ADVERTISEMENT

കൊടുംക്രിമിനലായിരുന്ന ബില്ലി ‘ദി കിഡിനെ’ 140 വർഷം മുൻപ് വെടിവച്ചുകൊല്ലാൻ ഉപയോഗിച്ച കൈത്തോക്ക് 45 കോടി രൂപ വിലയ്ക്ക് ലേലത്തിൽ വിറ്റു. പാറ്റ് ഗാരെറ്റ് എന്ന പൊലീസ് ഉദ്യോസ്ഥന്റേതായിരുന്നു ഈ റിവോൾവർ. ഒരു കൈത്തോക്കിന് ഇത്രയും വലിയ ലേലത്തുക ലഭിക്കുന്നത് ഇതാദ്യമാണെന്ന് ലേലം നടത്തിയ കമ്പനിയായ ബോൺഹാംസ് പറഞ്ഞു. ഇപ്പോഴും ഈ തോക്ക് പ്രവർത്തനക്ഷമമാണ്. ഇതിനു മുൻപ് ഒരു കൈത്തോക്കിന് കിട്ടിയ ഏറ്റവും വലിയ ലേലത്തുക 15 കോടി രൂപയാണ്. യുഎസിന്റെ ആദ്യ പ്രസിഡന്റായിരുന്ന ജോർജ് വാഷിങ്ടൻ അമേരിക്കൻ റവല്യൂഷണറി യുദ്ധസമയത്ത് ഉപയോഗിച്ചതാണ് ഈ തോക്കുകൾ.

 

വില്യം ബോണി എന്നറിയപ്പെട്ട ബില്ലി ദി കിഡ് അമേരിക്കൻ പഴങ്കഥകളുടെ കൂടെ ഭാഗമാണ്. ഒട്ടേറെ നോവലുകളും അൻപതിലധികം സിനിമകളും മറ്റു കലാനിർമിതികളുമൊക്കെ ഇയാളെപ്പറ്റി ഇറങ്ങിയിട്ടുണ്ട്. ന്യൂയോർക്കിൽ ഐറിഷ് വംശജർ താമസിച്ചിരുന്ന ഒരു ചേരിയിൽ 1859ലാണ് ഹെൻറി മക്കാർട്ടി എന്ന ബില്ലി ജനിക്കുന്നത്. പിന്നീട് 1870ൽ ന്യൂമെക്സിക്കോയിലേക്കു പോയി. പതിനാലാം വയസ്സിൽ മാതാവ് മരിച്ചതോടെ ബില്ലിയുടെ പിന്നീടുള്ള ബാല്യം അനാഥാലയങ്ങളിലായി. ഒടുവിൽ ചെറുകിട മോഷണങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും ബില്ലി ഇറങ്ങിച്ചെന്നു.

 

1875ൽ കൗമാരക്കാരനായിരിക്കേ ഒരു ചൈനീസ് അലക്കുകടയിൽ നിന്നു തുണികൾ മോഷ്ടിച്ചതാണ് ബില്ലിയുടെ ക്രിമിനൽ ജീവിതത്തിലെ ആദ്യ കുറ്റം. ഇതിനു പൊലീസ് പിടിക്കുകയും ചെറിയ ശിക്ഷ കിട്ടുകയും ചെയ്തു.

എന്നാൽ ജയിലിലടയ്ക്കപ്പെട്ട ബില്ലി, ജയിലിന്റെ ചിമ്മിനി വഴി രക്ഷപ്പെട്ടു പുറത്തെത്തി. പിന്നീട് ചൂതാട്ടവും ഗ്യാങ് കുറ്റകൃത്യങ്ങളും നടത്തി കുറക്കാലം കഴിഞ്ഞു. ഇതിനിടയ്ക്ക് ഒരു റൈഫിളും റിവോൾവറും ഇയാളുടെ കൈയിലെത്തി. 1877ൽ തന്റെ പതിനെട്ടാം വയസ്സി‍ൽ അരിസോണയിൽ ഒരാളെ ബില്ലി വെടിവച്ചുകൊന്നു. ഇതായിരുന്നു ബില്ലിയുടെ ആദ്യ കൊലപാതകം.

 

എന്നാൽ പിറ്റേ വർഷമാണ് ബില്ലി കുപ്രസിദ്ധിയിലേക്ക് ഉയർന്നത്. ന്യൂമെക്സിക്കോയിലെ ലിങ്കൺ കൗണ്ടിയിൽ ഉണ്ടായ ഒരു സംഘർഷത്തെ തുടർന്നായിരുന്നു ഇത്. അന്ന് ആ പ്രദേശത്തെ കന്നുകാലിക്കച്ചവടവും പലചരക്കു മൊത്തവിതരണവുമൊക്കെ നിർവഹിച്ചത് ജെയിംസ് ഡോളൻ, ലോറൻസ് മർഫി എന്നിങ്ങനെ രണ്ട് ഐറിഷ് വംശജരാണ്. എന്നാൽ ജോൺ ടൺസ്റ്റാൾ എന്ന ബ്രിട്ടിഷ് വേരുകളുള്ള വ്യക്തി പുതുതായി വന്ന് ഇവിടെ കച്ചവടം തുടങ്ങിയതോടെ ഇവർ തമ്മിൽ സംഘർഷമായി. തന്റെ സുരക്ഷിതത്വത്തിനായി ജോൺ ടൺസ്റ്റാൾ ബില്ലിയെയും സംഘത്തെയും നിയമിച്ചു. എന്നാൽ ഡോളന്റെയും മർഫിയുടെയും കൂട്ടാളിയായ ഷെറിഫ് ബ്രാഡി എന്നയാൾ ജോണിനെ കൊന്നു. ഇതിനു പ്രതികാരമായി ബില്ലി ഷെറിഫ് ബ്രാഡിയെ വെടിവച്ചുകൊന്നു. ഇതോടെ അധികാരികളുടെ നോട്ടപ്പുള്ളിയായി. അങ്ങോട്ടുമിങ്ങോട്ടും പ്രതികാരം മൂത്ത ബില്ലിയുടെയും ഡോളൻ–മർഫിയുടെയും സംഘങ്ങൾ തമ്മിൽ വലിയ വെടിവയ്പും കൊലകളും നടന്നു. ഒരു തവണ ഇവർ തമ്മിൽ തുടങ്ങിയ സംഘർഷം 5 ദിവസം നീണ്ടു നിന്നു. പിന്നീട് ഇരുവരും പിരിഞ്ഞു പോയെങ്കിലും പൊലീസ് ബില്ലിയെ വേട്ടയാടാൻ തുടങ്ങി.

 

യുഎസിലെ അക്കാലത്തെ കുപ്രസിദ്ധ ക്രിമിനലുകളായ ജെസ്സി ജെയിംസ് തുടങ്ങിയവർക്കൊക്കെ ബാങ്ക് കൊള്ളയടി വീരൻമാരായിരുന്നു. എന്നാൽ കിഡിന് ബാങ്ക് കൊള്ളയടിക്കുന്ന പതിവില്ലായിരുന്നു. കുതിരമോഷണമായിരുന്നു പ്രധാന ഹോബി. പിന്നീടുള്ള സമയത്ത് പത്തോളം കൊലപാതകങ്ങൾ കിഡ് നടത്തി.1880ലാണു ലിങ്കൺ കൗണ്ടിയുടെ ഷെറിഫായി (പൊലീസ് അധികാരി) പാറ്റ് ഗാരെറ്റ് ചാർജെടുത്തത്. എങ്ങനെയും ബില്ലി കിഡിനെ പിടിച്ചുപൂട്ടണമെന്നുള്ളത് ഗാരെറ്റിനു നിർബന്ധമായിരുന്നു. 1880ൽ ഇതു സാധിച്ചു. പിടിയിലായ ബില്ലിയെ തൂക്കിക്കൊല്ലാ‍ൻ വിധിച്ചെങ്കിലും ഒരു ഗാർഡിനെ വെടിവച്ചു കൊന്നശേഷം അതിസാഹസികമായി ബില്ലി രക്ഷപ്പെട്ടു. ഇതിന്റെ വാർത്ത യുഎസിലെങ്ങും പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ബില്ലി അവിടത്തെ ഏറ്റവും കുപ്രസിദ്ധനായ ക്രിമിനലായി.

 

ഇതിനു ശേഷം ന്യമെക്സിക്കോയിൽ പോയി ഒളിച്ചു താമസിച്ച ബില്ലിയെ തേടി രഹസ്യമായി പാറ്റ് ഗാരെറ്റും രണ്ട് കീഴുദ്യോഗസ്ഥരുമെത്തി. ബില്ലിയുടെ സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചിരുന്ന ഇവർ രാത്രി ബില്ലി ഇവിടെ സന്ദർശനത്തിനെത്തി. തന്റെ തോക്കു കൊണ്ട് രണ്ടുതവണ വെടിവച്ചാണ് ഗാരെറ്റ് ബില്ലിയെ വധിച്ചത്. ആ തോക്കാണ് ഇപ്പോൾ ലേലത്തിൽ പോയത്.

 

English summary: The gun that killed Billy the kid auctioned for 6 million dollar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com