മാഡം മാവോ - ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ അമ്മാനമാടിച്ച വിവാദനായിക: ക്രൂരതകളുടെ അധ്യായം

HIGHLIGHTS
  • ജിയാങ് ക്വിങ്ങിന്റെ മുപ്പതാം ചരമവാർഷികം കൂടിയാണു കടന്നുപോകുന്നത്
  • ഉരുക്കുകൈകളുള്ള ഒന്നാംവനിത
the-life-and-death-of-jiang-qing-or-madame-mao
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ
SHARE

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം വലിയ ആഘോഷമായി ആചരിക്കുകയാണു നമ്മുടെ അയൽരാജ്യമായ ചൈന. ഒട്ടേറെ ഉയർച്ചകളും താഴ്ചകളും നേരിട്ട പാർട്ടി ഇന്ന് വളരെ കരുത്തുറ്റ നിലയിലാണു ചൈനയിൽ. മനുഷ്യത്വവിഷയങ്ങൾ, ഉയിഗുർ പ്രതിസന്ധി, ടിയാനൻമെൻ സ്‌ക്വയർ തുടങ്ങി കുപ്രസിദ്ധങ്ങളായ ഒട്ടേറെ ഏടുകളും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. ഒരു രാജ്യത്തെ പ്രധാനമന്ത്രിയുടെ വളർത്തുമക്കളെ അയാൾ അധികാരത്തിലിരിക്കെ തന്നെ രാഷ്ട്രീയ ഈർഷ്യ തീർക്കാനായി അയാളുടെ പാർട്ടിയിലെ ഒരു വനിതാ നേതാവ് കൊലപ്പെടുത്തിക്കളയുന്നത് നമുക്ക് സങ്കൽപിക്കാനാകുമോ? അതും ക്രൂരമായ ആക്രമണങ്ങൾക്കു ശേഷം.

എന്നാൽ ഇങ്ങനെയൊന്ന് ചൈനയിൽ നടന്നിരുന്നു. ആ കഥയിലെ വില്ലത്തിയായിരുന്നു ജിയാങ് ക്വിങ്. മാവോ സെദുങ്ങിന്റെ നാലാമത്തെ ഭാര്യ. ചൈനയിൽ പതിനായിരക്കണക്കിനു പേരുടെ മരണത്തിനും ലക്ഷക്കണക്കിനു പേരുടെ പലായനത്തിനും സാംസ്‌കാരികനാശത്തിനും കാരണമായ സാംസ്‌കാരികവിപ്ലവത്തിന്റെ പ്രധാന സംഘാടക. അക്കാലത്തെ ചൈനക്കാർ ഭയഭക്തി ബഹുമാനത്തോടെ അവരെ മാഡം മാവോയെന്നു വിളിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിനൊപ്പം ജിയാങ് ക്വിങ്ങിന്റെ മുപ്പതാം ചരമവാർഷികം കൂടിയാണു കടന്നുപോകുന്നത്.

ജിയാങ് ക്വിങ് 1914 മാർച്ചിലാണു ജനിച്ചത്. ചൈനയിലെ ഷാഡോങ് പ്രവിശ്യയിൽ . ഒരു തടിപ്പണിക്കാരന്റെയും അയാളുടെ രണ്ടാം ഭാര്യയുടെയും മകളായായിരുന്നു പിറവി. തികഞ്ഞ മദ്യപനായിരുന്നു ജിയാങ്ങിന്റെ പിതാവ്. അമ്മയെ പിതാവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ കണ്ടാണ് ജിയാങ് കുട്ടിക്കാലത്ത് വളർന്നുവന്നത്. അവളുടെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരിച്ചു. പിന്നീട് തിയാൻജിൻ എന്ന നഗരത്തിലേക്ക് അമ്മയ്‌ക്കൊപ്പം ജിയാങ് യാത്രയായി.

വിപ്ലവത്തിനു മുൻപുള്ള ചൈനീസ് രാഷ്ട്രീയത്തിലെ പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു അത്. ദാരിദ്ര്യവും അഴിമതിയും കെടുകാര്യസ്ഥതയും അവിടെ നടമാടി. ജിയാങ്ങിന്റെ കുടുംബം പാവപ്പെട്ടതായിരുന്നു. നിത്യച്ചെലവുകൾക്കായി ഒരു സിഗററ്റ് ഫാക്ടറിയിൽ ചെറുപ്രായത്തിൽ തന്നെ അവൾ ജോലിക്കു പോയിത്തുടങ്ങി. താമസിയാതെ ജിയാങ് തന്റെ മേഖല കണ്ടുപിടിച്ചു....അഭിനയം. അന്ന് നാടകങ്ങൾ ചൈനയിൽ വളരെ പ്രശസ്തി നേടിയകാലമായിരുന്നു. പടിഞ്ഞാറൻ രീതിയിലുള്ള നാടകസ്‌കൂളുകൾ അവിടെ ശക്തി പ്രാപിച്ചുവന്നു. നാടകങ്ങൾ കാണാൻ പണക്കാരും പാവപ്പെട്ടവരും ഒരേപോലെ വേദികളിലെത്തി. ജിനാനിലെ ഒരു നാടകസ്‌കൂളിലായിരുന്നു ജിയാങ്ങിന്റെ അരങ്ങേറ്റം. തന്റെ അഭിനയശേഷി കൊണ്ട് അവൾ എല്ലാവരെയും അമ്പരപ്പിച്ചു. അഭിനയപ്രതിഭ രാകിമിനുക്കാനായി, താമസിയാതെ ബെയ്ജിങ്ങിലെ ഒരു നാടക സ്‌കൂളിലേക്ക് അവൾ അയയ്ക്കപ്പെട്ടു.

കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക്

1931 മേയിൽ ബെയ്ജിങ്ങിൽ നിന്നു ജിനാനിൽ തിരിച്ചെത്തിയ ശേഷം അവൾ പേയ് മിൻഗ്ലുൻ എന്ന ഒരു ധനികനെ വിവാഹം കഴിച്ചു. തൊട്ടടുത്ത വർഷം പഠനത്തിനായി കോളജിൽ ചേർന്ന ജിയാങ് ആദ്യവിവാഹം നിലനിൽക്കെ തന്നെ യു ക്വിവെയ് എന്ന ഭൗതികശാസ്ത്ര വിദ്യാർഥിയുമായി പ്രണയത്തിലാകുകയും ഒരുമിച്ചു താമസിക്കാൻ തുടങ്ങുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു രഹസ്യപ്രവർത്തകനായിരുന്നു ക്വിവെയ്.  അന്ന് ചൈനീസ് വിപ്ലവം അരങ്ങേറിയിരുന്നില്ല, അധികാരവും പാർട്ടിക്കില്ലായിരുന്നു. അതിനാൽ തന്നെ പാർട്ടിയംഗങ്ങളിൽ പലരും രഹസ്യാത്മകമായാണു പ്രവർത്തിച്ചിരുന്നത്.

the-life-and-death-of-jiang-qing-or-madame-mao
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

താമസിയാതെ ജിയാങ്ങും പാർട്ടിയിൽ ചേർന്നു. എന്നാൽ 1934ൽ അവർ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിൽ നിന്നു പുറത്തിറങ്ങിയശേഷം കുറച്ചുകാലം കൂടി ക്വിവെയ്‌ക്കൊപ്പം ബെയ്ജിങ്ങിൽ കഴിഞ്ഞശേഷം അഭിനയത്തിനുള്ള കൂടുതൽ അവസരങ്ങൾ തേടി ഷാങ്ഹായിയിലേക്കു പോയി. അവിടെയാണു അവർ അവരുടെ മൂന്നാംഭർത്താവിനെ കണ്ടെത്തിയത്. ടാങ് ന എന്ന ചൈനീസ് നടനെ. എന്നാൽ ഈ ബന്ധവും അധികനാൾ മുന്നോട്ടുപോയില്ല.

മാവോയുടെ നാലാംഭാര്യ

അക്കാലത്ത് ചൈനയെ ജപ്പാൻ ആക്രമിച്ചു. ഇതോടെ ജിയാങ് ഷാങ്ഹായി വിട്ട് യനാൻ എന്ന കമ്യൂണിസ്റ്റ് സ്വാധീനമുള്ള പ്രവിശ്യയിലേക്കു പോയി. ഇവിടെ നാടകം പഠിപ്പിക്കലും മറ്റുമായി കഴിഞ്ഞുകൂടുന്നതിനിടെയാണ് അവർ മാവോ സെദുങ്ങിനെ പരിചയപ്പെടുന്നത്. അന്നു നാൽപ്പത്തിയഞ്ചുകാരനായ മാവോ കമ്യൂണിസ്റ്റുകാർക്കിടയിൽ ഹീറോ പരിവേഷമുള്ള നായകനായിരുന്നു. മാവോ അന്നു വിവാഹിതനായിരുന്നു. മൂന്നാമത് വിവാഹം കഴിച്ച ഹീ സിസെൻ എന്ന വനിതയായിരുന്നു അക്കാലത്തെ മാവോയുടെ ഭാര്യ. എങ്കിലും മാവോയും ജിയാങ്ങും തമ്മിൽ സൗഹൃദത്തിലായി. കമ്യൂണിസ്റ്റ് പാർട്ടിയിലെ പലരുടെയും എതിർപ്പിനിടയിലും ഇരുവരും 1938 നവംബറിൽ വിവാഹിതരായി.

ഉരുക്കുകൈകളുള്ള ഒന്നാംവനിത

1949ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധികാരത്തിലുള്ള പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായി, മാവോ അതിന്റെ പരമോന്നത നേതാവും. ജിയാങ് പ്രഥമവനിതയെന്ന പെരുമയേറിയ സ്ഥാനത്തെത്തി. താമസിയാതെ രാഷ്ട്രീയത്തിലും ഭരണകാര്യങ്ങളിലുമുള്ള അവരുടെ സ്വാധീനം വർധിച്ചു. ചൈനയുടെ കലാ സാംസ്‌കാരിക, സാഹിത്യ, സിനിമാമേഖലകളിൽ ജിയാങ് കൈകടത്തിത്തുടങ്ങി. എന്നാൽ 1958 മുതൽ 61 വരെ മാവോ ചൈനയിൽ നടപ്പാക്കിയ ഗ്രേറ്റ് ലീപ് പദ്ധതി വമ്പൻരീതിയിൽ പൊളിഞ്ഞതോടെ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ തന്നെ മാവോയ്‌ക്കെതിരെ എതിർസ്വരങ്ങൾ ഉയർന്നു തുടങ്ങി. ഇതിൽ നിന്നു രക്ഷ നേടാൻ മാവോ ആശ്രയിച്ചത് ഭാര്യയായ ജിയാങ്ങിനെയായിരുന്നു. ഇതൊരു അവസരമായി മനസ്സിലാക്കി എല്ലാത്തരം കലാ സാംസ്‌കാരികപ്രവൃത്തികളെയും തന്റെ ഇഷ്ടപ്രകാരമാക്കി ജിയാങ്.

ഗ്യാങ് ഓഫ് ഫോർ

ഇതേ സമയത്താണ് ചൈനയിൽ സാംസ്‌കാരിക വിപ്ലവം അരങ്ങേറുന്നത്. നിലവിലുള്ള എല്ലാത്തരം സാംസ്‌കാരിക പ്രവർത്തനങ്ങളെയും കലകളെയും തച്ചുടച്ച ഈ വിപ്ലവത്തിനു ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ടത് ജിയാങ്ങിനൊപ്പം ഴാങ് ചുങ്‌ഖ്യോ, യോ വെന്യുവാൻ, വാങ് ഹോങ്വെൻ എന്നീ നേതാക്കളാണ്. ഗാങ് ഓഫ് ഫോർ എന്ന പേരിൽ ഇവർ അറിയപ്പെട്ടു. പിൽക്കാലത്ത് ചൈനയിലെ കുപ്രസിദ്ധ പേരുകളിലൊന്നായി ഇതു മാറി. സാംസ്‌കാരിക വിപ്ലവത്തോടെ, വർഷങ്ങളുടെ പാരമ്പര്യമുള്ള ചൈനയുടെ കല, സാംസ്‌കാരിക, സാഹിത്യരംഗം പല്ലെല്ലാം കൊഴിഞ്ഞ്, ജിയാങ്ങിന്റെ ആജ്ഞകൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു യന്ത്രമായി മാറി. മാവോ സെദുങ്ങിന്റെ വീരസ്യങ്ങളും പാർട്ടി നിലപാടുകളും വിളിച്ചുപറയാനായിരുന്നു മേഖലയുടെ നിയോഗം. ഇതിനെല്ലാം ജിയാങ് വിദഗ്ധമായി ചുക്കാൻ പിടിച്ചു.

the-life-and-death-of-jiang-qing-or-madame-mao
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

അടക്കാനാവാത്ത അസൂയയും ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാത്ത പ്രകൃതവും ഇവർക്കുണ്ടായിരുന്നെന്നു പറയപ്പെടുന്നു. രണ്ടു ഷോട്ട് സെഡേറ്റീവുകളും മൂന്ന് ഉറക്കഗുളികകളും ദിവസേന ഉപയോഗിച്ചാണ് ഇവർ ഉറങ്ങിയിരുന്നത്.പക്ഷികളുടെ സ്വരങ്ങൾ ഇവർ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ, ജിയാങ് ഉറങ്ങുമ്പോൾ വീട്ടിനു പരിസരത്തെ മരങ്ങളിലേക്കു വരുന്ന പക്ഷികളെ ആട്ടിയോടിക്കാൻ വീട്ടുജോലിക്കാർ ശ്രദ്ധയോടെ നിന്നു. സാംസ്‌കാരിക വിപ്ലവം കൊടുമ്പിരികൊണ്ടിരുന്നപ്പോൾ പാശ്ചാത്യമായ സിനിമ ഉൾപ്പെടെ കലകൾക്കു ചൈനയിൽ വിലക്കുണ്ടായിരുന്നു. ബൂർഷ്വാസി കല എന്നാണ് ഇതിനെ ജിയാങ് തന്നെ വിശേഷിപ്പിച്ചത്. എന്നാൽ ഇതേ നിയമം സ്വയം പാലിക്കാൻ ജിയാങ് തയാറായിരുന്നില്ല. ഹോളിവുഡ് നടി ഗ്രേറ്റ ഗാർബോയുടെ സിനിമകൾ കാണാനായിരുന്നു അവർക്ക് ഏറ്റവും താൽപര്യം.

ക്രൂരതയുടെ അധ്യായങ്ങൾ

തനിക്കെതിരെ നിൽക്കുന്നവർ അല്ലെങ്കിൽ തനിക്ക് താൽപര്യമില്ലാത്തവരെ യാതൊരു ദയയുമില്ലാതെ ആക്രമിക്കുന്നതിൽ ജിയാങ് യാതൊരു മടിയും കാട്ടിയില്ല.മാവോയ്ക്കു താഴെ പദവികൾ വഹിച്ച പാർട്ടി വൈസ് ചെയർമാനും പ്രസിഡന്റുമായ ല്യു ഷാഓഖി, ലിൻ ബയോ തുടങ്ങിയ നേതാക്കൾക്കെതിരെ ഇവർ നിശിതമായ ആക്രമണം അഴിച്ചുവിട്ടു. മാവോ കഴിഞ്ഞാൽ ഇതുവരെയുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ ഏറ്റവും കരുത്തനായ ഡെങ്‌സിയാവോയെ പോലും കടന്നാക്രമിക്കാൻ ഇവർ ധൈര്യപ്പെട്ടു. 

റെഡ് ഗാർഡ് എന്ന പേരിൽ യുവ പാർട്ടിപ്രവർത്തകരെ തനിക്കിഷ്ടമില്ലാത്ത മുതിർന്ന നേതാക്കൾക്കെതിരെ അണിനിരത്തിയായിരുന്നു ഇവരുടെ പദ്ധതികൾ. 1949 മുതൽ 1976 വരെ ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ചൗ എൻലായിയോടായിരുന്നു ജിയാങ്ങിന് ഏറ്റവും അനിഷ്ടം. പകതീർക്കാനായി കണ്ടെത്തിയത് വളരെ ക്രൂരമായ മാർഗമാണ്. സൺ യാങ്, സൺ വെയ്ഷി എന്നിങ്ങനെ രണ്ടു വളർത്തുമക്കളുണ്ടായിരുന്നു ചൗവിന്. ഇരുവരെയും ജിയാങ്ങിന്റെ നിർദേശമനുസരിച്ച് റെഡ് ഗാർഡുകൾ കൊന്നുകളഞ്ഞു. സൺ വെയ്ഷിയെ ആറുമാസത്തോളം തട്ടിക്കൊണ്ടുപോയി ഒരു അജ്ഞാത കേന്ദ്രത്തിൽ താമസിപ്പിച്ച ശേഷമാണു കൊലപ്പെടുത്തിയ്. വെയ്ഷിയുടെ ശരീരം കത്തിച്ചുകളയാനും ചിതാഭസ്മം കളയാനും ഇവർ നിർദേശം നൽകി.

സൺ വെയ്ഷിയുടെ പിതാവ് രാജ്യത്തിന്റെ മന്ത്രിസഭയുടെ അധിപനായിരിക്കുമ്പോഴാണ് ഇതെല്ലാം നടന്നതെന്നത് മറ്റു രാജ്യങ്ങളിലുള്ളവരെ അതിശയിപ്പിക്കും.1976ൽ ചൗ എൻലായി മരിച്ചു. എന്നിട്ടും കലിയടങ്ങാതിരുന്ന ജിയാങ് ചൗവിന്റെ പേരിൽ യാതൊരുവിധ അനുസ്മരണപരിപാടികളും പാടില്ലെന്നു കർശന നിർദേശമിറക്കി.

തിരിച്ചടികൾ

1976ൽ മാവോ സെതുങ്ങിന്റെ ആരോഗ്യസ്ഥിതി വഷളായി. ഹൃദയസ്തംഭനമുണ്ടായതിനെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതറിഞ്ഞ് യാത്രയിലായിരുന്ന ജിയാങ് മടങ്ങിയെത്തി. ഡോക്ടർമാരുടെ നിർദേശങ്ങൾ മറികടന്ന് മാവോയുടെ ദേഹത്ത് ഏതോ പൊടികൾ വിതറുകയും അദ്ദേഹം കിടക്കുന്ന രീതി മാറ്റിക്കുകയുമൊക്കെ ചെയ്തു. ഇതെത്തുടർന്ന് മാവോയുടെ ആരോഗ്യം അത്യാസന്നനിലയിലായി. ഡോക്ടർമാർ ഉടനടി പ്രവർത്തിച്ചതിനാൽ അദ്ദേഹം അന്നേരം രക്ഷപ്പെട്ടെങ്കിലും സെപ്റ്റംബർ ഒൻപതിനു മാവോ മരിച്ചു.

