ADVERTISEMENT

നോർവെയിലെ ജെൽസ്റ്റഡിലുള്ള ശവപ്പറമ്പിനടിയിൽ മറഞ്ഞുകിടക്കുന്ന കപ്പൽ  പുരാവസ്തു ഗവേഷകർ കണ്ടെത്തി. ജെൽസ്റ്റഡിൽ ജെൽമൗണ്ട് എന്ന സ്ഥലത്താണു കപ്പൽ കണ്ടെത്തിയത്. അഞ്ചാം നൂറ്റാണ്ടു മുതൽ, നോർവെ ഉൾപ്പെടുന്ന സ്കാൻഡിനേവിയൻ മേഖലയിലെ പൗരാണിക ജനതയായ വൈക്കിങ്ങുകൾ ശവം മറവു ചെയ്യാൻ ഉപയോഗിച്ചു വരുന്ന പറമ്പാണു ജെൽസ്റ്റഡ്.

ഭൂമിക്കടിയിലുള്ള വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ചായിരുന്നു ഗവേഷണം. 13 ശവമടക്കൽ കേന്ദ്രങ്ങൾ റഡാറിന്റെ ദൃഷ്ടിയിൽ പെട്ടു. ഇതിലൊന്നിലാണു കപ്പലും അടക്കിയിരിക്കുന്നത്. 62 അടി നീളമുള്ള കപ്പൽ 5 അടി താഴ്ചയിലായാണു കിടക്കുന്നത്.

രാജാക്കൻമാർ, പ്രഭുക്കന്മ‍ാർ,സൈന്യാധിപൻമാർ തുടങ്ങി വൈക്കിങ് സമൂഹത്തിൽ ഉന്നത പദവികൾ വഹിച്ചവരെ കപ്പലിനൊപ്പം അടക്കുന്ന പതിവുണ്ടായിരുന്നു.ഇത്തരമൊരു ശവപേട‌കമാകാം ഇപ്പോൾ കണ്ടെത്തിയ കപ്പലെന്നാണു ഗവേഷകരുടെ അഭിപ്രായം. അതിവിദഗ്ധ നാവികരായ വൈക്കിങ്ങുകളുടെ അഭിമാന ചിഹ്നമായിരുന്നു ലോങ് ബോട്ടുകൾ എന്നറിയപ്പെടുന്ന നീളൻ കപ്പലുകൾ. മരിച്ചു കഴിഞ്ഞാൽ തങ്ങളുടെ ദേവൻമാർ അധിവസിക്കുന്ന അസ്ഗാർഡിലെ വൽഹാല്ല എന്ന സ്ഥലത്തേക്കു ചെല്ലുമെന്നായിരുന്നു വൈക്കിങ്ങുകളുടെ വിശ്വാസം. ഈ യാത്രയ്ക്കുള്ള തയാറെടുപ്പിനായി വിലകൂടിയ സ്വത്തുക്കളും സ്വർണനാണയങ്ങളുമെല്ലാം മരിച്ചവരോടൊപ്പം അടക്കുന്ന രീതിയുമുണ്ടായിരുന്നു വൈക്കിങ്ങുകള്‍ക്ക്.

എഡി 700 മുതൽ 1100 വരെയുള്ള കാലഘട്ടമാണ് യൂറോപ്യൻ ചരിത്രത്തിൽ വൈക്കിങ് യുഗമെന്ന് അറിയപ്പെടുന്നത്. ഉത്തരധ്രുവത്തിനു സമീപം സ്ഥിതി ചെയ്യുന്ന സ്കാൻഡിനേവിയയിലെ വൈക്കിങ് ജനത ഈ കാലയളവിൽ തങ്ങളുടെ അപാരമായ നാവിക കരുത്തിന്റെ പിൻബലത്താൽ കപ്പലുകളിലേറി യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലേക്കു ചെന്നു. 787 എഡിയോടെ ബ്രിട്ടനിൽ ചെന്ന വൈക്കിങ്ങുകൾ അവിടത്തെ തദ്ദേശീയ ജനതയെ കൊള്ളയടിക്കുകയും യുദ്ധം നടത്തുകയും ചെയ്തു. കടൽക്കൊള്ളക്കാരൻ എന്നർഥം വരുന്ന പദമായ വൈക്കിങ് ഉപയോഗിച്ച് ഇവരെ വിശേഷിപ്പിക്കാൻ കാരണവും ഇതു തന്നെ.

നോഴ്സ് മിത്തോളജി എന്ന പേരിൽ സ്വന്തമായി ഐതിഹ്യങ്ങളും ആരാധനാരീതികളുമുള്ള ജനതയായിരുന്നു വൈക്കിങ്ങുകൾ. മാർവൽ സിനിമാ പരമ്പരകളിലൂടെ നമുക്ക് പരിചിതരായ ഓഡിൻ, തോർ, ലോകി തുടങ്ങിയ കഥാപാത്രങ്ങൾ ഇവരുടെ ദേവൻമാരായിരുന്നു. യൂറോപ്പിൽ പലഭാഗത്തും എത്തിയ വൈക്കിങ്ങുകൾ പിന്നീട് പൊതു യൂറോപ്യൻ സംസ്കാരവുമായി ഇഴുകിച്ചേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com