ആംബർഗ്രിസ് കുന്നുകൂടി കിടക്കുന്ന തിമിംഗല ശവപ്പറമ്പ്; ഡയാനയെ രക്ഷിക്കാനെത്തിയ ഫാന്റം

HIGHLIGHTS
  • ഒട്ടേറെ പ്രശസ്ത കൃതികളിലും ആംബർഗ്രിസ് പ്രത്യക്ഷപ്പെടുന്നുണ്ട്
ambergris-whale-vomit-and-phantom-comic-book
Spherm Whale dead in Aceh Beach. Photo Credits/ Shutterstock.com
SHARE

തൃശൂർ ചേറ്റുവയിൽ നിന്നു 30 കോടി വിലമതിക്കുന്ന തിമിംഗല ഛർദി അഥവാ ആംബർഗ്രിസ് പിടിച്ച കാര്യം വാർത്തകളിൽ വായിച്ചിരിക്കുമല്ലോ. സ്‌പേം വെയിൽ എന്ന തിമിംഗലത്തിന്റെ ദഹനസ്രവങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ആംബർഗ്രിസ് അമൂല്യമായ വസ്തുവാണ്. പെർഫ്യൂം വ്യവസായത്തിൽ വലിയ പ്രാധാന്യമുള്ള ഈ തിമിംഗലഛർദിക്ക് സ്വർണത്തേക്കാൾ വിലയാണ്. ഒരു കിലോയ്ക്ക് കോടികൾ കിട്ടും. ഇതെല്ലാം തിരിച്ചറിഞ്ഞതിനാൽ പണ്ടു മുതൽ തന്നെ ആംബർഗ്രിസിനു വലിയ പിടിയാണ്. 19ാം നൂറ്റാണ്ടിൽ ഒട്ടേറെ തിമിംഗലങ്ങളുടെ നാശത്തിനിടയാക്കിയ വമ്പൻ തിമിംഗല വേട്ട തുടങ്ങിയതു തന്നെ ആംബർഗ്രിസ് സ്വന്തമാക്കാനുള്ള നാവികരുടെ മോഹത്തിൽ നിന്നാണ്.

ambergris-whale-vomit-and-phantom-comic-book
ഇന്തൊനീഷ്യൻ കടൽത്തീരത്ത് സ്പേം തിമിംഗലങ്ങൾ അടിഞ്ഞപ്പോൾ. ഫയൽ ചിത്രം

ഇന്നു നമുക്ക് ഒട്ടേറെ സൂപ്പർഹീറോമാരെ പരിചയമുണ്ട്. അയൺമാൻ, ബാറ്റ്മാൻ, ഹൾക്ക്, ക്യാപ്റ്റൻ അമേരിക്ക, സൂപ്പർമാൻ എന്നിങ്ങനെ ഒത്തിരിപ്പേർ. ഈ പറയുന്ന സൂപ്പർഹീറോമാരുടെയെല്ലാം മുൻഗാമിയായിരുന്നു ഫാന്റം. ആധുനിക സൂപ്പർഹീറോമാരുടെയെല്ലാം വേഷ, സ്വഭാവ ഭാവാദികളെയെല്ലാം ഫാന്റം എന്ന കഥാപാത്രം സ്വാധീനിച്ചിരുന്നു. 1936ൽ ലീ ഫാക്ക് എന്ന എഴുത്തുകാരനും റേ മൂർ എന്ന ആർട്ടിസ്റ്റും കൂടി ന്യൂസ് പേപ്പർ കോമിക്‌സായി പുറത്തിറക്കിയ ഫാന്റത്തിനു പിൽക്കാലത്ത് 10 കോടിയിലേറെ വായനക്കാരും ആരാധകരുമുണ്ടായി. ലോകമെമ്പാടും 583 പത്രങ്ങളിൽ ഫാന്റത്തിന്റെ കഥകൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഫാന്റത്തിന്റെ തുടക്കകഥയ്ക്കു തന്നെ ആംബർഗ്രിസുമായി ബന്ധമുണ്ട്.

ambergris-whale-vomit-and-phantom-comic-book1
ആംബർഗ്രിസ്

ഫാന്റത്തിന്റെ കഥവായിച്ചവർക്കറിയാം അദ്ദേഹം ആഫ്രിക്കയിലെ ഒരു ഭാവനാരാജ്യമായ ബൻഗല്ലായിൽ നിന്നാണു നീതിക്കുവേണ്ടിയുള്ള തന്റെ പോരാട്ടം നടത്തിയിരുന്നതെന്ന്. 1936 ഫെബ്രുവരി 17നു സിങ് ബ്രദർഹുഡ് എന്നു പേരിട്ട ഒരു കോമിക് സ്ട്രിപ്പിലൂടെയാണ് ഫാന്റത്തിന്റെ ഉത്ഭവകഥ തുടങ്ങുന്നത്.

പിൽക്കാലത്ത് ഫാന്റത്തിന്റെ ഭാര്യയായി മാറുന്ന ഡയാന പാമർ ഒരു കപ്പൽ നിറച്ച് ആംബർഗ്രിസുമായി ന്യൂയോർക്കിലേക്കു വരുന്നതു വച്ചാണ് സിങ് ബ്രദർഹുഡ് തുടങ്ങുന്നത്. കപ്പൽ തുറമുഖത്ത് അടുക്കുന്നതിനു മുൻപ് തന്നെ കുറേ കൊള്ളക്കാർ അതിനെ ആക്രമിക്കുന്നു. ഡയാനയെയും കപ്പലിനെയും രക്ഷിക്കാനെത്തുന്ന നായകനായാണ് ഫാന്റം അവതരിപ്പിക്കപ്പടുന്നത്. ഫാന്റം കപ്പലിനെ രക്ഷിക്കുക തന്നെ ചെയ്തു. തുടർന്ന് സിങ് ബ്രദർഹുഡ് എന്ന സംഘടനയുടെ തലവൻമാരിലൊരാളായ അച്ച്‌മെദ് സിങ്ങാണ് ഈ ആക്രമണത്തിനു പിന്നിലെന്ന് ഫാന്റം മനസ്സിലാക്കുന്നു.

ambergris-whale-vomit-and-phantom-comic-book2

ഡയാന പാമർക്ക് ആംബർഗ്രിസ് നിക്ഷേപം വളരെയധികമുള്ള തിമിംഗലങ്ങളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന മേഖല എവിടെയാണെന്ന് നല്ല നിശ്ചയമായിരുന്നു. അതിനാൽ തന്നെ ഡയാനയെ തട്ടിക്കൊണ്ടുപോകാൻ പല തവണ സിങ് ബ്രദർഹുഡ് ശ്രമിക്കുന്നതായും കഥയിലുണ്ട്. എന്നാൽ എല്ലാ സൂപ്പർഹീറോ കഥകളിലെന്നതുപോലെ തന്നെ ഫാന്റം രക്ഷകനായി എത്തുകയും കിഡ്‌നാപ് ശ്രമങ്ങൾ പരാജയത്തിൽ കലാശിക്കുകയും ചെയ്യുന്നു.

ഫാന്റം കോമിക്‌സിൽ മാത്രമല്ല, ഒട്ടേറെ പ്രശസ്ത കൃതികളിലും ആംബർഗ്രിസ് പ്രത്യക്ഷപ്പെടുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ തിമിംഗലവേട്ടയുടെ കഥ പറഞ്ഞ ലോക ക്ലാസിക് നോവലാണ് മോബി ഡിക്. ഹെർമൻ മെവിലെ എഴുതിയ, 1851ൽ പുറത്തിറങ്ങിയ ഇത് മോബി ഡിക് എന്ന പേരുള്ള സ്‌പേം തിമിംഗലത്തെ വേട്ടയാടാനുള്ള ക്യാപ്റ്റൻ അഹാബ് എന്ന നാവികന്റെ ശ്രമങ്ങളാണ് ഇതിവൃത്തമാക്കുന്നത്. ഇതിൽ ഒരു ചത്ത തിമിംഗലം ആംബർഗ്രിസ് ഉത്പാദിപ്പിക്കുന്നതും അതു നാവികർ എടുക്കുന്നതുമായ രംഗങ്ങളുണ്ട്. ലോകപ്രശസ്ത നാടോടിക്കഥയായ സിൻബാദിൽ, പ്രധാന കഥാപാത്രമായ സിൻബാദ് ഒരു ഗുഹയിലെത്തുന്നതും അവിടെ അമൂല്യരത്‌നങ്ങളോടൊപ്പം ആംബർഗ്രിസ് കണ്ടെത്തുന്നതുമായ രംഗമുണ്ട്.

ഇതെല്ലാം കഥകൾ, കടൽത്തീരത്തെങ്ങാനും പോകുമ്പോൾ അബദ്ധത്തിലെങ്ങാനും ആംബർഗ്രിസ് കിട്ടിയാൽ ഉടനടി അധികൃതരെ വിവരമറിയിക്കണം. കാരണം വിലയേറെയുണ്ടെങ്കിലും ഇതു കൈവശം വയ്ക്കുന്നതോ വിൽക്കുന്നതോ 3 വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

English summary: Ambergris whale vomit  and Phantom comic book

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA