ADVERTISEMENT

കൂട്ടുകാർ പെലെ എന്നു കേട്ടിട്ടുണ്ടോ? ആദ്യത്തെ ഉത്തരം തന്നെ ‘ബ്രസീലിന്റെ ഫുട്ബോൾ താരം അല്ലേ’ എന്ന മറുചോദ്യമായിരിക്കും! ആ പെലെയല്ലാതെ മറ്റൊരാൾ കൂടിയുണ്ട്. ഹവായി ദ്വീപിലെ അഗ്നിപർവതങ്ങളുടെ ദേവത. ആ ദ്വീപിനെ കാത്തുരക്ഷിക്കുന്ന ദൈവമായിട്ടാണു പെലെയെ കണക്കാക്കുന്നത്. പെലെയുടെ ശാപം എന്നൊരു സംഗതിയുണ്ട് ഹവായിയിൽ. ദ്വീപിൽ നിന്ന് മണൽത്തരികളോ ലാവയുടെ കഷ്ണങ്ങളോ പ്രത്യേകതരം കല്ലോ എന്തുമായിക്കൊള്ളട്ടെ, ആരെങ്കിലും കടത്തിക്കൊണ്ടു പോയാൽ അവർക്കു പെലെയുടെ ശാപമേൽക്കും. ഹവായിയിൽ നിന്നു കൊണ്ടുപോയത് തിരികെയെത്തിക്കാത്തിടത്തോളം കാലം ശാപം അവരെ പിന്തുടരുകയും ചെയ്യും. 

 

ഹവായിയിലെ വോൾക്കാനോസ് നാഷനൽ പാർക്കിലെത്തുന്നവർ അവിടെ നിന്നു കല്ലും ഉറച്ചുപോയ ലാവയുമൊക്കെ കൊണ്ടു പോകുന്നതു തടയാൻ അധികൃതർ പ്രചരിപ്പിച്ച കഥയാണിതെന്ന് ഒരു കൂട്ടർ. അതല്ല, ടൂറിസ്റ്റുകൾ ഈ കല്ലും മണലുമൊക്കെയായി ബസിൽ കയറുന്നതു തടയാൻ ഡ്രൈവർമാരുണ്ടാക്കിയ കഥയാണെന്നു വേറൊരു കൂട്ടർ. എന്തുതന്നെയാണെങ്കിലും പെലെ ദേവതയ്ക്ക് ഏറെ ‘ഇഷ്ടപ്പെട്ട’ ഒരു അഗ്നിപർവതമുണ്ട് ഹവായിയിൽ. ദ്വീപിലെ അഞ്ചു വമ്പൻ അഗ്നിപർവതങ്ങളിൽ ഏറ്റവും ‘സജീവ’ വിഭാഗത്തിൽപ്പെട്ട കിലോയ. ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്ന സ്വഭാവമുണ്ട് കിലോയയ്ക്ക്. പെലെ ദേവത ദേഷ്യപ്പെടുമ്പോഴാണ് കിലോയ പൊട്ടിത്തെറിക്കുന്നതെന്നാണു പ്രദേശവാസികളുടെ വിശ്വാസം. 

 

2018 മേയിൽ കിലോയ പൊട്ടിത്തെറിച്ചപ്പോൾ ഒരൊറ്റ മാസം കൊണ്ടു പുറന്തള്ളപ്പെട്ടത് 113,500,000 ക്യുബിക് മീറ്റർ തിളച്ചു മറിയുന്ന ലാവയായിരുന്നു. യുഎസിലെ മാൻഹട്ടൻ പോലൊരു വൻനഗരത്തെ മൂടാൻ തക്ക അളവിൽ. 45,500 നീന്തൽക്കുളത്തില്‍ നിറയ്ക്കാനുള്ളത്രയെന്നും പറയാം. ഹവായിയിലെ ലെയ്‌ലനി എസ്റ്റേറ്റ്സിൽ നൂറിലേറെ ചെറുഭൂചലനങ്ങൾ അനുഭവപ്പെട്ടത്തിനു പിന്നാലെയായിരുന്നു ഉഗ്രശബ്ദത്തോടെ അന്ന് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. അതോടെ ലോകത്തിലെ തന്നെ ഏറ്റവും സജീവ അഗ്നിപർവതങ്ങളിലൊന്നായി കിലോയ.

 

ആഴങ്ങളിൽ ഇപ്പോഴും ഉരുകി മറിയുന്നുണ്ട് ലാവ. ഈ കാഴ്ച കാണാൻ നാഷനൽ പാർക്കിലെത്തുന്നവരെ പക്ഷേ കിലോയയുടെ ഉയരങ്ങളിൽ അധികൃതർ തടയും. അതിനു വേണ്ടി ഒരു ലോഹവേലിയും കെട്ടിവച്ചിട്ടുണ്ട്. പക്ഷേ  ഒരിക്കൽ ഒരു കക്ഷി കിലോയയുടെ അഗ്നിപർവത മുഖത്തെ വിള്ളലിലേക്കു വീണു. അതായത് അഗ്നിപർവതത്തിന്റെ മുകളിൽ ലാവയും മറ്റും വരുന്ന ഭാഗം. വൈകിട്ട് ഏകദേശം ആറരയോടെയായിരുന്നു വീഴ്ച. 300 അടിയോളം ആഴമുള്ള വിള്ളലായിരുന്നു അത്. ഏകദേശം 70 അടി ആഴത്തിൽ ഭാഗ്യം കൊണ്ട് ഈ മുപ്പത്തിരണ്ടുകാരൻ കുടുങ്ങിക്കിടന്നു. പാറക്കെട്ടിൽ രണ്ടര മണിക്കൂറോളം ചൂടേറ്റ് കിടക്കേണ്ടി വന്നു. ഒടുവിൽ പട്രോളിങ്ങിനിടെ കാവൽക്കാർ കണ്ടെത്തുകയായിരുന്നു. 

 

പട്ടാളക്കാരനായ ഇദ്ദേഹം അഗ്നിപർവതം തിളച്ചു മറിയുന്നത് വ്യക്തമായി കാണാൻ വേലി ചാടിക്കടന്നതാണ്, കാലു തെറ്റി വിള്ളലിലേക്കു വീണു. ഗുരുതരമായി പരുക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. പക്ഷേ പരുക്കിന്റെ കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിനു പിന്നാലെ കനത്ത മുന്നറിയിപ്പുമായി പാർക്ക് അധികൃതർ രംഗത്തു വന്നിട്ടുണ്ട്. 2017 ഒക്ടോബറിൽ സമാന സംഭവത്തിൽ ഒരാൾ കിലോയയിലെ വിള്ളലിൽ വീണു മരിച്ചിട്ടുണ്ട്. ഹവായിയിൽ ഏറ്റവും അവസാനം രൂപപ്പെട്ട അഗ്നിപർവതമാണിത്. തെക്കുകിഴക്കൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവതത്തിന്റെ ‘സ്വഭാവം’ ഏതു നിമിഷവും മാറിയേക്കാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെക്കേഷൻ കാലത്തു യാത്രകൾ പോകുന്ന കൊച്ചുകൂട്ടുകാർക്കും ഈ കഥയൊരു മുന്നറിയിപ്പാണ്– എവിടെപ്പോയാലും അവിടെ എഴുതി വച്ചിരിക്കുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കണം കേട്ടോ.

 

English Summary : Kilauea volcano in Hawaii

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com