ADVERTISEMENT

ഈജിപ്തിൽ നിന്നും വീണ്ടും ഒരു ആശ്ചര്യജനകമായ വാർത്ത. ലോകത്തിലെ ഏറ്റവും പ്രശസ്തനായ മമ്മിയുടെ ഉടമയായ തൂത്തൻ ഖാമന്‌റെ മുത്തശ്ശൻ അമേൻഹോടെപ് മൂന്നാമൻ പണികഴിപ്പിച്ച നഗരം ശാസ്ത്രജ്ഞർ കണ്ടെത്തി. ലൂക്‌സറിലെ സുവർണ നഗരമെന്നു പേരുള്ള ഈ നഗരം ആയിരക്കണക്കിനു വർഷങ്ങളായി മണലിൽ പൂണ്ടു കിടക്കുകയായിരുന്നു. ഈജിപ്ഷ്യൻ നാഗരികതയുടെ പൗരാണിക കേന്ദ്രമായ ലൂക്‌സറിനു സമീപമാണ് പ്രശസ്ത പുരാവസ്തു ഗവേഷകനായ സാഹി ഹവാസിന്‌റെ നേതൃത്വത്തിലുള്ള സംഘം നഗരം ഖനനത്തിലൂടെ പുറത്ത് എത്തിച്ചത്.

 

ഇരുപതാം നൂറ്റാണ്ടിന്‌റെ തുടക്കത്തിൽ ചരിത്രപര്യവേക്ഷകനായ ഹോവാർഡ് കാർട്ടർ ഈജിപ്തിലെ രാജാക്കൻമാരുടെ താഴ് വരയിൽ നിന്നു തൂത്തൻഖാമന്‌റെ കല്ലറയും തുടർന്ന് മമ്മിയും കണ്ടെത്തിയ ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലാണ് ഇതെന്നാണു വിദഗ്ധരുടെ നിരീക്ഷണം. നഗരഘടനയ്ക്കു പുറമേ സ്വർണാഭരണങ്ങൾ, മൺപാത്രങ്ങൾ, സ്‌കരാബ് എന്നു പറയുന്ന ചെല്ലികളുടെ ആകൃതിയിലുള്ള ലോക്കറ്റുകൾ എന്നിവയും കണ്ടെടുത്തു. ധാരാളം അടുപ്പുകളുള്ള ഒരു ബേക്കറിയും ഭരണസ്ഥാപനങ്ങളും വീടുകളുമൊക്കെ നഗരത്തിലുണ്ട്. നഗരത്തിന്‌റെ വലുപ്പം പൂർണമായും നിശ്ചയിക്കാൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞിട്ടില്ല. ഹീറോഗ്ലിഫിക്‌സ് രീതിയിൽ എഴുതപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്.

നൂറ്റാണ്ടുകളായി ഈ നഗരം കണ്ടെത്താനുളള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ആർക്കും അതു സാധിച്ചിരുന്നില്ല. ഒടുവിൽ റാംസിസ് മൂന്നാമനും അമേൻഹോടെപ് മൂന്നാമനും പണികഴിപ്പിച്ച ക്ഷേത്രങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുകയായിരുന്നു സാഹി ഹവാസും കൂട്ടരും. ഇപ്പോഴത്തെ ഈജിപ്ഷ്യൻ തലസ്ഥാനം കെയ്‌റോയ്ക്കു 300 കിലോമീറ്റർ അകലെയാണ് ഈ മേഖല.

 

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇവിടത്തെ ഖനനത്തിനും പര്യവേക്ഷണത്തിനും തുടക്കമായത്. എന്നാൽ മുൻപത്തെ പോലെ നിരാശാജനകമായ ഫലങ്ങളായിരുന്നില്ല ഗവേഷകരെ ഇവിടെ കാത്തിരുന്നത്. ഖനനം തുടങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ കളിമണ്ണിൽ നിർമിതമായ അവശേഷിപ്പുകൾ ഉയർന്നു പൊന്തിത്തുടങ്ങി. പുരാതന കാലത്തെ ഏതോ ചരിത്രനാഗരികതയുടെ ഭാഗമാണിതെന്ന് അപ്പോൾ തന്നെ ഗവേഷകർ കണക്കുകൂട്ടി. തികഞ്ഞ ഉത്സാഹത്തോടെ അവർ ഖനനം തുടർന്നു. ഒടുവിൽ ഇത്രനാളും പിടികൊടുക്കാതിരുന്ന വിസ്മയ നഗരം അനാവൃതമായി.

 

1354ൽ അന്തരിച്ച അമേൻഹോടെപ് മൂന്നാമന്‌റെ സാമ്രാജ്യം ആഫ്രിക്കയിലെ സുഡാൻ മുതൽ ഇറാഖിലെ യൂഫ്രട്ടീസ് നദിക്കര വരെ പരന്നു കിടന്നു. നാൽപതു വർഷത്തോളം നീണ്ട അദ്ദേഹത്തിന്‌റെ ഭരണകാലം ഈജിപ്ഷ്യൻ നിർമാണകലയുടെ സുവർണകാലമായിരുന്നു. മെംമ്‌നോണിലെ അദ്ഭുത പ്രതിമകൾ ഉൾപ്പെടെ നിർമിച്ചത് അദ്ദേഹമാണ്.

അന്ന് അദ്ദേഹത്തിന്‌റെ തലസ്ഥാനമായിരുന്നു ഇപ്പോൾ കണ്ടെത്തിയ സുവർണനഗരം. എന്നാൽ അമേൻഹോടെപ് മൂന്നാമനു ശേഷം രാജ്യാധികാരം നേടിയ മകൻ അഖേനാടൻ പരമ്പരാഗത വിശ്വാസങ്ങളിൽ നിന്നു മാറി സഞ്ചരിക്കുകയും, കുലദൈവമായ അമുൻ റായുടെ ആരാധന ഉപേക്ഷിച്ച് സൂര്യപ്രകാശത്തിന്‌റെ ദേവനായ ഏറ്റനെ അടിസ്ഥാനപ്പെടുത്തി ഒരു പുതിയമതം സൃഷ്ടിക്കുകയും ചെയ്തു. അഖേനാടൻ സ്വന്തം തലസ്ഥാനം ഈ നഗരത്തിൽ നിന്ന് മറ്റൊരു പൗരാണിക നഗരമായ അമാർണയിലേക്കു മാറ്റിയെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്. അഖേനാടനു ശേഷം വന്ന തൂത്തൻ ഖാമൻ അമാർണ വിട്ട് മെംഫിസിൽ തന്‌റെ അധികാരകേന്ദ്രം സ്ഥാപിച്ചു. പിന്നീട് ഈജിപ്ഷ്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ഫറോവോയായ റാംസെസ് രണ്ടാമൻ തലസ്ഥാനം പിറാമിസെസ് എന്ന ഒരു പുതിയ നഗരത്തിലേക്കു മാറ്റി.

 

English Summary : Archaeologists discovered ‘Lost golden city of Luxor’ in Egypt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com