സൂര്യനിൽ നിന്നു തീക്കാറ്റ്, ഭൂമി ഇരുട്ടിലാകും; നക്ഷത്രങ്ങളിലെ സൂപ്പർഫ്ലെയർ

HIGHLIGHTS
  • വൻതോതിൽ ചൂടും മറ്റും പുറന്തള്ളപ്പെടുകയും ചെയ്യും
could-a-superflare-happen-on-our-sun
Representative image. Photo Credits : oneinchpunch/ Shutterstock.com
SHARE

കുറുമ്പന്മാരും കുറുമ്പത്തികളുമായ കുട്ടികളെ കാണുമ്പോൾ ചിലർ പറയുന്നതു കേട്ടിട്ടില്ലേ– ചെറുപ്പത്തിന്റെ ആവേശമാണ് അവർക്കെന്ന്. ഭൂമിയിൽ മാത്രമല്ല ബഹിരാകാശത്തുമുണ്ട് അങ്ങനെ ചെറുപ്പത്തിന്റെ ‘ആവേശം’ കാണിക്കുന്ന ചിലർ. നക്ഷത്രങ്ങളാണെന്നു മാത്രം. പുതുതായി രൂപപ്പെട്ട, അത്രയേറെ പ്രായമില്ലാത്ത നക്ഷത്രങ്ങളാണു പ്രശ്നക്കാർ. അവയിൽ ചിലത് അതിവേഗം ചുറ്റിത്തിരിയുന്നവയായിരിക്കും. ഈ നക്ഷത്രങ്ങളിൽ കാന്തിക പ്രവർത്തനങ്ങളും കൂടുതയായിരിക്കും, വൈദ്യുതിവഹിക്കാന്‍ ശേഷിയുള്ള പ്ലാസ്മ നക്ഷത്രത്തിനുള്ളിൽ തലങ്ങും വിലങ്ങും പായുമ്പോഴാണ് ഇത്തരം കാന്തികമണ്ഡലം അഥവാ മാഗ്നറ്റിക് ഫീൽഡ് ഉണ്ടാകുന്നത്. ഇതിന്റെ ഫലമായി വൻതോതിൽ ചൂടും മറ്റും പുറന്തള്ളപ്പെടുകയും ചെയ്യും. തീക്കാറ്റ് എന്നുതന്നെ വിശേഷിപ്പിക്കാം ഇവയെ. 

2000ത്തിലാണ് ഇത്തരത്തിൽ ഭൂമിയിൽ നിന്ന് ഏറെ ദൂരെയുള്ള നക്ഷത്രങ്ങളിൽ ചിലതു വന്‍തോതില്‍ തീക്കാറ്റ് പുറന്തള്ളുന്നതായി ഗവേഷകർ കണ്ടെത്തിയത്. അതും സൂര്യനിൽ നിന്നുണ്ടാകുന്നതിനേക്കാൾ അനേകം മടങ്ങ് ശക്തിയില്‍. ഇന്നേവരെയുണ്ടാകാത്ത ആ കാഴ്ചയ്ക്കു മുന്നിൽ അവർ അമ്പരന്നു പോവുക തന്നെ ചെയ്തു. അപ്പോഴും പ്രായം ചെന്ന നമ്മുടെ സൂര്യനെപ്പോലുള്ള നക്ഷത്രങ്ങളൊന്നും ഇത്തരത്തിൽ ഇടയ്ക്കിടെ തീക്കാറ്റൂതി പേടിപ്പിക്കില്ല എന്നായിരുന്നു ഗവേഷകരുടെ വിശ്വാസം. പതിയെ ചുറ്റിക്കറങ്ങുന്ന സൂര്യനെപ്പോലുള്ള നക്ഷത്രങ്ങളിൽ ‘സൂപ്പർഫ്ലെയർ’ എന്നറിയപ്പെടുന്ന തീക്കാറ്റ് പുറപ്പെടുവിക്കാൻ തക്ക കാന്തിക പ്രവർത്തനങ്ങളൊന്നും നടക്കില്ലെന്നായിരുന്നു നിഗമനം. എന്നാൽ അതെല്ലാം തെറ്റിയെന്നാണ് റിപ്പോർട്ട്. 

ഭൂമിയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെ കണ്ടെത്താൻ നാസ ബഹിരാകാശത്തേക്ക് അയച്ച കെപ്ലർ സ്പെയ്സ് ടെലിസ്കോപ്പാണ് ഇതിനു വേണ്ട തെളിവ് നൽകിയത്. ഇതുപയോഗിച്ച് പല നക്ഷത്രങ്ങളിലെയും സൂപ്പർഫ്ലെയറുകൾ പരിശോധിച്ചിരുന്നു. സൂര്യനെപ്പോലുള്ള ജി ടൈപ്പ് മെയിൻ സീക്വൻസ് നക്ഷത്രങ്ങളിൽ (മഞ്ഞക്കുള്ളൻ) സൂപ്പർഫ്ലെയറുകൾ കണ്ടെത്തിയതിന്റെ തെളിവുകളോടെയായിരുന്നു ഗവേഷകരുടെ റിപ്പോർട്ട്. വളരെ അപൂർവമായാണ് ഈ പ്രതിഭാസം സംഭവിക്കുക. എന്നാൽ സൂര്യനെപ്പോലുള്ളവയിലും ഇതുണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മറ്റുനക്ഷത്രങ്ങളെപ്പോലെ അത്ര ഭീകരമായിട്ടല്ലെന്നു മാത്രം. ഇതെപ്പോൾ സംഭവിക്കുമെന്നും പറയാനാകില്ല, അതിനുള്ള പഠനം നടത്തിയിട്ടില്ലെന്നതു തന്നെ കാരണം. 

അടുത്ത 100 വർഷത്തിനകം സൂര്യനിൽ നിന്നുള്ള കൊടുംതീക്കാറ്റ് ഭൂമിയിലേക്കെത്തുമെന്ന കാര്യം ഉറപ്പ്. ഇതിനെപ്പറ്റി കൂടുതൽ പഠിക്കാനായി കെപ്ലറിൽ നിന്നും യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ ഗയ പേടകത്തിൽ നിന്നും ന്യൂ മെക്സിക്കോയിലെ അപാഷെ പോയിന്റ് ഒബ്സർവേറ്ററിയിൽ നിന്നും ലഭിച്ച ഡേറ്റകൾ വിശകലനം ചെയ്യുകയാണ് ഗവേഷകർ. സൂര്യനെപ്പോലിരിക്കുന്ന 43 നക്ഷത്രങ്ങൾ സൂപ്പർഫ്ലെയറുകൾ പുറപ്പെടുവിച്ചതിന്റെ തെളിവുകൾ ലഭിച്ചു കഴിഞ്ഞു. എന്നാൽ സൂര്യനിൽ നിന്നുള്ള തീക്കാറ്റ് എപ്രകാരം വ്യത്യസ്തമായിരിക്കുമെന്നു മാത്രം പിടികിട്ടിയിട്ടില്ല. അതിന് ഇനിയും ഏറെ നിരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. 

നക്ഷത്രങ്ങളിൽ ആഴ്ചയിലൊരിക്കൽ എന്ന കണക്കിന് തീക്കാറ്റുണ്ടാകാറുണ്ട്. എന്നാൽ സൂര്യനിൽ അത് ആയിരം വർഷത്തിലൊരിക്കൽ എന്നായിരിക്കും ശരാശരി കണക്ക്. ആ ധാരണ മാത്രമേ ഇപ്പോൾ നമുക്ക് ആശ്വസിക്കാനുള്ളൂ. പക്ഷേ സൂര്യനിൽ നിന്നു തീക്കാറ്റ് എന്നു വീശുമെന്നു മാത്രമല്ല അവ വീശിയാൽ എന്തെല്ലാം ചെയ്യണമെന്നതിനെപ്പറ്റിയും ചിന്തിക്കേണ്ട സമയമായി. നിലവിലെ സാധ്യതകളനുസരിച്ച് ശക്തിയേറിയ ഒരു സൂപ്പർഫ്ലെയർ വീശിയടിച്ചാൽ ഭൂമിയിലെ സകല സാങ്കേതികതയും തകരാറിലാകും. മൊത്തം വൈദ്യുതി ശൃംഖലയും തകരുക, ലോകം ഇരുട്ടിലാവുക, സാറ്റലൈറ്റ് ബന്ധം വിച്ഛേദിക്കപ്പെടുക, കംപ്യൂട്ടർ ശൃംഖലകൾ തകരുക, ബഹിരാകാശത്ത് അതിമാരക റേഡിയേഷനുണ്ടാവുക... തുടങ്ങിയ പ്രശ്നങ്ങളാണ് നിലവിൽ ആകെ അറിയാവുന്നത്. ഇന്നേവരെ കാണാത്ത വിധത്തിലുള്ള ദുരന്തമായിരിക്കും ഇതു വരുത്തിവയ്ക്കുക. പണമാണെങ്കിലോ, നഷ്ടമാകുന്ന കോടികൾക്കു കണക്കുണ്ടാകില്ല. 

നിലവിൽ നൂറുകണക്കിനു പ്രകാശവർഷം അകലെ ഗവേഷകർ കണ്ടെത്തിയ സൂപ്പർഫ്ലെയർ പോലെ ഒന്നാണു ഭാവിയിൽ വീശുന്നതെങ്കിൽ എന്താണു സംഭവിക്കുകയെന്നു പോലും ആർക്കും അറിയില്ലെന്നു ചുരുക്കം. എത്രയും പെട്ടെന്ന് ഈ ദുരന്തത്തിനെതിരെ മുന്നൊരുക്കങ്ങൾ നടത്തണമെന്നും ആസ്ട്രോഫിസിക്കൽ ജേണലിലെ പഠനത്തിൽ പറയുന്നു.

English Summary : Could a superflare happen on our sun

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA