ADVERTISEMENT

കോവിഷീൽഡ് വാക്സീന്റെ മാതൃവാക്സീനായ ഓക്സ്ഫഡ്–ആസ്ട്രസെനക വാക്സീൻ വികസിപ്പിച്ച പ്രഫ.സാറാ ഗിൽബെർട്ടിന്റെ രൂപത്തിൽ, ലോകപ്രശസ്ത ടോയ് കമ്പനിയായ ബാർബി പാവ ഇറക്കി. സാറാ ഗിൽബെർട്ടിനൊപ്പം ആരോഗ്യപ്രവർത്തനമേഖലയിലെ മറ്റ് 5 സ്ത്രീകളുടെയും രൂപത്തിൽ ബാർബി പാവകളിറക്കിയിട്ടുണ്ട്. കോവിഡിനെതിരെയുള്ള യുദ്ധത്തിൽ മുന്നണിപ്പോരാളികളായവരെ ആദരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭാവി തലമുറയ്ക്ക് മാതൃകകളാക്കാനും ഓർമിക്കാനുമായാണ് പാവകൾ ഇറക്കിയതെന്നും ബാർബി ഡോൾസിന്റെ സീനിയർ വൈസ് പ്രസിഡന്റ് ലിസ മക്നൈറ്റ് പറഞ്ഞു.

 

സംഭവം ആദ്യം വിചിത്രമായി തോന്നിയെന്നു സമ്മതിച്ച സാറ ഗിൽബെർട്ട്, എന്നാൽ ഇത് ശാസ്ത്ര, സാങ്കേതികമേഖലയിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്ന പെൺകുട്ടികൾക്കു പ്രചോദനമാകുമെന്നും പറഞ്ഞു. വാക്സീൻ വികസനത്തിലൂടെ ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയ സാറാ ഗിൽബെർട്ടിനെ അടുത്തിടെ കഴിഞ്ഞ വിമ്പിൾഡൺ ടൂർണമെന്റിൽ സല്യൂട്ട് നൽകി ആദരിച്ചിരുന്നു. നിലവിൽ ബ്രിട്ടനിലെ വിഖ്യാത സർവകലാശാലയായ ഓക്സ്ഫഡിലെ വാക്സീനോളജി വിഭാഗത്തിൽ പ്രഫസറാണ് സാറ.

 

ബാർബി ഡോളുകൾ പ്രമുഖരുടെ രൂപങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിഹാസ പോപ് ഗായകരായ ജെന്നിഫർ ലോപസ്, ചെർ തുടങ്ങിയവരെ അവരുടെ കരിയറിലെ നാഴികക്കൽ നേട്ടങ്ങളിൽ അഭിനന്ദിച്ചുകൊണ്ട്, അവരുടെ രൂപത്തിൽ പാവകളിറങ്ങിയിട്ടുണ്ട്.

ബാർബറ മിലിസെന്റ് റോബർട്സ് എന്നാണു ബാർബിയുടെ മുഴുവൻ പേര്. 1959ൽ മാറ്റെൽ എന്ന യുഎസ് കളിപ്പാട്ട കമ്പനി കലിഫോർണിയയിലാണ് ബാർബി പാവകൾ പുറത്തിറക്കിയത്. ദമ്പതികളായ റൂത്ത് ഹാൻഡ്‌ലർ, ഇലിയറ്റ് എന്നിവരായിരുന്നു ബാർബിയുടെ ഉപജ്ഞാതാക്കളും കമ്പനിയുടെ ഉടമസ്ഥരും. ആദ്യകാലത്ത് പാവയ്ക്കെതിരെ ചില്ലറ വിവാദങ്ങളൊക്കെയുണ്ടാകുകയും വിൽപനയിൽ മന്തിപ്പുണ്ടാകുകയും ചെയ്തു. എന്നാൽ കുട്ടികളെ ആകർഷിക്കാനായി കമ്പനി ടെലിവിഷനിൽ ബാർബിയുടെ പരസ്യങ്ങൾ കൊടുത്തു തുടങ്ങി (ഇങ്ങനെ ചെയ്യുന്ന ആദ്യ കളിപ്പാട്ടക്കമ്പനിയായിരുന്നു മാറ്റെൽ). 1963ൽ ബാർബിയുടെ കൂട്ടുകാരായ മിഡ്ജ്, കെൻ, ഇളയ സഹോദരിയായി സ്കിപ്പർ എന്നീ പാവകളും രംഗത്തെത്തി. കളിപ്പാട്ടവിപണിയിൽ ബാർബി തരംഗം സൃഷ്ടിക്കുകയായിരുന്നു. ഓരോ സെക്കൻഡിലും ലോകത്ത് രണ്ട് ബാർബി പാവകൾ വീതം വിൽക്കുന്നുണ്ടെന്നാണു കണക്ക്.

 

നിലവിൽ യുഎസിൽ നിന്നുള്ള ഒരു വമ്പൻ രാജ്യാന്തര കളിപ്പാട്ട ബ്രാൻഡായി ബാർബി മാറിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലും ഇതിനു വിപണിയുമുണ്ട്. ഒട്ടേറെ നോവലുകളും ഗാനങ്ങളുമൊക്കെ ഇതിനെ അടിസ്ഥാനപ്പെടുത്തി ഇറങ്ങിയിരുന്നു. 1997ൽ സ്കാൻഡിനേവിയൻ സംഗീതഗ്രൂപ്പായ അക്വ പുറത്തിറക്കിയ ‘അയാം എ ബാർബി ഗേൾ’ ഇതിന് മികച്ച ഉദാഹരണം. ഈ ഗാനം നമ്മുടെ കൊച്ചുകേരളത്തിലുൾപ്പെടെ അലമാലകൾ തീർത്തിരുന്നു. കുറേയേറെ അനിമേഷൻ ചിത്രങ്ങളും ബാർബിയെ കഥാപാത്രമാക്കി പുറത്തിറങ്ങിയിരുന്നു.

 

English summary: Oxford vaccine co creator immortalised with new Barbie doll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com