ADVERTISEMENT

കഴിഞ്ഞ ജൂലൈ 30ന് കടുംപച്ച നിറത്തിലുള്ള ഒരു പറക്കും തളിക മേഘങ്ങൾക്കിടയിലേക്ക് ഊളിയിട്ടുമറയുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി രണ്ട് പൈലറ്റുമാർ രംഗത്തെത്തി. കാനഡയുടെ അറ്റ്ലാന്റിക് തീരത്തിനടുത്തുള്ള സെയ്ന്റ് ലോ ഉൾക്കടലിനു മുകളിലാണു സംഭവം നടന്നതെന്നും ഇവർ വിവരിക്കുന്നു. കാനഡയിലെ ക്യുബക്കിനും ന്യൂഫൗണ്ട്‌ലാൻഡിനും ഇടയ്ക്കുള്ള പ്രദേശമാണ് ഇത്. രണ്ടു പൈലറ്റുമാരും വ്യത്യസ്ത വിമാനങ്ങളിലെ ജീവനക്കാരാണ്. ഒരാൾ സൈനിക വിമാനം പറപ്പിക്കുന്നയാളും മറ്റെയാൾ യാത്രാ വിമാന പൈലറ്റുമാണ്. ഇവർ തമ്മിൽ നേരിട്ടു ബന്ധമില്ല.

സംഭവം നടക്കുമ്പോൾ കാനഡയിലെ ഒന്റാരിയോയിൽ നിന്നു ജർമനിയിലെ കൊളോണിലേക്കു പോകുകയായിരുന്നു സൈനിക വിമാനം. യാത്രാവിമാനം യുഎസിലെ ബോസ്റ്റണിൽ നിന്ന് നെതർലൻഡ്സിലെ ആംസ്റ്റർഡാമിലേക്കു യാത്ര തിരിച്ചതായിരുന്നു. പറക്കും തളികയെന്നു സംശയിക്കുന്ന വസ്തു കണ്ട മാത്രയിൽ സൈനിക വാഹനത്തിലെ പൈലറ്റ് ആയിരം അടി മുകളിലേക്കു വിമാനം കയറ്റി നിരീക്ഷണം നടത്തി. എന്നാൽ അപ്പോഴേക്കും വസ്തു മേഘങ്ങൾക്കിടയിൽ അതിവേഗത്തിൽ മറ‍‍ഞ്ഞിരുന്നു.

 

പൈലറ്റുമാർ കണ്ടെന്നു പറയുന്നത് സത്യം തന്നെയായിരിക്കും, എന്നാൽ അത് ഉറപ്പിക്കാനാകില്ലെന്ന് വ്യോമയാന ഗവേഷകനായ സ്റ്റെഫാൻ വാറ്റ്കിൻസ് പറഞ്ഞു. ചിലപ്പോൾ ഇതൊരു ഉൽക്കയാകാൻ സാധ്യതയുണ്ട്. മേഖലയിൽ പെഴ്സീഡ് എന്ന പേരിൽ ഉൽക്കമഴ നടക്കുന്ന സമയമാണ് ഇത്. ചിലപ്പോൾ ഇതിലുള്ള ഒരു ഉൽക്കയാകാം പൈലറ്റുമാർക്ക് പറക്കുംതളികയായി തോന്നിയത്. ചിലപ്പോൾ അതൊരു കാലാവസ്ഥാ നിരീക്ഷണ ബലൂണോ, റോക്കറ്റോ ആയിരിക്കും. ചിലപ്പോൾ പറക്കും തളികയാകാനും മതി–വാറ്റ്കിൻസ് പറഞ്ഞു.

 

ലോകത്ത് പലപ്പോഴായി തങ്ങളുടെ വൈമാനികരും വ്യോമസൈനികരും കണ്ടിട്ടുള്ള വിചിത്രമായ ആകാശവാഹനങ്ങളെക്കുറിച്ചുള്ള പ്രഥമദൃഷ്ട്യാ വിവരങ്ങൾ യുഎസ് സർക്കാർ രേഖപ്പെടുത്തി റെക്കോർഡായി സൂക്ഷിക്കുന്ന പതിവുണ്ട്. അടുത്തിടെ യുഎസ് പ്രതിനിധി സഭയും പെന്റഗണും ചേർന്ന് യുഎഫ്ഒ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിലായി ദൃശ്യമായ 143 യുഎഫ്ഒ എന്നു സംശയിക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ ഈ റിപ്പോർട്ടിലുണ്ടായിരുന്നു.

എന്നാൽ അയൽരാജ്യമായ കാനഡയ്ക്ക് പറക്കുംതളികകളിലും യുഎഫ്ഒകളിലുമൊന്നും വലിയ താത്പര്യമില്ല. അതിനാൽ തന്നെ അവർ ഇത്തരം സംഭവങ്ങൾ റെക്കോർഡ് ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്യാറില്ല. എങ്കിലും യുഎഫ്ഒ എന്നു സംശയിക്കപ്പെടുന്ന പ്രശസ്തമായ ചില സംഭവങ്ങൾ കാനഡിയിൽ സംഭവിച്ചിട്ടുണ്ട്. 1951ൽ ന്യൂ ഫൗണ്ട്‌ലാൻഡിലെ ഗാൻഡറിൽ നിന്ന് ഐസ്‌ലൻഡിലേക്കു പറന്ന ഒരു യുഎസ് നേവി വിമാനം ഓറഞ്ച് നിറത്തിലുള്ള ഒരു വിചിത്രവാഹനവുമായി കൂട്ടിയിടിയുടെ വക്കിലെത്തിയതാണ് ഇതിൽ ആദ്യത്തേത്.2014ൽ പ്രിൻസ് എഡ്വേഡ് ഐലൻഡ‍ിൽ ആകാശത്ത് വിചിത്രമായ വെളിച്ചങ്ങൾ തെളിഞ്ഞതും ഇത്തരത്തിലൊരു നിഗൂഢ സംഭവമായിട്ടാണു വ്യാഖ്യാനിക്കപ്പെട്ടത്.

 

English summary:Bright green UFOs' were spotted in Canadian airspace

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com