ഭിത്തിക്കുള്ളിൽ 239 പ്രാചീന സ്വർണ നാണയങ്ങൾ: 8.5 കോടി രൂപ മൂല്യം

HIGHLIGHTS
  • 239 നാണയങ്ങളും ഫ്രഞ്ച് വിപ്ലവത്തിനു മുൻപുള്ളതാണ്
239-rare-gold-coins-discovered-from-walls-french-mansion
Representative image. Photo Credits; Shutterstock.com
SHARE

ഫ്രാൻസിലെ പഴയകാല വസതി നവീകരിച്ചപ്പോൾ കിട്ടിയത് 239 പുരാതന സ്വർണനാണയങ്ങൾ, ഇവ 12 ലക്ഷം യുഎസ് ഡോളറിനു ലേലത്തിൽ വിറ്റു. ഏകദേശം 8.6 കോടി രൂപ മൂല്യം. ഫ്രാൻസിലെ ബ്രിട്ടാനി മേഖലയിലുള്ള ക്വിംപറിലുള്ള പഴയകാല വസതി നവീകരണത്തിനിടെയാണു നിധി കിട്ടിയത്. 239 നാണയങ്ങളും ഫ്രഞ്ച് വിപ്ലവത്തിനു മുൻപുള്ളതാണ്. ഇതിൽ നാലെണ്ണം ഉടമസ്ഥരായ കുടുംബം ഓർമയ്ക്കായി സൂക്ഷിക്കുന്നു. ബാക്കി 235 നാണയങ്ങളും ഫ്രാൻസിലെ ആംഗേഴ്‌സ് പട്ടണത്തിൽ നടത്തിയ ലേലത്തിൽ കഴിഞ്ഞ ദിവസം വിറ്റുപോയി.

1646ൽ നിർമിച്ചതെന്നു കരുതപ്പെടുന്ന നാണയങ്ങളിൽ അക്കാലത്തെ രാജാവായ ലൂയി പതിനാലാമന്റെ ചിത്രം ഇരുവശങ്ങളിലും ആലേഖനം ചെയ്തിട്ടുണ്ട്. ഇത്തരം നാണയങ്ങൾ വളരെ അപൂർവമായതിനാൽ ലേലത്തിൽ പുരാവസ്തു സ്‌നേഹികളുടെ വലിയ പങ്കാളിത്തമുണ്ടായി. കണക്കാക്കിയതിലും 4 മടങ്ങ് തുക ഉടമസ്ഥർക്കു ലഭിക്കുകയും ചെയ്തു. ഇതിന്റെ വിവരങ്ങൾ അന്വേഷിച്ച് ആയിരക്കണക്കിനു മെയിലുകളും ഫോൺ കോളുകളുമാണ് തങ്ങൾക്കു ലഭിച്ചതെന്ന് ലേലം നടത്തിയ കമ്പനിയുടെ അധികൃതർ പറഞ്ഞു.

വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബിഗോദീൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ബ്രിട്ടാനി.ഇവിടത്തെ ഒരു പഴയകാല വസതി 2012ലാണ് ഒരു ഫ്രഞ്ച് ദമ്പതികൾ വിലയ്ക്കു വാങ്ങിയത്. വലിയ പൂന്തോട്ടവും കൃഷിയിടവുമൊക്കെയുള്ള വീടായിരുന്നു അത്. 

വിലയ്ക്കു വാങ്ങിയ ശേഷം വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ ദമ്പതികൾ നിശ്ചയിച്ചു. ഇതിനായി 3 കൽപ്പണിക്കാരെയും ഏർപ്പാടാക്കി. നവീകരണത്തിന്റെ ഭാഗമായി രണ്ടു മുറികൾ തമ്മിൽ യോജിപ്പിക്കാനായി ഭിത്തി പൊളിക്കാൻ കൽപണിക്കാർ ഒരുങ്ങി. ഭിത്തി പൊളിച്ചുവന്നപ്പോഴാണ് അവർക്കൊരു ലോഹപ്പെട്ടി കിട്ടിയത്. ഇതു തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ സ്വർണനാണയങ്ങൾ കണ്ടു. ഭിത്തിയുടെ മറ്റൊരു ഭാഗത്ത് തുകൽ പഴ്‌സിൽ നിന്നു കൂടുതൽ നാണയങ്ങളും കിട്ടി. 13ാം നൂറ്റാണ്ടിൽ പണിത ഈ വസതി അക്കാലത്തെ ഏതെങ്കിലും ധനികരുടേയോ പ്രഭുക്കരുടേയോ അല്ലെങ്കിൽ കച്ചവടക്കാരുടെയോ ആയിരിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ബ്രിട്ടാനിക്കു സമീപമുള്ള ഇറോസി കടൽ ഇംഗ്ലണ്ടിലേക്കും വടക്കൻ യൂറോപ്പിലേക്കുമുള്ള കച്ചവടത്തിന്റെ പ്രധാന ഹബ്ബുമായിരുന്നു അക്കാലത്ത്.

ഫ്രാൻസിലെ നിയമപ്രകാരം അവിചാരിതമായി നിധി കണ്ടെത്തിയാൽ കണ്ടെത്തുന്നവർക്ക് പകുതിയും, ഉടമസ്ഥർക്ക് മറുപകുതിയും കിട്ടും. അതിനാൽ തന്നെ നാണയങ്ങൾ വിറ്റ പണം നിധി കണ്ടെത്തിയ കൽപണിക്കാർക്കും ഉടമസ്ഥരായ ദമ്പതികൾക്കും പകുതി ഷെയറുകളായി ലഭിക്കും.

English summary : 239 rare gold coins discovered from the walls of  French mansion

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA