പ്രേതങ്ങൾ, അജ്ഞാത ശബ്‌ദം, ആണവ ബങ്കർ; കൊള്ളക്കാരന്റെ നിധിയും ഒളിപ്പിച്ച ഗ്രീക്ക് ഗുഹ!

HIGHLIGHTS
  • ഗുഹയിൽ നിഴൽരൂപങ്ങളെപ്പോലെ പ്രേതങ്ങളുണ്ടെന്നതാണ് ഒരു വിശ്വാസം
  • പറക്കുംതളികകൾ വന്നിറങ്ങുന്നയിടമാണ് ഗുഹയെന്ന് മറ്റൊരു കൂട്ടർ
story-behind-greece-s-haunted-pentelicus-cave
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ
SHARE

ഏതൻസിന്റെ ദേവതയെന്നു വിശ്വസിക്കുന്ന അഥീനയ്ക്കു വേണ്ടി ബിസി മൂന്നാം നൂറ്റാണ്ടിലാണ് പാത്തിനോൺ എന്ന ക്ഷേത്രം നിർമിക്കുന്നത്. ഗ്രീസിന്റെ സുവർണ കാലഘട്ടത്തിന്റെ ആഡംബരം വിളംബരം ചെയ്യുന്നതായിരുന്നു ആ ക്ഷേത്രം. അതു നിർമിക്കാനാവശ്യമായ മാർബിൾ ശേഖരിച്ചത് മൗണ്ട് പെന്റെലിക്കസ് എന്നറിയപ്പെടുന്ന പർവതത്തിൽനിന്നായിരുന്നു. മാർബിൾ ശേഖരമുള്ളതിനാൽത്തന്നെ ആയിരക്കണക്കിനു വർഷം ഗ്രീക്ക് ജനതയുടെ ജീവിതത്തിൽ നിർണായക പങ്കുണ്ടായിരുന്നു മൗണ്ട് പെന്റെലിക്കസിന്. ഏതൻസിലെ ഒട്ടേറെ സ്മാരകങ്ങൾ നിർമിച്ചത് ഈ പർവതനിരയിലെ ക്വാറികളിലെ കല്ലുപയോഗിച്ചായിരുന്നു. എന്നാൽ മാർബിളിനു പ്രശസ്തമായതു പോലെ മറ്റൊന്നിനു കുപ്രസിദ്ധം കൂടിയായിരുന്നു പെന്റെലിക്കസ് പർവതം. ഒരു ഗുഹയുടെ പേരിലായിരുന്നു അത്. 

ഡാവെലിസ് എന്ന കൊള്ളക്കാരന്റെ പേരിലാണ് ഗുഹ അറിയപ്പെടുന്നത്. ക്രിസ്റ്റോസ് നാറ്റ്സിയോസ് എന്നായിരുന്നു ഡാവെലിസിന്റെ യഥാർഥ പേര്. സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ച് ആ കൊള്ളക്കാരൻ കഴിഞ്ഞിരുന്നത് പെന്റെലി എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ആ ഗുഹയിലാണെന്നാണു കരുതുന്നത്. അവിടെയാണ് അയാളുടെ കൊള്ളമുതൽ മുഴുവനും ഒളിപ്പിച്ചിരിക്കുന്നതെന്നും ജനം വിശ്വസിച്ചുപോന്നു. പൈൻമരക്കാടുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ആ ഗുഹ ഇന്നും ഗ്രീസിലെ ഏറ്റവും നിഗൂഢമായ ഇടങ്ങളിലൊന്നാണ്. 60 മീറ്ററോളം നീളവും 20 മീറ്ററോളം വീതിയുമുള്ള ഗുഹയുടെ ഉൾഭാഗത്ത് പലയിടത്തേക്കായി പിരിഞ്ഞു പോകുന്ന തുരങ്കങ്ങളാണുള്ളത്. അതിലൊന്ന് എത്തിച്ചേരുന്നത് ഒരു ഭൂഗർഭ ജലാശയത്തിലേക്ക്. മറ്റൊരു തുരങ്കം എവിടേക്കാണു നയിക്കുന്നതെന്നറിഞ്ഞാൽ ആരായാലും ഒന്നു ഞെട്ടും–പ്രാദേശിക വിശ്വാസ പ്രകാരം നരകത്തിലേക്കുള്ള വഴിയാണത്രേ ആ തുരങ്കം! ഈ വിശ്വാസത്തിനു ശക്തി പകർന്ന് ഒട്ടേറെ കഥകളും പെന്റെലി ഗുഹയുമായി ബന്ധപ്പെട്ടുണ്ട്. 

ഗുഹയിൽ നിഴൽരൂപങ്ങളെപ്പോലെ പ്രേതങ്ങളുണ്ടെന്നതാണ് ഒരു വിശ്വാസം. പറക്കുംതളികകൾ വന്നിറങ്ങുന്നയിടമാണ് ഗുഹയെന്ന് മറ്റൊരു കൂട്ടർ. അസ്വാഭാവികമായ പല അനുഭവങ്ങളും ഇവിടെ വച്ചുണ്ടായെന്നാണു പലരുടെയും സാക്ഷ്യം.  എന്താണു സത്യം? പ്രകൃതിദേവനായ പാനുമായി ബന്ധപ്പെട്ടാണ് ഗുഹയുടെ പുരാതന ചരിത്രം. അദ്ദേഹത്തിന്റേതെന്നു കരുതുന്ന ശിൽപങ്ങളും ഗുഹയിലെ പല ഭാഗങ്ങളും ചുമരുകൾക്കു സമാനമായി മുറിച്ചതും ആചാരത്തിന്റെ ഭാഗമായി നിർമിച്ചതെന്നു കരുതുന്ന ചെറുകുളവുമെല്ലാമുണ്ടിവിടെ. ക്രിസ്ത്യൻ മതത്തിന്റെ വരവോടെ ഗുഹയെ കൂടുതൽ വിശുദ്ധമായി കണ്ട് പ്രാർഥനകളും ആരംഭിച്ചു. അതിന്റെ കവാടത്തിൽ പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു പള്ളിയും നിർമിക്കപ്പെട്ടു. 

