ADVERTISEMENT

കൂട്ടുകാർക്ക് നീരാളികളെ കുറിച്ച് അറിയാമല്ലോ അല്ലേ. ഇപ്പോഴിതാ പസിഫിക് സമുദ്രത്തിൽ നിന്ന് ഒരു അത്യപൂർവ കാഴ്ചയുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. കണ്ണാടി പോലെ ശരീരമുള്ള ഒരു ഗ്ലാസ് നീരാളിയെയാണ് ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയത്. പസിഫിക് മഹാസമുദ്രത്തിൽ കിരിബാറ്റിക്കു കിഴക്കായുള്ള ജനവാസമില്ലാത്ത ഫീനിക്‌സ് ദ്വീപുകൾക്കു സമീപം സുബാസ്റ്റ്യൻ എന്നു പേരുള്ള തങ്ങളുടെ റോബട്ടിക് ക്യാമറ ഇറക്കിയാണ് ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം നടത്തിയത്. 

 

ഷ്മിറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണങ്ങൾ ലോകപ്രശസ്തമാണ്. യുഎസിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ ഉയരമുള്ള പവിഴപ്പുറ്റുകളൊക്കെ ഇവർ കണ്ടെത്തിയത് ഇത്തരം സമുദ്രപര്യവേക്ഷണങ്ങൾക്കിടയിലാണ്.സമ്പന്നമായ സമുദ്ര ജൈവശേഖരമുള്ളിടമാണ് ഫീനിക്‌സ് ദ്വീപുകൾക്കു ചുറ്റുമുള്ള മേഖല. ഇതു കണ്ടറിയാനായിരുന്നു ഗവേഷകരുടെ ശ്രമം. എന്നാൽ റോബട്ടിൽ നിന്നുള്ള വിഡിയോ ഫീഡ് പരിശോധിച്ച ശാസ്ത്രജ്ഞർ ഞെട്ടിപ്പോയി. ആ വിഡിയോയിലതാ, സമുദ്രത്തിലെ അത്യപൂർവ കാഴ്ചയായ ഗ്ലാസ് നീരാളി തെന്നിത്തെന്നി നീന്തുന്നു. 34 ദിവസം നീണ്ട പര്യവേക്ഷണത്തിനിടെ രണ്ടുതവണ ഈ നീരാളി റോബട്ടിക് ക്യാമറയിൽ പതിഞ്ഞു.

 

സുതാര്യമായ ശരീരമുള്ള ഗ്ലാസ് നീരാളികളെപ്പറ്റി 1918 മുതൽ തന്നെ ശാസ്ത്രലോകത്തിന് അറിയാം. വിട്രെലി ഡോണെല്ല റിച്ചാർഡി എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. എന്നാൽ സമുദ്രത്തിന്റെ ആഴങ്ങളിൽ ജീവിക്കുന്നതിനാൽ ഇവയെ ജീവനോടെ കണ്ടെത്തുന്നതും പഠനങ്ങൾ നടത്തുന്നതും വളരെ ശ്രമകരമാണ്. ചില സ്രാവുകളുടെയും തിമിംഗലങ്ങളുടെയുമൊക്കെ വയറ്റിൽ നിന്നാണ് ഇവയുടെ ശരീരഭാഗങ്ങൾ മുൻപു ലഭിച്ചിട്ടുള്ളത്.

കണ്ണുകളും ദഹനവ്യവസ്ഥയിലെ അവയവങ്ങളുമൊഴിച്ചാൽ തീർത്തും സുതാര്യമാണ് ഇവയുടെ ദേഹം.തീർത്തും സുതാര്യമായ ഒരു ഗ്ലാസ് പാത്രം വെള്ളത്തിലൂടെ പോകുന്നതുപോലെ തോന്നും ഇവയുടെ യാത്ര കണ്ടാൽ. സുതാര്യമായ തവളകളെയും കോംബ് ജെല്ലികളെയുമൊക്കെ ശാസ്ത്രജ്ഞർ മുൻപ് തന്നെ കണ്ടെത്തിയിട്ടുണ്ട്.

 

സമുദ്രനിരപ്പിൽ നിന്ന് 3280 മുതൽ 9800 അടി വരെ താഴെയായിട്ടാണ് ഇവ അധിവസിക്കുന്നത്. അര മീറ്റർ വരെ നീളം ഇവയ്ക്കു വരാം. മറ്റു നീരാളികളെ പോലെ തന്നെ ആറു കൈകൾ ഇവയ്ക്കുണ്ട്. സുതാര്യമായ ശരീരം വേട്ടക്കാരായ സ്രാവുകളുടെയും മറ്റു വലിയ മത്സ്യങ്ങളുടെയും തിമിംഗലത്തിന്റെയും ശ്രദ്ധയിൽ നിന്ന് ഇവയെ രക്ഷിക്കും. കൊഞ്ചുകൾ, വിരകൾ, ചില കക്കകൾ എന്നിവയൊക്കെയാണ് ഇവയുടെ ആഹാരം, പ്രജനനം മുട്ടയിട്ടും.

 

English summary: Glass Octopus spotted in the remote Pacific Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com