ADVERTISEMENT

ഒഡീഷയിലെ ക്ഷേത്രനഗരിയായ പുരിയിലെ ലോകപ്രശസ്തമായ ശ്രീജഗന്നാഥ് ക്ഷേത്രത്തിനു സമീപമുള്ള എമാർ മഠത്തിൽ വൻ നിധിനിക്ഷേപമെന്ന് സംശയം. മഠാധിപതിയായ നാരായൺ രാമാനുജ ദാസ് ആവശ്യപ്പെട്ടതനുസരിച്ച്  പുരാവസ്തു ഗവേഷകരും മറ്റ് അധികൃതരും മഠത്തിനുള്ളിൽ വലിയ തിരച്ചിൽ നടത്തുകയാണ്. മഠത്തിന്റെ കെട്ടിടത്തിനുള്ളിൽ മറഞ്ഞിരിക്കയാണ് അമൂല്യവസ്തുക്കളെന്നാണ് അധികൃതരുടെ സംശയം. മെറ്റൽ ഡിറ്റക്ടറുകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണു തിരച്ചിൽ.

 

2011ൽ മഠത്തിൽ പുനർനിർമാണ പ്രവർത്തനത്തിനു വന്ന രണ്ടു തൊഴിലാളികൾ 30 കിലോ വീതം ഭാരമുള്ള രണ്ടു വെള്ളിക്കട്ടികൾ രഹസ്യമായി വിൽക്കാൻ ശ്രമിച്ചത് പൊലീസിനു സംശയമുണർത്തുകയും അവർ ഇവരെ പിടികൂടി വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. എമാർ മഠത്തിൽ നിന്നാണു തങ്ങൾക്ക് ഈ വെള്ളിക്കട്ടികൾ കിട്ടിയതെന്ന് അന്ന് അവർ പറഞ്ഞു. ഇതോടെ ഇവിടെ അമൂല്യവസ്തുക്കൾ ഉണ്ടാകാമെന്ന് അധികൃതർ വിലയിരുത്തി.

 

തുടർന്ന് 2011ൽ മഠത്തിൽ നടത്തിയ പുരാവസ്തു പരിശോധനിയിൽ 522 വെള്ളിക്കട്ടികൾ കണ്ടെടുത്തിരുന്നു. 1800 കിലോ ഭാരം വരുന്ന ഇവയുടെ മൊത്തം മൂല്യം 90 കോടിയാണ്. ഈ വർഷം ഏപ്രിലിലും 1500 കിലോ ഭാരം വരുന്ന വെള്ളിക്കട്ടികൾ ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. ഇതാണു മഠത്തിനുള്ളിൽ കൂടുതൽ നിധിനിക്ഷേപമുണ്ടാകുമെന്ന ചിന്തയ്ക്കു കരുത്ത് നൽകിയത്. വെള്ളിക്കട്ടകൾ കൂടാതെ വെള്ളിയിൽ നിർമിച്ച ഒരു മരത്തിന്റെ രൂപം, 16 പുരാതനമായ വാളുകൾ, വെങ്കലത്തിൽ നിർമിച്ച ഒരു പശുരൂപം എന്നിവയും കണ്ടെത്തിയിരുന്നു. വെള്ളിക്കട്ടികൾ കൂടാതെ സ്വർണം, വജ്രങ്ങൾ തുടങ്ങിയവയുടെയും നിക്ഷേപം മഠത്തിനുള്ളിൽ ഉണ്ടാകാമെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തെപ്പറ്റി യാതൊരു വിവരമോ സൂചനകളോ ലഭിച്ചിട്ടില്ലെന്ന് മഠം അധികൃതരും പുരാവസ്തു ഗവേഷകരും പ്രസ്താവിച്ചിട്ടുണ്ട്.

 

ഒഡീഷ സംസ്ഥാന പുരാവസ്തു വകുപ്പ്, ശ്രീജഗന്നാഥ് ക്ഷേത്രസമിതി, പുരി പൊലീസ് സൂപ്രണ്ട് കെ.വി. സിങ്, ജില്ലാ കലക്ടർ സമർഥ് വർമ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണു പരിശോധന. പതിനൊന്നാം നൂറ്റാണ്ടിൽ ഒഡീഷയിലെത്തിയ വിഖ്യാത വൈഷ്ണവ ഗുരുവായ രാമാനുജാചാര്യ സംസ്ഥാനത്ത് സ്ഥാപിച്ച 18 മഠങ്ങളിലൊന്നാണ് എമാർ മഠം. ക്ഷേത്രത്തിനു സമീപം 5 ഏക്കറോളം ഭൂമിയിലാണ് ഈ മഠം സ്ഥിതി ചെയ്തത്. പ്രശസ്തമായ രഘുനന്ദൻ ഗ്രന്ഥശാലയും ഈ മഠത്തിൽ ഉണ്ടായിരുന്നു. മഠത്തിലെ ആദ്യമഠാധിപതിയായി നിയമിക്കപ്പെട്ട ഗോവിന്ദാചാര്യയെ നാട്ടുകാരും ശിഷ്യരും വിളിച്ചിരുന്നത് എംപെരുമന്നർ എന്നായിരുന്നു. ഇതു പിന്നീട് എമാർ എന്നു മാറുകയായിരുന്നു. മഠത്തിന്റെ പേരും പിന്നീട് അപ്രകാരം മാറി.

 

English summary : Treasure hunt at Emar Mutt in Jagannath temple Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com