിരുന്നു കണ്ടെത്തൽ. ഇതിന്റെ പഴക്കവും മറ്റു സവിശേഷതകളും പരിശോധിക്കുന്ന തിരക്കിലായിരുന്നു ഗവേഷകർ ഇതുവരെ. 35.9 മുതൽ 41.9 കോടി വർഷം മുൻപുവരെ ഭൂമിയിലുണ്ടായിരുന്ന ഈ കാട് ചൈനയിലെ ആൻഹുയ് പ്രവിശ്യയ്ക്കു സമീപം ഷിൻഹാങ്ങിലായിരുന്നു കണ്ടെത്തിയത്. ഡെവോണിയൻ കാലഘട്ടം എന്നു വിശേഷിപ്പിക്കുന്ന ആ സമയത്തായിരുന്നു ഇവ തഴച്ചു വളർന്നിരുന്നത്. അതിനാൽത്തന്നെ പണ്ടുപണ്ടത്തെ മരങ്ങളുടെ രൂപവും മറ്റു സ്വഭാവ സവിശേഷതകളും അറിയാൻ ഇതിലും നല്ല സാംപിളുകൾ വേറെ ഇല്ല എന്നാണു ഗവേഷകർ കാടിനെപ്പറ്റി പറയുന്നതു തന്നെ. മാത്രവുമല്ല ലോകത്ത് ഇതുവരെ ഡെവോണിയൻ കാലത്തെ മൂന്നു കാടുകൾ മാത്രമാണു കണ്ടെത്തിയിട്ടുള്ളത്. അതിലൊന്ന് യുഎസിലാണ്, രണ്ടാമത്തേത് നോർവെയിലും. 

ചൈനയിൽ കണ്ടെത്തിയ മരങ്ങളുടെ ആകൃതിയിൽ പോലുമുണ്ടായിരുന്നു സവിശേഷത. ലികോപ്സിഡ് വിഭാഗത്തിൽപ്പെട്ട മരങ്ങളായിരുന്നു കാട് നിറയെ. പേരുകേട്ട് അന്തംവിടേണ്ട. ഇന്നത്തെ കാലത്തു കാണുന്ന പന, എണ്ണപ്പന മുതലായ വൃക്ഷങ്ങള്‍ക്കു സമാനമായവ എന്നാണ് അർഥം. നീളം കൂടിയ തടിയാണ് ഇവയുടെ പ്രത്യേകത. മുകളിൽ പച്ചക്കിരീടം വച്ചതു പോലെ ഇലകളും കാണാം. ഇലകളുടെ ആകൃതിയിലും വലുപ്പത്തിലും പക്ഷേ വ്യത്യാസമുണ്ടാകും. പ്രളയസാധ്യതയുള്ള തീരപ്രദേശങ്ങളിലായിരുന്നു ഇത്തരം മരങ്ങൾ പണ്ടുകാലത്തു വളർന്നിരുന്നത്. ഏകദേശം 3.2 മുതൽ 7.7 മീറ്റർ വരെ ഉയരം വയ്ക്കും. 25 മീറ്റർ വരെയാണ് ഒത്ത ഒരു തെങ്ങിന്റെ ഉയരമെന്ന് ഓർക്കണം. 

 

പക്ഷേ ഡെവോണിയൻ കാലഘട്ടത്തിൽ മാത്രമേ ഇത്തരം മരങ്ങൾ താരതമ്യേന കുഞ്ഞന്മാരായിരുന്നുള്ളൂ. തൊട്ടടുത്ത കാബണിഫറസ് കാലഘട്ടമായപ്പോഴേക്കും ഇവയുടെ ‘സ്വഭാവം’ തന്നെ മാറി. ഇവ രാക്ഷസന്മാരെപ്പോലെ വളരാൻ തുടങ്ങി. ആ മരങ്ങൾ മണ്ണടിഞ്ഞു ഫോസിലായതാണ് ഇന്നു മനുഷ്യർ കൽക്കരിയായി ഖനനം ചെയ്തെടുക്കുന്നതിൽ ഏറെയും. ഷിൻഹാങ്ങിൽ കണ്ടെത്തിയ മരങ്ങൾക്ക് വലുപ്പം കുറവായിരുന്നെങ്കിലും അവ തിങ്ങിനിറഞ്ഞു വളർന്നിരുന്നു. ഇന്നത്തെ കാലത്തെ കരിമ്പിൻകാടുകളോടാണു ഗവേഷകർ അതിനെ താരതമ്യം ചെയ്യുന്നത്. പക്ഷേ മണ്ണപ്പം ചുട്ടുവയ്ക്കുന്നതു പോലെ ഇടവിട്ട് ഇടവിട്ടായിരുന്നു ഈ കാടുകളുടെ കൂട്ടം നിലനിന്നിരുന്നത്. 

 

ഇന്നത്തെ കാലത്തെ കണ്ടൽക്കാടുകളോടും ഇവയെ താരതമ്യം ചെയ്യുന്നുണ്ട്. തീരപ്രദേശങ്ങളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതു കൊണ്ടായിരുന്നു അത്. മേഖലയിലെ ഒരു കളിമൺ ക്വാറിയിലായിരുന്നു ഈ കാടിന്റെ സ്ഥാനം. ഇവിടെ നടത്തിയ ഖനനമാണു ഗവേഷകർക്കു സഹായകരമായത്. മരങ്ങളുടെ ഫോസിലുകൾ അടക്കം ചെയ്യപ്പെട്ടിരുന്ന പാറകൾക്കു മുകളിലും താഴെയുമായി നാലടിയോളം നീളത്തിൽ പ്രത്യേകതരം മണൽപ്പാറകളായിരുന്നു. ഖനനത്തിനെത്തിയവർ അതെല്ലാം പൊട്ടിച്ചു കളഞ്ഞപ്പോഴായിരുന്നു ഗവേഷകർക്ക് ‘കാട്ടിലേക്കുള്ള വഴി’ എളുപ്പമായത്. ഈ സ്ഥലം പിന്നീട് ഖനിത്തൊഴിലാളികൾ ഉപേക്ഷിച്ചു പോവുകയും ചെയ്തു. അതോടെ ഗവേഷകരും ഹാപ്പി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com