ADVERTISEMENT

ഐസക് ന്യൂട്ടൻ.....മനുഷ്യപുരോഗതിക്ക് ഇത്രയും വേഗത നൽകിയ മറ്റൊരു ശാസ്ത്രജ്ഞനുണ്ടാകില്ല. ചലനനിയമങ്ങൾ, കാൽക്കുലസ്, ഓപ്റ്റിക്‌സ് എന്നിങ്ങനെ എത്രയോ മേഖലകളിൽ ന്യൂട്ടൻ ഗംഭീരമായ സംഭാവനകൾ നൽകി. ആധുനികശാസ്ത്രത്തിന്റെ വികസനത്തിന് ഏറ്റവുമധികം ഊർജം നൽകിയ ന്യൂട്ടന്റെ ഗവേഷണജീവിതം പോലെ തന്നെ സവിശേഷതയുള്ളതായിരുന്നു വ്യക്തിജീവിതവും. യാദൃച്ഛിതകൾ ഒട്ടേറെയുള്ള ജീവിതം. കേംബ്രിജ് സർവകലാശാലയിൽ മരച്ചുവട്ടിൽ ചിന്തിച്ചിരിക്കെ അദ്ദേഹത്തിന്‌റെ സമീപം ആപ്പിൾ വീണതും തുടർന്ന് ഭൂഗുരുത്വബലത്തെക്കുറിച്ചുള്ള അറിവിൽ അദ്ദേഹം എത്തിയതുമെല്ലാം നമുക്കറിയാവുന്ന കാര്യമാണല്ലോ.

ന്യൂട്ടൻ ഒരു വലിയ നായപ്രേമിയാണെന്നാണു വിശ്വാസം. അദ്ദേഹത്തിന്റെ അരുമയായ നായക്കുട്ടിയായിരുന്നു ഡയമണ്ട്. പൊമറേനിയൻ ബ്രീഡിലുള്ള മഞ്ഞുപോലെ വെളുത്ത രോമങ്ങളുള്ള ഒരു കൊച്ചുസുന്ദരൻ നായക്കുട്ടി. അൽപം കുസൃതി കൂടുതലുള്ള ഡയമണ്ട് ഒരിക്കൽ ചെയ്ത പണി കാരണം ന്യൂട്ടൻ വട്ടം ചുറ്റിയ ചരിത്രമുണ്ട്.

ഭൂഗുരുത്വ ബലത്തെക്കുറിച്ചുള്ള ഗവേഷണത്തിന്‌റെ അന്ത്യഘട്ടത്തിലായിരുന്നു ന്യൂട്ടൻ. പേജുകൾ നിറച്ച് അദ്ദേഹം സിദ്ധാന്തത്തെക്കുറിച്ച് എഴുതിവച്ചിരുന്നു. വർഷങ്ങൾ നീണ്ട ശ്രമങ്ങളുടെ ഫലമായിരുന്നു ആ പേജുകളിലെ അറിവു മുഴുവൻ. ഡയമണ്ടും അപ്പോൾ ന്യൂട്ടനു സമീപം നിൽപ്പുണ്ടായിരുന്നു.

ഇതിനിടയിലാണു ന്യൂട്ടന്‌റെ വാതിലിൽ ഒരു മുട്ടുകേട്ടത്. ഏതോ അതിഥി അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു. അദ്ദേഹത്തോടു സംസാരിക്കുന്നതിനായി ന്യൂട്ടൻ സ്വീകരണമുറിയിലേക്കു പോയി. പഠനമുറിയിൽ ഡയമണ്ട് ഒറ്റയ്ക്കായി. അവൻ കുസൃതി തുടങ്ങി.

മുറിയുടെ തറയിലെല്ലാം ഓടി നടന്ന അവൻ മടുത്തപ്പോൾ ന്യൂട്ടന്‌റെ പഠനമേശയിലേക്കും കസേരയിലേക്കും കയറാനും ചാടാനുമൊക്കെ തുടങ്ങി. മുറിയിൽ വെളിച്ചത്തിനായി ഒരു മെഴുകു തിരി കത്തിച്ചു വച്ചിരുന്നു. ഒടുവിൽ ദൗർഭാഗ്യം സംഭവിച്ചു. ഡയമണ്ട് ആ മെഴുകുതിരി തട്ടിമറിച്ചിട്ടു. കൃത്യമായി പ്രബന്ധമെഴുതിയ പേപ്പർ താളുകളിലേക്ക് മെഴുകു തിരി മറിഞ്ഞു വീണു. പേപ്പറുകൾ കത്തിയമർന്നു, മുറിയിൽ പുക നിറഞ്ഞു.

അതിഥിയോട് സംസാരിച്ച് അദ്ദേഹത്തെ യാത്രയാക്കിയ ശേഷം പഠനമുറിയിലേക്കു തിരികെ വന്ന ന്യൂട്ടൻ കണ്ടതെന്താണെന്നോ? വർഷങ്ങൾ താൻ അധ്വാനിച്ച് എഴുതിയ, അന്നത്തെ ഭൗതികശാസ്ത്രത്തിന്‌റെ നാഴികക്കല്ലാകേണ്ട പ്രബന്ധം കത്തിച്ചാമ്പലായി കിടക്കുന്നു. ന്യൂട്ടന് സഹിക്കാനായില്ല. പക്ഷേ മിതഭാഷിയും ശാന്തപ്രകൃതനുമായ അദ്ദേഹം ദേഷ്യപ്പെട്ടില്ല. തെറ്റു ചെയ്തതു പോലെ മുറിയിൽ പതുങ്ങിയിരുന്ന ഡയമണ്ടിന്‌റെ സമീപമെത്തി, അവന്‌റെ രോമാവൃതമായ ദേഹത്ത് തലോടി അദ്ദേഹം ചോദിച്ചു... 'ഡയമണ്ട് നീ എന്താ ഈ ചെയ്തതെന്നു നിനക്കു വല്ല ബോധ്യവുമുണ്ടോ? '

കാര്യം തമാശയായി നമുക്കു തോന്നുമെങ്കിലും സംഭവം ന്യൂട്ടനെ നന്നായി ബാധിച്ചു. അദ്ദേഹം മാസങ്ങളോളം വിഷാദരോഗത്തിന് ഇരയായി. പിന്നീട് അതെല്ലാം മാറിയശേഷം ഒരു വർഷത്തോളം അധ്വാനിച്ചാണ് അദ്ദേഹം വീണ്ടും പ്രബന്ധം എഴുതിത്തീർത്തത്. ഒരു നായക്കുട്ടി ഒപ്പിച്ച പണി!

എന്നാൽ ന്യൂട്ടനുമായി ബന്ധപ്പെട്ട ഒട്ടനേകം കെട്ടുകഥകളിൽ ഒന്നുമാത്രമാണിതെന്നും ന്യൂട്ടൻ നായ്ക്കളെയോ പൂച്ചകളെയോ വളർത്തിയിട്ടില്ലെന്നും പറയുന്നവരുണ്ട്. സത്യം ന്യൂട്ടനുമാത്രം അറിയാം. ചരിത്രത്തിലെ പല പ്രമുഖരും ഓമനമൃഗങ്ങളെ വളർത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ പലരും നല്ല പ്രശസ്തരുമാണ്. അമേരിക്കൻ യുദ്ധവീരനും പിൽക്കാല പ്രസിഡന്‌റുമായിരുന്ന ആൻഡ്രൂ ജാക്ക്‌സണിന് ഒരു തത്തയായിരുന്നു ഉള്ളത്. പേര് പോൾ. വളരെ മാന്യനും മിതഭാഷിയുമായിരുന്നു ജാക്ക്‌സണെങ്കിലും പോൾ നേരെ തിരിച്ചായിരുന്നു. ഒരു ഒന്നാന്തരം വായാടി. ആദ്യ അമേരിക്കൻ പ്രസിഡന്‌റായിരുന്ന ജോർജ് വാഷിങ്ടനിന് ഒട്ടേറെ വളർത്തുനായ്ക്കളുണ്ടായിരുന്നു.

ബ്രിട്ടനിലെ വിക്ടോറിയ റാണിക്ക് ലൂട്ടി എന്ന ചൈനീസ് പട്ടിക്കുട്ടിയായിരുന്നു പ്രിയമൃഗം. വിഖ്യാത ബ്രിട്ടിഷ് കവിയായ ബൈറൺ പ്രഭുവിന് മൃഗങ്ങളെന്നാൽ ജീവനായിരുന്നു. ഒരു കരടിയെയും ചെന്നായയെയും വരെ അദ്ദേഹം വളർത്തിയിരുന്നത്രേ. കുപ്രസിദ്ധ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറിന്‌റെ സന്തതസഹചാരിയായിരുന്നു ബ്ലോണ്ടി എന്ന ജർമൻ ഷെപ്പോഡ്. 1945ൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യും മുൻപ് ഹിറ്റ്‌ലർ ബ്ലോണ്ടിയെയും വിഷം കൊടുത്തു കൊന്നു.

 English Summary : Sir Isaac Newton and his dog Diamond

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com