റഷ്യൻ മലനിരകളിൽ ‘ഒളിച്ച’ നാനോസ്പൈറൽ; പറക്കുംതളിക തകർന്നു വീണതാണോ അത്?

HIGHLIGHTS
  • ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ വർഷം മുൻപ് 'നിർമിക്കപ്പെട്ടവയാണ്'
  • പക്ഷേ യൂറലിൽ അത്തരമൊരു അപകടം നടന്നിട്ടില്ല
mysterious-nano-spiral-from-the-urals
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

കുപ്രസിദ്ധമാണ് റഷ്യയിലെ യൂറൽ മലനിരകൾ. പാരാനോര്‍മൽ ‘വിശ്വാസികൾക്കും’ യുഎഫ്ഒ പ്രേമികൾക്കും ഏറെ ഇഷ്ടമുള്ള പ്രദേശം. അതിനു കാരണവുമുണ്ട്. ആയിരക്കണക്കിനു മൈൽ ദൂരത്ത് പരന്നു കിടക്കുന്ന ഈ മലനിരകളിൽ പലപ്പോഴും രാത്രികാലങ്ങളിൽ വിചിത്രങ്ങളായ നിറങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടത്രേ! ചുരുട്ടിന്റെ ആകൃതിയിലുള്ള പച്ചവെളിച്ചം ഇവിടെ കണ്ടതായി ഒട്ടേറെ പേർ പറഞ്ഞിട്ടുമുണ്ട്. പറക്കുംതളികകളുടെ വരവാണിതെന്നാണു പ്രചാരണം. യൂറൽ മലനിരകൾ ഇത്തരത്തിൽ കുപ്രസിദ്ധമാകുന്നതിനു വഴി തെളിച്ച മറ്റൊരു സംഭവം കൂടിയുണ്ടായിട്ടുണ്ട്. 1991ലായിരുന്നു അത്. ഒട്ടേറെയിനം ലോഹങ്ങൾക്കു പ്രശസ്തമാണ് ഈ മലനിരകൾ. കൂട്ടത്തിൽ സ്വർണ നിക്ഷേപമുണ്ടെന്നും കഥകളുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് ഒരു കൂട്ടം ജിയോളജിസ്റ്റികൾ പർവതത്തിലേക്കെത്തിയത്. 

അവർ പലയിടത്തും ഉദ്ഖനനം നടത്തി. കൊസിം, നരാഡ, ബാൽബാന്യു എന്നീ നദികൾ സംഗമിക്കുന്ന പർവത പ്രദേശത്തായിരുന്നു പ്രധാന അന്വേഷണം. സ്വർണം ലഭിക്കാൻ ഏറെ സാധ്യതയുള്ള പ്രദേശവും അവിടെയാണെന്നായിരുന്നു നിഗമനം. മണ്ണ് അരിച്ചുമാറ്റിയും പൊടിച്ചുമെല്ലാം ഗവേഷണം തുടർന്നു. അതിനിടെ ഏകദേശം 30 അടി താഴ്ചയിൽനിന്നാണ് ആ വസ്തുക്കൾ അവരുടെ കയ്യിലെത്തിയത്. ഒറ്റക്കാഴ്ചയിൽ അതൊരു സ്പ്രിങ്ങോ ബൾബിന്റെ ഫിലമന്റോ പോലെ തോന്നുമായിരുന്നു. ഉദ്ഖനനം നടത്തിയ പ്രദേശത്തുനിന്നെല്ലാം ഇത്തരം ചെറുവസ്തുക്കള്‍ കണ്ടെത്തി. ചിലതിന് ഒരു ജീരകമിഠായിയേക്കാളും വലുപ്പം കുറവായിരുന്നു. അതിസൂക്ഷ്മമായ ഈ വസ്തുക്കളെല്ലാം ജിയോളജിസ്റ്റുകൾ ശേഖരിച്ചു പരിശോധിച്ചു. തുടർന്നാണു സംഭവങ്ങളിലെ ട്വിസ്റ്റ്. 

ഗവേഷകർ തേടിയ സ്വർണത്തേക്കാൾ വിലയുള്ളതായിരുന്നു ആ കണ്ടെത്തൽ. ഏകദേശം ഒരു ലക്ഷം വർഷം പഴക്കമുള്ള പാറകളിൽ ഒട്ടിച്ചേർന്ന നിലയിലായിരുന്നു ഈ കുഞ്ഞൻ വസ്തുക്കൾ. പക്ഷേ ലോകത്ത് സ്റ്റീൽ സ്പ്രിങ്ങുകൾ കണ്ടെത്തിയത് 1857ലാണ്. അതു കഴിഞ്ഞ് 22 വർഷത്തിനിപ്പുറം 1879ലാണ് തോമസ് ആൽവാ എഡിസൻ ബൾബ് ഫിലമെന്റ് കണ്ടെത്തുന്നത്. പിന്നെങ്ങനെ അധികമാരും എത്തിച്ചേരാത്ത യൂറൽ മലനിരകളുടെ മുകളിൽനിന്ന് വർഷങ്ങൾ പഴക്കമുള്ള ഫിലമെന്റുകളും സ്പ്രിങ്ങുകളും ലഭിക്കും? വിമാനമോ മറ്റോ തകർന്നു വീണാൽ ഒരു വലിയ പ്രദേശത്ത് ഇത്തരത്തിൽ യന്ത്രവസ്തുക്കൾ ചിതറിത്തെറിക്കാം. പക്ഷേ യൂറലിൽ അത്തരമൊരു അപകടം നടന്നിട്ടില്ല. പിന്നെ എന്താണ് തകർന്നു വീണത്? പറക്കും തളികയോ? ആ സംശയം ബലപ്പെടുത്തിയാണ് നാനോസ്പൈറൽസ് എന്ന വസ്തുക്കളുടെ കണ്ടെത്തലുണ്ടായത്. 

അതിസൂക്ഷ്മമായ ചില വസ്തുക്കൾ യൂറലിൽനിന്നു ലഭിച്ചത് ഗവേഷകർ മൈക്രോസ്കോപിക് വിശകലനത്തിനു വിധേയമാക്കിയിരുന്നു. അപ്പോഴാണ് അവ സ്പ്രിങ് പോലെ ചുരുണ്ടിരിക്കുന്നതു കണ്ടത്. സ്ക്രൂവിൽ വരഞ്ഞിരിക്കുന്നതു പോലുള്ള പിരിയൻ അടയാളങ്ങളായിരുന്നു അവയിൽ. പഴക്കം പരിശോധിച്ചപ്പോഴാകട്ടെ ഏകദേശം ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ വർഷം മുൻപ് ‘നിർമിക്കപ്പെട്ടവയാണ്’ അവയെന്നും കണ്ടെത്തി. മണ്ണിലെ രണ്ടു വ്യത്യസ്ത പാളികളിൽനിന്നാണ് അവ ലഭിച്ചത്. മുകളിലത്തെ പാളിയിൽനിന്നു ലഭിച്ച വസ്തുവിന് 20,000 വർഷമായിരുന്നു പഴക്കം. ഏറ്റവും താഴെനിന്നു ലഭിച്ചതിനു മൂന്നു ലക്ഷം വർഷവും! എത്ര വലിയ ചൂടിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള ടങ്സ്റ്റൻ, മോളിബ്ഡെനം എന്നിവകൊണ്ടു നിർമിച്ചതായിരുന്നു ചെറിയ നാനോ സ്പൈറലുകൾ. മിസൈൽ, ബഹിരാകാശ പേടകങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഈ ലോഹങ്ങള്‍. കൂട്ടത്തിൽ വലിയ നാനോസ്പൈറലുകൾ നിർമിച്ചത് ചെമ്പ് കൊണ്ടായിരുന്നു. കുഞ്ഞന്മാരായതിനാലായിരുന്നു അവയ്ക്കൊപ്പം ഗവേഷകർ ‘നാനോ’ എന്ന േപരു ചേർത്തത്.

റഷ്യൻ അക്കാദമി ഓഫ് സയൻസസിലെ ഉൾപ്പെടെ ഗവേഷകരുടെ അഭിപ്രായ പ്രകാരം അത് പ്രകൃതിദത്തമായി രൂപപ്പെട്ടതല്ലെന്ന് ഉറപ്പായിരുന്നു. ഇന്നത്തെ കാലത്തു പോലും അത്തരം ‘സ്പൈറലുകൾ’ ഇത്രയും സൂക്ഷ്മമായി അടയാളപ്പെടുത്തണമെങ്കിൽ അത്യാധുനിക യന്ത്രങ്ങളുടെ സഹായം വേണം. മനുഷ്യർക്ക് കൈ ഉപയോഗിച്ച് ചെയ്യാനാവില്ലെന്നു ചുരുക്കം. അത്യാധുനിക സാങ്കേതികതയുടെ അടയാളപ്പെടുത്തൽ എന്നാണ് ഗവേഷകർ പോലും നാനോസ്പൈറലുകളെ  വിശേഷിപ്പിച്ചത്. റഷ്യയിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ ഗവേഷകർ നാനോ സ്പൈറലിനെപ്പറ്റി പഠിച്ചു. 1999ൽ ഡോ.ജൊഹാന്നസ് ഫീബാഗാണ് അവസാനമായി ഇതിനെപ്പറ്റി പഠിച്ചത്. പിന്നീട് കാര്യമായ പഠനങ്ങളുണ്ടായില്ല. പലരും പറയുന്നത്, ഈ വസ്തുക്കൾ ഏതെങ്കിലും റോക്കറ്റിൽനിന്നോ ബഹിരാകാശ വാഹനത്തിൽനിന്നോ വീണതാകാമെന്നാണ്. പക്ഷേ 30 അടി ആഴത്തിൽ ഇവ എത്തിപ്പെടില്ലെന്ന വാദംകൊണ്ട് ഗവേഷകർ ഇതിനെ ഖണ്ഡിച്ചു. ഇന്നും ശാസ്ത്ര ലോകത്തിനു മുന്നിലെ ചുരുളഴിയാത്ത രഹസ്യമാണ് യൂറലിൽനിന്നു കണ്ടെത്തിയ നാനോസ്പൈറലുകൾ.

English Summary : Mysterious nano spiral from the urals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA