പാറ തുരന്ന് കല്ലറ, ലോകത്ത് ഇന്നും അപൂർവം; പോർട്രെയിറ്റ് മമ്മികളുടെ രഹസ്യം!

HIGHLIGHTS
  • ശവപ്പെട്ടിക്കു പുറത്ത് അതിൽ അടക്കിയവരുടെ ചിത്രം വരച്ചു ചേർത്തിരുന്നു
  • ഈജിപ്തിൽ വളരെ അപൂർവമായി മാത്രമേ ഇവ കണ്ടെത്തിയിട്ടുള്ളൂ
secrets-of-portrait-mummies-egypt
SHARE

ഇറ്റാലിയൻ സംഗീതജ്ഞനായ പിയത്രോ ഡെല്ല 1615ൽ ഒരു യാത്ര പോയി. വിശുദ്ധ നാടും മറ്റിടങ്ങളും സന്ദർശിച്ച അദ്ദേഹം ഈജിപ്തിലും എത്തിച്ചേർന്നു. യാത്രയ്ക്കിടെയാണ് സഖ്വാറ എന്ന പ്രദേശത്ത് രണ്ട് പ്രത്യേക തരം മമ്മികളുടെ കല്ലറ കണ്ടെത്തിയ വിവരം അറിയുന്നത്. പാറ തുരന്ന് അതിനകത്ത് കല്ലറയുണ്ടാക്കിയായിരുന്നു ഈ മമ്മികളെ സൂക്ഷിച്ചിരുന്നത്. മറ്റു മമ്മികളിൽനിന്ന് വ്യത്യസ്തമായി ശവപ്പെട്ടിക്കു പുറത്ത് അതിൽ അടക്കിയവരുടെ ചിത്രം വരച്ചു ചേർത്തതായിരുന്നു ആ മമ്മികൾ. പല നിറത്തിലുള്ള കുമ്മായം കൊണ്ടായിരുന്നു ചിത്രംവര. പോർട്രെയിറ്റ് മമ്മികൾ എന്നറിയപ്പെടുന്ന അവയെ പിയത്രോ വാങ്ങി റോമിലേക്കു കൊണ്ടുവന്നു. യൂറോപ്പിലേക്ക് ആദ്യമായെത്തിയ പോർട്രെയിറ്റ് മമ്മികളായിരുന്നു അത്. 

ഇന്നും ഈജിപ്തിൽ വളരെ അപൂർവമായി മാത്രമേ ഇവ കണ്ടെത്തിയിട്ടുള്ളൂ. സഖ്വാറയിൽ കണ്ടെത്തിയവയിൽ ഇന്ന് അവശേഷിക്കുന്ന പോർട്രെയിറ്റ് മമ്മികളുടെ ശരീരത്തില്‍ അടുത്തിടെ ഗവേഷകർ സിടി സ്കാൻ നടത്തിയപ്പോഴാണ് ഇവയെപ്പറ്റിയുള്ള കൂടുതൽ രഹസ്യങ്ങൾ പുറത്തുവന്നത്. ആന്തരികാവയവങ്ങൾ പുറത്തേക്കെടുത്ത് മനുഷ്യശരീരത്തിൽ ലിനന്‍ തുണിയും മറ്റും നിറച്ചായിരുന്നു പുരാതന ഈജിപ്തിലെ മമ്മിഫിക്കേഷൻ പ്രക്രിയ. മൂക്കിലൂടെ ഒരു തരം ഉപകരണം കടത്തി തലച്ചോർ വലിച്ചെടുത്തു മാറ്റുന്നതും പതിവായിരുന്നു. എന്നാൽ പോർട്രെയിറ്റ് മമ്മികളിൽ ഇതൊന്നുമുണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 

ഒരു പുരുഷന്റെയും രണ്ട് സ്ത്രീകളുടെയും മമ്മികളാണ് സിടി സ്കാനിനു വിധേയമാക്കിയത്. മൂന്നിലും മസ്‌തിഷ്കം ഉൾപ്പെടെ എല്ലാ ആന്തരികാവയവങ്ങളും ഉണ്ടായിരുന്നു. മറ്റു മമ്മികളെ അടക്കി അവരുടെ മുഖത്തിനു സമാനമായ മുഖംമൂടികൾ സ്വർണംകൊണ്ടോ മരംകൊണ്ടോ നിർമിച്ച് ശവപ്പെട്ടിക്കു മുകളിൽ വയ്ക്കുന്നതാണു പതിവ്. എന്നാൽ പോർട്രെയിറ്റ് മമ്മികളെ മരപ്പെട്ടികളിലാണ് അടക്കുക. മൃതദേഹം ഭംഗിയുള്ള തുണികൊണ്ടു പൊതിയും. പിന്നീട് ശരീരത്തിന്റെ മൊത്തം ചിത്രം പുറത്ത് വരയ്ക്കും. ഇതോടൊപ്പം സ്വർണംകൊണ്ട് അലങ്കരിക്കുന്ന പതിവുമുണ്ട്. ആയിരക്കണക്കിനു വർഷം പഴക്കമുള്ളതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന മമ്മികൾ. ഇവയിൽ വനിതകളുടെ മൃതദേഹത്തിനൊപ്പം വിലയേറിയ ആഭരണങ്ങളും മാലകളുമെല്ലാമുണ്ടായിരുന്നു. ഒപ്പം പലതരം നാണയങ്ങളും. 

മരിച്ച് പരലോകത്തിലേക്കു പോകുന്നതിനിടെ സ്റ്റിക്സ് എന്ന നദി കടക്കേണ്ടതുണ്ടെന്നാണ് ഈജിപ്ഷ്യൻ–റോമൻ വിശ്വാസം. ഷാരൻ എന്ന ഗ്രീക്ക് ദൈവത്തിന് നാണയം നൽകിയാലേ നദി കടക്കാനാകൂ. അതിനു വേണ്ടിയായിരുന്നു നാണയങ്ങളും പേടകത്തിൽ നിക്ഷേപിച്ചിരുന്നത്. ഇതറിയാവുന്ന കൊള്ളക്കാരാകട്ടെ ഒരൊറ്റ കല്ലറയും വിടാതെ ഈജിപ്തിൽ കൊള്ളയടിക്കുന്നതും പതിവായിരുന്നു. ഇപ്പോൾ സിടി സ്കാൻ നടന്ന മൂന്നു മമ്മികളും യൗവനത്തിൽത്തന്നെ മരിച്ചവരാണ്. പക്ഷേ കാരണം കണ്ടെത്താനായിട്ടില്ല. കൂട്ടത്തിൽ പുരുഷൻ 25–30 വയസ്സിലാണു മരിച്ചത്. 163 സെന്റിമീറ്ററായിരുന്നു ഉയരം. ഇദ്ദേഹത്തിന്റെ എല്ലുകളിൽ ചിലത് സ്ഥാനം തെറ്റിക്കിടക്കുകയായിരുന്നു. മമ്മി കണ്ടെത്തിയ സമയത്ത് ആരെങ്കിലും അതിനെ പൊതിഞ്ഞിരിക്കുന്ന തുണി അഴിച്ചുമാറ്റിയപ്പോൾ സംഭവിച്ചതാകാം ഇതെന്നാണു കരുതുന്നത്. ഈ മമ്മിയും തുണികൊണ്ടു പൊതിഞ്ഞ് അതിൽ നിറമുള്ള കുമ്മായംകൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുകയായിരുന്നു. 

portrait-mummy-2

വനിതകളുടെ മമ്മികളിൽ ഒരാൾ 30–40 വയസ്സിൽ മരിച്ചതാണ്. 151 സെന്റിമീറ്ററായിരുന്നു ഇയരം. ഇവരുടെ ഇടതുമുട്ടിൽ സന്ധിവാതം പിടിപെട്ടിരുന്നു. 17–19 വയസ്സിനിടെ മരിച്ചതാണ് മൂന്നാമത്തെ പെൺകുട്ടി. 156 െസന്റിമീറ്റർ ഉയരമുണ്ടായിരുന്ന ഇവരുടെ നട്ടല്ലെിൽ ഒരു തരം ട്യൂമറും കണ്ടെത്തിയിരുന്നു. രണ്ടു പേരുടെയും ദേഹത്തും വിലയേറിയ ആഭരണങ്ങളുണ്ടായിരുന്നതിനാൽ ഒരു കാര്യം വ്യക്തം– ഇരുവരും വലിയ കുടുംബത്തിലെ അംഗങ്ങളായിരുന്നു. പക്ഷേ പരമ്പരാഗതമായ യാത്രയയപ്പ് നൽകാതെ ഇവരെ എന്തുകൊണ്ട് പോർട്രെയിറ്റ് മമ്മികളാക്കി എന്ന ചോദ്യത്തിനു മാത്രം നിലവിൽ ഉത്തരമില്ല!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA