താലിബാനെതിരെ നോവലെഴുതിയ സുഷ്മിത: ഒടുവിൽ ഭീകരർ അഫ്ഗാനിൽ വെടിവച്ചുകൊന്നു

HIGHLIGHTS
  • 1995 ജൂലൈ 22ന് അവരെ കൊല്ലാൻ താലിബാൻ തീരുമാനിക്കുകയും ചെയ്തു
sushmita-banerjee-indian-author-who-was-killed-in-afghanistan
സുഷ്മിത ബാനർജി.. ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

താലിബാന്റെ പുതിയ ഭരണത്തിനു കീഴിൽ അഫ്ഗാനിൽ കലാകാരൻമാരുടെ കൊലപാതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്കയോടെയാണു ലോകം നോക്കിക്കാണുന്നത്. അഫ്ഗാനിസ്ഥാനിലെ ബഗ്‌ലൻ പ്രവിശ്യയിൽ ഗായകനായ ഫവാദ് അൻദരാബിയെ ഇന്നലെ വെടിവച്ചു കൊന്നു. അതിനും മുൻപ് കൊമേഡിയനായ നാസിർ മുഹമ്മദിനെ കാണ്ഡഹാറിൽ കൊന്നു. ഈയവസരത്തിൽ ഒരു ഇന്ത്യൻ നോവലിസ്റ്റും ഓർമിക്കപ്പെടുന്നുണ്ട്.

2013ൽ ഭീകരർ അഫ്ഗാനിലെ വീട്ടിലെത്തി കൊലപ്പെടുത്തിയ സുഷ്മിത ബാനർജി. കാബൂളിവാലർ ബംഗാളി ബവു (ഒരു കാബൂളിവാലയുടെ ബംഗാളി ഭാര്യ) എന്ന പേരിൽ പ്രശസ്തമായ നോവൽ എഴുതിയത് സുഷ്മിതയാണ്. ഈ നോവൽ പിന്നീട് മനീഷ കൊയ്‌രാള അഭിനയിച്ച ‘എസ്കേപ് ഫ്രം താലിബാൻ’ എന്ന പേരിൽ ബോളിവു‍ഡ് ചിത്രമായി. ഈ ചിത്രം വളരെയേറെ ശ്രദ്ധേയമായിരുന്നു. 

കൊൽക്കത്തയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയും വീട്ടമ്മയുടെയും മകളായാണു സുഷ്മിതയുടെ ജനനം. മൂന്നു സഹോദരൻമാർക്ക് ഒരേയൊരു സഹോദരി. എഴുത്തിലും വായനയിലും നാടകങ്ങളിലുമൊക്കെ കമ്പമുണ്ടായിരുന്ന സുഷ്മിത ആയിടെ ഒരു നാടക റിഹേഴ്സലിനിടെയാണ് അഫ്ഗാനിൽ നിന്നു കൊൽക്കത്തയിലെത്തി ചെറുകിട ബിസിനസ് നടത്തുന്ന ജാൻബാസ് ഖാനുമായി പരിചയത്തിലാകുന്നത്. സൗഹൃദം വളർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

1988ൽ സുഷ്മിതയും ജാൻബാസും വിവാഹിതരായി. അതിനു ശേഷം സുഷ്മിത ജാൻബാസിനൊപ്പം അഫ്ഗാനിസ്ഥാനിലേക്കു പോയി. അഫ്ഗാനിൽ അവൾ ഭർത്താവിനും മൂന്നുസഹോദരൻമാർക്കും അവരുടെ ഭാര്യമാർക്കുമൊപ്പം പക്തിക പ്രവിശ്യയിലെ കുടുംബവീട്ടിലാണു ജീവിച്ചിരുന്നത്. അവിടെയെത്തിയപ്പോഴാണ് തന്റെ ഭർത്താവിനു ഒരു ആദ്യഭാര്യ കൂടിയുണ്ടെന്നു സുഷ്മിത മനസ്സിലാക്കുന്നത്. അവരും ആ വീട്ടിലായിരുന്നു താമസം.

പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയായിരുന്നു പക്തിക. താമസിയാതെ അഫ്ഗാനിസ്ഥാനിൽ പലമേഖലകളും താലിബാൻ പിടിമുറുക്കി തുടങ്ങി. പക്തികയിലും അവരുടെ സ്വാധീനം നിർണായകമായിരുന്നു.ജാൻബാസ് ബിസിനസ് നടത്തുന്നതിനായി വീണ്ടും കൊൽക്കത്തയ്ക്കു വന്നെങ്കിലും സുഷ്മിതയ്ക്ക് തിരിച്ച് ഇന്ത്യയിലെത്താൻ സാധിച്ചില്ല. താലിബാന്റെ വിലക്കുള്ളതായിരുന്നു കാരണം.‌ അഫ്ഗാനിസ്ഥാനിലെ താമസം സുഷ്മിതയ്ക്കു ദുസ്സഹമായിത്തുടങ്ങി. എങ്ങനെയും നാട്ടിലെത്താൻ അവർ കൊതിച്ചു.

നഴ്സിങ് ഡിഗ്രിയുള്ള സുഷ്മിത വനിതകൾക്കായി അഫ്ഗാനിൽ ഒരു ക്ലിനിക്ക് നടത്തിയിരുന്നു. ഇവിടെ വരുന്ന സ്ത്രീകളോട് താലിബാനെതിരെ സംസാരിച്ചത് സുഷ്മിതയെ താലിബാന്റെ നോട്ടപ്പുള്ളിയാക്കി. ഒരിക്കൽ അവർക്ക് താലിബാൻ അംഗങ്ങളിൽ നിന്നു മർദ്ദനം നേരിടേണ്ടി വന്നു. ഇതിനിടയിൽ അഫ്ഗാനിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമങ്ങളും സുഷ്മിത നടത്തി. ഒരിക്കൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു ജീപ്പിൽ ഇസ്‌ലാമബാദിലെത്താൻ സുഷ്മിതയ്ക്കു സാധിച്ചു. ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇന്ത്യയിലേക്കെത്താനുള്ള ശ്രമത്തിൽ പരാജയപ്പെട്ട സുഷ്മിത വീണ്ടും അഫ്ഗാനിലെത്തേണ്ടി വന്നു. ഭർത്താവിന്റെ ബന്ധുക്കൾ അവരെ വീട്ടി‍ലെ ഒരുമുറിയിലാക്കി.

മുറിയുടെ മൺചുമർ തുരന്നെടുത്ത് ദ്വാരമുണ്ടാക്കി അതിലൂടെ രണ്ടാമതും രക്ഷപ്പെടാൻ ശ്രമിച്ചതോടെ സുഷ്മിതയ്ക്ക് വധശിക്ഷ വിധിക്കുകയും 1995 ജൂലൈ 22ന് അവരെ കൊല്ലാൻ താലിബാൻ തീരുമാനിക്കുകയും ചെയ്തു. ഇതു പക്ഷേ നടന്നില്ല.

അഫ്ഗാനിൽ സുഷ്മിതയെ സഹായിക്കാനൊരാളുണ്ടായിരുന്നു. പക്തികയിലെ ഒരു ഗ്രാമത്തലവനായ ഡ്രാനായ് ചാച്ച എന്ന വയോധികൻ. അദ്ദേഹം താലിബാനെതിരായിരുന്നു. അദ്ദേഹത്തിന്റെ മകനെ താലിബാൻ കൊന്നതായിരുന്നു കാരണം. അതുകൊണ്ട് തന്നെ സുഷ്മിതയെ രക്ഷപ്പെടാൻ ചാച്ച സഹായിച്ചു. ഒടുവിൽ 1995 ഓഗസ്റ്റ് 12ന് സുഷ്മിത ഇന്ത്യയിലെത്തി. അവരുടെ ഭർത്താവ് ജാൻബാസ് കൊൽക്കത്തയിലുണ്ടായിരുന്നു. പിന്നീട് അവർ സന്തോഷമായി ജീവിച്ചുതുടങ്ങി. ഇതിനിടെ കാബൂളിവാലർ ബംഗാളി ബവു ഉൾപ്പെടെ ഒരുപിടി പുസ്തകങ്ങൾ എഴുതി. ഇവയിൽ കൂടുതലും താലിബാനെക്കുറിച്ചും അഫ്ഗാൻ ജീവിതത്തെക്കുറിച്ചുമായിരുന്നു.

2013ൽ അഫ്ഗാനിസ്ഥാനിലെ പക്തികയിലേക്കു തിരികെപ്പോകാൻ സുഷ്മിതയും ഭർത്താവ് ജാൻബാസും തീരുമാനിച്ചു. സുഷ്മിതയുടെ വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ ഈ തീരുമാനത്തിനെതിരായിരുന്നു. എങ്കിലും സുഷ്മിത കേട്ടില്ല. അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ താലിബാനു വലിയ സ്വാധീനമില്ലെന്നും ജീവിതരീതികളൊക്കെ മാറിയെന്നും പറഞ്ഞ് അവർ കുടുംബത്തെ സമാധാനപ്പെടുത്തി.

തിരിച്ചു പക്തികയിലെത്തിയ അവർ വീണ്ടും ആരോഗ്യ പ്രവർത്തനം തുടങ്ങുകയും അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് വിഡിയോ ഡോക്യുമെന്ററികൾ ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാൽ അപകടം പതിയിരിക്കുകയായിരുന്നു. സുഷ്മിതയ്ക്ക് മരണവിധി ഭീകരർ കാത്തുവച്ചിരുന്നു. ഒരു ദിവസം പക്തികയിലെ കുടുംബവീട്ടിലേക്ക് ഇരച്ചെത്തിയ ഭീകരർ സുഷ്മിതയുടെ ഭർത്താവിനെ കെട്ടിയിട്ട ശേഷം സുഷ്മിതയെ പിടിച്ചിറക്കി വെടിവച്ചു കൊന്നു. ഇരുപതു ബുള്ളറ്റുകളാണ് പിന്നീട് ഇവരുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിരുന്നില്ല. പിന്നീടൊരു വിമത ഭീകര സംഘടന തങ്ങളാണു സുഷ്മിതയെ കൊന്നതെന്നും ഇന്ത്യൻ ചാരനാണെന്ന് സംശയിച്ചായിരുന്നു കൊലപാതകം നടത്തിയതെന്നും പറഞ്ഞ് രംഗത്തു വന്നിരുന്നു.

English summary: Sushmita Banerjee Indian author who was killed in Afghanistan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA