ADVERTISEMENT

പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ പ്രചാരം നേടിയ സയൻസ് ഫിക്ഷൻ നോവലുകളും പിൽക്കാലത്തു വന്ന നിരവധി സിനിമകളും കാരണം അന്യഗ്രഹജീവികളും അവയുടെ പറക്കും തളികകളുമൊക്കെ നമ്മളെ സംബന്ധിച്ച് നിഗൂഢതകൾ നൽകുന്ന സങ്കൽപങ്ങളാണ്. ഇന്നു പലപ്പോഴും അന്യഗ്രഹജീവികളുടെ പേടകങ്ങൾ കണ്ടെന്നും മറ്റും ലോകത്ത് പലയിടങ്ങളിൽ നിന്ന് അവകാശവാദങ്ങൾ ഉയരാറുണ്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയും പെന്റെഗണും പോലും ദുരൂഹതയുയർത്തുന്ന പലവിധ രേഖകൾ പുറത്തുവിട്ട് ഇക്കാര്യത്തിൽ കൗതുകം ജനമനസ്സുകളിൽ ഏറ്റിയിട്ടുമുണ്ട്.

എന്നാൽ അന്യഗ്രഹജീവികളെപ്പറ്റിയോ അവരുടെ വാഹനങ്ങളെപ്പറ്റിയോ ഒന്നും വലിയ ധാരണകളോ സങ്കൽപങ്ങളോ വികസിക്കാത്ത കാലഘട്ടമായിരുന്നു പതിനാറാം നൂറ്റാണ്ട്. അക്കാലത്ത്, കൃത്യമായി പറഞ്ഞാൽ 1561ലെ ഇതുപോലൊരു ഏപ്രിൽ ആദ്യപകുതിയിൽ വളരെ വിചിത്രമായ ഒരു സംഭവവികാസം ജർമൻ നഗരമായ ന്യൂറംബർഗിൽ അരങ്ങേറി. 460 വർഷങ്ങൾ പിന്നിട്ട് ഇക്കാലത്തും ഇതെന്താണെന്നു കൃത്യമായി മനസ്സിലാക്കാനോ കാരണം പറയാനോ ശാസ്ത്രജ്ഞർക്കു സാധിച്ചിട്ടില്ല. ന്യൂറംബർഗ് 1561 സെലസ്റ്റിയൽ ഫിനോമിനൻ എന്ന പേരിൽ ദുരൂഹതയുടെ പുതപ്പണിഞ്ഞ് ഇന്നും നിൽക്കുകയാണ് ഈ സംഭവം.

ന്യൂറംബർഗിലെ അദ്ഭുതമാനം

ഇന്ന് ജർമനിയിലെ ബവേറിയ എന്ന സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന, ജർമനിയിലെ 14 ാമത്തെ വലിയ നഗരമാണ് ന്യൂറംബർഗ്. എന്നാൽ ചരിത്രപരമായും സാംസ്‌കാരികപരമായും യൂറോപ്പിൽ വലിയ സ്ഥാനമുള്ള നഗരമാണ് ഇത്. പഴയകാലത്ത് യൂറോപ്പിലെ പ്രബലശക്തിയായിരുന്ന ഹോളി റോമൻ സാമ്രാജ്യത്തിന്റെ അനൗദ്യോഗിക അധികാരകേന്ദ്രമായിരുന്നു ന്യൂറംബർഗ്. യൂറോപ്യൻ വാണിജ്യത്തിന്റെ ഒരു പ്രമുഖ കണ്ണിയും.

1561 ഏപ്രിൽ 14

നല്ല വേനലായിരുന്നു ആ ദിവസം. സൂര്യൻ മാനത്തു ഉദിച്ചു പ്രഭാതത്തിലെ പ്രകാശം പരന്നു. എന്നാൽ പെട്ടെന്നാണ് കണ്ടവരിൽ ഞെട്ടലുളവാക്കുന്ന ആ സംഭവം നടന്നത്. സൂര്യനുചുറ്റും പലതരം ആകൃതിയിലുള്ള വസ്തുക്കൾ മാനത്തു പരന്നു. സിലിണ്ടർ ആകൃതിയുള്ളവ, നീണ്ടു തടിച്ച പൈപ്പുകളുടെ ആകൃതിയുള്ളവ, ബോളുകളെ അനുസ്മരിപ്പിക്കുന്നവ ..... നഗരത്തിലെ ഒട്ടേറെപ്പേർ ഈ കാഴ്ച കണ്ടു തരിച്ചു നിന്നു. നൂറുക്കണക്കിന് വസ്തുക്കളുണ്ടായിരുന്നു മാനത്ത്.

ഇന്നു സയൻസ് ഫിക്ഷൻ സിനിമകളിലൊക്കെ കാണുന്നതു പോലെ ആകാശത്ത് യുദ്ധം നടക്കുന്ന പ്രതീതിയാണ് ഇതുമൂലം ഉടലെടുത്തത്. ഇതിനിടെ കറുത്ത ത്രികോണാകൃതിയുള്ള ഒരു വസ്തു പറന്നുപോകുന്നതും നഗരപ്രാന്തത്തിൽ ഒരു വലിയ ശബ്ദം ഉടലെടുത്തതും നഗരവാസികൾ കേട്ടു.

1561-celestial-phenomenon-over-nuremberg
Celestial phenomenon over the German city of Nuremberg on April 14, 1561, illustrated news notice in the same month. Photo Credits; Wikipedia

ഹാൻസ് ഗ്ലേസർ കണ്ടത്

അക്കാലത്തു ന്യൂറംബർഗിൽ ജീവിച്ചിരുന്ന ഒരു പെയിന്‌ററും എഴുത്തുകാരനുമായിരുന്നു ഹാൻസ് ഗ്ലേസർ. ഒരു ചരിത്രകാല ജേണലിസ്റ്റ് എന്നു വിളിക്കാവുന്ന ഗ്ലേസർ അന്നു നഗരത്തിലും മേഖലയിലുമൊക്കെ നടന്ന പല സംഭവങ്ങളും തന്റെ ചിത്രങ്ങളുടെ അകമ്പടിയോടെ പത്രക്കടലാസിന്റെ വലുപ്പമുള്ള ബ്രോഡ്ഷീറ്റ് താളുകളിൽ രേഖപ്പെടുത്തി വയ്ക്കാറുണ്ടായിരുന്നു. ന്യൂറംബർഗിലെ ഈ അദ്ഭുത പ്രതിഭാസവും അദ്ദേഹം ഒരു ബ്രോഡ്ഷീറ്റിലാക്കി. ഉഗ്രനൊരു വരയും വരച്ചു. ആകാശത്തു കണ്ട വസ്തുക്കളിൽ ചിലതിനു ചുവന്ന നിറവും മറ്റുള്ളവ നീല, കറുപ്പ് നിറങ്ങളിലുള്ളവയുമാണെന്ന് ഗ്ലേസർ പറയുന്നു. ഇവ താഴേക്കു വീഴാൻ തുടങ്ങിയെന്നും എന്നാൽ താഴെയെത്തുന്നതിനു മുൻപു തന്നെ പുകഞ്ഞുതീർന്നെന്നും വിവരണത്തിലുണ്ട്. ഒരു മണിക്കൂറോളം ഈ പ്രതിഭാസം നീണ്ടുനിന്നെന്നും ഗ്ലേസർ പറയുന്നു.

എന്താ സംഭവം?

പലരും പല വ്യാഖ്യാനങ്ങൾ സംഭവത്തിനു നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഇതൊക്കെ ആളുകളുടെ തോന്നലാകാം എന്നാണ് പ്രശസ്ത സൈക്കോളജിസ്റ്റായ കാൾ ജങ് പിൽക്കാലത്ത് ഇതിനെപ്പറ്റി അഭിപ്രായപ്പെട്ടത്. സൂര്യനു ചുറ്റും പ്രകാശവലയങ്ങൾ രൂപപ്പെടുന്ന സൺഡോഗ് എന്ന പ്രതിഭാസമാകാമെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വാദത്തിന് അത്ര ശക്തിയില്ല, കാരണം, സൺഡോഗിൽ ഒരു വലയം ദൃശ്യമാകുമെന്നതിനുപരി വിചിത്ര ആകൃതിയിലുള്ള വസ്തുക്കളൊന്നും ദൃശ്യമാകില്ല. മറ്റൊരു സാധ്യതയുള്ളത്, സംഭവം അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ളതാകാമെന്നാണ്. ഇതിനും തെളിലുകളില്ല. ഏതായാലും ന്യൂറംബർഗ് 1561 സെലസ്റ്റിയൽ ഫിനോമിനൻ ഒരു ചുരുളഴിയാ സംഭവമായി നിൽക്കുന്നു.

ഹാൻസ് ഗ്ലെസറിന്റെ വിവരണം. (വിക്കിമീഡിയ കോമൺസ്)

English Summary: 1561 Celestial phenomenon over Nuremberg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com