രത്നങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പർവതം; കയറിപ്പോയാൽ തിരികെയിറങ്ങാനാകാത്ത വനം!

s-mount-roraima-really-a-lost-world
Roraima mountain . Photo credits : Alexey Shiyan / Shutterstock.com
SHARE

സാങ്കേതികവിദ്യയും സൗകര്യങ്ങളും ഇത്രയേറെ വികസിച്ച ഇക്കാലത്ത്, ലോകത്ത് ഇന്നും മനുഷ്യന് എത്തിപ്പെടാനാകാത്ത സ്ഥലങ്ങളുണ്ടോ? ‘ഉണ്ട്’ എന്ന ഉത്തരവുമായി തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഇടങ്ങളിലൊന്നാണ് വെനസ്വേലയിലെ റൊറെയ്‌മ മഴക്കാടുകൾ. ദൈവങ്ങളുടെ വീട് എന്നാണ് പ്രദേശത്തെ ഗോത്രവിഭാഗക്കാർ ഈ വനത്തിലെ പർവതങ്ങളെ വിശേഷിപ്പിക്കുന്നത്. പർവതം എന്നർഥമുള്ള ‘ടെപ്യുയ്’ എന്ന പേരിലും പ്രദേശം അറിയപ്പെടുന്നുണ്ട്. വനത്തിൽ പലയിടത്തും കുത്തനെ ഉയർന്നു നിൽക്കുന്ന ഭാഗങ്ങളാണിവ. മുകളിലേക്ക് എങ്ങനെ കയറുമെന്നു പോലും ഇന്നും ആർക്കും അറിയില്ല. 

കൊച്ചുകൂട്ടുകാർക്ക് കൂടുതൽ എളുപ്പത്തിൽ ഈ സ്ഥലത്തെ മനസ്സിലാക്കാൻ മറ്റൊന്നു കൂടിയുണ്ട്. സർ ആർതർ കോനൻ ഡോയലിന്റെ ‘ദ് ലോസ്റ്റ് വേൾഡ്’ എന്ന സാഹസിക നോവൽ വായിച്ചിട്ടില്ലേ? ഇതേ കഥ പിന്നീട് സിനിമയുമായിട്ടുണ്ട്. റൊറെയ്‌മ വനത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹം തന്റെ നോവലെഴുതിയത്. ദിനോസറുകളും ജുറാസിക് കാലത്തെ മറ്റു ജീവികളും ഇന്നും ജീവിക്കുന്ന ഇടം എന്നാണ് കോനൻ ഡോയൽ തന്റെ നോവലിൽ റൊറെയ്‌മ വനത്തെ വിശേഷിപ്പിച്ചത്. അവിടേക്ക് എത്തുന്ന ഗവേഷകർ ആ കാഴ്ച കണ്ട് അമ്പരക്കുന്നതും അദ്ദേഹം വിവരിക്കുന്നുണ്ട്. നോവൽ സത്യമാണെന്നു വിശ്വസിക്കുന്ന പലരും ഇന്നുമുണ്ട്. 

നാഷനൽ ജ്യോഗ്രഫിക് സൊസൈറ്റി ഉൾപ്പെടെ റൊറെയ്‌മ വനത്തിൽ ദിനോസറുകളെ അന്വേഷിച്ചു പോയിരുന്നു. എന്നാൽ വനത്തിലെ ചിലയിടങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള വഴി പോലും അപ്രാപ്യമായിരുന്നു. എന്നിട്ടും അവർ കണ്ടെത്തിയത് ലോകത്തു മറ്റെവിടെയും കാണാത്തതരം ആയിരക്കണക്കിനു ജീവികളെയും സസ്യങ്ങളെയുമാണ്. റൊറെയ്‌മയിൽ മാത്രം കാണപ്പെടുന്ന ചുരുങ്ങിയത് 5000 സസ്യ–ജന്തുജാലങ്ങളുണ്ടെന്നാണ് കണക്ക്. ഇവിടെ ഇന്നും ആകെ തിരിച്ചറിഞ്ഞത് പതിനായിരത്തോളം സസ്യജന്തുജാലങ്ങളെ മാത്രമാണ്. മരങ്ങളാൽ നിബിഢമാണ് റൊറെയ്‌മ വനം. അതിനകത്തു പലയിടത്തും ഉയർന്നു നിൽക്കുന്ന പർവതങ്ങൾക്ക് 9000 അടിയിലേറെയുണ്ട് ഉയരം. എന്നാൽ ഇവയെ പർവതമായി കണക്കാക്കാൻ പറ്റില്ല. ഭൗമശാസ്ത്രപരമായ ചില പ്രത്യേകതകളാൽ ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളാണെന്നു മാത്രം. ‘ടേബിൾ ടോപ്’ ഭൂപ്രദേശങ്ങളെന്നാണ് ഇവയ്ക്കുള്ള വിശേഷണം.

ഗോത്രവാസികളായ പെമോൺ വിഭാഗക്കാർക്കു പോലും ആദ്യകാലത്ത് കാട്ടിലേക്കു കടക്കാനായിരുന്നില്ല. ഇതിന്റെ പഴക്കത്തെക്കുറിച്ചും നിഗമനങ്ങളേറെ. കോടിക്കണക്കിനു വർഷം മുൻപ് ഇന്നത്തെ തെക്കേ അമേരിക്കയും ആഫ്രിക്കൻ ഭൂഖണ്ഡവും യോജിച്ച നിലയിലായിരുന്നു. ഗോണ്ട്വോന എന്നായിരുന്നു അന്ന് രണ്ടും ചേർന്ന ഒരൊറ്റ ഭൂഖണ്ഡത്തിന്റെ പേര്. അക്കാലത്തുതന്നെ റൊറെയ്മ മേഖല രൂപപ്പെട്ടിരുന്നുവെന്നാണു ഗവേഷകർ പറയുന്നത്. അഗ്നിപർവ സ്ഫോടനങ്ങളിൽനിന്നുള്ള ലാവയും കൊടുങ്കാറ്റും വെള്ളപ്പൊക്കവുമെല്ലാം ചേർന്ന് ഉയർത്തിക്കൊണ്ടുവന്നതാകാം അതിലെ പർവതങ്ങള്‍. 40 കോടി മുതൽ 25 കോടി വരെ വർഷം മുൻപാണ് പർവതം രൂപപ്പെട്ടതെന്നും കരുതുന്നു. 

രണ്ടു കോടി വർഷം മുൻപ് ഈ പ്രദേശം എങ്ങനെയായിരുന്നോ അതുപോലെത്തന്നെയാണ് റൊറെയ്മയിലെ പല സ്ഥലങ്ങളും ഇപ്പോഴും. അതിനാൽത്തന്നെ പരിണാമം സംബന്ധിച്ച ഒരുപാടു തെളിവുകളും ഇവിടെ ഒളിച്ചിരിപ്പുണ്ടെന്നു ഗവേഷകര്‍ കരുതുന്നു. ഇപ്പോഴും ഇടയ്ക്കിടെ ഇവിടെ പുതിയ സസ്യങ്ങളെയും ജന്തുക്കളെയും കണ്ടെത്തുന്നുണ്ട്. റൊറെയ്മയിലെ എല്ലാ ഉയർന്ന പ്രദേശങ്ങളിലും മനുഷ്യനെത്താൻ സാധിച്ചിട്ടുണ്ടെങ്കിലും അവയുടെ ആഴങ്ങളിലേക്കിറങ്ങി പഠിക്കാൻ ഇതു വരെ സാധിച്ചിട്ടില്ല. 1912ലാണ് കോനൽ ഡോയൽ ‘ദ് ലോസ്റ്റ് വേൾഡ്’ എഴുതുന്നത്. 1884ൽ ഈ വനത്തിലേക്കു പര്യവേക്ഷണത്തിനെത്തിയ ബ്രിട്ടിഷ് സസ്യശാസ്ത്രജ്ഞൻ എവെറാഡ് ഇം തേണിന്റെ കുറിപ്പുകളാണ് ഡോയലിനെ സഹായിച്ചത്. ഒരുപക്ഷേ ദിനോസറുകൾ പോലും ഈ കാട്ടിൽ കണ്ടേക്കാം എന്ന് ഇം തേൺ കുറിച്ചപ്പോൾ ഡോയൽ യഥാർഥത്തിൽ ദിനോസറുകളെ കാട്ടിലേക്കിറക്കുകയായിരുന്നു. 

യഥാർഥത്തിൽ ഇവിടെ ജുറാസിക് കാലത്തെ ജീവികളുണ്ടോയെന്നറിയാൻ 1989ൽ നാഷനൽ ജ്യോഗ്രഫിക് സൊസൈറ്റിയുടെ നേതൃത്വത്തിലും പര്യവേക്ഷണം നടന്നു. എന്നാൽ യാതൊന്നും കണ്ടെത്താനായില്ല. അപ്പോഴും ലോകത്ത് ഇന്നേവരെ കാണാത്ത വിഷച്ചിലന്തികളെയും കറുത്ത തവളകളെയും കണ്ട് അമ്പരന്നു പോയി അവർ. റൊറെയ്മയിലെ 44 മൈൽ വരുന്ന പ്രദേശത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ഗവേഷകര്‍ക്കും പരിശോധിക്കാനായുള്ളൂ. ലോകത്തിലെ എല്ലാ പഴങ്ങളും പച്ചക്കറികളുമുള്ള ഒരു വനഭാഗം ഇവിടെയുണ്ടായിരുന്നെന്നാണ് പെമോൺ ഗോത്രവിഭാഗക്കാരുടെ വിശ്വാസം. ഒരിക്കൽ ഗോത്രവർഗക്കാരിൽ ഒരാൾ അവിടത്തെ മരങ്ങളിലൊന്നു മുറിച്ചു. അതോടെ വൻ പ്രളയമുണ്ടായെന്നും കഥകളുണ്ട്. ടെപ്യുയിയുടെ മുകളിലേക്ക് കയറിപ്പോകുന്നവർ തിരികെ വരില്ലെന്നും അവർ വിശ്വസിക്കുന്നു. അതിനാൽത്തന്നെ യൂറോപ്യൻ അധിനിവേശം വരെ റൊറെയ്മയിൽ കാര്യമായ മനുഷ്യ സ്പർശം ഏറ്റിരുന്നില്ല. 

തുടർച്ചയായ മഴയാണ് ഈ പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകത. പർവതത്തിലേക്കുള്ള വഴിയാകെ ചെളിയും ചതുപ്പുകളുമാണ്. ഒപ്പം ഏതു നിമിഷവും വഴുതി ആഴങ്ങളിലേക്കു മറയാവുന്ന വിധം പാറക്കെട്ടുകളും. 1595ൽ ഇവിടേക്കെത്തിയ സർ വാൾട്ടർ റെലി റൊറെയ്മയെപ്പറ്റി പറഞ്ഞത് വെള്ളച്ചാട്ടങ്ങളും രത്നങ്ങളും നിറഞ്ഞ പർവതമെന്നാണ്. പ്രദേശത്തെ ഏഞ്ചൽ വെള്ളച്ചാട്ടം കണ്ടായിരിക്കാം വാൾട്ടർ അങ്ങനെ പറഞ്ഞതെന്നാണു കരുതപ്പെടുന്നത്. രത്നങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇന്നും ദുരൂഹം. കൊച്ചുകൂട്ടുകാരുടെ പ്രിയപ്പെട്ട ‘അപ്’ എന്ന സിനിമയിലും ആനിമേഷനിലൂടെ ഏഞ്ചൽ വെള്ളച്ചാട്ടത്തെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിൽ പാരഡൈസ് വെള്ളച്ചാട്ടമെന്നായിരുന്നു പേരെന്നു മാത്രം. 

English Summary : Is Mount Roraima really a lost world

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA