ഏറ്റവും പ്രായംകുറഞ്ഞ ബഹിരാകാശ യാത്രികനാവാൻ ഒലിവർ !

HIGHLIGHTS
  • നെതർലൻഡ്‌സാണു ഡീമന്റെ സ്വദേശം
oliver-damen-is-to-become-the-youngest-person-to-head-into-space
ഒലിവർ ഡീമൻ. ചിത്രത്തിന് കടപ്പാട്; സമൂഹമാധ്യമം
SHARE

ലോകം മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് ജൂലൈ 20ന് നടക്കുന്ന ഒരു ബഹിരാകാശ യാത്രയെ പറ്റി. ലോകത്തിലെ ഏറ്റവും ധനികനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ്, അന്നാണ് ഭൂമിയിൽ നിന്നു 93 കിലോമീറ്ററോളം ഉയരത്തിൽ ബഹിരാകാശം തൊടാനായി തന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകം ന്യൂ ഷെപാർഡിൽ യാത്ര തിരിക്കുന്നത്. ബെസോസിനോടൊപ്പം സ്വന്തം സഹോദരനായ മാർക് ബെസോസ് ഉൾപ്പെടെ 3 പേർ കൂടി യാത്രയിൽ പങ്കുചേരുന്നു.

ബെസോസ് സഹോദരൻമാർ ഒഴിച്ചുള്ള ബാക്കി രണ്ടുപേരുടെ വിവരങ്ങൾ ഇതിനകം തന്നെ വലിയ വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ഇതിലൊരാളാണ് ഒലിവർ ഡീമൻ. വെറും 18 വയസ്സാണ് ബഹിരാകാശത്തേക്കു പുറപ്പെടാനൊരുങ്ങുന്ന ഡീമന്റെ പ്രായം. യാത്ര വിജയകരമായി പൂർത്തീകരിച്ചാൽ ബഹിരാകാശത്തെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഡീമൻ മാറും.

jeff-bezos
ജെഫ് ബെസോസ്

നെതർലൻഡ്‌സാണു ഡീമന്റെ സ്വദേശം. ബ്ലൂ ഒറിജിൻ ഈ വർഷം യാത്രയിലെ ഒരു സീറ്റിനായി ലോകവ്യാപകമായി ഒരു വലിയ ലേലം നടത്തിയിരുന്നു. 28 മില്യൻ യുഎസ് ഡോളറായിരുന്നു(ഏകദേശം 210 കോടി രൂപ) ഈ സീറ്റിനു വിലയിട്ടിരുന്നത്. ഇത്രയും വലിയ വിലയായിട്ടും ആയിരക്കണക്കിനു പേർ ലേലത്തിൽ പങ്കെടുത്തു. ഒടുവിൽ ഒരു അജ്ഞാത വ്യക്തി ഇത്രയും പണം കൊടുത്ത് സീറ്റ് വാങ്ങി. എന്നാൽ യാത്ര സംഭവിക്കാറായതോടെ ആ പേരു വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത വ്യക്തി യാത്രയിൽ നിന്നൊഴിവായി. തിരക്കു മൂലം യാത്ര ചെയ്യാനൊക്കാത്തതായിരുന്നു കാരണം.

ഇതോടായണു ഡീമനു നറുക്കുവീണത്. നെതർലൻഡ്‌സിലെ ശതകോടീശ്വരനായ ജോസ് ഡീമന്റെ മകനാണ് ഒലിവർ. ജോസ് ഡീമൻ സീറ്റിന്റെ ലേലത്തിൽ പങ്കെടുത്തിരുന്നു. അജ്ഞാത വ്യക്തി പിൻമാറിയതിനെത്തുടർന്ന് സീറ്റ് ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിനാണ് ബഹിരാകാശത്തു പോകാൻ അവസരം കിട്ടിയതും. എന്നാൽ ബഹിരാകാശത്തെയും നക്ഷത്രങ്ങളെയുമൊക്കെ ഏറെ സ്‌നേഹിക്കുന്ന തന്റെ പ്രിയപ്പെട്ട മകനുവേണ്ടി സ്‌നേഹസമ്പന്നനായ ആ പിതാവ് സീറ്റ് കൈമാറ്റം നടത്തുകയായിരുന്നു.

സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം ഒരുവർഷമായി പൈലറ്റ് ലൈസൻസ് ലഭിക്കാനുള്ള പ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഒലിവർ ഡീമൻ. ബഹിരാകാശത്തു പോയി വന്ന ശേഷം അടുത്ത അധ്യയന വർഷത്തിൽ നെതർലൻഡ്‌സിലെ പ്രശസ്തമായ യൂട്രെക്ട് സർവകലാശാലയിൽ ബിരുദപഠനം നടത്താനാണു ഡീമന്റെ ലക്ഷ്യം. ബഹിരാകാശ യാത്രയിൽ ഉപദേശങ്ങൾ തേടി പ്രശസ്ത ഡച്ച് യാത്രികനായ ആേ്രന്ദ കുയ്‌പേഴ്‌സിനെ ഡീമൻ സമീപിച്ചിരുന്നു. ചിത്രങ്ങളൊന്നും എടുക്കാൻ നോക്കാതെ ബഹിരാകാശത്തു നിന്നുമുള്ള ഭൂമിയുടെ കമനീയ ദൃശ്യം ആവോളം ആസ്വദിക്കാനാണ് കുയ്‌പേഴ്‌സ് അവനു നൽകിയ ഉപദേശം.

ഒട്ടേറെ പരിശീലനങ്ങളും മറ്റും നേടിയായിരുന്നു ഇതിനു മുൻപുള്ളവർ ബഹിരാകാശത്തു പൊയ്‌ക്കൊണ്ടിരുന്നത്. അതിനാൽ തന്നെ യാത്രികരുടെ ശരാശരി പ്രായം 34 വയസ്സായിരുന്നു. ഇതു വരെ ബഹിരാകാശത്തു പോയിട്ടുള്ളവരിൽ ഏറ്റവും പ്രായം കുറഞ്ഞത് സോവിയറ്റ് കോസ്‌മോനോട്ടായ ജെർമോൺ ടിറ്റോവിനായിരുന്നു. യൂറി ഗഗാറിനു ശേഷം ബഹിരാകാശം സന്ദർശിച്ച രണ്ടാമത്തെ വ്യക്തിയായ ടിറ്റോവിന് യാത്രയിൽ വെറും 25 വയസ്സ് മാത്രമായിരുന്നു പ്രായം.

ലോകത്തെ ഏറ്റവും ചെറുപ്പക്കാരൻ ബഹിരാകാശയാത്രികന്‌റേത് മാത്രമല്ല, ഏറ്റവും പ്രായം കൂടിയ ബഹിരാകാശയാത്രികന്റെയും റെക്കോർഡ് യാത്ര പൂർത്തീകരിച്ചാൽ ബെസോസിന്റെ സംഘത്തിനു ലഭിക്കും. മറ്റൊരു യാത്രികയായ വാലി ഫങ്കിന് 82 വയസ്സാണ്. അമേരിക്കയുടെ ആദ്യകാല വൈമാനികയായ ഫങ്ക് പണ്ട് നാസയുടെ പരിശീലനത്തിൽ പങ്കെടുക്കുകയും ബഹിരാകാശത്തു പോകാൻ തയാറെടുക്കുകയും ചെയ്ത വ്യക്തിയാണ്. എന്നാൽ അന്നത്തെ കാലത്ത് സ്ത്രീകൾക്ക് അധികം പ്രോത്സാഹനം ലഭിക്കാത്തതിനാൽ യാത്ര, ഫങ്കിന് ഒരു സ്വപ്‌നമായി തുടർന്ന്. ഈ സ്വപ്‌നത്തിനാണ് ബ്ലൂ ഒറിജിനിലൂടെ സാക്ഷാത്കാരം ലഭിക്കാൻ പോകുന്നത്.

English summary: Oliver Damen is to become the youngest person to head into space

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA