ADVERTISEMENT

കൊക്കോസിലെ കോടികൾ

1820 പെറുവിലെ ലിമ നഗരം ഒരു വലിയ പ്രക്ഷോഭത്തിന്റെ വക്കിലാണ്. നഗരത്തിലെ സമ്പത്ത് അന്യാധീനപ്പെടുമോയെന്ന ഭീതിയിലാണ് അധികൃതർ. അവിടുത്തെ വൈസ്രോയി ഒടുവിൽ ഒരു പോംവഴി കണ്ടെത്തി. അങ്ങനെ, അപൂർവമായ രത്നങ്ങളും സ്വർണപ്രതിമകളുമൊക്കെയടങ്ങിയ സമ്പത്ത്  മെക്സിക്കോയിലേക്ക് കടത്തി. 11 കപ്പലുകൾ വേണ്ടിവന്നു ഈ നിധിശേഖരം വഹിക്കാൻ.  മേരി ഡിയർ എന്ന കപ്പലിന്റെ ക്യാപ്റ്റനായ വില്യം തോംസനായിരുന്നു നിധി മെക്സിക്കോയിലെത്തിക്കാനുള്ള ചുമതല. എന്നാൽ വൈസ്രോയിക്ക് തോംസനെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. ക്രൂരതയുടെ പര്യായമായിരുന്നു പഴയ കടൽക്കൊള്ളക്കാരനായ തോംസൺ. പെറുവിൽ നിന്നു നിധിയോടൊപ്പം വന്ന ഉദ്യോഗസ്ഥരെയെല്ലാം തോംസൺ കൊന്നു കടലിലെറിഞ്ഞു.

തുടർന്ന് ശാന്തസമുദ്രത്തിലെ കൊക്കോസ് ദ്വീപുകളിലേക്ക് തോംസണും സംഘവും നിധി കടത്തി ഒളിപ്പിച്ചു. കുറച്ചുനാള്‍ ഒളിവിൽ കഴിഞ്ഞ ശേഷം രംഗത്തിറങ്ങിയ തോംസനെയും സംഘത്തെയും സ്പാനിഷ് അധികൃതർ പിടികൂടി. തോംസണും ഒരു കൂട്ടാളിയുമൊഴിച്ചുള്ള മറ്റു സംഘാംഗങ്ങളെ തൂക്കിലേറ്റി. കൊക്കോസ് ദ്വീപുകളിൽ നിധി എവിടെയുണ്ടെന്ന വിവരം അറിയാമെന്നതായിരുന്നു ഇവരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കാരണം.

സ്പാനിഷ് അധികൃതരെയും കൂട്ടി കൊക്കോസ് ദ്വീപിലേക്കെത്തിയ തോംസണും കൂട്ടാളിയും പക്ഷേ അതിവിദഗ്ധമായി അവിടെ കാട്ടിനുള്ളിലേക്കു കടന്നു. പിന്നീട് ഇവരെപ്പറ്റിയോ നിധിയെപ്പറ്റിയോ ആർക്കും ഒരു വിവരവുമില്ല. മുന്നൂറിലധികം പര്യവേക്ഷണങ്ങൾ പിന്നീടു കൊക്കോസ് ദ്വീപുകളിൽ നടത്തിയെങ്കിലും നിധി കണ്ടെത്താനായില്ല.

തടാകത്തിന്റെ അടിത്തട്ടിൽ

1520. മെക്സിക്കോയിൽ ആസ്ടെക് ചക്രവർത്തിയായ മോണ്ടെസുമയെ സ്പാനിഷ് പട്ടാളമേധാവി ഹെർനാണ്ടോ കോര്‍ട്ടസും സംഘവും വധിച്ചു. തലസ്ഥാന നഗരമായ ടെനോച്ടിറ്റ്ലാനില്‍ കോർട്ടസിനെതിരെ ആസ്ടെക് യോദ്ധാക്കൾ പൊരിഞ്ഞ യുദ്ധം നടത്തുന്നു. പിടിച്ചു നിൽക്കാനാകാതെ കോർട്ടസും സംഘവും  മോണ്ടെസുമയുടെ വമ്പിച്ച സമ്പത്ത് കൈക്കലാക്കി കടന്നു. ആസ്ടെക് യോദ്ധാക്കൾ അവരെ പിന്തുടർന്ന് ആക്രമിച്ചു. സമ്പത്ത് ഉപേക്ഷിച്ച് കോർട്ടസും സംഘവും രക്ഷപ്പെടുന്നു.

