കൂണുകൾക്കിടയിൽ ലോഹമുന; കിളച്ചുനോക്കിയപ്പോൾ കിട്ടിയത് വെങ്കലയുഗത്തിലെ ‘നിധി’!

HIGHLIGHTS
  • ഒരു വാളായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് ഒരു കോടാലിയും
mushroom-hunter-unearths-gorgeous-bronze-age-sword
SHARE

നല്ല ഇടിവെട്ടി മഴയ്ക്കു ശേഷം മണ്ണിൽ മുളച്ചു പൊന്തുന്ന ഭക്ഷ്യയോഗ്യമായ കൂണുകൾ കണ്ടെത്തിപ്പിടിക്കുന്നത് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലുള്ളവരുടെ പ്രിയപ്പെട്ട ഹോബികളിലൊന്നാണ്. അത്തരമൊരു യാത്രയിലായിരുന്നു ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ചെറു പട്ടണമായ ജെസെനിക്കിൽ താമസിക്കുന്ന റൊമാൻ നൊവാക്ക് എന്ന വ്യക്തി. പ്രാഗില്‍നിന്ന് ഏകദേശം 150 മൈൽ മാറിയാണ് ഈ പട്ടണം. അങ്ങനെ കൂണും തേടി നടക്കുന്നതിനിടെയായിരുന്നു അദ്ദേഹം മണ്ണിൽ മുളച്ചതു പോലെ തലനീട്ടി നിൽക്കുന്ന ഒരു ലോഹക്കഷ്ണം കണ്ടത്. കാലുകൊണ്ട് തട്ടി നോക്കി. സംഗതി കട്ടിയുള്ള എന്തോ ലോഹവസ്തുവാണ്. നേരത്തേ പലർക്കും ഭൂമിക്കടിയിൽനിന്ന് ഇങ്ങനെ നിധി വരെ കിട്ടിയിട്ടുണ്ട്. എന്തായാലും ഒന്നു പരിശോധിച്ചു നോക്കാൻതന്നെ റൊമാൻ തീരുമാനിച്ചു. 

അദ്ദേഹം ആ ലോഹഭാഗം കണ്ടെത്തിയതിന്റെ പരിസരമാകെ കുഴിച്ചു. അങ്ങനെയാണ് അദ്ദേഹത്തിന് പ്രാചീന വെങ്കലയുഗത്തിലെ രണ്ട് ‘നിധിക്കഷ്ണങ്ങൾ’ ലഭിച്ചത്. ഒരു വാളായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് ഒരു കോടാലിയും. രണ്ടും നിർമിച്ചത് വെങ്കലം കൊണ്ട്. പുരാവസ്തു ഗവേഷകരെ കാണിച്ചപ്പോഴാണ് അവർ പറഞ്ഞത്, വാളിനും കോടാലിക്കും ഏകദേശം 3300 വർഷത്തെ പഴക്കമുണ്ടെന്ന്! അതായത് വെങ്കലയുഗത്തിൽ നിർമിക്കപ്പെട്ട ആയുധങ്ങളായിരുന്നു അവ. ബിസി 3300 മുതൽ 1200 വരെയുള്ള കാലഘട്ടമാണ് വെങ്കലയുഗം. റൊമാനു ലഭിച്ച ആയുധങ്ങൾ നിർമിക്കപ്പെട്ടത് ബിസി 1300ലാണെന്നാണു കരുതുന്നത്. അക്കാലത്ത് ജെസെനിക്ക് പട്ടണത്തിൽ ജനസംഖ്യ പോലും കുറവായിരുന്നു. മധ്യ യൂറോപ്പിൽ മരിച്ചവരെ വമ്പൻ മൺപാത്രങ്ങളിൽ അടക്കുന്ന കാലം കൂടിയായിരുന്നു അത്. 

roman-sword-1

ഇരുമ്പ് വാളുകളിൽനിന്നു ചില വ്യത്യാസങ്ങളുമുണ്ട് വെങ്കലംകൊണ്ടുള്ള വാളുകൾക്ക്. ഇരുമ്പ് ചുട്ടുപഴുത്തിരിക്കെ തല്ലിപ്പരത്തിയാണ് പലതരം വാളുകളുണ്ടാക്കുന്നത്. എന്നാൽ ലോഹം ഉരുക്കി ദ്രാവകരൂപത്തിലാക്കി അവ പ്രത്യേകം മൂശകളിലേക്കു പകർത്തിയാണ് വെങ്കല വാളുകൾ നിർമിച്ചിരുന്നത്. റൊമാൻ കണ്ടെത്തിയ വാൾ അത്ര മികച്ചതല്ലെന്നും ഗവേഷകർ എക്സ് റേ പരിശോധനയിൽ കണ്ടെത്തി. വാളിനകത്ത് നിറയെ അറകളായിരുന്നു. അതിനാൽത്തന്നെ അവ യുദ്ധത്തിന് ഉപയോഗിക്കാനുള്ള സാധ്യത കുറവായിരുന്നു. മറിച്ച് ആചാരപരമായ ആവശ്യത്തിനായിരിക്കാം ഉപയോഗിച്ചിരുന്നത്. എട്ടു വശങ്ങളുള്ളതായിരുന്നു വാളിന്റെ പിടി. അതിന്മേൽ പലതരം വൃത്തങ്ങളും ചന്ദ്രക്കലകളും കൊത്തുപണികളായി ചേർത്തിരുന്നു. കാലപ്പഴക്കം കാരണം വാൾ പിടിയിൽനിന്നു വിട്ടു പോന്ന നിലയിലായിരുന്നു. വടക്കൻ ജർമനിയിൽനിന്നു കണ്ടെത്തിയ വാളുകളുമായും അതിനു സാമ്യമുണ്ടായിരുന്നു. ജെസെനിക്കിൽനിന്ന് ഇത്തരത്തിൽ കണ്ടെത്തിയ രണ്ടാമത്തെ ആയുധമായിരുന്നു ഈ വാൾ. 

നേരത്തേ ചില പഴയകാല മൺപാത്രങ്ങളും പ്രദേശത്തുനിന്നു ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം ചേർത്തു വയ്ക്കുമ്പോൾ മനസ്സിലാകുന്നത് പ്രസ്തുത പ്രദേശത്ത് ചരിത്രാതീതകാലത്തെ പലതും ഒളിച്ചിരിപ്പുണ്ടെന്നാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ഗവേഷണത്തിനും ഒരുങ്ങുകയാണ് പുരാവസ്തു ഗവേഷകർ. കഴിഞ്ഞ മാസം പോളണ്ടിൽനിന്ന് പതിനേഴാം നൂറ്റാണ്ടിലെ വെള്ളി നാണയങ്ങളും കണ്ടെത്തിയിരുന്നു. ബോഗുസ്‍‌ലോ റുമിന്‍സ്‌കി എന്നയാളുടെ ബൈക്ക് ഒരു ചെളിക്കുഴിയിൽ കുടുങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി നിധി കണ്ടെത്തിയത്. താഴെ വീഴാതിരിക്കാൻ കൈ കുത്തിയ ബോഗുസ്‌ലോയുടെ കൈ തടഞ്ഞത് നാണയങ്ങളിലാണെന്നു മാത്രം. തുടർ തിരച്ചിലിൽ 86 വെള്ളിനാണയങ്ങൾ ലഭിച്ചു. എഡി 1657–1667 കാലഘട്ടത്തിലെയായിരുന്നു അവ. റഷ്യയും പോളണ്ടും സ്വീഡനും തമ്മിൽ തുടർച്ചയായ യുദ്ധം നടക്കുന്ന സമയം കൂടിയായിരുന്നു അത്. പുതുതായി പുറത്തിറക്കിയ നാണയം ആരോ ഒളിപ്പിച്ചതാണെന്നു വ്യക്തം. ഇന്നും യാതൊരു കേടുപാടുകളുമില്ലാതെ നാണയങ്ങൾ പുത്തൻ പോലെയിരിക്കുന്നതിനു കാരണവും അതാണെന്നും ഗവേഷകർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA