നദിയുടെ തീരത്തെ ജാറിൽ അമൂല്യ വെള്ളിനാണയങ്ങൾ; ഒന്നും രണ്ടുമല്ല, അറുനൂറിലേറെ!

HIGHLIGHTS
  • മിക്ക നാണയങ്ങളിലും അഗസ്റ്റസിന്റെ മുഖച്ഛായയുള്ള ചിത്രങ്ങളായിരുന്നു
  • മുകളിൽ മൂന്ന് കളിമൺ പാത്രങ്ങൾകൊണ്ടു മറച്ചിരുന്നു
rare-collection-of-roman-coins-found-in-turkeys-ancient-aizanoi
SHARE

തുർക്കിയിലെ ഒരു നദീതീരത്തുനിന്നു കണ്ടെത്തിയ നിധിശേഖരത്തിൽ തെളിഞ്ഞത് റോമൻ രാജവംശത്തിന്റെ സുവർണകാലം. സംഗതി സുവർണമാണെങ്കിലും തെളിഞ്ഞത് വെള്ളി നാണയങ്ങളിലായിരുന്നെന്നു മാത്രം. 2019 സെപ്റ്റംബറിലാണ് തുർക്കിയിലെ പമുക്കുലെ സര്‍വകലാശാല ഗവേഷകർ പുരാവസ്തുഖനനത്തിനിടെ ഒരു ജാർ കണ്ടെത്തിയത്. അതിന്റെ മുകളിൽ മൂന്ന് കളിമൺ പാത്രങ്ങൾകൊണ്ടു മറച്ചിരുന്നു. പുരാതന തുർക്കി പട്ടണമായ ഐസാനോയിലായിരുന്നു പര്യവേക്ഷണം. അങ്ങനെ കുഴിച്ചു മുന്നേറുന്നതിനിടെയായിരുന്നു ജാർ കണ്ടെത്തുന്നത്. തുറന്നു നോക്കിയപ്പോഴാകട്ടെ അതിനകത്ത് നിറയെ വെള്ളി നാണയങ്ങളും. ഒന്നും രണ്ടുമല്ല, അറുനൂറിലേറെ നാണയങ്ങൾ. 

എല്ലാം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ ആകെ 651 എണ്ണം. ഇവയുടെ പഴക്കവും മറ്റും തിട്ടപ്പെടുത്തിത്തുടങ്ങുന്നതിനിടെയായിരുന്നു കോവിഡിന്റെ വരവ്. അതോടെ അൽപമൊന്നു വൈകിയെങ്കിലും അടുത്തിടെ നാണയങ്ങളെപ്പറ്റിയുള്ള മുഴുവൻ വിവരവും ഗവേഷകർ പുറത്തുവിട്ടു. ലഭിച്ചതിൽ 439 നാണയങ്ങളും ഡിനേറിയസ് എന്നറിയപ്പെടുന്നവയാണ്. ബിസി മൂന്നാം നൂറ്റാണ്ടു മുതലാണ് ഇവ പ്രചാരത്തിലായത്. റോമിൽ പ്രചാരത്തിലിരുന്ന ഇവ പൂർണമായും വെള്ളിയിലാണു നിർമിച്ചിരുന്നത്. ശേഷിച്ച 212 നാണയങ്ങളും വെള്ളിയിലാണു തീർത്തത്. അവയുടെ പേരായിരുന്നു സിസ്റ്റഫോറി. പുരാതന ഗ്രീക്ക് നഗരമായ പെർഗമമിൽ പ്രചാരത്തിലുണ്ടായിരുന്നതായിരുന്നു ആ നാണയം. പെർഗമമിന്റെ സ്ഥാനത്താണ് ഇന്നത്തെ വടക്കു പടിഞ്ഞാറൻ തുർക്കി പ്രദേശം. 

ബിസി 27 മുതൽ എഡി 14 വരെ അധികാരത്തിലുണ്ടായിരുന്ന അഗസ്റ്റസ് രാജാവിന്റെ കാലത്താണ് ഇവ കുഴിച്ചിട്ടതെന്നാണു കരുതപ്പെടുന്നത്. ഇവ നിർമിച്ചതാകട്ടെ ഇറ്റലിയിലും. അതിനാൽത്തന്നെ മൂല്യത്തിന്റെ കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല, കോടികൾ വരും. അടുത്ത കാലത്തു കണ്ടെത്തിയ ഏറ്റവും വലിയ വെള്ളിനിധി ശേഖരമെന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. നാണയത്തിലെ തീയതികള്‍ ബിസി 75 മുതൽ ബിസി നാലു വരെയുള്ളതാണ്. മിക്ക നാണയങ്ങളിലും അഗസ്റ്റസിന്റെ മുഖച്ഛായയുള്ള ചിത്രങ്ങളായിരുന്നു. കൂടാതെ ജൂലിയസ് സീസർ, ബ്രൂട്ടസ്, മാർക്ക് ആന്റണി തുടങ്ങിയവരുടെ ചിത്രങ്ങളും ആലേഖനം ചെയ്തിരുന്നു. ഗ്രീക്ക് പുരാണങ്ങളിലെയും നാടോടിക്കഥകളിലെയും കഥാപാത്രങ്ങളെയും നാണയത്തില്‍ ആലേഖനം ചെയ്തിരുന്നു. 

ഭൂരിപക്ഷം നാണയങ്ങളും യാതൊരു കേടുപാടും പറ്റാത്ത നിലയിൽ ജാറിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരുന്നത് ഗവേഷകരെ അമ്പരപ്പിച്ചു. 2000 വർഷം മുൻപത്തെ ഒരാളുടെ നാണയശേഖരമാണ് (കോയിൻ ആൽബം) തങ്ങൾക്കു ലഭിച്ചതെന്നാണ് ഗവേഷകർ ഇതിനെപ്പറ്റി കരുതുന്നത്.  പല കാലത്തെ റോമൻ രാജാക്കന്മാരുടെയും ഭരണനേതാക്കളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തതായതിനാൽ ഒരുപക്ഷേ നാണയങ്ങളുടെ ഉടമ ഒരു സൈനികനായിരിക്കാം. അക്കാലത്ത് ഉന്നത റാങ്കിൽപ്പെട്ട സൈനികർക്കാണ് ഇത്തരം നാണയങ്ങള്‍ ലഭിക്കാനുള്ള സാധ്യതയേറെ. ആ സൈനികൻ ഐസാനോയിയിലേക്കു വരികയും അജ്ഞാതമായ ഏതോ കാരണത്താൽ നദീതീരത്ത് സ്വർണം കുഴിച്ചിടുകയും ചെയ്തതായിരിക്കാമെന്നും ഗവേഷകർ കണക്കുകൂട്ടുന്നു. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ മ്യൂസിയം ഓഫ് അനറ്റോളിയൻ സിവിലൈസേഷനിൽ ഈ നാണയങ്ങൾ സൂക്ഷിക്കാനാണു തീരുമാനം.

English Summary : Rare collection of Roman coins found in Turkeys ancient Aaizanoi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA