ഒരിക്കലും വിട്ടുമാറാത്ത രോഗം, ജീവിതകാലം നീണ്ട ക്വാറന്റൈൻ: ‘ടൈഫോയ്ഡ് മേരി’

HIGHLIGHTS
  • മേരിയുടെ ശരീരത്തിൽ സാൽമൊണെല്ല ടൈഫിയുണ്ടെന്നു തെളിഞ്ഞു
the-curious-story-of-typhoid-mary
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ
SHARE

ടൈഫോയ്ഡ് മേരിയുടെ 152ാം ജന്മദിനമാണ് ഇന്ന്. കാരിയർ, ക്വാറന്റീൻ തുടങ്ങിയ വാക്കുകളെല്ലാം ഇന്നു നമുക്ക് പരിചിതമാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തയായ രോഗവാഹക അഥവാ കാരിയറായിരുന്നു മേരി. പേരു സൂചിപ്പിക്കുന്നതു പോലെ ടൈഫോയ്ഡ് രോഗത്തിന്റെ വൈറസുകളാണ് അവർ പടർത്തിയത്. ഇരുപതാം നൂറ്റാണ്ടിൽ യുഎസിൽ ജീവിച്ചിരുന്ന മേരി 53 പേർക്കാണു രോഗം പരത്തിയത്. 3 മരണങ്ങൾക്കും ഇവർ കാരണമായി

ടൈഫോയ്ഡിന്റെ ലക്ഷണങ്ങളൊന്നുമില്ലാത്ത വാഹകയായിരുന്നു മേരി. ‘അസിംപ്റ്റൊമാറ്റിക് കാരിയർ’ എന്നാണ് വൈദ്യശാസ്ത്രം ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. മറ്റു മാർഗങ്ങളൊന്നുമില്ലാതെ ടൈഫോയ്ഡ് മേരിയെ അമേരിക്കൻ സർക്കാർ ക്വാറന്റീനു വിട്ടു. കാൽനൂറ്റാണ്ടോളം കാലം നീണ്ടു നിന്ന ആ ക്വാറന്റീനിൽ നിന്ന് അവർ ഒരിക്കലും മോചിതയായില്ല. മരണം വരെ അതു തുടർന്നു.

1869 ൽ അയർലൻഡിലെ കുക്ക്സ്ടൗണിലാണു മേരി മലോൺ ജനിച്ചത്. 1883ൽ പതിനാലാം വയസ്സിൽ മേരി യുഎസിലേക്ക് കുടിയേറി.അവിടത്തെ പ്രമുഖ നഗരമായ ന്യൂയോർക്കിലെ സമ്പന്നരുടെ വീടുകളിൽ പരിചാരികയും പാചകക്കാരിയായുമാണ് ഇവർ ഉപജീവനം നടത്തി വന്നത്.‌‌

ഇരുപതാം നൂറ്റാണ്ടിൽ വലിയൊരു ആരോഗ്യപ്രശ്നമായിരുന്നു ടൈഫോയ്ഡ് ബാധകൾ .കടുത്ത പനി, വയറിളക്കം, തലകറക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്ന ടൈഫോയ്ഡ് ബാധിച്ച് 639 പേരാണ് 1906ൽ ന്യൂയോർക്കിൽ മാത്രം മരിച്ചത്. സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയാണു രോഗത്തിനു കാരണം. ഇതു കലരുന്ന ഭക്ഷണവും വെള്ളവും വഴിയാണു ടൈഫോയ്ഡ് പകരുന്നത്.

യുഎസിലെത്തിയ ആദ്യകാലത്ത് തന്നെ മേരി ജോലി ചെയ്തിരുന്ന വീടുകളിൽ 24 പേർക്ക് ടൈഫോയ്ഡ് രോഗബാധയുണ്ടായി. ന്യൂയോർക്കിലും ലോങ് ഐലൻഡിലുമായായിരുന്നു ഇത്. 1906 ൽ ന്യൂയോർക്കിലെ ഓയ്സ്റ്റർ ബേയിലുള്ള സമ്പന്ന കുടുംബത്തിലെ ആറു പേർക്ക് ടൈഫോയ്ഡ് ബാധയുണ്ടായി. ഇതോടെ അവർ സംഭവം അന്വേഷിക്കാൻ ഒരു പകർച്ചവ്യാധി ഗവേഷകനെ ഏൽപിച്ചു.

1907ൽ മാൻഹട്ടനിലെ ഒരു വീട്ടിൽ മേരി ജോലിക്കു ചേർന്നു. അവിടെയും കുറച്ചുപേർക്ക് ടൈഫോയ്ഡ് ബാധ സംഭവിച്ചു. ഇതോടെ പകർച്ചവ്യാധി ഗവേഷകന്റെ സംശയം മേരിക്കു മേൽ വന്നു വീണു. 37 വയസ്സുള്ള, അഞ്ചടി ആറിഞ്ച് നീളമുള്ള വനിത. ചെമ്പൻ മുടിയിഴകളും, നീലനിറത്തിലുള്ള കൃഷ്ണമണികളുമുള്ള ആ വനിതയാകാം ടൈഫോയ്ഡിനു കാരണമാകുന്നതെന്ന് അയാൾ വിശ്വസിച്ചു.

പൊലീസ് കസ്റ്റഡിയിൽ മേരിയെ താമസിയാതെ ആശുപത്രിയിലെത്തിച്ചു. ചെറിയ ഒരു പനി പോലും അവർക്കുണ്ടായിരുന്നില്ല. അതിനാൽ തന്നെ തനിക്ക് ടൈഫോയ്ഡുണ്ടെന്ന് മേരി വിചാരിച്ചിരുന്നുമില്ല. ആശുപത്രിയിൽ നടന്ന പരിശോധനയിൽ മേരിയുടെ ശരീരത്തിൽ സാൽമൊണെല്ല ടൈഫിയുണ്ടെന്നു തെളിഞ്ഞു. അസിംറ്റോമാറ്റിക് കാരിയർ എന്ന പേരിൽ മേരിയുടെ അവസ്ഥയെ ഡോക്ടർമാർ വ്യാഖ്യാനിച്ചു. മേരിയെ ബാക്ടീരിയ അതിക്രമിച്ചതേയില്ല. പക്ഷേ അവരിൽ നിന്ന് അത് അപകടകരമായ രീതിയിൽ മറ്റുള്ളവരിലേക്കു പകർന്നു.

മേരിയുടെ ഗാൾ ബ്ലാഡർ എടുത്തുകളയണമെന്നതായിരുന്നു പ്രതിവിധി. എന്നാൽ മേരി ഇതിനൊരുക്കമായിരുന്നില്ല. ഇതോടെ മേരി വലിയ മാധ്യമ ശ്രദ്ധയും നേടിക്കഴിഞ്ഞിരുന്നു. ‘ടൈഫോയ്ഡ് മേരി’ എന്ന പേരിൽ  അവർ കുപ്രസിദ്ധയായി. ദുരൂഹതയും പൊടിപ്പും തൊങ്ങലും ചേർത്തു മേരിയുടെ കഥകൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. 

അക്കാലത്ത് അപ്രഖ്യാപിത തടവിലായിരുന്നു മേരി. അവരെ പുറത്തു വിടാൻ ഡോക്ടർമാർ തയാറായിരുന്നില്ല. മേരിയുടെ അപ്പീലുമായി അവരുടെ വക്കീൽ കോടതികളെ സമീപിച്ചു. എന്നാൽ കോടതികൾ ഹർജികൾ തള്ളി. ഒടുവിൽ പാചകജോലികൾ ചെയ്യരുതെന്ന കർശന നിബന്ധനയോടെ 1910ൽ മേരി വിട്ടയയ്ക്കപ്പെട്ടു.

പുറത്തിറങ്ങിയശേഷം കള്ളപ്പേരുകളിലും വ്യാജ വ്യക്തിത്വങ്ങളിലും മേരി പാചകവൃത്തി തുടർന്നു. രണ്ടു ഭക്ഷണശാലകൾ, ഒരു സ്പാ, ഒരു ലോഡ്ജ്, ഒരു ആശുപത്രി എന്നിവിടങ്ങളിൽ ഈ കാലയളവിൽ അവർ  ജോലി ചെയ്തു. 1915ൽ പ്രദേശത്തെ സ്ലൊയേൻ മറ്റേണിറ്റി ആശുപത്രിയിൽ ഒരു വമ്പൻ ടൈഫോയ്ഡ് അണുബാധ പൊട്ടിപ്പുറപ്പെടുകയും 25 പേരോളം ബാധിതരാകുകയും ചെയ്തു. ഇതിന്റെ അന്വേഷണത്തിനെത്തിയ വിദഗ്ധർ  മിസ്സിസ് ബ്രൗൺ എന്ന പാചകക്കാരി അവിടെ കാന്റീനിലുണ്ടെന്നു മനസ്സിലാക്കി. അതു ടൈഫോയ്ഡ് മേരി തന്നെയാണെന്ന് അവർ താമസിയാതെ കണ്ടെത്തി.

മേരി വീണ്ടും പിടിയിലായി. 1915 മാർച്ച് 27നു ന്യൂയോർക്കിനു സമീപമുള്ള നോർത്ത് ബ്രദർ ദ്വീപിലെ പ്രത്യേക കേന്ദ്രത്തിൽ അവർ ക്വാറന്റീനു പ്രവേശിപ്പിക്കപ്പെട്ടു. ആ ക്വാറന്റീൻ 1938ൽ അവർ സ്ട്രോക്ക് ബാധിച്ചു മരിക്കുന്നതു വരെ തുടർന്നു...ഏകദേശം കാൽ നൂറ്റാണ്ടോളം.

English summary : The curious story of Typhoid Mary

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA