ADVERTISEMENT

ഷൂള്‍സ് വേണിന്റെ ‘എ ജേണി ടു ദ് സെന്റര്‍ ഓഫ് ദി എര്‍ത്ത്’ എന്ന നോവല്‍ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ കൂട്ടുകാർ വായിക്കേണ്ട പ്രധാന പുസ്തകങ്ങളിലൊന്നാണത്. ഈ നോവലിനെ അടിസ്ഥാനമാക്കി ഒട്ടേറെ സിനിമകളും ഇറങ്ങിയിട്ടുണ്ട്. ഭൂമിയ്ക്കടിയിലെ മറ്റൊരു ലോകത്തിന്റെ കഥയാണ് ഇതു പറയുന്നത്. അവിടേക്കു പോകുന്നതാകട്ടെ ഒരു അഗ്നിപര്‍വതത്തിന്റെ ദ്വാരത്തിലൂടെയും. ഓക്‌സിജനും സൂര്യപ്രകാശവുമൊന്നുമില്ലെങ്കിലും ഭൂമിക്കടിയില്‍ സമാന്തരമായൊരു ലോകമുണ്ടെന്നതു സത്യമാണ്. അവിടെ കാണപ്പെടുക പക്ഷേ നോവലില്‍ പറയുന്നതു പോലുള്ള ഭീകര ജീവികളൊന്നുമല്ല, കുഞ്ഞന്‍ ജീവികള്‍. കുഞ്ഞനെന്നു പറഞ്ഞാല്‍ അതിസൂക്ഷ്മജീവികള്‍. 

മഞ്ഞുമൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കിന്റെയും കൊടുംചൂടുള്ള സഹാറ മരുഭൂമിയുടെയുമെല്ലാം താഴെ ഇത്തരം ജീവികളെ കണ്ടെത്തിയിട്ടുണ്. അവയില്‍ ചിലതാകട്ടെ ലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യം പറയാനുളളവയാണ്. വെളിച്ചവും വായുവുമൊന്നുമില്ലെങ്കിലും വര്‍ഷങ്ങളോളം ജീവിക്കാന്‍ കഴിവുള്ള ഇവയുടെ പ്രത്യേകതകള്‍ ശാസ്ത്രലോകത്തെ ഇന്നും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയുടെ അഗാധതയിലുള്ള ഇത്തരം ജീവികളുടെ കൂട്ടത്തെ ‘ഡാര്‍ക്ക് ബയോസ്ഫിയര്‍’ എന്നാണു വിശേഷിപ്പിക്കുന്നത്. അതായത് ഇപ്പോഴും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു ലഭിക്കാതെ ഇരുണ്ടു കിടക്കുന്ന ജീവമണ്ഡലം. അതിനിടെയാണ് പുതിയൊരു വാര്‍ത്ത.  

ചൂടും തണുപ്പും പോലെത്തന്നെ ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ് ഉപ്പുരസമുള്ള പ്രദേശങ്ങളും. സമുദ്രങ്ങളുടെ കാര്യമല്ല, അവയേക്കാളും പത്തിരട്ടി ഉപ്പുരസമുള്ള പ്രദേശം. അങ്ങനെ ഒരിടമുണ്ട്. ജോര്‍ദാനും ഇസ്രയേലുമൊക്കയായി അതിര്‍ത്തി പങ്കിടുന്ന ചാവുകടല്‍ അഥവാ ഡെഡ്‌ സീ. പേരില്‍ കടലുണ്ടെങ്കിലും സംഗതി സത്യത്തില്‍ ഒരു തടാകമാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ലവണാംശമുള്ള തടാകം. ലോകത്തിലെ ഏറ്റവും ആഴമുള്ള ഉപ്പുതടാകവും ഇതുതന്നെ. ഇവ മാത്രമല്ല ഇതിന്റെ പ്രത്യേകതകള്‍. ഈ തടാകത്തിനടിയില്‍ ശരിക്കും ചില ‘ഭീകരജീവി’കളുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ‍. അതും തങ്ങള്‍ക്കൊപ്പമുള്ള ജീവികളുടെ മൃതദേഹം തിന്നു ജീവിക്കുന്നവ. 

നരഭോജിക്കഥകള്‍ പോലെ പേടിപ്പെടുത്തുന്നതാണെന്നു തോന്നുമെങ്കിലും സംഗതി അത്ര ഭീകരമല്ല. ചാവുകടലിന്റെ അടിത്തട്ടിനു താഴെ ജീവിക്കുന്ന സൂക്ഷ്മജീവികളെപ്പറ്റിയാണു പറഞ്ഞത്. തടാകത്തിലെ 34.2 ശതമാനം വരുന്ന പ്രദേശത്തും ഈ ജീവികളെ കാണാമെന്ന് ഫ്രഞ്ച്-സ്വിസ് ഗവേഷകരുടെ കൂട്ടായ്മയാണു കണ്ടെത്തിയത്. തടാകത്തിനടിയില്‍ ഏകദേശം 800 അടി ആഴത്തില്‍ കുഴിച്ചാണ് ഈ സൂക്ഷ്്മജീവികളെ ശേഖരിച്ചത്. അതിസൂക്ഷ്മജീവികളായ ബാക്ടീരിയകള്‍ക്കു പോലും ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ് ചാവുകടലില്‍, അപ്പോഴാണ് പുതിയ ജീവിവിഭാഗത്തിന്റെ വരവ്. ഉപ്പ് ഏറെ ഇഷ്ടപ്പെടുന്ന ഇവയാണ് ഹാലോഫൈലിക് ആര്‍ക്കിയ. ‘ഹാലോഫൈലിക്’ എന്ന പേരിന്റെ അര്‍ഥം തന്നെ ഉപ്പ് ഏറെ ഇഷ്ടപ്പെടുന്നവയെന്നാണ്. 

 

ബാക്ടീരിയങ്ങളുടെ ശരീരത്തിനു പുറത്ത് മെംബ്രെയ്ന്‍ എന്നൊരു കവചമുണ്ട്. അവ പരിപാലിച്ചു കൊണ്ടുപോകാന്‍ ഏറെ ഊര്‍ജം വേണം. എന്നാല്‍ ഹാലോഫൈലിക്കുകളുടെ മെംബ്രെയ്‌നു കട്ടി കുറവാണ്. അതിനാല്‍ത്തന്നെ ശരീരത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ അളവും കുറവാണ്. അപ്പോഴും അവയ്ക്കു ജീവിക്കാനാവശ്യമായ ഊര്‍ജം എവിടെ നിന്നു കിട്ടുന്നെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. ഓക്‌സിഡൈസ്ഡ് കാര്‍ബണിന്റെ രൂപത്തില്‍ ഊര്‍ജം കിട്ടുന്നുണ്ടെന്ന് പരീക്ഷണത്തിലൂടെ ഗവേഷകര്‍ കണ്ടെത്തി. ഒപ്പം മറ്റൊരു കാര്യം കൂടിയും- കൂട്ടത്തില്‍ ഏതെങ്കിലും ജീവികള്‍ ചത്താല്‍ അവയെയും പിടിച്ചു ശാപ്പിട്ടാണ് ‘എക്‌സ്ട്രാ’ ഊര്‍ജം ഈ ജീവികള്‍ കണ്ടെത്തുന്നത്. ഇതുവഴിയാണ് അവയ്ക്ക് ജീവൻ നിലനിര്‍ത്താനാവശ്യമായ ജലാംശം ലഭിക്കുന്നതും. അല്‍സ്വല്‍പം തെളിവുകളുടെ ബലത്തിലാണു ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. കൂടുതല്‍ പഠനം ഈ മേഖലയില്‍ നടത്തേണ്ടതുമുണ്ട്. അതിനു മുന്നോടിയായി ‘ജിയോളജി’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങളുളളത്.

English Summary : Dark biosphere in dead sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com