2021 പിറന്നു വീഴുന്നത് വിപ്ലവകരമായ ശാസ്ത്ര മുന്നേറ്റങ്ങളുമായിട്ടാണ്. കോവിഡിനെതിരെയുള്ള വാക്സീൻ തന്നെ ഇതിൽ പ്രധാനം എങ്കിലും ഒട്ടേറെ ബഹിരാകാശ ദൗത്യങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ് ഡാർട്ട് അഥവാ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്. ’ ജൂലൈ അവസാനത്തോടെ നാസ നടപ്പിലാക്കുമെന്നു കരുതുന്ന ഈ ദൗത്യം ബഹിരാകാശത്തേക്കുള്ള മനുഷ്യന്റെ ആദ്യ ഇടപെടലാണെന്നു പറയാം.
ആർമഗെഡൻ എന്ന സിനിമ കണ്ടിട്ടുണ്ടോ, ഭൂമിയിലേക്ക് ഒരു വമ്പൻ ഛിന്നഗ്രഹം വരുന്നതും അതിനെ ഭൂമിയുടെ അന്തരീക്ഷത്തിൽ വച്ചു തന്നെ നശിപ്പിക്കാൻ നാസ പദ്ധതിയിടുന്നതുമാണു സിനിമയുടെ ഇതിവൃത്തം. ബ്രൂസ് വില്ലിസ് അഭിനയിച്ച ഈ ബ്ലോക്ക്ബസ്റ്റർ സിനിമയുടെ കഥ ഒറ്റയടിക്ക് അവിശ്വസനീയമെന്നു തോന്നുമെങ്കിലും ഭൂമിയെ ചൂഴ്ന്നു നിൽക്കുന്ന ഭീഷണികളിൽ ഒന്നു തന്നെയാണ് ഛിന്നഗ്രഹങ്ങൾ.
മനുഷ്യരാശിക്കു ഭൂമിയിൽ ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നതും ചില സമയങ്ങളിലൊക്കെ നമ്മെ വേട്ടയാടുന്നതുമായ രണ്ടു കാര്യങ്ങളാണ് പ്രകൃതി ദുരന്തങ്ങളും മഹാമാരികളും. മഹാമാരികളെ നമ്മൾ വാക്സീൻ കൊണ്ടും മുൻകരുതൽ കൊണ്ടും ചെറുക്കാറുണ്ടെങ്കിലും പ്രകൃതി ദുരന്തങ്ങൾ എന്നും നമുക്ക് പിടിയിലൊതുങ്ങാത്തതാണ്. സൂനാമിയായാലും അഗ്നിപർവത വിസ്ഫോടനമായാലും ഭൂകമ്പമായാലും പ്രകൃതി ക്ഷോഭിക്കുമ്പോൾ നമുക്ക് പ്രകൃതിയുടെ ദയ കാത്തു നിൽക്കുകയേ നിലവിൽ പറ്റുള്ളൂ,എന്നാൽ ഒരിക്കൽ ശാസ്ത്ര സാങ്കേതിക മുന്നേറ്റം കൊണ്ട് പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിച്ച് തകർത്തെറിയാൻ സാധിക്കുമെന്നും മനുഷ്യർ സ്വപ്നം കാണുന്നു. ഇത്തരമൊരു ശ്രമമാണ് ഡാർട്ട്.
നമ്മൾ പല തരം പ്രകൃതിക്ഷോഭങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചുണ്ടാകുന്ന അപകടങ്ങൾ കണ്ടിട്ടുണ്ടാകില്ല. ആറരക്കോടി വർഷം മുൻപ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടർപ്രതിഭാസങ്ങളിലുമാണ് ദിനോസറുകൾ ഈ ഭൂമിയിൽ നിന്നു പൂർണമായി അപ്രത്യക്ഷമായതെന്നും നമുക്ക് അറിയാം. ഭൂമിയിൽ പല തവണ പതിച്ചിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ ആഘാതം പലയിടത്തുമുള്ള വൻകുഴികളുടെ ആഴത്തിൽ നിന്നു തന്നെ മനസ്സിലാക്കാം.
നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ ഛിന്നഗ്രഹ പതനങ്ങൾ കുറവാണെന്നു കരുതി ഇതൊരിക്കലും സംഭവിക്കുകയില്ലെന്ന് പറയാൻ സാധിക്കില്ല. ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. ഭാവിയിൽ ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ ‘പ്ലാനറ്ററി ഡിഫൻസ്’ എന്ന മേഖല തന്നെ ഇപ്പോൾ പ്രചാരത്തിലായി വരുന്നുണ്ട്. ഈ മേഖലയുടെ ശ്രദ്ധേയമായ ആദ്യ കാൽവയ്പാണു ഡാർട്ട്.
∙എന്താണ് ഡാർട്ട്?
ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ ഭ്രമണപഥത്തിൽ നിന്നു തെറിപ്പിച്ച് വഴി തിരിക്കാൻ ലക്ഷ്യമിട്ട് വിടുന്ന ബഹിരാകാശ പേടകമാണു ഡാർട്ട്. ഒരു ഫ്രിജിന്റെ വലുപ്പമുള്ള ഇതിനെ മുന്നോട്ട് നയിക്കുന്നത് സീനോൺ ഊർജമാണ്.
ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡിഡിമൂൺ എന്ന മറ്റൊരു ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടാണ് ഡാർട്ട് യാത്ര തിരിക്കുന്നത്. സെക്കൻഡിൽ 6. 6 കിലോമീറ്റർ എന്ന വേഗത്തിൽ ഡാർട്ട് ഈ ഡിഡിമൂൺ എന്ന ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുക്കും. ആദ്യമായി ഡിഡിമൂണിന്റെ കുറച്ചു ചിത്രങ്ങളെല്ലാമെടുത്ത് ഭൂമിയിലേക്ക് അയയ്ക്കും. പിന്നീട് പാഞ്ഞ് ചെന്ന് ഒരൊറ്റ ഇടിയായിരിക്കും. പിന്നീട് എന്തു സംഭവിക്കുമെന്ന കാര്യത്തിൽ ഉറപ്പൊന്നും നാസ പറഞ്ഞിട്ടില്ല. ചിലപ്പോൾ ഡാർട്ട് നശിച്ചുപോകും, ഛിന്നഗ്രഹത്തിന് ഒന്നും പറ്റില്ല. ചിലപ്പോൾ ഛിന്നഗ്രഹം ഇടിയുടെ ആഘാതത്തിൽ ഭൂമിക്ക് കൂടുതൽ അകലേക്ക് പോകും. അങ്ങനെ സംഭവിച്ചാൽ അതൊരു പ്രതീക്ഷയാണ്. ഭാവിയിൽ ഏതെങ്കിലും ഭീകരൻ ഛിന്നഗ്രഹം നമ്മെ തേടിയെത്തിയാൽ, ഒന്നു തിരിച്ചു പൊരുതാനായി കൈയിലൊരു ആയുധമുണ്ടെന്ന പ്രതീക്ഷ.
English Summary : Double Asteroid Redirection Test