ഒരു വർഷത്തിനു ശേഷം കൂടുതൽ കരുത്തനായി കോർട്ടസ് മടങ്ങിവന്നു. കോർട്ടസ് അപഹരിക്കാതിരിക്കാനായി ടെനോക്ടിറ്റ്ലാനിലെ നഗരവാസികൾ, മോണ്ടെസുമയുടെ സമ്പത്ത്  ടെസൂക്കോ തടാകത്തിലേക്ക് എറിഞ്ഞു. ഇന്നും തടാകത്തിന്റെ അടിത്തട്ടിലെവിടെയോ ആ വമ്പൻ നിധി മറഞ്ഞുകിടക്കുന്നുണ്ട്.ടെനോചിടിറ്റ്ലാൻ ഇന്നറിയപ്പെടുന്നത് മെക്സിക്കോ സിറ്റി എന്നാണ്, ആധുനിക മെക്സിക്കോയുടെ തലസ്ഥാനം.

കൊള്ളക്കാരന്റെ നിധിശേഖരം

പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ എന്ന സിനിമയിലൂടെ കടൽക്കൊള്ളക്കാരെപ്പറ്റി നമ്മള്‍ അറിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ പ്രധാന നായകനായ ക്യാപ്റ്റൻ ജാക്ക് സ്പാരോയെ വെല്ലുന്ന കടൽക്കൊള്ളക്കാർ ചരിത്രത്തിലുണ്ടായിട്ടുണ്ട്. 

ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തനാണ് എഡ്വേഡ് താച്ച് അഥവാ ബ്ലാക്ക്ബേഡ്. ബ്രിട്ടിഷ് നാവികനായ ബ്ലാക്ക്ബേഡ് പിന്നീട് കടൽക്കൊള്ളക്കാരനായി മാറുകയായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ബ്ലാക്ക്ബേഡിന്റെ കപ്പലായ ‘ക്വീൻ ആൻസ് റിവഞ്ച്’ വെസ്റ്റ് ഇൻഡീസിൽ നിന്നും  വടക്കൻ അമേരിക്കയിൽ നിന്നും സ്പെയിനിലേക്കു പോകുന്ന കപ്പലുകളെ ആക്രമിക്കുന്നതു പതിവായിരുന്നു. ബഹാമസ് കേന്ദ്രമാക്കിയുള്ള ബ്ലാക്ക്ബേഡിന്റെ ആക്രമണങ്ങൾ അന്നു നാവികർക്കിടയിൽ വലിയ ഭീതിയും അങ്കലാപ്പും സൃഷ്ടിച്ചിരുന്നു.

1718ൽ റോബർട് മേയ്നാഡ് എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് നാവികസേന ബ്ലാക്ക്ബേഡിനെ വധിച്ചു. മരണത്തിനു മുൻപ് തന്റെ പക്കലുള്ള വലിയ നിധിശേഖരത്തെക്കുറിച്ച് ബ്ലാക്ക്ബേഡ് മേയ്നാഡിനോട് സൂചിപ്പിച്ചിരുന്നു. എന്നാൽ കൃത്യമായ സ്ഥലം പറഞ്ഞില്ല.

ലോകമെമ്പാടുമുള്ള നിധിവേട്ടക്കാരുടെ ഉറക്കംകെടുത്തുന്ന സംഗതിയാണു ബ്ലാക്ക്ബേഡിന്റെ നിധി. ബ്ലാക്ക്ബേഡിന്റെ കപ്പലായ ക്വീൻ ആൻസ് റിവഞ്ച് 1996ൽ നോർത്ത് കാരലൈനയിലെ ബോഫോർട്ടിൽ നിന്നു കണ്ടെത്തിയെങ്കിലും നിധിയുടെ ഒരു തരി പോലും കണ്ടെത്താനായില്ല.

അമ്പമ്പോ ആംബർ

എട്ടാമത്തെ അദ്ഭുതമെന്നറിയപ്പെടുന്ന നിധിയാണ് ആംബർ റൂം. പ്രഷ്യയുടെ ഭരണാധികാരി ഫ്രഡറിക് ഒന്നാമനു വേണ്ടി നിർമിച്ച കലയുടെ അദ്ഭുതമുറി. 11 അടി പൊക്കമുള്ള ഈ മുറിയിൽ ആംബർ എന്ന അമൂല്യവസ്തുവിൽ തീർത്ത ഭിത്തികളാണുണ്ടായിരുന്നത്. സ്വർണ ഫ്രെയിമുകളുള്ള കൂറ്റൻ നിലക്കണ്ണാടികൾ,അമൂല്യ രത്നങ്ങള്‍ തുടങ്ങിയവ ഇവിടെയുണ്ടായിരുന്നു. കോടിക്കണക്കിനു രൂപ ഇന്നു വിലമതിച്ചേക്കാവുന്ന കലാസൃഷ്ടിയാണ് ആംബർ റൂം. 1716ൽ റഷ്യയിലെ സാർ പീറ്റർ ഒന്നാമൻ ചക്രവർത്തിക്ക് ആംബർ റൂം കൈമാറി. തുടർന്ന് സെന്റ് പീറ്റേഴ്സ്ബർഗിലെ കാതറിൻ കൊട്ടാരത്തിലാണ് ഇത് സൂക്ഷിച്ചത്. രണ്ടാം ലോക യുദ്ധകാലത്ത് നാത്‌സികൾ ആംബർ റൂം പിടിച്ചെടുത്തു. തുടർന്ന് പുരാതന പ്രഷ്യന്‍ നഗരമായ കോനിസ്ബർഗിലെ കോട്ടയിൽ അതു പ്രദർശിപ്പിച്ചു. നാത്‌സികളുടെ പതനത്തിനു ശേഷം ആംബർ‌ റൂം എവിടെയെന്ന് ആർക്കുമറിയില്ല.  റഷ്യയിലെ കാതറിൻ കൊട്ടരാത്തിൽ ആംബർ റൂമിന്റെ പുനസൃഷ്ടിക്കപ്പെട്ട പതിപ്പ് ഇപ്പോൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഞെട്ടിക്കുന്ന പെട്ടകം

നഷ്ടപ്പെട്ട നിധികളിൽ ഏറ്റവും പ്രശസ്തമാണു മോശയുടെ പെട്ടകം അഥവാ ആർക് ഓഫ് കവനന്റ്. തടിയിൽ തീർത്ത്, സ്വർണത്തകിടുകൾ പാകിയ ഈ പെട്ടകത്തിലാണത്രേ 10 കൽപനകൾ ആലേഖനം ചെയ്ത 2 ശിലാഫലകങ്ങളും ഒട്ടേറെ വിശിഷ്ട വസ്തുക്കളും. 40 വർഷം നീണ്ട പ്രവാസകാലത്ത് ഇസ്രയേലുകാർ ഈ പെട്ടകം  സൂക്ഷിക്കുകയും ഒടുവിൽ ജറുസമലിലെ സോളമൻ രാജാവിന്റെ ദേവാലയത്തിൽ സ്ഥാപിക്കുകയും ചെയ്തെന്നാണ് ഐതിഹ്യം.

ആർക് ഓഫ് കവനന്റ് എവിടെയുണ്ടാകാം എന്നതു സംബന്ധിച്ച് പല സിദ്ധാന്തങ്ങളുമുണ്ട്. ഇവയിലെ ഏറ്റവും പ്രബലമായത് ഇതാണ്:  ബാബിലോണിയരുടെ ആക്രമണത്തിനു തൊട്ടുമുൻപ് പെട്ടകം ഈജിപ്തിലേക്കു കടത്തി. തുടർന്ന് ഇത്യോപ്യൻ നഗരമായ അക്സമിലെത്തി. അവിടെ സെന്റ് മേരീസ് കത്തീഡ്രലിൽ ഇത് ഇന്നുമുണ്ടത്രേ. ഗാർഡിയൻ എന്നു സ്ഥാനപ്പേര് നൽകിയിട്ടുള്ള ഒരാളാണു പെട്ടകത്തിന്റെ സംരക്ഷകൻ. 

ഇദ്ദേഹത്തിനു മാത്രമാണു പെട്ടകം കാണാനുള്ള അനുവാദമുള്ളത്.അഭ്യൂഹം ശരിയാണോയെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച പരിശോധനകൾക്കൊന്നും പള്ളി അധികൃതർ അനുവാദം കൊടുക്കാത്തതാണു കാരണം. ഏതായാലും ലോകമെമ്പാടുമുള്ള ആർക്കിയോളജിസ്റ്റുകളും നിധിവേട്ടക്കാരും നൂറ്റാണ്ടുകളായി ഈ പെട്ടകത്തെ അന്വേഷിച്ചുനടക്കുന്നു. 

English Summary : Unfound treasure in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com