ADVERTISEMENT

സ്വർണ നാവുകളോടു കൂടിയ ഒരു ഈജിപ്ഷ്യൻ മമ്മിയെ തപോസിരിസ് മാഗ്ന എന്ന സ്ഥലത്തു നിന്നും ഗവേഷകർ കണ്ടെത്തി. 2000 വർഷം പഴക്കമുള്ളതാണ് മമ്മി. കണ്ടെത്തൽ ലോകമെമ്പാടും വലിയ താൽപര്യം ഉണർത്തിയിട്ടുണ്ട്. എന്തായിരിക്കാം ഈ സ്വർണ നാവ് അർഥമാക്കുന്നതെന്ന ചർച്ചയിലാണു ലോകം. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള കാതലീൻ മാർട്ടിനസ് എന്ന ഗവേഷകയും സംഘവും തപോസിരിസ് മാഗ്നയിലെ 16 കുഴിമാടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് മമ്മിയെ കണ്ടെത്തിയത്. ഓസിരിസ്, ഐസിസ് എന്നീ ദേവതകളുടെ ക്ഷേത്രത്തിനടുത്തു നിന്നാണു പുതിയ മമ്മി ലഭിച്ചിരിക്കുന്നത്.

എന്തിനായിരിക്കാം സ്വർണനാവ്?

ഒരു വ്യക്തി മരിച്ചശേഷം അയാളുടെ ശരീരം പ്രത്യേക വിധിപ്രകാരം തയാർ ചെയ്താണ് ഈജിപ്തിൽ മമ്മിയാക്കിയിരുന്നത്. മരിച്ചയാളുടെ ശരീരത്തിൽ നിന്നും അവയവങ്ങൾ മാറ്റും. പിന്നീട് സസ്യങ്ങളിൽ നിന്നും മൃഗക്കൊഴുപ്പിൽ നിന്നും വേർതിരിച്ചെടുക്കുന്ന രാസവസ്തുക്കളാൽ ശരീരം ആലേപനം ചെയ്യും. ഇത്തരത്തിൽ പ്രക്രിയയ്ക്കു വിധേയമാകുന്ന ശരീരം കാലങ്ങളോളം കേടാകാതെ ഇരിക്കുമായിരുന്നു. ഒരാൾ മരിച്ച ശേഷം അയാൾക്ക് മരണാനന്തര ജീവിതമുണ്ടെന്ന് പ്രാചീന ഈജിപ്ഷ്യൻ ജനത വിശ്വസിച്ചിരുന്നു. മരണാനന്തര ലോകത്തിൽ ആത്മാവിന് യാതൊരു ബുദ്ധിമുട്ടും വരാതെയിരിക്കാനായി അളവറ്റ ധനവും ഭക്ഷണപദാർഥങ്ങളും രത്നങ്ങളും വളർത്തുമൃഗങ്ങളുമൊക്കെ മമ്മിയോടൊപ്പം അടക്കം ചെയ്തിരുന്നു. രാജാക്കൻമാരും സമൂഹത്തിൽ ഉന്നത സ്ഥാനം വഹിച്ചവരുമൊക്കെ മരിക്കുമ്പോൾ സേവകരെയും പടയാളികളെയും വരെ ഇത്തരത്തിൽ അടക്കിയിരുന്നു.

 

ഇത്തരത്തിലുള്ള ഒരു വിശ്വാസത്തിന്റെ പുറത്താകാം മരിച്ചയാൾക്ക് മമ്മിയാക്കപ്പെട്ടപ്പോൾ സ്വർണനാവ് നൽകിയതെന്നു ഗവേഷകർ പറയുന്നു. ചിലപ്പോൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ സംസാരശേഷി ഇല്ലാതിരുന്ന ആളാകാം മരിച്ചത്. മരണാനന്തര ജീവിതത്തിലേക്ക് പോകുന്ന ആത്മാവ് മരണാനന്തര ലോകത്തിന്റെ ദേവനായ ഓസിരിസിനെ കാണുമെന്നും ഓസിരിസ് പരേതാത്മാവിനോട് സംസാരിക്കുമെന്നുമായിരുന്നു അക്കാലത്തെ വിശ്വാസം. എന്നാൽ ജീവിച്ചിരുന്ന കാലത്ത് സംസാരശേഷിയില്ലാത്തതിനാൽ ഓസിരിസുമായുള്ള കൂടിക്കാഴ്ചയിൽ പരേതാത്മാവിനു സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഈ പ്രശ്നം മറികടക്കാനായിരിക്കുമത്രേ സ്വർണനാവ് നൽകിയത്.

തപോസിരിസ് മാഗ്നയിൽ സ്വർണനാക്കുള്ള മമ്മിക്കൊപ്പം മറ്റു ചില മമ്മികൾ കൂടി കണ്ടെത്തിയിട്ടുണ്ട്. 304 ബിസി മുതൽ 30 ബിസി വരെയുള്ള കാലഘട്ടത്തിൽ ഈജിപ്തിൽ നിലവിലിരുന്ന ടോളമി രാജവംശത്തിന്റെ കാലത്തു ജീവിച്ചിരുന്നവരാകാം ഇവരെന്നാണു ഗവേഷകരുടെ അനുമാനം.അലക്സാണ്ടർ ചക്രവർത്തി സൈന്യാധിപന്റെ പിൻതലമുറക്കാരാണു ടോളമി എന്നാണു വിശ്വാസം. വിഖ്യാത ഈജിപ്ഷ്യൻ റാണിയായ ക്ലിയോപാട്രയൊക്കെ ഈ വംശത്തിൽ പെട്ടവരാണ്. തപോസിരിസിൽ മമ്മി കണ്ടെടുത്ത സ്ഥലത്തു നിന്ന് ക്ലിയോപാട്രയുടെ മുഖം ആലേഖനം ചെയ്ത നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽതന്നെ മരിച്ചവർ റാണിയുടെ പ്രജകളായിരുന്നെന്നും സംശയമുണ്ട്.

ഓസിരിസ് ഉറങ്ങുന്നിടം

ഈജിപ്തിൽ മെഡിറ്ററേനിയൻ തീരത്തിനടുത്ത് മാരിയുറ്റ് തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് തപോസിരിസ് മാഗ്ന. ടോളമി രണ്ടാമൻ ഫിലോഡാൽഫസ് എന്ന ഫറവോയാണ് ഈ നഗരം സ്ഥാപിച്ചത്. ഈജിപ്ഷ്യൻ ദേവനായ ഓസിരിസിന്റെ വലിയൊരു ക്ഷേത്രവും ഇവിടെ നിലനിന്നിരുന്നു.

ഈജിപ്ഷ്യൻ ഐതിഹ്യത്തിൽ വലിയ സ്ഥാനമുള്ള ദേവനാണ് ഓസിരിസ്. പുരാതന ഈജിപ്തിന്റെ സൂര്യദേവനും സർവശക്തനുമായ റാ എന്ന ദേവന്റെ മകൻ. ഐസിസ് എന്ന ദേവതയായിരുന്നു ഓസിരിസിന്റെ ഭാര്യ. ഹോറസ് മകനും.

സഹോദരനും കാറ്റിന്റെ ദേവനുമായ സേറ്റുമായി ഒരിക്കൽ ഓസിരിസ് യുദ്ധം ചെയ്തു. എന്നാൽ സേറ്റ് ഓസിരിസിനെ കൊലപ്പെടുത്തി. അന്ന് ഓസിരിസിന്റെ മൃതശരീരം അടക്കം ചെയ്തത് തപോസിരിസ് മാഗ്നയിലാണെന്നാണ് വിശ്വാസം. മരണപ്പെട്ടതോടെ ഓസിരിസ് മരണാനന്തര ലോകത്തിന്റെ അധിപനായി. 

ഭർത്താവിന്റെ സുഖകരമായ മരണാനന്തര ജീവിതത്തിനായി ഐസിസ് വിവിധ മന്ത്രങ്ങൾ ഉച്ചാരണം ചെയ്ത് ചടങ്ങുകൾ നടത്തിയത്രേ.ഈ മന്ത്രങ്ങളെല്ലാം ക്രോഡീകരിക്കപ്പെട്ട പുസ്തകമാണ് പ്രാചീന ഈജിപ്ഷ്യൻ കൃതിയായ ‘ബുക്ക് ഓഫ് ഡെഡ്’ അഥവാ മൃതപുസ്തകം. അലക്സാണ്ടർ ഈജിപ്തിൽ സ്ഥാപിച്ച അലക്സാൻഡ്രിയ നഗരത്തിനു സമീപമാണ് തപോസിരിസ് മാഗ്ന സ്ഥിതി ചെയ്യുന്നത്.ലോകത്തിലെ ആദ്യകാല വൈൻ ഉത്പാദന കേന്ദ്രവും ആദ്യത്തെ മനുഷ്യനിർമിത പാലങ്ങളിലൊന്നും ഇവിടെയുണ്ട്. ക്ലിയോപാട്രയുടെ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കുഴിമാടം തപോസിരിസിലാണുള്ളതെന്ന് ഒരു കൂട്ടം ഗവേഷകർ വിശ്വസിക്കുന്നു. ഇതു കണ്ടെത്താനുള്ള ശ്രമങ്ങളും ഇവിടെ തകൃതിയാണ്.

English Summary : 2,000 year old mummy with a golden tongue found in Egypt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com