ADVERTISEMENT

ജൂറാസിക് പാർക്ക് സിനിമ കണ്ടിട്ടുള്ള കൊച്ചുകൂട്ടുകാർ ഒരിക്കലും ടി–റെക്സിനെ മറക്കില്ല. ടൈറാനസോറസ് റെക്സ് എന്ന ദിനോസറിന്റെ ചുരുക്കപ്പേരാണ് ടി റെക്സ്. ജൂറാസിക് കാലഘട്ടത്തിലെ ഏറ്റവും ഭീകരനായ മാംസഭോജികളിലൊന്നായിരുന്നു ഇത്. സിനിമയിലും മനുഷ്യനെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നതും ഈ ഭീകരനാണ്. ടി–റെക്സിന്റെ ഒരു ബന്ധുവിന്റെ ഫോസിൽ അർജന്റീനയിൽ നിന്നു കണ്ടെത്തി. ഏകദേശം 9 കോടി വർഷത്തെ പഴക്കമുണ്ടായിരുന്നു ഫോസിലിന്. ആ ദിനോസറും ടി–റെക്സിനെപ്പോലെ മാംസഭോജിയായിരുന്നു. ഒരുപക്ഷേ അതിനേക്കാളും ഭീകരനായിരുന്നു ട്രാൽക്കസോറസ് കുയി എന്നു പേരിട്ട ഈ ദിനോസറെന്നും ഗവേഷകർ പറയുന്നു. 

 

ഭീകരനായ ഉരഗം എന്നാണ് പറ്റഗോണിയയിലെ പ്രാദേശിക ഗോത്രഭാഷയിൽ ഈ ദിനോസറിന്റെ പേരുതന്നെ. ഏകദേശം 13 അടി നീളമുണ്ടായിരുന്നു ഇതിന്. പക്ഷേ വലുപ്പത്തിന്റെ കാര്യത്തിൽ ടി–റെക്സ് തന്നെയാണു മുന്നിൽ. അതിന് ഏകദേശം 40 അടിയായിരുന്നു നീളം. അർജന്റീനയിലെ റിയോ നെഗ്രോ പ്രവിശ്യയിൽ നിന്നായിരുന്നു ട്രാൽക്കസോറസ് കുയിയുടെ തലയോട്ടിയും പല്ലുകളും വാരിയെല്ലും മുതുകെല്ലും വാലും ഉൾപ്പെടയുള്ള ഭാഗങ്ങൾ ചേർന്ന ഫോസിൽ ലഭിച്ചത്. എന്തുതരം ഭക്ഷണമായിരിക്കും ഇവ കഴിച്ചിട്ടുണ്ടാവുക? സസ്യഭുക്കുകളായ ദിനോസറുകളായിരുന്നു ട്രാൽക്കസോറസുകളുടെ പ്രധാന ഇരകളെന്നാണു കരുതുന്നത്. ഇഗ്വാനോഡോന്റെ എന്നറിയപ്പെടുന്ന സസ്യഭുക്കുകളായ ദിനോസറുകളായിരുന്നു പ്രധാന ഉരകൾ. പല്ലികളെയും ആമകളെയും പോലുള്ള ജീവികളെയും ഇവ ഭക്ഷണമാക്കിയിട്ടുണ്ടാകാമെന്നും പാലിയന്റോളജിസ്റ്റുകൾ പറയുന്നു. 

 

ടി–റെക്സിനെപ്പോലെത്തന്നെ ഇവയ്ക്കും കഴുത്തിനു നീളം കുറവായിരുന്നു. പിൻകാലിലെ നാലു വിരലുകളിലും കൂർത്തുവളഞ്ഞ നഖങ്ങളും. ഇതുപയോഗിച്ച് ഇരകളെ ചവിട്ടിപ്പിടിച്ചായിരുന്നു ടി–റെക്സ് ഭക്ഷണമാക്കിയിരുന്നത്. പുതിയ ഇനം ദിനോസറിന്റെ കൈകൾക്കു വലുപ്പം കുറവായിരുന്നു. എല്ലുകൾക്കും പല ഭാഗത്തും ഭാരം കുറവ്. ടി–റെക്സിന്റെ ‘തനാറ്റോ’ എന്നു പേരുള്ള മറ്റൊരു ബന്ധുവിന്റെ ഫോസിൽ അടുത്തിടെ കാനഡയിൽ നിന്നു കണ്ടെത്തിയിരുന്നു. മരണം കൊയ്യുന്നവൻ എന്നായിരുന്നു ഇതിനു ഗവേഷകർ നൽകിയ വിശേഷണം. ഏകദേശം എട്ടു കോടി വർഷം മുൻപ് വടക്കേ അമേരിക്കയിൽ ചുറ്റിക്കറങ്ങിയിരുന്ന ഇവയും ടി–റെക്സിനേക്കാൾ ക്രൂരന്മാരായിരുന്നുവെന്നാണു കരുതുന്നത്. 

 

<br><br> Summary : New carnivorous dinosaur Ttralkasaurus Cuyi unearthed in Argentina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com