ഓരോ വർഷവും ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ പലരും അന്തംവിട്ടു പോകും. ഇന്നേവരെ കേട്ടിട്ടില്ലാത്ത വിധം കണ്ടെത്തലുകളായിരിക്കും ഭൂരിപക്ഷം പേരും നടത്തിയിട്ടുണ്ടാവുക. എന്തുതരം കണ്ടെത്തലാണെന്നു ചോദിച്ചാൽ, മനസ്സിലാകാത്ത കുറേ കാര്യങ്ങളും പറയും. കണ്ടുപിടിത്തം ലോകത്തിനു ഗുണകരമാണെന്നത് ഉറപ്പാണ്, പക്ഷേ അതു സാധാരണക്കാർക്കും മനസ്സിലാകേണ്ടേ? ഇത്തരമൊരു ചിന്തയിൽനിന്നാകാം ഒരുപക്ഷേ പണ്ട് നൊബേൽ സമ്മാനത്തിനും ഒരു ‘പാരഡി’ രൂപപ്പെട്ടത്. Nobel എന്നതിലെ അക്ഷരങ്ങളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ അത് Noble എന്നാകും. കുലീനമായത് എന്നൊക്കെയാണ് അർഥം. എന്നാൽ Ignoble എന്നും ഒരു വാക്കുണ്ട്. അത്ര കുലീനമല്ലാത്തത് എന്നും ഈ വാക്കിന് അർഥമുണ്ട്.
നൊബേൽ സമ്മാനത്തെ കളിയാക്കി ഒരു പുരസ്കാരത്തെപ്പറ്റി ആലോചിച്ചപ്പോൾ മാർക്ക് ഏബ്രഹാംസ് എന്ന അമേരിക്കക്കാരന് ആ പേരാണ് ഓർമ വന്നത്. ആന്നൽസ് ഓഫ് ഇംപ്രോബബ്ൾ റിസര്‍ച്ച് എന്ന ജേണലിന്റെ സഹസ്ഥാപകനായിരുന്നു ഏബ്രഹാംസ്. പേരുപോലെത്തന്നെ ശാസ്ത്രത്തിലെ തമാശകളായിരുന്നു ഈ ജേണലിന്റെ ഇതിവൃത്തം. ജേണലിന്റെ പേരിൽ ഒരു ‘പരമോന്നത’ പുരസ്കാരം കൊടുക്കാൻ തീരുമാനിച്ചപ്പോൾ അതിന് അങ്ങനെയാണ് ‘ഇഗ്‌നൊബേൽ’ എന്ന പേരു വീണത്. എല്ലാവർഷവും നൊബേൽ പോലെത്തന്നെ നൽകാറുണ്ട് ഐജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇഗ്‌നൊബേലും.

പക്ഷേ ഗവേഷകരെ കളിയാക്കാനുള്ള പുരസ്കാരമൊന്നുമല്ല ഇത്. ഒറ്റ നോട്ടത്തിൽ തമാശയായി തോന്നുമെങ്കിലും ശാസ്ത്രത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കണ്ടെത്തലുകൾക്കാണ് ഐജി പുരസ്കാരം നൽകാറുള്ളത്. ഇത്തവണ അത് ലഭിച്ച ഒരു ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തൽ അതീവ രസകരമാണ്. കാണ്ടാമൃഗങ്ങളെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു മാറ്റുമ്പോൾ ഹെലികോപ്ടറിൽ തല കീഴായി തൂക്കിയിട്ടു കൊണ്ടുപോകുന്നതാണ് നല്ലത് എന്നായിരുന്നു കണ്ടെത്തൽ. ആരായാലും ഇതു കേട്ടു ചിരിച്ചു പോകും. എന്നാൽ വംശനാശ ഭീഷണി നേരിടുന്ന ബ്ലാക്ക് റൈനോ എന്നറിയപ്പെടുന്ന ആഫ്രിക്കൻ കാണ്ടാമൃഗങ്ങളുടെ വംശം നിലനിർത്തുന്ന കാര്യത്തിൽ സുപ്രധാന കണ്ടെത്തലായിരുന്നു അതെന്നതാണു സത്യം. ഒരുപക്ഷേ അവയെ വംശനാശ ഭീഷണിയിൽനിന്നു പോലും രക്ഷിക്കുന്ന തീരുമാനം.
നമീബിയ, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, സിംബാബ്‌വെ, ബ്രസീൽ, യുകെ, യുഎസ് എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകരുടെ സംഘത്തിനാണ് ഇത്തവണ ഈ കണ്ടുപിടിത്തതിന് ഐജി പുരസ്കാരം ലഭിച്ചത്. കോർണൽ സർവകലാശാല അധ്യാപനായ റോബിൻ റാഡ്‌ക്ലിഫിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ലോകത്തിലെ ബ്ലാക്ക് റൈനോകളിൽ ഭൂരിപക്ഷവും നമീബിയയിലാണ്. അതിനാലാണ് ആ രാജ്യം കേന്ദ്രീകരിച്ചു ഗവേഷണം നടത്തിയതും. 2015 മുതൽ 2020 വരെയുള്ള സമയത്ത് 12 കാണ്ടാമൃഗങ്ങളിലായിരുന്നു പരീക്ഷണം. ഓരോന്നിനും 1770 മുതൽ 2720 പൗണ്ട് വരെയുണ്ടായിരുന്നു ഭാരം.

ഏതെങ്കിലും ഒരു പ്രത്യേക ഇടം കണ്ടെത്തിയാൽ അവിടെത്തന്നെ കൂട്ടമായി ജീവിക്കാനാണ് കാണ്ടാമൃഗങ്ങൾക്ക് ഇഷ്ടം. അങ്ങനെ ജീവിക്കുന്ന മൃഗങ്ങൾ വളരെ പെട്ടെന്ന് എണ്ണത്തിൽ കുറയാനും സാധ്യതയുണ്ട്. ഇവയെ സ്വാഭാവിക ആവാസവ്യവസ്ഥയിൽനിന്നു മാറ്റുക എന്നു പറഞ്ഞാൽ ചില്ലറപ്പണിയല്ല. പക്ഷേ ഗവേഷകർക്ക് അതു ചെയ്തേ പറ്റൂ. അല്ലെങ്കിൽ ഇവ കൂട്ടത്തോടെ ജീവിക്കുന്ന ഭാഗത്ത് ഒരു രോഗം വന്നാൽ മൊത്തം കാണ്ടാമൃഗങ്ങളും ഇല്ലാതാകും, അത് വംശനാശത്തിലേക്കു വരെ വഴിതെളിക്കും. അത്തരത്തിൽ സംഭവിക്കാതിരിക്കാനാണ് കാണ്ടാമൃഗങ്ങളെ നമീബിയയിലെ തന്നെ ഫാമുകളിലേക്കും കാടുകളിലെ ചില പ്രത്യേക ഭാഗങ്ങളിലേക്കുമൊക്കെ മാറ്റുന്നത്.
റോഡ് മാർഗമോ തീവണ്ടിയിലൂടെയോ ഇവയെ കൊണ്ടുപോകാനാകില്ല. കാരണം, ഇപ്പറഞ്ഞ ഫാമുകളിലേക്കോ കാടുകളിലേക്കോ വാഹനങ്ങളും ട്രെയിനും എത്തില്ല എന്നതുതന്നെ! അതിനാൽ ഹെലികോപ്ടറുകളേയുള്ളൂ രക്ഷ. ഒന്നുകിൽ സ്ട്രെച്ചറുകളിൽ ചേർത്തുകെട്ടി തൂക്കിയിട്ടുകൊണ്ടു പോകണം. അതാകുമ്പോൾ ഒരു വശം ചെരിഞ്ഞായിരിക്കും കാണ്ടാമൃഗം കിടക്കുക. അല്ലെങ്കിൽ നാലു കാലുകളിലും കയറിട്ടു കെട്ടി കൊണ്ടുപോകും. ഇത്തരത്തിൽ തൂക്കിയിട്ടു കൊണ്ടുപോകുന്നത് അപകടകരമാണെന്നായിരുന്നു ഗവേഷണം തീരും വരെ റോബിനും കരുതിയിരുന്നത്. എന്നാൽ സംഗതി നേരെ തിരിച്ചായിരുന്നു.
ചെറിയ ഹെലികോപ്ടറുകളിലെത്തി മയക്കുവെടി വച്ചായിരുന്നു കാണ്ടാമൃഗങ്ങളെ ഗവേഷകർ വീഴ്ത്തിയിരുന്നത്. മനുഷ്യനെ മയക്കാനുള്ള മോർഫിനേക്കാളും ആയിരം മടങ്ങ് ശേഷിയുള്ളതാണ് ഈ മയക്കുമരുന്ന്. അതിനാൽത്തന്നെ, മയങ്ങിവീണ കാണ്ടാമൃഗത്തെ അതീവ ശ്രദ്ധയോടെ വേണം കൊണ്ടുപോകാൻ. സ്ട്രെച്ചറിൽ കൊണ്ടുപോകുമ്പോൾ കാണ്ടാമൃഗങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നില്ല എന്നതായിരുന്നു ഗവേഷകരുടെ കണ്ടെത്തൽ. പ്രത്യേകതരം ഉപകരണങ്ങൾ ഘടിപ്പിച്ചായിരുന്നു ഗവേഷകർ രക്തത്തിലെ ഓക്സിജൻ അളവ് കണ്ടെത്തിയത്. അതേസമയം, നാലു കാലിലും തൂക്കിയെടുത്തു കൊണ്ടുപോകുമ്പോൾ നട്ടെല്ല് നിവരുന്നതിനാൽ ആവശ്യത്തിലേറെ ഓക്സിജൻ രക്തത്തിലേക്കെത്തുന്നതായും കണ്ടെത്തി.
സ്ട്രെച്ചറിൽ കൊണ്ടുപോകുന്ന രീതിക്ക് ചെലവും ഏറെയാണ്. ആൾബലവും കൂടുതൽ വേണം. കൂടുതൽ സമയവും എടുക്കും. എന്നാൽ കാലിൽ കുരുക്കിട്ട് മിനിറ്റുകൾക്കകം കാണ്ടാമൃഗങ്ങളെ കൊണ്ടുപോകാനും അരമണിക്കൂറിനകം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും സാധിക്കും. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇതു സംബന്ധിച്ച ഗവേഷണ റിപ്പോർട്ട് തയാറായത്. ഹെലികോപ്ടറിൽ കൊണ്ടുപോകുന്നതിനു പകരം 12 കാണ്ടാമൃഗങ്ങളെയും ഒരു ക്രെയിനിൽ തൂക്കിയിട്ടായിരുന്നു പരീക്ഷണം! ഗവേഷണഫലം അറിഞ്ഞ നമീബിയൻ സർക്കാരിനും സന്തോഷം. രാജ്യത്തെ ടൂറിസത്തിന്റെ പോലും പ്രധാന ഘടകങ്ങളിലൊന്നാണ് ഈ ബ്ലാക്ക് റൈനോകൾ.
കൊമ്പിനു വേണ്ടി ഇവയെ വൻതോതിൽ വേട്ടയാടുന്ന സ്ഥിതിയുമുണ്ട്. പക്ഷേ കർശന നടപടികളിലൂടെ വേട്ടയാടൽ 40% കുറയ്ക്കാനായി സര്‍ക്കാരിന്. അപ്പോഴും ആശങ്ക കുറഞ്ഞിട്ടില്ല. 1960കളിൽ നമീബിയ, കെനിയ, ദക്ഷിണാഫ്രിക്ക, സിംബാംബ്‌വെ എന്നിവിടങ്ങളിലായി ഒരു ലക്ഷം ബ്ലാക്ക് റൈനോകളുണ്ടായിരുന്നു. എന്നാൽ 1990കളുടെ മധ്യത്തിൽ, വേട്ടയാടൽ കാരണം അത് 2354 എന്ന ഞെട്ടിക്കുന്ന കണക്കിലേക്കെത്തി. തുടർന്നു നടത്തിയ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ഇപ്പോൾ ബ്ലാക്ക് റൈനോകളുടെ എണ്ണം 5600ലെത്തി നിൽക്കുകയാണ്. ഇവയെ വ്യത്യസ്ഥ സ്ഥലങ്ങളിലേക്ക് എത്തിച്ച് എണ്ണം കൂട്ടാനാണു നമീബിയയുടെ ശ്രമം. അതിനു സഹായിക്കുന്ന കണ്ടെത്തലിന് ഐജി പുരസ്കാരം ലഭിക്കുമ്പോൾ അതിനെ ചിരിച്ചുതള്ളാൻ എന്തായാലും സർക്കാരിനാകില്ല, ലോകത്തിനും!
English summary : Upside-down rhino research wins Ig Nobel Prize