ADVERTISEMENT

വിവാദങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത ജീവിതമായിരുന്നു അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടേത്. ഫുട്ബോളിൽ വന്നു പ്രതിഭയറിയിച്ച കാലം മുതൽ വിവാദങ്ങൾക്ക് പലതവണ അദ്ദേഹം തിരികൊളുത്തി. 1986 ലോകകപ്പിൽ ഇംഗ്ലിഷ് പോസ്റ്റിലേക്കു പന്തു കൈകൊണ്ട് തട്ടിയിട്ടതു മുതൽ ലഹരി പരിശോധനയിൽ 1994 ലോകകപ്പിൽ നിന്നു പുറത്തു പോയതുവരെ നീളുന്ന വിവാദങ്ങൾ. വിരമിച്ചതിനു ശേഷവും അദ്ദേഹത്തിന്റെ സ്വകാര്യജീവിതം എന്നും കൗതുകകരമായിരുന്നു

കഴിഞ്ഞവർഷം ജന്മനാടായ അർജന്റീനയിൽ, അവിടത്തെ ഒരു സ്പോർട്സ് ചാനലായ ടിവൈസി സ്പോർട്സിന് അഭിമുഖം കൊടുക്കുകയായിരുന്നു മറഡോണ. അപ്പോഴാണു റിപ്പോർട്ടർ ഒരു കലക്കൻ ചോദ്യം ചോദിച്ചത്. അന്യഗ്രഹജീവികളിലും പറക്കും തളികകളിലുമൊക്കെ വിശ്വസിക്കുന്നുണ്ടോയെന്ന് ഒരു കുസൃതിച്ചോദ്യം.

എന്നാൽ മറഡോണ പറഞ്ഞ ഉത്തരം റിപ്പോർട്ടറെ മാത്രമല്ല, പരിപാടി കണ്ടുനിന്ന സകലരെയും ഞെട്ടിച്ചു. അന്യഗ്രഹജീവികളിൽ വിശ്വസിക്കുന്നെന്നു മാത്രമല്ല, തന്നെ ഒരിക്കൽ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയെന്നു കൂടി അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾ ആരാഞ്ഞ റിപ്പോർട്ടറോട് മറഡോണ സംഭവം ചുരുക്കി വിവരിച്ചു. ‘പണ്ടൊരിക്കൽ കൂട്ടുകാരുമായി ഒത്തുകൂടിയ ശേഷം തിരിച്ചുപോകുന്ന വഴി പറക്കുംതളികയിലെത്തിയ അന്യഗ്രഹജീവികൾ തന്നെ തട്ടിക്കൊണ്ടു പോയി. പിന്നെ മൂന്ന് ദിവസം കഴിഞ്ഞാണു തിരികെ കൊണ്ടുവിട്ടത്. ഇതിനെപ്പറ്റി ഇനി കൂടുതൽ വിവരങ്ങൾ തരാൻ പറ്റില്ല.’

അഭിമുഖവും വാർത്തയും സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നു. കാര്യം മറഡോണ വളരെ സീരിയസായി പറഞ്ഞതാണെങ്കിലും സംഭവം അദ്ദേഹത്തിന്റെ തോന്നലായിരിക്കുമെന്നാണു സമൂഹമാധ്യമങ്ങളിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടത്.

അന്യഗ്രഹജീവികളുണ്ടോയെന്ന ചോദ്യം മനുഷ്യൻ ചിന്താശേഷി കൈവരിച്ച നാൾ മുതൽ തുടങ്ങിയതാണ്. മറഡോണ മാത്രമല്ല, പല സെലിബ്രിറ്റികളും ഇതിൽ വിശ്വസിക്കുന്നവരായുണ്ട്. പ്രശസ്ത പോപ്പ് ഗായിക മൈലി സൈറസ് ഇക്കൂട്ടത്തിൽ പെട്ടയാളാണ്. യുഎസിലെ സാൻ ബെർനാഡിനോ എന്ന പ്രദേശത്തുകൂടി വണ്ടിയോടിച്ചപ്പോൾ ഒരു പറക്കുംതളിക തന്നെ പിന്തുടർന്നെന്ന് ഒരിക്കൽ മൈലി പറഞ്ഞു. ആ പറക്കും തളികയിലിരുന്ന അന്യഗ്രഹജീവി തന്റെ നേർക്കു നോക്കിപ്പേടിപ്പിച്ചെന്നും അവർ കൂട്ടിച്ചേർത്തു. ഏതായാലും മൈലി പറഞ്ഞത് അധികമാരും വിശ്വാസത്തിലെടുത്തില്ല. 

ഹോളിവുഡ് യുവനടിയായ ജെന്നിഫർ ലോറൻസിന് അന്യഗ്രഹജീവികളെ നല്ല പേടിയാണ്. അന്യഗ്രഹജീവികളുണ്ടെങ്കിൽ, അവ ഭൂമിയിലെത്തിയാൽ, മനുഷ്യരുടെ കാര്യം കഷ്ടമാകുമെന്നാണ് ജെന്നിഫറിന്റെ വിശ്വാസം.

ഗ്ലാഡിയേറ്ററിലൂടെ പ്രശസ്തനായ ഹോളിവുഡ് നായകൻ റസൽ ക്രോ 2013ൽ ഒരു വിഡിയോ ക്ലിപ് യൂട്യൂബിലേക്കിട്ടു. താൻ പകർത്തിയ പറക്കുംതളികയുടെ ചിത്രമാണെന്നാണ് ക്രോ അവകാശപ്പെട്ടത്. എന്നാൽ പ്രത്യേകതരത്തിൽ പ്രകാശം വിഡിയോയിൽ ഒരു ഘടന പോലെ തോന്നിയതു കൊണ്ട് ക്രോ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.

മറ്റൊരു പ്രശസ്ത ഗായികയായ ഡെമി ലൊവാറ്റോ പറയുന്നത് അന്യഗ്രഹജീവികൾ മാത്രമല്ല, മത്സ്യകന്യകകളും സത്യത്തിലുണ്ടെന്നാണ്. പകുതി ഉടൽ മനുഷ്യനും മറുപകുതി മത്സ്യവുമായ ഈ ജീവികൾ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടെന്നും ഇവ പ്രാചീനമായ അന്യഗ്രഹജീവികളാണെന്നുമാണ് ഡെമിയുടെ വാദം. അടിപൊളി അല്ലേ?

പ്രമുഖ റസ്‌ലിങ്/സിനിമ താരം ഡ്വെയ്ൻ ജോൺസൺ (ദ് റോക്ക്), ഹോളിവുഡ് സൂപ്പർതാരങ്ങളായ ടോം ക്രൂസ്,കിയാനു റീവ്സ്, ഗായിക കാറ്റി പെറി തുടങ്ങിയവരൊക്കെ അന്യഗ്രഹജീവിസിദ്ധാന്തത്തിൽ വിശ്വസിക്കുന്നു. പ്രപഞ്ചം എത്രയോ വലുപ്പമേറിയതാണെന്നും ഇവിടെ നമ്മൾ മാത്രമാണുള്ളതെന്നു ചിന്തിക്കുന്നത് അറിവുകേടായിരിക്കുമെന്നും ഇവർ പറയുന്നു. 

സെലിബ്രിറ്റികൾ മാത്രമല്ല , അന്യഗ്രഹജീവികളെ കണ്ടെന്നു പറയുന്നവരിൽ രാഷ്ട്രീയക്കാരുമുണ്ട്. മുൻ അമേരിക്കൻ പ്രസി‍ഡന്റായിരുന്ന ജിമ്മി കാർട്ടർ നല്ലൊരു ഉദാഹരണം. 1969ൽ ഒരു പൊതുസ്ഥലത്തു നിന്നപ്പോൾ ഒരു പറക്കും തളിക തന്റെ തലയ്ക്കു മുകളിലൂടെ പറന്നുപോയതായി കാർട്ടർ അവകാശപ്പെട്ടു.അന്നു കാർട്ടർ പ്രസിഡന്റായിട്ടില്ല. താൻ പ്രസിഡന്റായാൽ പറക്കുംതളികകള്‍ സംബന്ധിച്ച് യുഎസ് ഗവൺമെന്റിന്റെ പക്കലുള്ള എല്ലാ രേഖകളും പരസ്യമാക്കുമെന്നും കാർട്ടർ വാഗ്ദാനം ചെയ്തു. പക്ഷേ പ്രസിഡന്റായ ശേഷം കാർട്ടർ വാക്കു പാലിക്കാൻ മിനക്കെട്ടില്ല.

English Summary : Diego Maradona claims he was abducted by a UFO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com