ശവകുടീരം തകർത്തു: അഹമ്മദ് ഷാ മസൂദ്...താലിബാന്റെ ഏറ്റവും വലിയ പ്രതിയോഗി

HIGHLIGHTS
  • ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗറില്ലാ പോരാളികളിലൊരാളാണ് മസൂദ്
taliban-smash-tomb-of-lion-of-panjshir-ahmad-shah-massoud
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

അഫ്ഗാനിസ്ഥാനിൽ അവസാന പ്രതിരോധം നിലനിന്ന പഞ്ച്ശീർ പ്രവിശ്യയും താലിബാൻ പിടിച്ചടക്കിയതോടെ പഞ്ച്ശീറിന്റെ ഇതിഹാസനായകനായ അഹമ്മദ് ഷാ മസൂദിന്റെ ശവകുടീരം തകർത്തു. താലിബാൻ അംഗങ്ങളാണ് ഇതിനു പിന്നിലെന്നാണു സംശയം. സംഭവം അഫ്ഗാനിസ്ഥാനിൽ വൻ രോഷത്തിനു വഴിയൊരുക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ ദേശീയ ഹീറോകളിൽ ഒരാളായാണ് മസൂദ് കണക്കാക്കപ്പെടുന്നത്. താലിബാനെതിരെ വൻ പ്രതിരോധം തീർത്ത വടക്കൻ സഖ്യത്തിന്റെ നേതാവും ആത്മാവുമായിരുന്നു തജിക്ക് വംശപാരമ്പര്യമുള്ള അഹമ്മദ് ഷാ മസൂദ്. നിലവിലെ താലിബാനെതിരെയും വടക്കൻ സഖ്യം പഞ്ച്ശീർ കേന്ദ്രീകരിച്ച് പോരാട്ടം തുടങ്ങിയിരുന്നു. ഇതിന് അഫ്ഗാൻ ഉപരാഷ്ട്രപതിയായ അമറുല്ല സാലിഹിനൊപ്പം പോരാടിക്കൊണ്ടിരിക്കുന്ന അഹമ്മദ് മസൂദ്, അഹമ്മദ് ഷാ മസൂദിന്റെ മകനാണ്.

∙പഞ്ച്ശീറിലെ സിംഹം

വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കുന്നതിനു രണ്ടു ദിവസം മുൻപ് ഇതു പോലൊരു സെപ്റ്റംബർ ഒൻപതിനാണ് അഹമ്മദ് ഷാ മസൂദ് അൽ ഖ്വയ്ദയുടെ പ്ലാനിൽ കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകരുടെ വേഷത്തിൽ വന്ന അൽ ഖ്വയ്ദ ഭീകരർ ഇന്റർവ്യൂവെന്ന വ്യാജേന അഭിമുഖ സംഭാഷണം നടത്തിക്കൊണ്ടിരിക്കവേ നടത്തിയ ചാവേർ സ്ഫോടനത്തിൽ 2001ൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. 48 വയസ്സായിരുന്നു മസൂദിന് അപ്പോൾ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗറില്ലാ പോരാളികളിലൊരാളെന്ന് അറിയപ്പെടുന്ന മസൂദിന് മറ്റൊരു പേരു കൂടിയുണ്ടായിരുന്നു... പഞ്ച്ശീറിലെ സിംഹം.

സൈനിക ഉദ്യോഗസ്ഥനായ കേണൽ ദോസ്ത് മുഹമ്മദ് ഖാന്റെ മകനായി 1956ൽ പഞ്ച്ശീറിൽ ജനിച്ച മസൂദ്, കുട്ടിക്കാലത്ത് കുറേക്കാലം ഹെറാത്തിലാണു കഴി‍ഞ്ഞത്. ഫ്രാൻസിൽ സ്കൂൾ വിദ്യാഭ്യാസം തേടിയ മസൂദ്, പിന്നീട് കാബൂൾ സർവകലാശാലയിൽ പോളിടെക്നിക് പഠനത്തിനു ചേർന്നു. എൺപതുകളിൽ ഇരുപത്തിരണ്ടാം വയസ്സിലാണ്  അഫ്ഗാനിസ്ഥാനിൽ നിലയുറപ്പിച്ച സോവിയറ്റ് സൈന്യത്തിനെതിരെ പോരാട്ടത്തിൽ ഏർപ്പെട്ടത്. മസൂദും സംഘവും ഒരുക്കിയ പ്രതിരോധം മറികടന്ന് പഞ്ച്ശീർ പിടിച്ചടക്കാൻ സോവിയറ്റ് യൂണിയനു കഴിഞ്ഞില്ല.പിൽക്കാലത്ത് സോവിയറ്റ് യൂണിയൻ അഫ്ഗാനിൽ പരാജയപ്പെടുന്നതിനും മസൂദ് ഒരു വലിയ കാരണമായി. 

പിന്നീട് നജീബുല്ല സർക്കാർ വീണതിനു ശേഷം 92 മുതൽ 96 വരെ കാബൂളിൽ വന്ന കൂട്ടുകക്ഷി സർക്കാരിന്റെ   മന്ത്രിസഭയിൽ മസൂദ് പ്രതിരോധ മന്ത്രിയായി. ഗുൽബുദ്ദീൻ ഹെക്മത്യാര‍െ പോലുള്ള യുദ്ധ പ്രഭുക്കൾ കാബൂളിനെതിരെ നടത്തിയ ആക്രമണങ്ങൾ ചെറുക്കുന്നതിൽ മസൂദ് വിജയിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ, സൗജന്യ പ്രാഥമിക വിദ്യാഭ്യാസം എന്നിവ വളരെ പ്രധാനമാണെന്ന് മസൂദ് വിശ്വസിച്ചിരുന്നു.

1995ൽ രാജ്യത്ത് ജനാധിപത്യ വ്യവസ്ഥ സ്ഥാപിക്കാൻ മസൂദ് ശ്രമങ്ങൾ നടത്തിയെങ്കിലും സാധിച്ചില്ല.1992 മുതൽ അഫ്ഗാനിൽ ഉയർന്നു തുടങ്ങിയ താലിബാൻ അപ്പോഴേക്കും ശക്തി പ്രാപിച്ചിരുന്നു. കാണ്ഡഹാർ നഗരമൊക്കെ കാൽക്കീഴിലാക്കിയ അവർക്ക് കാബൂൾ പിടിക്കാനുള്ള പ്രധാന പ്രതിബന്ധം മസൂദായിരുന്നു. ഇതിനിടെ താലിബാനുമായി അനുരജ്ഞനത്തിലേർപ്പെടാനുള്ള ശ്രമങ്ങളും മസൂദ് നടത്തി. പക്ഷേ താലിബാൻ വഴങ്ങിയില്ല.

1994ൽ അഫ്ഗാനിൽ നേടിയ ആദ്യ കുറച്ചു വിജയങ്ങൾക്കു ശേഷം മറ്റു നഗരങ്ങളിൽ താലിബാൻ മുന്നേറ്റത്തിന്റെ മുനയൊടിച്ചതിൽ മസൂദിനു വലിയ പങ്കുണ്ട്. 1995ൽ ഹെറാത് പിടിക്കാനായി താലിബാൻ നടത്തിയ ശ്രമങ്ങൾ മസൂദിന്റെ സേന തകർത്തു. പിന്നീട് പാക്കിസ്ഥാന്റെ സഹായത്തോടെ ശാക്തീകരിക്കപ്പെട്ട താലിബാൻ സേന കാബൂൾ പിടിക്കാനെത്തിയെങ്കിലും മസൂദിന്റെ സംഘത്തോടു പരാജയപ്പെടാനായിരുന്നു വീണ്ടും വിധി. എന്നാൽ 1996ൽ താലിബാൻ ആദ്യമായി കാബൂൾ പിടിച്ചു. നഗരത്തിൽ നിന്നു പിൻവാങ്ങിയ മസൂദ് പഞ്ശീറിലേക്കു പോകുകയും അവിടെ താലിബാൻ വിരുദ്ധ മുന്നണിയായ വടക്കൻ സഖ്യത്തിനു തുടക്കമിടുകയും ചെയ്തു.

English summary: Taliban mash tomb of Lon of Panjshir Ahmad Shah Massoud

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA