ADVERTISEMENT

അയർലൻഡിന്റെ വടക്കുപടിഞ്ഞാറൻ കൗണ്ടികളിലൊന്നാണ് സ്‌ലൈഗോ. അവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്ന് ഒരു കടൽത്തീരമാണ്. തിരകളോ പാറക്കൂട്ടങ്ങളോ മണൽത്തിട്ടയോ ഒന്നുമല്ല അവിടത്തെ ആകർഷണം. മറിച്ച് വേലിയിറക്ക സമയത്തു കാണാനാകുന്ന ഒരു കാഴ്ചയാണ്. ഏകദേശം 250 വര്‍ഷം മുൻപ് മുങ്ങിപ്പോയ ഒരു കപ്പലിന്റെ അവശിഷ്ടമാണ് തിരയിറങ്ങുമ്പോൾ തീരത്ത് തെളിയുക. വെണ്ണ സൂക്ഷിക്കാൻ മേശമേൽ വയ്ക്കുന്ന പാത്രത്തിന്റെ ആകൃതിയായിരുന്നു മണ്ണിലടിഞ്ഞ ആ കപ്പലിന്. മണ്ണിനു മുകളിലേക്കു കാണാനാവുക അൽപം തടിക്കഷ്ണങ്ങൾ മാത്രം. ആകൃതിയിലെ കൗതുകം കാരണം പ്രദേശവാസികൾ അതിനിട്ട പേരാണ് ‘ബട്ടർ ബോട്ട്’. 

കപ്പലിനെപ്പറ്റി ഒട്ടേറെ കഥകളുണ്ടായിരുന്നു. അയർലൻഡിന്റെ നാടോടിക്കഥകളുടെ പോലും ഭാഗമായി ബട്ടർ ബോട്ട്. എന്നാൽ അ‍ടുത്തിടെ ‘ബട്ടർ ബോട്ട്’ കപ്പലിന്റെ യഥാർഥ കഥ ലോകമറിഞ്ഞു. അയർലൻഡിന്റെ നാഷനൽ മൊന്യുമെന്റ്സ് സർവീസിലെ പുരാവസ്തു ഗവേഷകർ നടത്തിയ പ്രയത്നത്തിനൊടുവിലാണ് ആ രഹസ്യം കണ്ടെത്താനായത്. ഇത്രയും കാലം കരുതിയിരുന്നത് സ്പാനിഷ് അർമാഡ കപ്പൽ വ്യൂഹത്തിന്റെ ഭാഗമായിരുന്നു ബട്ടർ ബോട്ട് എന്നായിരുന്നു പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് കീഴടക്കാൻ പുറപ്പെട്ട സ്പാനിഷ് കപ്പലുകളുടെ കൂട്ടമായിരുന്നു അർമാഡ. നടുക്കടലിൽ ആ വ്യൂഹം തകരുകയായിരുന്നു. എന്നാൽ ബട്ടർ ബോട്ടിൽനിന്നെടുത്ത തടിയുടെ സാംപിളിന്റെ പഴക്കം പരിശോധിച്ച ഗവേഷകർ ആ സാധ്യത ആദ്യമേതന്നെ തള്ളി. 

കാർബൺ ഡേറ്റിങ്ങ് പരിശോധന അനുസരിച്ച് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടു ചേർന്നാണ് കപ്പൽ മുങ്ങിയിട്ടുള്ളത്. 1712നു ശേഷമുള്ള ഒരു സമയം! അങ്ങനെ ഗവേഷകർ അയർലൻഡിലെ ഏറ്റവും പഴക്കമുള്ള പത്രമായ ഫ്രീമാൻസ് ജേണലിന്റെ പഴയ ലക്കങ്ങൾ പരിശോധിച്ചു. 1763ൽ ആരംഭിച്ച പത്രമാണത്. കപ്പലപകടങ്ങളെപ്പറ്റിയുള്ള വാർത്തകൾ പരിശോധിച്ച ഗവേഷകർക്കു മുന്നിൽ ഒടുവിൽ ആ വാർത്ത തെളിഞ്ഞു. 1770 ഡിസംബർ 12ന് സ്‌ലൈഗോ കൗണ്ടിയുടെ തീരത്ത് കൊടുങ്കാറ്റിൽ തകർന്ന കപ്പലിനെപ്പറ്റിയായിരുന്നു അത്. ഗ്രേഹൗണ്ട് എന്ന കച്ചവടക്കപ്പലായിരുന്നു യഥാർഥത്തിൽ അതുവരെ ബട്ടർ ബോട്ട് എന്നറിയപ്പെട്ടിരുന്നത്. മിസിസ് അലേലി എന്ന വനിതയായിരുന്നു കപ്പലുടമ. 

അയർലൻഡിനും ഇംഗ്ലണ്ടിനും ഇടയിൽ തുടർച്ചയായി ചരക്കുകൈമാറ്റം നടത്തിയിരുന്ന കപ്പലായിരുന്നു. 1770 ഡിസംബറിലും അത്തരമൊരു യാത്രയിലായിരുന്നു ഗ്രേഹൗണ്ട്. യോർക്ക്ഷറിലെ വിറ്റ്ബി തുറമുഖത്തുനിന്ന് ആരംഭിച്ച യാത്ര അയർലൻഡിന്റെ തീരത്തേക്കെത്തിയതിനു പിന്നാലെ അതിശക്തമായ കൊടുങ്കാറ്റ് ആരംഭിച്ചു. അറ്റ്‍ലാന്റിക്കിലെ ബ്രോഡ്ഹവെൻ കടലിടുക്കിൽ നങ്കൂരമിട്ടതിനു ശേഷം കപ്പലിലുണ്ടായിരുന്നവർ ബോട്ടുകളിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എല്ലാവരും പുറത്തിറങ്ങിയെന്നു കരുതിയപ്പോഴായിരുന്നു ഒരു കാബിൻ ബോയ് കപ്പലിൽപ്പെട്ടെന്നു മനസ്സിലായത്. എറിസ് ഹെഡ് എന്ന മുനമ്പിനു സമീപത്തെ പാറക്കെട്ടുകളോടു ചേർന്നായിരുന്നു ആ സമയം കപ്പൽ. യുവാവിനെ രക്ഷിക്കാനായി അടുത്ത ശ്രമം. പാറക്കെട്ടിലിടിച്ച് കപ്പൽ തകരാനുള്ള സാധ്യതയും ഏറെയായിരുന്നു. അതിനിടെ കൊടുങ്കാറ്റിൽപ്പെട്ട് കപ്പൽ ദൂരേക്ക് പോകാൻ തുടങ്ങി. 

ഗ്രേഹൗണ്ടിലെ ചിലരും പ്രദേശവാസികളായ ചിലരും സമീപത്തുകൂടി കടന്നു പോയ മേരി എന്ന കപ്പലിലെ ചിലരും സഹായിക്കാനായെത്തി. ഇരുപതോളം പേര്‍ കപ്പലിലേക്ക് എങ്ങനെയൊക്കെയോ കടന്നു. എന്നാൽ കാബിൻ ബോയിയെ രക്ഷിക്കാനാകുന്നതിനു മുൻപ് കൊടുങ്കാറ്റ് ആ കപ്പലിനെ പിന്നെയും ദൂരേക്കു വലിച്ചു.  കപ്പലിലേക്കു കയറിയ 21ൽ 20 പേരും മരിച്ചു. ‘വില്യംസ്’ എന്ന പേരുള്ള ഒരാളായിരുന്നു ആകെ രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബർ 12ന് ഈ സംഭവത്തിന്റെ 250–ാം വാർഷികമായിരുന്നു. കപ്പലപകടത്തിൽ മരിച്ചവരെ അനുസ്മരിക്കാനായി പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചിരുന്നു. അതിൽ സാംസ്കാരിക മന്ത്രിയും പങ്കെടുത്തു. വർഷങ്ങളോളം ആരുമറിയാതെ കിടന്ന ഒരു യാഥാർഥ്യം ലോകത്തിനു മുന്നിലേക്കു കൊണ്ടുവന്നതിന് പുരാവസ്തു ഗവേഷകരെ അദ്ദേഹം അനുമോദിച്ചു. ഒപ്പം, ആ രാത്രിയിൽ കൊടുങ്കാറ്റ് കൊണ്ടുപോയ യുവാവിനെ രക്ഷിക്കാനായി ഒട്ടേറെ പേർ ഒരുമിച്ചു ചേർന്നുനടത്തിയ ആ രക്ഷാദൗത്യത്തെയും. ‘അസാധാരണമായ ധൈര്യം, സഹജീവിയോടുള്ള കരുതൽ, ഹീറോയിസം ഇതിന്റെയെല്ലാം ഉദാഹരണമായിരുന്നു അന്നു രാത്രി നടന്നത്..’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

 English Summary : Mystery of Sligo shipwreck solved 250 years after it sank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com