ADVERTISEMENT

1980കളിലാണു സംഭവം. കലിഫോർണിയയിലെ  ലെമൺ ഗ്രോവിലുള്ള ഒരു വീട്ടമ്മ തന്റെ വീടിനു പിന്നിലെ ഗരാഷ് വൃത്തിയാക്കുകയായിരുന്നു. വർഷങ്ങളായി അധികമാരും കയറാത്ത സ്ഥലമായിരുന്നു അത്. മുക്കും മൂലയും വൃത്തിയാക്കി നീങ്ങുന്നതിനിടെയാണ് മണ്ണിൽനിന്ന് പെട്ടിക്കു സമാനമായതെന്തോ ഉയർന്നു നിൽക്കുന്നതു കണ്ടത്. കുഴിച്ചു നോക്കിയപ്പോൾ പെട്ടിതന്നെയാണ്. പക്ഷേ തുറന്നു നോക്കിയപ്പോൾ അവർ ഞെട്ടിപ്പോയി. അതിൽ ഒരു കുഞ്ഞിന്റെയും അമ്മയുടെയും മൃതദേഹം. പേടിച്ചു വിറച്ച അവർ ഉടൻതന്നെ പൊലീസിനെ വിളിച്ചു. കൊലപാതകമാണെന്ന സംശയത്തിൽ അന്വേഷണം ആരംഭിക്കാനിരുന്ന പൊലീസ് പക്ഷേ ആ മൃതദേഹങ്ങളുടെ പ്രത്യേകത കണ്ട് ഒന്നു സംശയിച്ചു. അങ്ങനെയാണ് സാൻ ഡീഗോയിലെ മാൻ ഓഫ് ദ് മ്യൂസിയം അധികൃതരെ പൊലീസ് വിളിച്ചത്. 

 

മൃതദേഹം പരിശോധിച്ച അവർ ഒരു കാര്യം പറഞ്ഞു– ഇരുവരെയും ചിലപ്പോൾ കൊലപ്പെടുത്തിയതാകാം. പക്ഷേ രണ്ടു മൃതദേഹത്തിനും നൂറുകണക്കിനു വർഷത്തെ പഴക്കമുണ്ടെന്നു മാത്രം. തുടർ പരിശോധനയിൽ എഡി 1040നും 1260നും ഇടയിലെപ്പോഴോ ജീവിച്ചിരുന്ന രണ്ടു പേരുടെ മൃതദേഹങ്ങളാണ് മമ്മി രൂപത്തിൽ ലഭിച്ചിരിക്കുന്നതെന്ന് മ്യൂസിയം അധികൃതർ മനസ്സിലാക്കി. പൊലീസെന്തായാലും അന്വേഷണം നിർത്തിയില്ല. അവർ ആ വീട്ടിൽ നേരത്തേ താമസിച്ചിരുന്നവരുടെ വിവരം ശേഖരിച്ചു. അങ്ങനെയാണ് രണ്ടു ചെറുപ്പക്കാരെ കണ്ടെത്തുന്നത്. ഇരുവരും പറഞ്ഞു–‘ഞങ്ങളാണ് ആ മൃതദേഹങ്ങൾ പെട്ടിയിലാക്കി ഏൽപിച്ചത്...’ അക്കഥയും പറഞ്ഞുകൊടുത്തു അവർ. 

/lemon-grove-mummies-san-diego-california
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

 

1966ലാണു സംഭവം. രണ്ടു യുവാക്കളും ഈജിപ്ഷ്യൻ മമ്മികളെക്കുറിച്ച് ഭ്രാന്തമായ ഗവേഷണത്തിലായിരുന്നു. പക്ഷേ അമേരിക്കയിൽനിന്ന് ഈജിപ്തിലേക്കു പോയി മമ്മികളെക്കുറിച്ചു പഠിക്കുക ചെലവേറിയ കാര്യമാണ്. അങ്ങനെയാണ് ഇരുവരും വടക്കൻ മെക്സിക്കോയിലെ  റെഡ് ഇന്ത്യൻ ഗോത്രവിഭാഗക്കാരെക്കുറിച്ച് കേൾക്കുന്നത്. മരിച്ചവരെ ഗുഹകളിൽ അടക്കുന്നതാണത്രേ അവരിൽ ചില വിഭാഗക്കാരുടെ രീതി. മരുഭൂമിയിലെ ചൂടുകാറ്റടിച്ച് ഗുഹയിലെ മൃതദേഹം വരണ്ടുണങ്ങും. അങ്ങനെ മമ്മിയുടെ രൂപത്തിലാക്കി വർഷങ്ങളോളം നിലനിൽക്കും. ദേഹം വരണ്ടതിനാൽ സൂക്ഷ്മജീവികൾ ആക്രമിക്കുകയും ഇല്ല. 

 

മെക്സിക്കോയിലെ ചവാവയിലെത്തിയ യുവാക്കൾ ഒരു മാസത്തോളം മരുഭൂമിയിലെ ഒട്ടേറെ ഗുഹകളിലൂടെ കറങ്ങിനടന്നു. അതെന്തായാലും വെറുതെയായില്ല. ഒന്നിനു പകരം രണ്ടു മമ്മികളെയാണ് അവർ കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെയും പെൺകുഞ്ഞിന്റെയും മമ്മികൾ. അതുമായി അവർ രഹസ്യമായി അതിർത്തി കടന്ന് കലിഫോർണിയയിലെത്തി. ആ മമ്മികൾ എന്തുചെയ്യുമെന്നായി പിന്നീട് സംശയം. ഏതെങ്കിലും മ്യൂസിയത്തിലോ പൊലീസിലോ ഏൽപിച്ചാൽ മെക്സിക്കോയിൽനിന്നു കടത്തിയതാണെന്നു പറയേണ്ടി വരും. അങ്ങനെ ആലോചന തുടരുന്നതിനിടെയായിരുന്നു വിയറ്റ്നാം യുദ്ധത്തിനു വേണ്ടി ഇരുവർക്കും പോകേണ്ടി വന്നത്. അതോടെ രണ്ടു മമ്മികളെയും ഒരു സുഹൃത്തിനെ ഏൽപിച്ചു. അവരാകട്ടെ അതൊരു പെട്ടിയിലാക്കി വീടിന്റെ ഗരാഷിലും വച്ചു. 

 

യുവാക്കൾ യുദ്ധം കഴിഞ്ഞ് തിരികെയെത്തിയപ്പോഴേക്കും  ആ വീട് വിറ്റുപോയിരുന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം പൊലീസ് അന്വേഷിച്ചെത്തുമ്പോഴാണ് തങ്ങൾ കണ്ടെത്തിയ മമ്മികൾ ആ വീട്ടിൽത്തന്നെയുണ്ടായിരുന്നെന്നു മനസ്സിലായത്. എന്തായാലും മ്യൂസിയം ഓഫ് മാൻ അധികൃതർ അതെല്ലാം വിശദമായി പരിശോധിച്ചു. മെക്സിക്കോയിലേക്ക് മമ്മികളെ തിരികെയെത്തിക്കാൻ ശ്രമിച്ചെങ്കിലും അതു മ്യൂസിയത്തിനു തന്നെ ലഭിച്ചു. മെക്സിക്കൻ ഗോത്ര വിശ്വാസ പ്രകാരം മരിച്ചവരെ കൃത്യമായി സംസ്കരിക്കണമെന്നാണെങ്കിലും നിയമനൂലാമാലകളിൽപ്പെട്ട് രണ്ടു മമ്മികളും കലിഫോർണിയയിൽത്തന്നെ കുടുങ്ങി. 

 

തുടർ പരിശോധനയിൽ പെൺകുട്ടിക്ക് 15ഉം കുഞ്ഞിന് ഒരു വയസ്സുമാണെന്നു കണ്ടെത്തി. രണ്ടു പേരുടെയും ശരീരഭാഗങ്ങൾക്കു കാര്യമായ യാതൊരു കേടുപാടും ഉണ്ടായിരുന്നില്ല. മമ്മികൾ കണ്ടെത്തുമ്പോൾ സമീപത്ത് ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് യുവാക്കളും പറഞ്ഞു. കിടപ്പിന്റെ പൊസിഷൻ പരിശോധിച്ചപ്പോൾ ഇരുവരും ഉറക്കത്തിൽ മരിച്ചതാകാമെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിയത്. പക്ഷേ എങ്ങനെ? എന്തിന് ഇങ്ങനെയൊരു മരണം? ലെമൺ ഗ്രോവ് മമ്മി എന്നു പ്രശസ്തമായ ആ പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും മൃതദേഹം ഇന്നും സാന്‍ ഡീഗോയിലെ മ്യൂസിയത്തിലുണ്ട്. ആരാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നറിയാതെ...!

 

English summary : Lemon Grove Mummies – San Diego, California 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com