പത്തൊൻപതാം നൂറ്റാണ്ടിലാണ് ഡാവെലിസിന്റെ പേരുമായി ഗുഹയ്ക്കു ബന്ധമുണ്ടാകുന്നത്. പണക്കാരുടെ വീടുകളിൽ കയറി മോഷ്ടിക്കുന്നതിൽ വിദഗ്ധനായിരുന്നു ഡാവെലിസ്. മോഷണവസ്തുക്കൾ ഗുഹയിൽ ഒളിപ്പിച്ചെന്നു പറയുമ്പോഴും ഇന്നേവരെ കണ്ടെത്താനായിട്ടില്ലെന്നതാണു സത്യം. പത്തൊൻപതാം നൂറ്റാണ്ടിൽത്തന്നെയാണ് ഗുഹയുമായി ബന്ധപ്പെട്ട അസാധാരണ കഥകൾ പ്രചരിക്കപ്പെട്ടതും. ഗുഹയിൽ കയറിയാൽ ദൂരെ നിന്നെന്ന പോലെ സംഗീതം കേൾക്കാമെന്നും എന്നാൽ ഉറവിടം വ്യക്തമാകില്ലെന്നുമായിരുന്നു ഒരു വിശ്വാസം. 1960–70കളിൽ പാരാനോർമൽ അന്വേഷകർ കൂട്ടത്തോടെ ഈ ഗുഹയിലേക്കെത്തിയിരുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ബഹിരാകാശ യുഗത്തിന്റെ തുടക്കത്തോടെ, ഗുഹയ്ക്കു ചുറ്റും പറക്കുംതളികൾ വരുന്നെന്നായി കഥ! ഗുഹയ്ക്കകത്ത് ക്യാമറകളും ഫ്ലാഷ് ലൈറ്റുകളും വിചിത്രമായ ‘സ്വഭാവം’ കാണിക്കുന്നുവെന്നായിരുന്നു പാരാനോർമൽ അന്വേഷകരുടെ പ്രധാന വാദം. 1977ൽ ഗുഹയിലേക്ക് ഒരു കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരും ജോലിക്കാരുമെത്തി ഏതാനും നിർമാണ പ്രവൃത്തികൾ നടത്തിയതും പൊതുജനത്തിന്റെ സംശയം ശക്തമാക്കി. ബുൾഡോസറുകളും ഡൈനമിറ്റുകളും ഗുഹയിൽ ഉപയോഗിച്ചായിരുന്നു പ്രവർത്തനം. പുറത്തുനിന്ന് ആരും പ്രവേശിക്കാതിരിക്കാൻ സുരക്ഷാസേനയെ നിയോഗിക്കുക മാത്രമല്ല, വേലി കെട്ടി പ്രദേശം സംരക്ഷിക്കുകയും ചെയ്തു. 

നാറ്റോയും യുഎസും ഗ്രീക്ക് മിലിട്ടറിയും ചേർന്നു നടത്തിയ രഹസ്യനീക്കമാണെന്നായിരുന്നു അന്നത്തെ പ്രധാന നിഗമനം. ഗുഹയിൽ ഒരു ആണവബങ്കറോ ആണവായുധം സൂക്ഷിക്കാനുള്ള അറയോ നിർമിക്കുന്നുവെന്നും വാർത്ത പരന്നു. പക്ഷേ എല്ലാ ഊഹോപോഹങ്ങളും അവസാനിപ്പിച്ച് ഗുഹയിലെ പ്രവർത്തനങ്ങളെല്ലാം 1983ൽ ഒരു ദിവസം പെട്ടെന്നു നിന്നു. ഇന്നും അജ്ഞാതമാണ് അന്നവിടെ നടന്നത് എന്താണെന്നതും ആരെല്ലാമാണു വന്നതെന്നും! 1990ൽ വീണ്ടും ചില നിർമാണ പ്രവർത്തനം നടന്നെങ്കിലും ഗ്രീക്ക് സാംസ്കാരിക മന്ത്രാലയം തടസ്സംനിന്നു. അതിനോടകം പല നാശനഷ്ടങ്ങളും നേരിട്ട ഗുഹയെ ഇനിയും നശിപ്പിക്കാനാകില്ലെന്നായിരുന്നു മന്ത്രാലയം പറഞ്ഞത്. ഗുഹയിൽ പ്രത്യേകതരം ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുടെ സാന്നിധ്യമുണ്ടെന്ന വാദവും ശക്തമാണ്. എന്നാൽ ഇവയ്ക്കൊന്നിനും ശാസ്ത്രീയ തെളിവില്ല താനും. ഇന്നും ഗ്രീസിലെ ഏറ്റവും വലിയ നിഗൂഢ രഹസ്യ കേന്ദ്രങ്ങളിലൊന്നാണ് പെന്റെലി ഗുഹ.

English Summary : The Story behind Greece's haunted Pentelicus cave

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA