ADVERTISEMENT

വ്യാജ പുരാവസ്തു തട്ടിപ്പ് വിവാദം കേരളത്തിൽ ശ്രദ്ധ നേടുകയാണല്ലോ. പുരാവസ്തുക്കൾ ഉപയോഗിച്ചുള്ള തട്ടിപ്പ് ചരിത്രത്തിൽ ആദ്യമായല്ല. വളരെ വിദഗ്ധമായ രീതിയിൽ ഉന്നതരെയും അതീവ വൈദഗ്ധ്യമുള്ളവരെയും പോലും തട്ടിപ്പുകാർ പറ്റിച്ച ചരിത്രം ലോകത്തുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും പ്രശസ്തമായ തട്ടിപ്പുകളിലൊന്നാണ് ഹിറ്റ്‌ലറുടെ ഡയറിയുമായി ബന്ധപ്പെട്ടുള്ളത്.

1983 ഏപ്രിലിൽ സ്റ്റേൺ എന്ന ജർമൻ മാസികയാണു തട്ടിപ്പിൽ പെട്ടത്. 1983 ഏപ്രിൽ 25ന് അവർ ഒരു പ്രഖ്യാപനം നടത്തി. ഒരു വിമാനാപകടത്തിൽ നഷ്ടപ്പെട്ടുപോയ ഹിറ്റ്ലറുടെ സ്വകാര്യ ഡയറികൾ തങ്ങളുടെ ലണ്ടൻ കറസ്പോണ്ടന്റ് ഏതു വിധേനയോ സംഘടിപ്പിച്ചെന്നും താമസിയാതെ തങ്ങൾ അതു പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു ആ പ്രഖ്യാപനം.

സ്റ്റേണിന്റെ കറസ്പോണ്ടന്റായിരുന്ന ഗേർഡ് ഹീഡർമാനായിരുന്നു ഇതിന്റെയെല്ലാം പിന്നിൽ. കോൺറാഡ് കാജു എന്ന തട്ടിപ്പുകാരൻ കലാകാരനെക്കൊണ്ട് ഹിറ്റ്ലറിന്റെ കൈപ്പടയിൽ ഒരു ഡയറി ഹീഡർമാൻ എഴുതിച്ചു. 1932 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ ഹിറ്റ്ലർ എഴുതിയതാണു ഡയറിയെന്നും കിഴക്കൻ ജർമനിയിൽ ഒരു വിമാനാപകടം നടന്ന സ്ഥലത്തു നിന്നും  കിട്ടിയതാണ് ഇതെന്നും ഹീഡർമാൻ സ്റ്റേണിനെ ധരിപ്പിച്ചു. ഡോ.ഫിഷർ എന്ന സാങ്കൽപിക കഥാപാത്രത്തിന്റെ കൈയിലാണ് ഡയറിയെന്നും വൻ തുക കൊടുത്താലേ അതു കൈയിൽ കിട്ടുള്ളുവെന്നും ഹീഡർമാൻ സ്റ്റേൺ അധികൃതരോട് പറഞ്ഞു. ഇതെത്തുടർന്ന് പണം നൽകാൻ സ്റ്റേൺ മാസിക തീരുമാനിക്കുകയും ചെയ്തു.

അന്നത്തെ കാലത്തെ 60 ലക്ഷം യുഎസ് ഡോളർ മാസിക ഡയറിക്കായി നൽകി. ഇതിന്റെ ആധികാരികത പരിശോധിക്കാൻ ട്രെവർ റോപർ എന്ന വിഖ്യാത ചരിത്രകാരനെ സ്റ്റേൺ ഏർപ്പെടുത്തിയെങ്കിലും തട്ടിപ്പു പിടികൂടുന്നതിൽ അദ്ദേഹവും പരാജിതനായി. ഇത് ഹിറ്റ്ലറിന്റെ യഥാർഥ ഡയറി തന്നെയാണെന്ന് റോപർ വിധിയെഴുതി.

എന്നാൽ പിൽക്കാലത്ത് ഈ ഡയറി വ്യാജമാണെന്നു കണ്ടെത്തി. ഹിറ്റ്ലറിന്റെ കൈയക്ഷരം അതുപോലെ വിദഗ്ധമായി പകർത്തിയാണു കാജു ഡയറി നിർമിച്ചത്. രണ്ടു വർഷത്തോളം സമയമെടുത്തായിരുന്നു ഈ എഴുത്ത്. തേയിലയുടെ കറ ഉപയോഗിച്ച് അതിവിദഗ്ധമായി പേപ്പറിനു പ്രായം തോന്നിപ്പിക്കുകയായിരുന്നു. പഴുതുകളില്ലാതെ നടത്തിയ ഒരു തട്ടിപ്പ്.

ഇതിനു ശേഷം ഒരുപാടു കേസുകളും മറ്റും നടന്നു. ഹീഡർമാനു ജോലി പോയി, ഒപ്പം കടവും വന്നുചേർന്ന് അയാൾ പാപ്പരായി. കുടുംബാംഗങ്ങൾ അയാളെ ഉപേക്ഷിച്ചുപോയി. ഇപ്പോൾ 89 വയസ്സുള്ള ഹീഡർമാൻ ജർമനിയിലെ ഹാംബഗിൽ ഒറ്റയ്ക്കാണു കഴിയുന്നത്.

ഇതുപോലെ ലോകത്തെ ഞെട്ടിച്ച മറ്റൊരു സംഭവമായിരുന്നു അമാർണ രാജ്ഞിയുടേത്. 2003ൽ ഈജിപ്തിലെ അമാർണ കാലഘട്ടത്തിൽ ജീവിച്ച ഒരു റാണിയുടെ മമ്മിയെന്ന് പറഞ്ഞ് ബ്രിട്ടിഷ് മ്യൂസിയവും ക്രിസ്റ്റീസ് എന്ന പ്രശസ്ത ഓക്‌ഷൻ കമ്പനിയും ചേർന്ന് ഒരു പുരാവസ്തു ലേലം നടത്തി. ബോൾട്ടൺ മ്യൂസിയം ഇതു വാങ്ങുകയും ചെയ്തു. എന്നാൽ ഇതു വൻ തട്ടിപ്പായിരുന്നത്രേ. മാഞ്ചസ്റ്ററിൽ നിന്നുള്ള ഗ്രീനാൽഗ് എന്ന യുവാവ് ഒരു മമ്മിയുണ്ടാക്കി ബ്രിട്ടിഷ് മ്യൂസിയത്തെ പറ്റിച്ചതാണ്. പിന്നീട് ഗ്രീനാൽഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുരാവസ്തു വിൽപനയുടെ മറവിൽ നടന്ന വമ്പൻ തട്ടിപ്പുകളിൽ വളരെ കുപ്രസിദ്ധങ്ങളാണു മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങളും.

English summary : Hitler Diary Hoax and stern magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com