മാവോയുടെ വിയോഗത്തിൽ പ്രത്യേകിച്ച് വലിയ ദുഖമൊന്നും ജിയാങ് കാണിച്ചിരുന്നില്ല. പിന്നീട് നടന്ന അധികാരവടംവലികളിലായിരുന്നു അവർക്ക് താൽപര്യം. തന്റെ ഭർത്താവ് അത്രനാൾ കൈയാളിയ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാൻ എന്ന സ്ഥാനത്തേക്കു വരണമെന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാൽ സ്ഥിതിഗതികൾ മാറിമറിഞ്ഞു.

പിന്നീട് അധികാരത്തിലെത്തിയവർ, ജിയാങ്ങിനെ ഇനിയും കയറൂരിവിടുന്നത് നല്ലതല്ലെന്നു തീർച്ചപ്പെടുത്തി. ജിയാങ് ഉൾപ്പെടെ ഗ്യാങ് ഓഫ് ഫോറിലെ എല്ലാ അംഗങ്ങളും താമസിയാതെ അറസ്റ്റ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ഡെങ്‌സിയാവോ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവായി മാറിയിരുന്നു. ജിയാങ്ങിനെതിരെ കേസെടുത്ത് കോടതി വാദം കേട്ടു തുടങ്ങി. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ രാജ്യമെങ്ങും പ്രചരിപ്പിക്കപ്പെട്ടു, ജിയാങ്ങിനെതിരെയുള്ള കേസിന്റെ വാദം കേൾക്കാൻ മുൻ പ്രസിഡന്റ് ല്യു ഷാഓഖിയുടെ വിധവ വാങ് ഗ്വാങ്‌മെ കോടതിയിൽ നേരിട്ടെത്തി. ജിയാങ്ങിന്റെ ക്രൂരത മൂലം നേരത്തെ 12 വർഷം ജയിലിൽ വാങ് കഴിയേണ്ടിവന്നിരുന്നു.

ഇരുപതിനായിരം വാക്കുകളുള്ള കുറ്റപത്രമാണു ജിയാങ്ങിനെതിരെ തയാറാക്കിയിരുന്നത്. ഏഴരലക്ഷത്തോളം പേരുടെ പലായനത്തിനും മുപ്പത്തയ്യായിരം പേരുടെ മരണത്തിനും സാംസ്‌കാരിക വിപ്ലവ കാലഘട്ടത്തിലെ ജിയാങ്ങിന്റെ നടപടികൾ വഴിയൊരുക്കിയെന്ന് കുറ്റപത്രം ആരോപിച്ചു. താമസിയാതെ വാദം അവസാനിച്ചു. ജിയാങ്ങിനെ കോടതി വധശിക്ഷയ്ക്കു വിധിച്ചു. തുടർന്ന് രണ്ടുവർഷത്തിനു ശേഷം ശിക്ഷ ജീവപര്യന്തമാക്കി മാറ്റി. തന്റെ തടവിന്റെ പത്താം വർഷത്തിൽ, 1991 മേയിൽ ജിയാങ് ആത്മഹത്യ ചെയ്തു. ഏറെ കൊട്ടിഘോഷിച്ചു ജിയാങ് നടത്തിയ സാസ്‌കാരിക വിപ്ലവത്തിന് രജതജൂബിലി തികയുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു ആ തൂങ്ങിമരണം. തുടർന്ന് ബെയ്ജിങ്ങിലെ ഫൂട്യാനിൽ അവരെ അടക്കി.

 സ്ത്രീകളുടെ പേര് അത്രയ്‌ക്കൊന്നും ഉയർന്നുകേൾക്കാത്ത ചൈനീസ് രാഷ്ട്രീയത്തിലെ ഏറ്റവും വിവാദവ്യക്തിത്വമുള്ള വനിതയുടെ അവസാനം അങ്ങനെയായിരുന്നു.

English summary: The life and death of Jiang Qing or Madame Mao 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA