ADVERTISEMENT

ഒച്ചിഴയുന്നതു പോലെത്തന്നെയായിരുന്നു ആ വരവ്. ഒളിച്ചിരുന്നയിടത്തു നിന്നു ഗവേഷകർക്കു മുന്നിലേക്ക് ‘ഇഴഞ്ഞെത്താൻ’ ആ ഒച്ചിനു വേണ്ടി വന്നത് 9.9 കോടി വർഷവും! വൈകിയാണെങ്കിലും പക്ഷേ ആ വരവ് ഒരൊന്നൊന്നര വരവായിരുന്നു. കൂറ്റൻ ദിനോസറുകളുടെ പോലും ഫോസിലുകളുടെ പല ഭാഗങ്ങളും നഷ്ടമായ നിലയിലാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. അപ്പോൾപ്പിന്നെ കുഞ്ഞൻ ഒച്ചുകളുടെ കാര്യം പറയേണ്ടതുണ്ടോ? തൊട്ടാൽപ്പൊട്ടുന്ന നിലയിലുള്ളതാണ് ഒച്ചുകളുടെ പുറന്തോട്. 

ദിനോസറുകളുടെ കാലത്തു ജീവിച്ചിരുന്ന ഒച്ചുകളെപ്പറ്റി അതിനാൽത്തന്നെ ഗവേഷകർക്ക് കാര്യമായ അറിവും ഉണ്ടായിരുന്നില്ല. എന്നാൽ മ്യാന്‍മറിൽ നിന്ന് ലഭിച്ച ഒരു കുന്തിരിക്കപ്പശ(amber)യ്ക്കകത്ത് യാതൊരു കുഴപ്പവും പറ്റാതെ ലഭിച്ചിരിക്കുന്നത് 9.9 കോടി വർഷം പഴക്കമുള്ള ഒച്ചിന്റെ ശരീരമാണ്. ഇതോടൊപ്പം തന്നെ ചെറിയ കേടുപാടുകളുള്ള മറ്റൊരു ഒച്ചിന്റെ ശരീരവും ലഭിച്ചു. അതായതു, ഗവേഷകർക്ക് ഡബിൾ ലോട്ടറിയടിച്ച അവസ്ഥ. ഒച്ചിന്റെ പുറന്തോടിനു പോലുമില്ല ഒരു പ്രശ്നവും. ഇത്തരത്തിൽ കോടിക്കണക്കിനു വർഷം പഴക്കമുള്ള ഒച്ചിന്റെ പുറന്തോട് ഇതാദ്യമായാണു ലഭിക്കുന്നതും. 

ടി–റെക്സ്, വെലോസിറാപ്റ്റർ തുടങ്ങിയ ‘പ്രശസ്ത’ ദിനോസറുകളുടെ കാലത്താണ് ഈ ഒച്ചുകളും ജീവിച്ചിരുന്നത്– ക്രെറ്റേഷ്യസ് യുഗത്തിൽ. അങ്ങനെ കുന്തിരിക്കപ്പശയിൽ നിന്നു ലഭിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒച്ചിന്റെ ഫോസിലെന്ന വിശേഷണവും ഇതിനു ലഭിച്ചു. ഇന്നത്തെ കാലത്തെ ഒച്ചുകളുടെ പൂർവികരാണെന്നു വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ഈ ഒച്ചുകളുടെയും ശരീരപ്രകൃതി. 2016ലാണ് ഈ ഫോസിൽ മ്യാൻമറിൽ നിന്നു ലഭിക്കുന്നത്. കുന്തിരിക്കത്തിൽ കുടുങ്ങിയ നിലയിൽ പ്രാചീനകാലത്തെ കുഞ്ഞൻ ജീവികളുടെ ഫോസിലുകൾ ഈ രാജ്യത്തു നിന്നു ധാരാളമായി ലഭിക്കാറുണ്ട്. ഇതു ശേഖരിക്കുന്നവർ വരെയുണ്ട്. വാങ്ങാൻ ഏറെപ്പേർ തയാറാണെന്നതാണ് അതിനു കാരണവും. മ്യാൻമറിൽ ഇത്തരം കുന്തിരിക്കപ്പശകള്‍ക്കു സ്വർണത്തേക്കാൾ വിലയാണെന്നു ചുരുക്കം. അത്തരത്തിലൊരാൾക്കു ലഭിച്ചതാണ് ഒച്ചിന്റെ ഫോസിലും. 

പാറകളിലും മറ്റും പറ്റിപ്പിടിച്ച നിലയിലുള്ള ഒച്ചിന്റെ ഫോസിലുകൾ നേരത്തേ ലഭിച്ചിട്ടുണ്ട്. എന്നാൽ ശരീരത്തിലെ മൃദുഭാഗങ്ങൾക്കു പോലും കേടുപാടുകളില്ലാതെ ലഭിക്കുമെന്നതാണ് കുന്തിരിക്കത്തില്‍ കുടുങ്ങിയാലുള്ള ഗുണം. കുന്തിരിക്കത്തിന്റെ പശ ഊറി വരുന്നതിനിടെ മരത്തിൽ കയറുമ്പോഴോ അതിനു ചുവടെയിരിക്കുമ്പോഴോ അതിനകത്തു പെട്ടുപോയ ഉറുമ്പ്, ഈച്ച, കൊതുക് തുടങ്ങിയവയുടെയും ഫോസിലുകൾ നേരത്തേ ലഭിച്ചിട്ടുണ്ട്. ഒരു ദിനോസറിന്റെ വാലു പോലും അത്തരത്തിൽ ലഭിച്ചിട്ടുണ്ട്. 3-ഡി രൂപത്തിൽ ഇവയെ കാണാനാകുമെന്നതാണു വലിയ പ്രത്യേകത. അതും കോടിക്കണക്കിനു വർഷം മുൻപത്തെ അതേ ആകൃതിയിൽ. 

പശയിൽ കുടുങ്ങുമ്പോൾ ഒച്ചിനു ജീവനുണ്ടായിരുന്നുവെന്നാണു കരുതുന്നത്. അതിൽ നിന്നു രക്ഷപ്പെടാനും ശ്രമിച്ചിട്ടുണ്ട്. ശരീരം വലിഞ്ഞിരിക്കുകയായിരുന്നു എന്നതാണ് അതിന്റെ തെളിവായി ഗവേഷകർ പറയുന്നത്. ചൈനയിലെ ഡെക്‌സു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയന്റോളജിയുടെ ശേഖരത്തിലാണ് ഒച്ച് ഇപ്പോഴുള്ളത്. 

 English Summary : 99 million year old snail preserved in Amber

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com